കണ്ണൂർ: ജില്ലയിലെ ഗുണ്ടാ-ക്രിമിനൽ സംഘങ്ങൾക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികൾ കടുപ്പിച്ച് പൊലീസ്. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൊകേരി സ്വദേശി സുബിൻ വി. (35) എന്ന ചിക്കുവിനെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി നാടുകടത്തി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇയാളെ അറിയപ്പെടുന്ന റൗഡിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്.
ന്യൂ മാഹി, പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, മാരകായുധങ്ങളുമായി അക്രമം നടത്തൽ, ക്രമസമാധാന ലംഘനം, അടിപിടി, എക്സൈസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി അഞ്ചോളം ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ. പ്രദേശത്ത് നിരന്തരം ഭീതി പടർത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നാടുകടത്തൽ നടപടി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയോ തങ്ങുകയോ ചെയ്താൽ ഇയാളെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates