കണ്ണൂർ: താഴെ മഞ്ഞുമൂടിയ മലനിരകൾ, ചുറ്റും കുളിരുള്ള കാറ്റ്, മുന്നിൽ അതിരുകളില്ലാത്ത നീലാകാശം... സമുദ്രനിരപ്പിൽനിന്ന് എണ്ണായിരം അടി ഉയരത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ചിത്രങ്ങൾ വരച്ച് വിസ്മയം തീർത്തിരിക്കുകയാണ് നാല് മലയാളി കലാകാരന്മാർ. ഹിമാചൽ പ്രദേശിലെ കുളു–മണാലിയിൽ സാഹസികതയും സർഗാത്മകതയും കൈകോർത്ത ഈ അപൂർവ കലാപരീക്ഷണം നടത്തിയത് കേരളത്തിൽനിന്നുള്ള 'ഡ്രീം 4' എന്ന കലാകൂട്ടായ്മയാണ്.
ശാന്തമായ മുറികളിലിരുന്ന് ക്യാൻവാസുകളിൽ നിറങ്ങൾ പകരുന്ന പതിവ് രചനാശൈലിയിൽനിന്നു വ്യത്യസ്തമായി, എ3 വലുപ്പത്തിലുള്ള പേപ്പറും സോഫ്റ്റ് പേസ്റ്റലുകളും ബോർഡും മാത്രമാണ് കലാകാരന്മാർ കയ്യിലെടുത്തത്. സുരക്ഷാ ബെൽറ്റുകൾ ധരിച്ച് പറന്നുയർന്ന ഇവർ ശക്തമായ കാറ്റിനെയും കൊടുംതണുപ്പിനെയും അതിജീവിച്ചാണ് ചിത്രങ്ങൾ വരച്ചുതീർത്തത്. എട്ട് മിനിറ്റ് നീണ്ട പാരാഗ്ലൈഡിങ് യാത്രയ്ക്കിടയിൽ ഒരു കൈയിൽ ബോർഡും മറുകൈയിൽ പേസ്റ്റലും പിടിച്ച് ഓരോരുത്തരും ഓരോ ചിത്രം പൂർത്തിയാക്കി. പറക്കലിനിടയിലെ ശരീരചലനങ്ങളും കാറ്റിന്റെ വേഗതയും സൃഷ്ടിച്ച കടുത്ത വെല്ലുവിളികളെ കൃത്യമായ ഏകാഗ്രതയോടെയാണ് സംഘം നേരിട്ടത്.
ഡാവിഞ്ചി സുരേഷ്, വിപിൻ ഇരിട്ടി, താടിക്കാരൻ രതീഷ്, ഷൈജു കെ. മാളൂർ എന്നിവരാണ് ആകാശത്ത് ചിത്രങ്ങൾ വരച്ച് ഈ വേറിട്ട അനുഭവത്തിന് നേതൃത്വം നൽകിയത്. ഹൈനസ് വയനാട് ടീം ലീഡറായും സിംബാദ് ക്യാമറാമാനായും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ സാഹസിക കലായാത്രയ്ക്ക് പിന്തുണയുമായി ഹോളിബാബ നിഷാലും ഒപ്പമെത്തിയിരുന്നു. പാരാഗ്ലൈഡിങ്ങിനിടെ ഇത്തരത്തിലൊരു തത്സമയ ചിത്രരചന ലോകത്തുതന്നെ ആദ്യമായാണ് നടക്കുന്നതെന്നാണ് സാഹസിക കായിക രംഗത്തുള്ളവരും ദൃക്സാക്ഷികളും വിലയിരുത്തുന്നത്.
വയനാട്ടിൽനിന്നാണ് ഡ്രീം 4 സംഘം തങ്ങളുടെ പര്യടനം ആരംഭിച്ചത്. കേവലം കാഴ്ചകൾ കണ്ടുമടങ്ങുന്ന വിനോദയാത്ര എന്നതിലുപരി, എത്തുന്ന പ്രദേശങ്ങളിലെ പ്രത്യേകതകളെയും പ്രതികൂല സാഹചര്യങ്ങളെയും ചിത്രരചനയുടെ ഭാഗമാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പരമ്പരാഗത രീതികൾക്ക് അപ്പുറം കലയുടെ അനന്തസാധ്യതകൾ തേടിയുള്ള ഇവരുടെ പരീക്ഷണങ്ങൾക്ക് മണാലിയിലെ ആകാശ രചന വലിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
In a rare fusion of extreme adventure and artistic expression, four artists from Kerala's 'Dream 4' collective accomplished a remarkable feat by painting on paper while paragliding at an altitude of 8,000 feet above sea level in Kullu-Manali, Himachal Pradesh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates