മനുഷ്യനുമായി ഏറെ ഇണങ്ങുന്ന ജീവിയാണ് നായ. സംരക്ഷണവും സന്തോഷവും ഓരേ പോലെ അവയിൽ നിന്ന് അനുഭവിക്കാം. നായകളെ ജീവനുതുല്യം സ്നേഹിക്കുകയും വീട്ടിൽ വളർത്തുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ട് തന്നെ അവ മാന്തിയാലും നക്കിയാലുമൊക്കെ സ്നേഹപ്രകടനമായി കണ്ട് നിസ്സാരമാക്കുകയാണ് പതിവ്. എന്നാൽ അതിന്റെ പിന്നിൽ വലിയൊരു അപകടം പതിഞ്ഞിരിപ്പുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലെ ഒരു ഞായറാഴ്ചയാണ് യുകെയിൽ താമസമാക്കിയ മൻജിത് സാംഘയെന്ന 56കാരിയുടെ ജീവിതം മാറിമറിയുന്നത്. പതിവുപോലെ അവർ ഓഫീസിൽ നിന്നെത്തി, നായക്കുട്ടിയുമായി അൽപനേരം സമയം ചെലവഴിച്ചിരുന്നു. അടുത്ത ദിവസം രാവിലെ മൻജിത്തിന്റെ കൈകാലുകൾ തണുത്ത് മരവിക്കുകയും ചുണ്ട് നീലനിറമാവുകയും അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്തു. ശ്വാസമെടുക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ഉടൻ ആശുപത്രിയിലെത്തിക്കുകയും മൻജിത്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് മുട്ടിന് താഴേക്ക് കൈകളും കാലുകളും മുറിച്ചു നീക്കേണ്ടതായി വന്നു. ഇതിനിടെ ആറ് തവണ മൻജിത്തിന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും അതിനെ അതിജീവിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ശരീരത്തിലുണ്ടായ ചെറിയ മുറിവിൽ നായ നക്കിയതായി മനസ്സിലായത്. നായയുടെ ഉമിനീരിലൂടെ ബാക്ടീരിയ രക്തത്തിലേക്ക് കടന്നതാവാം കാരണമെന്നാണ് കരുതുന്നത്. 32 ആഴ്ചകൾക്ക് ശേഷമാണ് മൻജിത് ആശുപത്രി വിട്ടത്.
നായ്ക്കളിലുള്ള Capnocytophaga canimorsus എന്ന ബാക്ടീരിയ മനുഷ്യരിൽ സെപ്സിസിനും മരണത്തിനും വരെ കാരണമാകുന്നതാണ്. നിങ്ങളുടെ അരുമയായ നായക്കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹപ്രകടനം ഒരുപക്ഷെ നിങ്ങളുടെ ജീവൻ കവരാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രോഗപ്രതിരോധസംവിധാനം ആരോഗ്യകരമായ കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുന്ന ഗുരുതരമായ സാഹചര്യമാണ് സെപ്സിസ്. ഇത് ശരീരത്തിലുടനീളം വീക്കമുണ്ടാവാനും കാരണമാകും. ഇത് രക്തസമ്മർദ്ദം വലിയ തോതിൽ വർധിക്കാനും ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ അവയവങ്ങളുടെ പരാജയത്തിനും മരണത്തിനും കാരണമാകുകയും ചെയ്യും.
ബാക്ടീരിയൽ അണുബാധകളാണ് സെപ്സിസിന്റെ പ്രധാന കാരണം. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ, മൂത്രനാളിയെ ബാധിക്കുന്ന അണുബാധ, പിത്തസഞ്ചി, കരൾ എന്നിവയിലെ അണുബാധ, അപ്പെൻഡിക്സ്, കേന്ദ്രനാഡീവ്യവസ്ഥയെ ബാധിക്കുന്ന അണുബാധ, ചർമത്തിലുണ്ടാകുന്ന അണുബാധ തുടങ്ങിയവയൊക്കെ സെപ്സിസിന് കാരണമാകാം.
ചർമത്തിൽ ചുവന്നുതടിക്കുക, മൂത്രത്തിൽ കുറവോ അമിതമായ മൂത്രശങ്കയോ, ഊർജക്കുറവ്, ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, കുറഞ്ഞ രക്തസമ്മർദം, പനി, വിറയൽ, ശ്വാസതടസ്സം, വേദന തുടങ്ങിയവയാണ് സെപ്സിസിന്റെ പ്രധാനലക്ഷണങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates