ഇടുക്കി: 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യത്തിന് മുന്നിൽ ഭൂപ്രകൃതി വെല്ലുവിളിയാകുന്നു. നിലവിൽ ഈട്ടിത്തേരിയിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈട്ടിത്തേരി ആനയ്ക്ക് മയക്കുവെടി വെക്കാൻ ഒട്ടും അനുയോജ്യമായ സ്ഥലമല്ലെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധികളെ തുടർന്ന് മയക്കുവെടി വെക്കാനുള്ള ദൗത്യം ഉച്ചവരെ നിർത്തിവെച്ചിരിക്കുകയാണ്.
മയക്കുവെടി വെക്കാൻ അനുയോജ്യമായ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് ആനയെ മാറ്റുക എന്നതാണ് ദൗത്യസംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ചക്കക്കൊമ്പനെ മയക്കുവെടി വെക്കാൻ സൗകര്യപ്രദമായ 301 കോളനിയിലോ അതിന്റെ പരിസരത്തോ എത്തിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് നിലവിൽ ആർആർടി സംഘം മുന്നോട്ടുപോകുന്നത്.
മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും 100 പേരടങ്ങുന്ന ദൗത്യസംഘവും സജ്ജമാണ്. ഇതിൽ അഞ്ച് വെറ്ററിനറി ഓഫീസർമാരും 15 ട്രാക്കിംഗ് ടീം അംഗങ്ങളും ഉൾപ്പെടുന്നു. റേഡിയോ കോളർ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും രണ്ടെണ്ണം വീതം കരുതിയിട്ടുണ്ട്. സാഹചര്യം അനുകൂലമായാൽ ഉടൻ ദൗത്യം പുനരാരംഭിക്കും.
മയക്കുവെടി വെച്ച് പിടികൂടുന്നതിനായി നിരപ്പായ അഞ്ച് സ്ഥലങ്ങൾ ദൗത്യസംഘം തിരഞ്ഞെടുത്തിട്ടുണ്ട്. ആനയെ ട്രാക്ക് ചെയ്ത ശേഷം ഈ പ്രദേശങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ഇവിടെ എത്തിച്ചുകഴിഞ്ഞാൽ മയക്കുവെടി വെക്കും. മൂന്ന് മിനിറ്റിനകം ആന മയങ്ങിത്തുടങ്ങും. പൂർണ്ണമായും ശാന്തനായെന്ന് ഉറപ്പുവന്നാൽ, കുങ്കിയാനകളുടെ പുറത്തുകയറി ചക്കക്കൊമ്പന്റെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിക്കും.
അരിക്കൊമ്പന് ഘടിപ്പിച്ചത് ഡൽഹിയിൽ നിന്ന് വരുത്തിച്ച 10 കിലോ ഭാരമുള്ള റേഡിയോ കോളറായിരുന്നു എങ്കിൽ, ചക്കക്കൊമ്പനെ ധരിപ്പിക്കുന്നത് വിദേശത്തുനിന്ന് വരുത്തിച്ച അഞ്ച് കിലോ മാത്രം ഭാരമുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ റേഡിയോ കോളറാണ്. ഇതിന് അഞ്ച് മുതൽ ഏഴ് വർഷം വരെ ബാറ്ററി കാലാവധി ഉണ്ടായിരിക്കും. ജിപിഎസ്., റേഡിയോ സിഗ്നലുകൾ എന്നിവ മുഖേന പ്രവർത്തിക്കുന്ന കോളറിൽ നിന്നുള്ള തത്സമയ സന്ദേശങ്ങൾ സിസിഎഫ്., രണ്ട് ആർഒമാർ, ഡിഎഫ്ഒ എന്നിവർക്ക് ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates