ആലപ്പുഴ: സാരി ഉടുക്കാനൊക്കെ ഇത്ര പാടാണോ എന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയുന്നവര്‍ കാണും. നീളം അഞ്ചര മീറ്ററില്‍ അധികമുണ്ടെങ്കിലും വസ്ത്രങ്ങളില്‍ ഏറ്റവും കംഫര്‍ട്ട് സാരിയാണെന്നു പറയുന്നവരും കുറവല്ല. ട്രെന്‍ഡുകള്‍ മാറിമാറി വന്നിട്ടും ഇന്ത്യന്‍ സ്ത്രീകളില്‍ സ്വീകാര്യതയില്‍ മുന്നില്‍ നില്‍ക്കുന്ന വേഷം തന്നെയാണ് സാരി, പ്രത്യേകിച്ചും വിശേഷാവസരങ്ങളില്‍. സാരി ഡ്രേപ്പിങ് വലിയൊരു കരിയര്‍ ഓപ്ഷനായി മാറുന്നത് അങ്ങനെയാണ്. കുട്ടനാട്ടിലെ കൈനകരിയില്‍നിന്ന് ക്ലെയര്‍ മരിയ സെബാസ്റ്റ്യന്‍ എന്ന ഇരുപത്തിമൂന്നുകാരി, രാജ്യത്തെ ധനികരില്‍ മുന്നില്‍ നില്‍ക്കുന്ന നിതാ അംബാനിയുടെ അടുത്തു വരെയെത്തിയത് ഇങ്ങനെ 'സാരിയുടെ തുമ്പു പിടിച്ചാണ്'.
അഭിനേത്രികളായ അമല പോള്‍, നിമിഷ സജയന്‍ മുതല്‍ പ്രമുഖ ബിസിനസ് ഐക്കണ്‍ നിത അംബാനിക്ക് വരെ സാരി സ്റ്റൈല്‍ ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ്, ക്ലെയര്‍ മരിയ. മിക്ക സ്ത്രീകളും സ്വന്തമായി സാരി ഉടുക്കാറുണ്ടെങ്കിലും, വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളില്‍ ക്ലെയറിനെപ്പോലുള്ളവരെ ആശ്രയിക്കുകയാണ് പതിവ്.
കോളജ് കൂട്ടുകാരിക്ക് ചെയ്തു കൊടുത്ത ഒരു ചെറിയ സഹായത്തില്‍ നിന്നാണ് ക്ലെയറിന്റെ കരിയറിന്റെ തുടക്കം. അവിടുന്നാണ് ആഗോള തലത്തിലും സെലിബ്രിറ്റികളുടെ ഇടയിലും എത്തിച്ച് ജീവിതം തന്നെ മാറ്റിമറിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ നഷ്ടപ്പെട്ട ക്ലെയറിന് അമ്മ ഫാന്‍സിയും അമ്മായി ലാലമ്മയുമാണ് പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും നല്‍കിയത്. ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോഴേ സ്‌റ്റൈലിംഗില്‍ താല്‍പ്പര്യമുണ്ടായിരുന്ന ക്ലെയര്‍, കസിന്‍സിനെയും അയല്‍ക്കാരെയുമൊക്കെ സാരി ഉടുപ്പിക്കാറുണ്ടായിരുന്നു.
2022-ല്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ ബിബിഎ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്ലെയറിന്റെ ജീവിതം മാറിമറിഞ്ഞത്. കോളജിലെ ഓണാഘോഷത്തിനിടെ കൂട്ടുകാരി റിന്‍സ പര്‍വീണ്‍ സാരി ഉടുക്കാന്‍ ക്ലെയറിന്റെ സഹായം തേടി. സാരി ഉടുത്തു കഴിഞ്ഞപ്പോഴുള്ള ഭംഗി കണ്ട് ഇഷ്ടപ്പെട്ട റിന്‍സ ഇതിന്റെ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തു. അതിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. വൈകാതെ തന്നെ റിന്‍സ ഡ്രേപ്‌സ് ബൈ ക്ലെയര്‍ എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി ക്ലെയര്‍ സാരി ഉടുപ്പിക്കുന്ന കൂടുതല്‍ വീഡിയോകള്‍ പങ്കുവെക്കാന്‍ തുടങ്ങി. അതിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പിന്നീട് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വിവാഹങ്ങള്‍ക്കും മറ്റ് പ്രത്യേക ചടങ്ങുകള്‍ക്കും സാരി ഉടുപ്പിക്കാന്‍ ആളുകള്‍ വിളിക്കാന്‍ തുടങ്ങി. അതായിരുന്നു കരിയറിന്റെ തുടക്കം. അതിനുശേഷം ക്ലെയറിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. അഭിനേത്രികളായ അമല പോള്‍, അന്‍സിബ ഹസ്സന്‍, നിമിഷ സജയന്‍ എന്നിവരുള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികള്‍ക്കും പ്രമുഖ സോഷ്യല്‍ മീഡിയ വ്യക്തികള്‍ക്കുമൊപ്പം ക്ലെയര്‍ ജോലി ചെയ്തു തുടങ്ങി. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകളുടെ ഭാഗമായി തായ്ലന്‍ഡ്, ബഹ്റൈന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്തു. ഇത്തരമൊരു വിദേശ യാത്രയാണ് അംബാനി കുടുംബവുമായി ബന്ധിപ്പിച്ചത്. ബഹ്റൈനിലെ ഒരു വിവാഹ ചടങ്ങിനിടെ, നിത അംബാനിയുടെ ഓഫീസില്‍ നിന്ന് ക്ലെയറിനെ തേടി ഒരു കോള്‍ വന്നു. എന്നാല്‍ മറ്റ് ചില മുന്‍കൂട്ടിയുള്ള തിരക്കുകള്‍ കാരണം ആ സമയത്ത് അവള്‍ക്ക് ആ അവസരം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, മുംബൈയിലെ ഒരു ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ നിത അംബാനിക്ക് സാരി ഉടുപ്പിക്കാന്‍ പിന്നീട് വീണ്ടും അവസരം ലഭിച്ചു. ക്ലെയറിനെ സംബന്ധിച്ചിടത്തോളം ഓരോ സാരിയും വെറുമൊരു തുണി മാത്രമല്ല, അത് ആത്മവിശ്വാസത്തിന്റെ പ്രകടനം കൂടിയാണ്. ബോഡി-ഹഗ്ഗിങ്, മെര്‍മെയ്ഡ് , ഓപ്പണ്‍ പ്ലീറ്റ്‌സ്, മടിസാര്‍ (തമിഴ് ബ്രാഹ്മണ സ്ത്രീകളുടെ പരമ്പരാഗത ഉടുക്കല്‍ രീതി), നൗവാരി (മഹാരാഷ്ട്രയിലെ പരമ്പരാഗ സാരി ഉടുക്കല്‍ രീതി) തുടങ്ങിയ വിവിധ സാരി ഉടുക്കല്‍ രീതികളില്‍ വിദഗ്ധയാണ് . ഇന്ന് ക്ലെയറിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന് ഏകദേശം 33,000 ഫോളോവേഴ്സ് ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates