കണ്ണൂർ: കണ്ണൂർ തളാപ്പിലെ കൊയിലി ആശുപത്രി കോമ്പൗണ്ടിൽ മിനിമം വേതനം ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തിയ അനിശ്ചിതകാല ഉപരോധ സമരത്തിനിടെ നഴ്‌സിനെ മർദിച്ച സംഭവത്തിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുത്തു. തളാപ്പ് കൊയിലി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. ഗംഗാധരനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള 126(2) [അനധികൃതമായി തടഞ്ഞു വെക്കൽ], 115(2) [സ്വമേധയാ പരിക്കേൽപ്പിക്കൽ], 118(1) [ആയുധമോ മാരക മാർഗ്ഗങ്ങളോ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ] എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉളിക്കൽ മണിക്കടവ് സ്വദേശിനിയായ ടിന്റു ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികൾ കളക്ടർ വിളിച്ചുചേർത്ത ചർച്ചയിൽ മിനിമം വേതന വ്യവസ്ഥ അംഗീകരിച്ച് കരാറിൽ ഒപ്പിട്ടെങ്കിലും കൊയിലി ആശുപത്രി മാനേജ്‌മെന്റ് അതിന് തയ്യാറായിരുന്നില്ല. തുടർന്ന് നഴ്‌സുമാർ ആശുപത്രി കോമ്പൗണ്ടിൽ ശക്തമായ പ്രതിഷേധവുമായി എത്തുകയായിരുന്നു. കഴിഞ്ഞ 15-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ സ്വന്തം കാബിനിൽ നിന്ന് പുറത്തിറങ്ങിയ ഡോ. ഗംഗാധരനെ നഴ്‌സുമാർ തടയാൻ ശ്രമിച്ചു. ഇതിനിടെ പ്രകോപിതനായ ഡോക്ടർ ടിന്റു ജോസഫിന്റെ തലമുടിക്ക് കുത്തിപ്പിടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.
നഴ്‌സിനെ മർദിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമരത്തിന്റെ ആദ്യഘട്ടം മുതൽ നഴ്‌സുമാരെയും യൂണിയനുകളെയും അവഹേളിക്കുന്ന നിലപാടാണ് മെഡിക്കൽ സൂപ്രണ്ട് സ്വീകരിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം, ഡോക്ടർക്ക് പിന്തുണയുമായി ഐ.എം.എയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates