അപ്രതീക്ഷിത മരണങ്ങളുടെ ഉത്തരവാദിത്വം അശുദ്ധാത്മാക്കള്‍ക്കാണെന്ന് വിശ്വസിക്കുന്നവരാണ് വെസ്റ്റ് പപ്പുവ നിവാസികളായ കൊറൊവായ് ഗോത്രവിഭാഗക്കാര്‍. ഇത്തരം മരണത്തിന് ഉത്തരവാദികളായവരെ പ്രേതമെന്ന് മുദ്രകുത്തി കൊന്ന് തിന്നുന്നതാണ് ഇവരുടെ രീതി. ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായാണ് ഇവര്‍ ഇത് നടപ്പിലാക്കുന്നത്.
2006ല്‍ തന്റെ മാതാപിതാക്കളുടെ അപ്രതീക്ഷിത മരണത്തെതുടര്‍ന്നാണ് വാവ ചോംബോങ്കായിയെ ഗ്രാമവാസികള്‍ പ്രേതമെന്ന് മുദ്രകുത്തിയത്. അന്നവന് ആറ് വയസ്സാണ് പ്രായം. വാവയെ കൊല്ലുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായി ഗ്രാമവാസികള്‍.
അന്നവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനായ കോര്‍നിയസ് സെമ്പിറിങ് എന്നയാളാണ് വാവയ്ക്ക് രക്ഷകനായത്. വാവയുടെ കഥയറിഞ്ഞ അയാള്‍ അവനെ സുമാത്രയിലെ തന്റെ വീട്ടിലേക്ക് കൂട്ടി. 13 വര്‍ഷങ്ങള്‍ക്കിപ്പുറം, 20-ാം വയസ്സില്‍, തന്നെ കൊല്ലാന്‍ തീരുമാനിച്ച അതേ ആളുകള്‍ക്കരികിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് വാവ.
സ്‌പോര്‍ട്‌സ് സയന്‍സ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഇന്ന് വാവ. ഫുട്‌ബോള്‍ കളിക്കാരന്‍. പരസ്പരം കൊന്നുതുന്നരുതെന്ന് തന്റെ ആളുകളെ പറഞ്ഞ് മനസ്സിലാക്കാനാണ് വാവ പപ്പുവയിലേക്ക് തിരിച്ചെത്തിയത്.
വാവയെ കണ്ട് വികാരഭരിതരാകുകയായിരുന്നു അവന്റെ ബന്ധുക്കള്‍. വാവയ്‌ക്കൊപ്പം ചിലവഴിക്കാന്‍ കഴിയാതെപോയ നാളുകളെക്കുറിച്ചോര്‍ത്തായിരുന്നു അവരുടെ സങ്കടംപറച്ചില്‍.
കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനങ്ങളിലേക്ക് എത്തണമെന്നും കൊലപാതകം ഒന്നിനും പരിഹാരമല്ലെന്നും വാവ അവരോട് പറഞ്ഞു. 'ഞാന്‍ അന്ന് ഇവിടെ തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവന് അത് ഭീഷണിയാകുമായിരുന്നു', താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വാവ പറഞ്ഞു. എന്നാലിന്ന് തന്റെ ആളുകളെക്കുറിച്ച് വാവയ്ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. വീട് വിട്ട് മടങ്ങുമ്പോള്‍ തിരിച്ചുവരുമെന്ന് അവന്‍ വാക്കുനല്‍കിയെങ്കിലും കരഞ്ഞുകലങ്ങിയ കണ്ണുകളാണ് അവനെ യാത്രയാക്കിയത്. തങ്ങളുടെ നേതാവായി ഗ്രാമത്തില്‍ തുടരണമെന്നാണ് വാവയോട് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates