CPM Kannur District Committee 
Kannur

'ഷംസീറിനെ സെക്രട്ടറിയാക്കണമായിരുന്നു'; കെകെ രാഗേഷിന് രൂക്ഷ വിമർശനം; പിപി ദിവ്യയെ തിരിച്ചുകൊണ്ടുവരാൻ നിർദ്ദേശം ഉയർന്നേക്കും

മുതിർന്ന നേതാക്കളെ തഴഞ്ഞാണ് സെക്രട്ടറി പദവി നൽകിയതെന്ന് ആക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പ്രതിനിധികളുടെ രൂക്ഷ വിമർശനം. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിലെ സംഘടനാപരമായ തർക്കങ്ങളും പ്രശ്നങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്ന് ചില പ്രതിനിധികൾ യോഗത്തിൽ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ രാഗേഷിന് താഴെത്തട്ടിലെ അണികളുമായി വലിയ ബന്ധമില്ലെന്നും, മുതിർന്ന പല നേതാക്കളെയും തഴഞ്ഞാണ് അദ്ദേഹത്തിന് ജില്ലാ സെക്രട്ടറി പദവി നൽകിയതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. താഴെത്തട്ടിലെ ബന്ധമില്ലായ്മ പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയെന്നും യോഗത്തിൽ വിമർശനമുയർന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തന്നെ പരമ്പരാഗത സ്വാധീന കേന്ദ്രങ്ങളിൽ അടിപതറി തുടങ്ങിയ പാർട്ടിക്ക്, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഒറ്റക്കെട്ടായി തടയാൻ കഴിഞ്ഞില്ലെന്ന് പ്രതിനിധികൾ വിലയിരുത്തി. പാർട്ടിയുടെ ഉറച്ച കോട്ടകളായ തലശ്ശേരി, മട്ടന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ഗണ്യമായി കുറഞ്ഞത് അസാധാരണ തിരിച്ചടിയാണ്. ഇതിൽ കാര്യങ്ങൾ കൃത്യമായി പരിശോധിക്കുന്നതിന് പകരം ഏരിയാ കമ്മിറ്റികളെ പഴിചാരി രക്ഷപ്പെടാനാണ് ജില്ലാ സെക്രട്ടറി ശ്രമിച്ചതെന്ന ആക്ഷേപവുമുയർന്നു. തലശ്ശേരിയിൽ എ.എൻ. ഷംസീറിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയത് വലിയ തിരിച്ചടിയായി. കണ്ണൂർ ജില്ലയിൽ മുസ്ലിം ന്യൂനപക്ഷത്തിൽ നിന്നുള്ള പ്രാതിനിധ്യം ഇല്ലാതിരുന്നത് യുഡിഎഫിന് രാഷ്ട്രീയ മേൽക്കൈ നേടാൻ സഹായകരമായി മാറിയെന്നും വിലയിരുത്തലുണ്ടായി. ഷംസീറിനെ വീണ്ടും മത്സരരംഗത്തിറക്കിയില്ലെങ്കിൽ അദ്ദേഹത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കണമായിരുന്നുവെന്ന അഭിപ്രായം തലശ്ശേരി ഏരിയയിൽ നിന്ന് ഉയർന്നുവന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ പരാജയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിനെതിരെയും പ്രതിനിധികൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വീഴ്ചകൾ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധിച്ച സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് ഇത് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച എൻ. ചന്ദ്രൻ, പി. ഹരീന്ദ്രൻ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പയ്യന്നൂർ വിശാല ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്താൽ മതിയെന്നുമാണ് നിലവിലെ തീരുമാനം.

പാർട്ടിയിൽ യുവ നേതൃനിരയെ വളർത്തിയെടുക്കണമെന്ന പൊതുതീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയിൽ നിന്ന് കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തിരിച്ചുകൊണ്ടുവരണമെന്ന നിർദ്ദേശം യോഗത്തിൽ മുന്നോട്ടുവെച്ചേക്കുമെന്നും സൂചനയുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു ദിവ്യക്കെതിരെ നടപടി സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി സമർപ്പിക്കേണ്ടി വന്നതും. കൂടാതെ ജില്ലാ കമ്മിറ്റിയിലേക്ക് ഏരിയാ സെക്രട്ടറിമാരെയും വർഗ്ഗ ബഹുജന സംഘടനാ നേതാക്കളെയും ക്ഷണിതാക്കളാക്കുന്ന കാര്യവും ആലോചനയിലുണ്ട്.

യോഗത്തിലെ ഗ്രൂപ്പ് ചർച്ചകളിൽ ജില്ലയിലെ വോട്ട് ചോർച്ച പ്രധാന ചർച്ചാവിഷയമായി മാറി. രാഷ്ട്രീയ എതിരാളികളുടെ വ്യാജപ്രചാരണങ്ങളിൽ അണികൾ വീണുപോയതും ചില പ്രാദേശിക നേതാക്കളുടെ പെരുമാറ്റരീതികൾ പൊതുജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതായും വിലയിരുത്തലുണ്ട്. മുൻപ് തെരഞ്ഞെടുപ്പ് വോട്ടുകളുടെ കാര്യത്തിൽ പാർട്ടിയുടെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നെങ്കിൽ ഇപ്പോൾ അത് പാളുന്ന അവസ്ഥയാണ്. അടിസ്ഥാന ജനവിഭാഗങ്ങളുമായി താഴെത്തട്ടിലുണ്ടായിരുന്ന ദൃഢബന്ധത്തിൽ വിള്ളൽ വീണതാണ് ഇതിന് പ്രധാന കാരണമെന്നും യോഗത്തിൽ വിമർശനമുയർന്നു.

പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു, എം.വി. ജയരാജൻ, പി. ജയരാജൻ, പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ് എന്നിവരും പാർട്ടി അംഗങ്ങളും വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 156 പേരാണ് ദ്വിദിന വിപുലീകൃത യോഗത്തിൽ പങ്കെടുക്കുന്നത്.

In the extended district committee meeting of the CPI(M) in Kannur, district secretary K. K. Ragesh faced severe criticism from several delegates over his handling of internal organizational rifts, particularly in Payyannur and Taliparamba.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

32 ദിവസം കാലാവധി; 202 രൂപ പ്ലാനുമായി ബിഎസ്എന്‍എല്‍, അറിയാം ഓഫറുകള്‍

'ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്; കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല'; ഒമര്‍ ലുലു പറയുന്നു

പവര്‍കട്ട് സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ ആള്‍ പിടിയില്‍; അറസ്റ്റിലായത്‌ പൂനെയില്‍ നിന്ന്

മജിസ്ട്രേറ്റിന് വധഭീഷണി: കേസെടുത്ത് ഡൽഹി പൊലീസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മനഃപൂർവ്വം അട്ടിമറിച്ചെന്ന് സിജെപി