Laterite Mining 
Kannur

കുടിവെള്ള ടാങ്കിന് ഭീഷണിയായി ചെങ്കൽ ഖനനം; 300ൽ അധികം കുടുംബങ്ങൾ ആശങ്കയിൽ

സോയിൽ പൈപ്പിങ് പ്രതിഭാസവും നിരോധനവും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കളക്ടറുടെ നിരോധന ഉത്തരവുകൾ നിലനിൽക്കെ വ്യാപകമായി ചെങ്കൽ ഖനനം തുടരുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഉളിക്കൽ–പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തേർമല കൈക്കൂലിത്തട്ടിൽ ജലജീവൻ മിഷന്റെ കുടിവെള്ള ടാങ്കിന് സമീപമാണ് ഈ നിയമലംഘനം നടക്കുന്നത്. മുന്നൂറിലധികം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ ഖനനം ഇരു പഞ്ചായത്തുകളിലും ഗുരുതരമായ ദുരന്തസാധ്യതയാണ് ഉയർത്തുന്നതെന്ന് തേർമല സംരക്ഷണ സമിതി ആരോപിച്ചു.

2018-ലാണ് കൈക്കൂലിത്തട്ടിൽ ചെങ്കൽ ഖനനം ആരംഭിച്ചത്. അതേ വർഷമുണ്ടായ പ്രളയത്തെത്തുടർന്ന് പ്രദേശത്ത് ഭൂമി വിണ്ടുകീറുകയും മണ്ണിന്റെ ഘടനയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുകയും ചെയ്തിരുന്നു. തുടർന്ന് 2019-ൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നതും പാറകൾ നിരങ്ങി മാറിയതും ഉൾപ്പെടെയുള്ള നിരവധി അപകടസൂചനകളാണ് പ്രദേശവാസികൾക്ക് നേരിടേണ്ടിവന്നത്. അന്നുമുതൽ ദുരന്തഭീതിയിലാണ് ഈ പ്രദേശത്തുള്ളവർ കഴിയുന്നത്.

Laterite Mining

ഖനനമേഖലയിലെ ഗുഹകളിലൂടെ മലിനജലം ഒഴുകിയെത്തി പ്രദേശത്തെ കിണറുകളിൽ ചെളിവെള്ളവും കല്ലുകളും നിറഞ്ഞതോടെ തേർമല സംരക്ഷണ സമിതി അന്നത്തെ എംഎൽഎ കെസി ജോസഫിന്റെ ശ്രദ്ധയിൽ വിഷയം എത്തിച്ചിരുന്നു. തുടർന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്ത് നടത്തിയ പരിശോധനയിൽ, മണ്ണിനടിയിലൂടെ മണ്ണും വെള്ളവും ഒഴുകിപ്പോകുന്ന സോയിൽ പൈപ്പിങ് പ്രതിഭാസം നിലനിൽക്കുന്ന പ്രദേശമാണിതെന്ന് സ്ഥിരീകരിക്കുകയുണ്ടായി.

സബ് കലക്ടറും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും സ്ഥലം സന്ദർശിച്ച് അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2019-ൽ ഉളിക്കൽ–പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ ചെങ്കൽ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ, ഈ ഉത്തരവ് നിലനിൽക്കെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇപ്പോൾ വീണ്ടും ഖനനത്തിന് അനുമതി നൽകിയെന്നാണ് സമിതിയുടെ ആരോപണം.

ഇതിനിടയിലാണ് ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ എട്ടു വാർഡിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജലജീവൻ മിഷന്റെ ഭാഗമായി ഏഴര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള കൂറ്റൻ ടാങ്ക് നിർമിച്ച് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ടാങ്കിന് സമീപത്തെ ചെങ്കൽ ഖനനവും അതുമൂലമുണ്ടാകുന്ന പ്രകമ്പനങ്ങളും ജലസംഭരണിയുടെ ഫില്ലറുകൾക്കും ഭിത്തികൾക്കും വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇത് കുടിവെള്ള വിതരണ സംവിധാനത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

മലപ്പുറം സ്വദേശിയായ സ്വകാര്യ വ്യക്തി ഖനനത്തിനായി വ്യാപകമായി ഭൂമി വാങ്ങി കശുമാവിൻ തോട്ടങ്ങൾ വെട്ടിമാറ്റിയതായും പുതിയ കൃഷി നടത്തുമെന്ന പേരിൽ ഖനന പ്രവർത്തനങ്ങൾ തുടരുന്നതായും തേർമല സംരക്ഷണ സമിതി കുറ്റപ്പെടുത്തി. ഖനനം മൂലം പ്രദേശത്തുണ്ടാകാവുന്ന ഏത് ദുരന്തങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി. ന്നൂറിലധികം കുടുംബങ്ങളുടെ സുരക്ഷയും കുടിവെള്ള പദ്ധതിയുടെ നിലനിൽപ്പും ഒരുപോലെ ആശങ്കയിലായ സാഹചര്യത്തിൽ, ഖനനത്തിന് അനുമതി നൽകിയതിന്റെ സാഹചര്യം പരിശോധിക്കണമെന്നും ഖനനമേഖലയിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ദുരന്തം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം മുൻകരുതൽ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള തേർമല സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അഡ്വ. സജീവ് ജോസഫ് എംഎൽഎയും ഒപ്പമുണ്ട്.

Residents of Thermala, along the Ulikkal-Padiyoor panchayat border in Kannur, are living in deep fear as illegal laterite mining continues near a major Jalajeevan Mission drinking water tank, threatening over 300 families and vital water infrastructure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ പോര, വോട്ടർ ഐഡി നിർബന്ധമാക്കാൻ കേന്ദ്രം

സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു

റെയില്‍വേ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഒരു രൂപയുടെ കുറവ്; രണ്ടുവര്‍ഷം നീണ്ട നിയമപോട്ടം; ഐആര്‍സിടിസി യാത്രക്കാരന് നല്‍കണം 3100 രൂപ

കോൺക്രീറ്റ് മേൽക്കൂരയിൽ കതിരിട്ട് ചോളക്കൃഷി; നൂറുമേനി വിളവെടുപ്പുമായി ബാലുശ്ശേരി ജിഎച്ച്എസ്എസ് വിദ്യാർഥികൾ

കാസർകോട് റെയിൽവേ സ്റ്റേഷനിൽ പുതിയ സൗകര്യങ്ങൾ; എസ്കലേറ്ററും എമർജൻസി മെഡിക്കൽ റൂമും യാഥാർത്ഥ്യമാകുന്നു