'എനിക്കീ ജോലിയല്ലാതെ വേറെ ആശ്രയമില്ല മോളേ...' എറണാകുളം എംജി റോഡിലെ യൂണിയന്‍ ബാങ്ക് റീജിയണല്‍ ഓഫീസിന് മുന്നിലിരുന്ന് തൊണ്ടയിടറി പറയുകയാണ് സോഫിച്ചേച്ചി. എന്നെ പിരിച്ചുവിടരുത് എന്നെഴുതിയ പ്ലക്കാര്‍ഡും കയ്യിലുണ്ട്. ബാങ്കില്‍ ആറ് വര്‍ഷമായിയുണ്ടായിരുന്ന താത്കാലിക ജോലി തിരിച്ചുപിടിക്കാന്‍ കോലഞ്ചേരിക്കാരിയായ സോഫി മനോജിന് വേറെ വഴിയില്ല.
യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു സോഫിയെ. കഴിഞ്ഞ തിങ്കളാഴ്ചമുതല്‍ ജോലിചെയ്തിരുന്ന ബാങ്കിന് മുന്നില്‍ സമരം ചെയ്ത സോഫി മനോജ് കഴിഞ്ഞ ദിവസമാണ് സമരം ബാങ്കിന്റെ എറണാകുളത്തെ റീജിയണല്‍ ഓഫീസിന് മുന്നിലേക്ക് മാറ്റിയത്.
2012ല്‍ സ്വീപ്പര്‍-പ്യൂണ്‍ തസ്തികയില്‍ സോഫി യൂണിയന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. "രാവിലെ ക്ലീനിങ് ജോലി പൂര്‍ത്തിയാക്കിയാല്‍ പിന്നെ ബാങ്കിലെത്തുന്നവരെ ഫോം പൂരിപ്പിക്കാന്‍ സഹായിക്കുന്നതും അവര്‍ക്ക് ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ഒപ്പ് അടക്കമുള്ള രേഖകള്‍ ശേഖരിക്കുന്നതുമടക്കം എല്ലാ ജോലികളും ചെയ്യണമായിരുന്നു. ഇതിനുപുറമേ ബാങ്കില്‍ വരുന്നവര്‍ക്ക് ചായയിട്ട് നല്‍കേണ്ടതും അവര്‍ക്ക് ഭക്ഷണമോ മരുന്നോ മറ്റാവശ്യങ്ങളോ ഉള്ളപ്പോള്‍ പുറത്തുപോയി അതെല്ലാം വാങ്ങി നല്‍കേണ്ടതും എന്റെ ജോലിയാണ്. ഒരു സബ് സ്റ്റാഫിന്റെ പരിധിയില്‍ വരുന്ന എല്ലാ ജോലികളും കഴിഞ്ഞ ശനിയാഴ്ച വരെ ഞാനവിടെ ചെയ്തിരുന്നതാണ്. അന്ന് ജോലി അവസാനിപ്പിച്ച് വീട്ടിലേക്കിറങ്ങിയപ്പോഴാണ് തിങ്കളാഴ്ചമുതല്‍ വരണ്ടെന്നറിയിച്ചത്. എന്താണ് കാരണമെന്നോ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നോ എനിക്കറിയില്ല, എന്നോട് പറഞ്ഞിട്ടുമില്ല", പെട്ടെന്നുണ്ടായ പിരിച്ചുവിടല്‍ നടപടിയെക്കുറിച്ച് സോഫി പറയുന്നു.
കൊലഞ്ചേരി പുത്തന്‍കുരിശ്ശ് ബ്രാഞ്ചിലാണ് സോഫി ആദ്യം ജോലിചെയ്തത്. പിന്നീട് കോലഞ്ചേരിയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചപ്പോള്‍ അവിടെക്കെത്തി. സോഫി അടക്കം അഞ്ച് ജീവനക്കാരാണ് ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നത്. നൂറ് രൂപ ദിവസവേതനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് ഇപ്പോള്‍ 500രൂപയാണ് ദിവസ ശമ്പളം. "മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നും എനിക്കില്ല. ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. വാടകവീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. സാമ്പത്തികമായി ഒരു ശേഷിയുമില്ല", സോഫി പറയുന്നു. അസുഖം മൂലം ഭാരമുള്ള ജോലികളൊന്നും ഭര്‍ത്താവിന് ചെയ്യാനാകില്ലെങ്കിലും മറ്റൊരാളുടെ വണ്ടി ഓടിച്ച് അതില്‍ നിന്ന് ചെറിയ വരുമാനം കണ്ടെത്തുന്നുണ്ട്. സോഫിയുടെയും കുടുംബത്തിന്റെയും പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു ബാങ്കിലെ ഇവരുടെ ജോലി.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് പറഞ്ഞ് നാല് വര്‍ഷം മുന്‍പ് ഉന്നയിച്ച വ്യവസായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട അംഗമാണ് സോഫിയെന്നും ഇവര്‍ ഉള്‍പ്പെട്ട തര്‍ക്കം പരിഹരിക്കുന്നതുവരെ സ്റ്റാറ്റസ് കോ തുടരണമെന്ന നിയമമുള്ളപ്പോഴാണ് ബാങ്ക് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഗോകുല്‍ ദാസ് ആരോപിച്ചു.
ബാങ്കിന്റെ സ്റ്റാഫ് രജിസ്റ്റര്‍ ബുക്കില്‍ പോലും പേരില്ലാത്ത ഇത്തരത്തിലുള്ള പല ജീവനക്കാരെയും പിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. വ്യവസായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട നൂറിലധികം ജീവനക്കാര്‍ യൂണിയന്‍ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഈ വിഭാഗത്തിലുള്ളവരില്‍ ഒരാള്‍ക്കെതിരെ നടപടി വിജയിച്ചാല്‍ ബാക്കിയുള്ളവരോടും ഇത്തരത്തില്‍ നടപടി സ്വീകരിക്കാമെന്നാണ് ബാങ്ക് നിലപാടെന്നും ഗോകുല്‍ ദാസ് പറഞ്ഞു. ഇതിനെതിരെ നിയമപോരാട്ടമടക്കം ശക്തമായ നടപടി കൈകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates