മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ചിയേഴ്സ് അടിച്ചു മനുഷ്യർ മദ്യം പങ്കിടുമ്പോൾ കിട്ടുന്ന ആനന്ദം ചിമ്പാസികളും പ്രകടിപ്പിക്കാറുണ്ടെന്ന് ഗവേഷകർ. ആഫ്രിക്കയിലെ ഗിനി ബിസോവിലുള്ള കാന്റൻഹെസ് ദേശീയ പാർക്കിലെ ചിമ്പാൻസികൾ കൂട്ടമായി ബ്രെഡ്ഫ്രൂട്ട് പഴങ്ങൾ കഴിക്കുന്നതിന്റെ വിഡിയോ ഗവേഷകര്‍ പുറത്തുവിട്ടിരുന്നു. ബ്രെഡ്ഫ്രൂട്ട് പോലുള്ള പുളിപ്പിച്ച പഴങ്ങളിൽ എഥനോൾ അടങ്ങിയിട്ടുണ്ട്, അത് ഒരു ജൈവ രാസസംയുക്തവും മദ്യത്തിന്റെ ഒരു രൂപവുമാണ്.
ചിമ്പാന്‌സികൾ കഴിക്കുന്ന പഴങ്ങളിലെ മദ്യത്തിന്റെ അളവ് നിർണയിക്കാൻ ഗവേഷകര്‍ അതിലെ മദ്യത്തിന്റെ അളവ് വിശകലനം ചെയ്തു. കണ്ടെത്തിയ ഏറ്റവും ഉയർന്ന അളവ് 0.61 ശതമാനം ABV (വോളിയത്തിൽ മദ്യം) ന് തുല്യമായിരുന്നു. ഇത് താരതമ്യേന കുറഞ്ഞ അളവാണ്. എന്നാലും ചിമ്പാൻസികളുടെ ഭക്ഷണത്തിൽ 85 ശതമാനത്തോളം പഴങ്ങളായതിനാല്‍ ഇതിന്‍റെ അളവു കൂടാം. ചിമ്പാൻസികൾ പൊതുവെ ഭക്ഷണം പങ്കിടാറില്ല, എന്നാൽ ബ്രെഡ്ഫ്രൂട്ട് അവർ കുറഞ്ഞതു പത്ത് തവണയെങ്കിലും പങ്കിട്ടു കൂട്ടമായി കഴിക്കുന്ന രീതി ആശ്ചര്യപ്പെടുത്തിയെന്ന് കറണ്ട് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മനുഷ്യർ ഭക്ഷണം കഴിക്കാനും കുടിക്കാനും ആനന്ദിക്കാനും ഒത്തുകൂടുന്ന സ്വഭാവമുണ്ട്. ഈ സ്വഭാവസവിശേഷത നിരവധി സാമൂഹിക നേട്ടങ്ങൾ നൽകുന്നു. പ്രത്യേകിച്ച സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. ചിമ്പാൻസികള്‍ക്കും പുളിപ്പിച്ച പഴങ്ങൾ കൂട്ടമായി കഴിക്കുന്നതിലൂടെയും പങ്കിടുന്നതിലൂടെയും സമാനമായ സാമൂഹിക നേട്ടങ്ങൾ ലഭിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് എക്സീറ്ററിലെ ഗവേഷകരുടെ കണ്ടെത്തൽ. പ്രകൃതിയിൽ മദ്യത്തിന്റെ ഉപയോഗം സാധാരണമാണ്. പഴങ്ങൾ പോലുള്ള ധാരാളം കാട്ടുവിഭവങ്ങളിൽ എഥനോൾ അടങ്ങിയിട്ടുണ്ട്, അതിനാൽ പ്രൈമേറ്റുകൾ ഉൾപ്പെടെ നിരവധി മൃഗങ്ങൾ ഇത് കഴിക്കും.
പരിണാമദശയിൽ മനുഷ്യന്റെ ഏറ്റവുമടുത്ത് നിൽക്കുന്ന ജീവികളാണു ചിമ്പാൻസികൾ. ഏകദേശം 9,000 വർഷമായി മനുഷ്യർ മദ്യം ഉത്പാദിപ്പിക്കുകയും കുടിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ പൂർവ്വികരും ചിമ്പാൻസികളുടെ പൂർവ്വികരും ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മദ്യം ഉപാപചയമാക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്യപാനം പുരാതന കുരങ്ങുകളുടെ ഒരു സ്വഭാവരീതിയാണെന്നാണ് പഠനം പറയുന്നത്.
കുരങ്ങുകളുടെ പരിണാമ ചരിത്രത്തിൽ മദ്യപാനം വേരൂന്നിയതാണെന്ന ആശയത്തെ തങ്ങളുടെ പഠനം പിന്തുണയ്ക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ മദ്യ ഉപഭോഗത്തിന്റെ സാമൂഹിക വശം പൂർണമായി മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates