തൊടുപുഴ: ഇടുക്കി മലങ്കര ഡാമിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഇന്ന് വൈകുന്നേരത്തോടെ തുറക്കുന്നു. നിലവിൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചു വരികയാണ്. അവശേഷിക്കുന്ന മൂന്ന് ഷട്ടറുകൾ കൂടി ഇന്ന് വൈകുന്നേരത്തോടെ തുറന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് ഡാം സുരക്ഷാ വിഭാഗം അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഘട്ടം ഘട്ടമായി 200 സെന്റീമീറ്റർ (200 CM) വരെ ഉയർത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
തുടർച്ചയായി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തിൽ തൊടുപുഴയാർ, മൂവാറ്റുപുഴയാർ എന്നിവയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ പുഴകളിൽ ഒഴുക്ക് വർദ്ധിക്കാനും ജലനിരപ്പ് പെട്ടെന്ന് ഉയരാനും സാധ്യതയുണ്ട്. അതിനാൽ ഈ നദിക്കരകളിൽ താമസിക്കുന്നവർ വനപാലകരുടെയും റവന്യൂ അധികൃതരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പുഴകളിൽ ഇറങ്ങുന്നതിനോ, അലക്കുന്നതിനോ, മീൻപിടിക്കുന്നതിനോ ആരും മുതിരരുത്. ഡാം കൺട്രോൾ റൂമുകളുടെ നേതൃത്വത്തിൽ ജലനിരപ്പ് ഉയരുന്നത് നിരന്തരം നിരീക്ഷിച്ചുവരികയാണ്. പൊതു മുന്നറിയിപ്പ് സംവിധാന ഴി നദീതീരങ്ങളിൽ അനൗൺസ്മെന്റുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ പൂർത്തിയാക്കാൻ പോലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates