ന്യൂയോർക്ക്; ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ പുറത്ത്. നാസയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. നക്ഷത്രങ്ങൾ പിറക്കുന്ന കാരിന നെബുലയുടെ ചിത്രങ്ങളും മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുടെ ചിത്രം വരെ ഇതിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യ ചിത്രം പുറത്തുവിട്ടത്. പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതോടെ നാസ പുറത്തുവിട്ടു. മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആദ്യം പുറത്തുവിട്ട ചിത്രം എസ്എംഎസിഎസ് 0723 എന്ന താരാപഥങ്ങളുടെ ക്ലസ്റ്ററിന്റേതാണ്. അതിനു പിന്നാലെയാണ് നാസ മറ്റു ചിത്രങ്ങൾ പുറത്തുവിട്ടത്.
കാരിന നെബുല
ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമാണ് കാരിന നെബുല. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷം അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്. നക്ഷത്രങ്ങൾ ജനിക്കുന്നിടം എന്നാണ് കാരിന നെബുലയെ വിശേഷിപ്പിക്കാറ്. ഇവിടെ നിന്നാണ് വമ്പൻ നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത്. ക്ഷീരപഥത്തിൽ സ്ഥിതിചെയ്യുന്ന കാരിന നെബുലയ്ക്കുള്ളിൽ പിണ്ഡമേറിയ വിവിധ നക്ഷത്രങ്ങളുണ്ട്. ഇവയിൽ പലതിനും സൂര്യനേക്കാൾ പതിന്മടങ്ങു വലിപ്പമുണ്ട്.
സതേണ്‍ റിംഗ് നെബുല
സതേണ്‍ റിംഗ് നെബുല എന്നറിയപ്പെടുന്ന എന്‍ജിസി 3132 എന്ന പ്ലാനറ്ററി നെബുലയുടെ ഏറ്റവും പുതിയ ചിത്രവും ജെയിംസ് വെബ്ബ് പകര്‍ത്തി. ഭൂമിയില്‍ നിന്ന് ഏകദേശം 2,500 പ്രകാശവര്‍ഷം അകലെയാണ് നെബുല. മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രങ്ങളില്‍ മധ്യഭാഗത്ത് കാണാന്‍ കഴിയുന്ന മങ്ങിയ നക്ഷത്രം എല്ലാ ദിശകളിലേക്കും വാതകത്തിന്റെയും പൊടിയുടെയും വളയങ്ങള്‍ പ്രസരിപ്പിക്കുന്നു. ഈ പ്രതിഭാസം ആയിരക്കണക്കിന് വര്‍ഷങ്ങളായി നടക്കുകയാണ്. 'മരിക്കുന്ന നക്ഷത്രത്തിന്റെ അവസാന നൃത്തം' എന്ന വിശേഷണത്തോടെയാണ് നാസ ചിത്രം പങ്കുവച്ചത്.
പെഗസസ്
സൂര്യനിൽനിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെ പെഗസസ് എന്ന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്നതാണ് സ്റ്റെഫാൻസ് ക്വിന്ററ്റിനെയും ജെയിംസ് വെബ്ബ് പകർത്തി. 1877ൽ എഡ്വേഡ് സ്റ്റെഫാൻ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ ഈ ഗാലക്സി ഗ്രൂപ്പ് കണ്ടെത്തിയത്. താരസമൂഹങ്ങളിൽ എൻജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്.
ജെയിംസ് വെബ്ബ്
ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലസ്കോപ്പാണ് ജെയിംസ് വെബ്ബ്. ഹെബ്ബിൾ സ്പെസ് ടെലസ്കോപ്പിന്റെ പിൻഗാമിയാണ് ജോയിംസ് വെബ്ബ്. 31 വർഷമായി ബഹിരാകാശത്തുള്ള ഹെബ്ബിൾ ടെലസ്കോപ്പിന്റെ 100 മടങ്ങ് കരുത്താണ് ഈ ടെലസ്കോപ്പിനുള്ളത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അനേക പ്രകാശവർഷം അകലെയുള്ള പ്രപഞ്ചമേഖലകളെ പഠിക്കാൻ ഈ ടെലിസ്കോപ്പിന് കരുത്തുണ്ട്. 1000 കോടി യുഎസ് ഡോളർ ചെലവിലാണ് ഇത് നിർമിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates