തൊടുപുഴ: പാലാ നഗരസഭയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നാലെ തൊടുപുഴ നഗരസഭയിലുംഭരണപ്രതിസന്ധി രൂക്ഷമാകുന്നു. 22 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ യുഡിഎഫിന് മുന്നണിക്കകത്തെ രൂക്ഷമായ തർക്കങ്ങളും നഗരസഭ അധ്യക്ഷയെ മാറ്റണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കർശന നിലപാടെടുക്കുന്നതുമാണ് നിലവിൽ വലിയ വെല്ലുവിളിയാകുന്നത്. നിലവിലെ ചെയർപേഴ്സനെ പുറത്താക്കാൻ യുഡിഎഫിനുള്ളിൽ അണിയറ നീക്കങ്ങൾ സജീവമാണ്
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ഭരണസമിതിക്ക് താളം കണ്ടെത്താനായിട്ടില്ലെന്നാണ് വസ്തുത. യുഡിഎഫ് ധാരണ പ്രകാരം ആദ്യ ടേം മുസ്ലിം ലീഗിന് ചെയർമാൻ പദവി നൽകിയെങ്കിലും നഗസഭ അധ്യക്ഷ ഒരുഭാഗത്തും കൗൺസിലംഗങ്ങൾ പൂർണ്ണമായി മറുചേരിയിലുമെന്നാണ് നിലവിലെ സ്ഥിതി.
നഗരസഭ പരിധിയിലെ അനധികൃത നിർമ്മാണങ്ങൾ നിർത്തിവയ്ക്കാൻ ചെയർപേഴ്സൺ ഉറച്ച തീരുമാനമെടുത്തെങ്കിലും എതിർചേരിയുടെ കടുത്ത സമ്മർദ്ദം കാരണം അത് നടപ്പായിട്ടില്ല. ഭരണപരമായ പ്രധാന തീരുമാനങ്ങളിൽ ചെയർപേഴ്സണും കൗൺസിലിലെ മറ്റ് ഭരണകക്ഷി നേതാക്കളും തമ്മിലുണ്ടായ ശക്തമായ അഭിപ്രായ വ്യത്യാസമാണ് നിലവിലെ ചരടു വലികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചെയർപേഴ്സൺ സാബിറ ജലീലിനെ സ്ഥാനത്തുനിന്നും നീക്കുവാനുള്ള ശ്രമങ്ങൾ മുന്നണിക്കുള്ളിൽ സജീവമാണ്. നഗരസഭ ഉപാധ്യക്ഷനും ഒരുവിഭാഗം ലീഗ് കൗൺസിലർമാരും ചേർന്നാണ് പ്രധാന തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണമുണ്ട്.
തൊടുപുഴയിലെ പഴയ ബസ്റ്റാൻഡ് മൈതാനം വാടകയ്ക്ക് നൽകുന്നതിലും, മങ്ങാട്ടുകവലയിലെ അനധികൃത കെട്ടിടം പൊളിച്ചു നീക്കുന്നതിലും ചെയർപേഴ്സൺ സ്വീകരിച്ച കർശന നിലപാടിനെ കൗൺസിലിലെ മറ്റു ഭരണകക്ഷി നേതാക്കൾ ചേർന്ന് അട്ടിമറിച്ചിരുന്നു. പ്രതിപക്ഷ കൗൺസിലർമാരുടെ എതിർപ്പിനേക്കാൾ ലീഗിലെ ഒരു വിഭാഗം കൗൺസിലർമാർ തന്നെയാണ് ചെയർപേഴ്സണെതിരെ രംഗത്തുള്ളത്. രാജിവെക്കേണ്ടി വന്നാൽ മുന്നണിയിൽ സംഭവിച്ചതെന്തെന്ന് തുറന്നു പറയുമെന്ന് സാബിറ ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലാണ് ഇനി നിർണായകമാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates