ഫ്രഞ്ച് ഫ്രൈസ് ഒക്കെ ഇപ്പോള്‍ ഇടത്തരം മലയാളികളുടെ പ്രിയ ആഹാരങ്ങളിലൊന്നായി ഇടം നേടിക്കഴിഞ്ഞു. പറയുമ്പോ ഇത് വെറും ഉരുളക്കിഴങ്ങ് വറുത്തത്. ആഴ്ചയില്‍ രണ്ടു തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞാല്‍ ഞെട്ടുമോ.. എന്നാല്‍ ഞെട്ടേണ്ടി വരും. ഇനി മുതല്‍ ഇതൊക്കെ വാങ്ങിക്കഴിക്കുന്നതിനു മുന്‍പ് രണ്ടാമതൊന്ന് കൂടി ആലോചിക്കുന്നതാവും നല്ലതെന്നാണ് പുറത്തു വരുന്ന ഗവേഷണ ഫലം മുന്നറിയിപ്പ് നല്‍കുന്നത്.
കടയില്‍ നിന്ന് ഫ്രഞ്ച് ഫ്രൈയ്‌സും പിസയുമെല്ലാം നിരന്തരം വാങ്ങിക്കഴിക്കുന്ന ജീവിതശൈലിയിലേക്ക് മലയാളികള്‍ എത്തിക്കഴിഞ്ഞു. ഇനി ഫ്രഞ്ച് ഫ്രൈസ് ഇല്ലെങ്കില്‍ ഉരുളക്കിഴങ്ങ് വീട്ടില്‍ വറുത്താണെങ്കിലും കഴിക്കും. എല്ലാതരം പച്ചക്കറികളും വറുത്തു കഴിക്കുന്ന അനാരോഗ്യകരമായ ശീലത്തിലേക്കാണ് മലയാളികള്‍ എത്തിനില്‍ക്കുന്നത്.
വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യഭക്ഷണമാണെങ്കില്‍ വറുത്ത ഉരുളക്കിഴങ്ങ് മരണ ഭക്ഷണമാണ്. ഫ്രഞ്ച് ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗണ്‍സ് എന്നിവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നാണ് ഗവേഷണ ഫലങ്ങള്‍ പറയുന്നത്. വറുത്ത ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത് അനാവശ്യമായ കൊഴുപ്പും ഉപ്പുമാണ്. എന്നാല്‍ വേവിച്ചതോ ബേക്ക് ചെയ്തതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരവുമാണ്. അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ജീവകങ്ങള്‍, പോഷകങ്ങള്‍ ഇവ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സിനെ ബാലന്‍സ് ചെയ്യും.
ഫ്രഞ്ച് ഫ്രൈസിന്റെ അനാരോഗ്യ വശങ്ങളെക്കുറിച്ച് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച എട്ടു വര്‍ഷം നീണ്ടുനിന്ന ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ചേര്‍ത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ല. കാര്‍ബോ ഹൈഡ്രേറ്റിനു പുറമെ ശുദ്ധീകരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആളുകളെ ഭക്ഷണത്തിന് അടിമയാക്കുന്നു.
നോര്‍ത്ത് അമേരിക്കയിലെ 4,400 പേരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ഒരു സംഘം ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 45നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ ഭക്ഷ്യശീലങ്ങളാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ 236 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൂടാതെ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ ചൂടില്‍ വേവിച്ചെടുക്കുന്നത് അക്രിലമൈഡ് എന്ന മാരകമായ രാസവസ്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവെന്ന് നേരത്തെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ക്യാന്‍സറിന് ഇടയാക്കുമെന്നും മരണം പോലും സംഭവിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വറുത്ത ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉടന്‍ മരിക്കുമെന്നല്ല പറഞ്ഞു വരുന്നത്. തുടര്‍ച്ചയായുള്ള ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates