കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ ഭരണസമിതിയായ സിൻഡിക്കേറ്റിനെ പൂർണ്ണമായും മറികടന്ന് ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടൽ. സർവ്വകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനായി സിൻഡിക്കേറ്റ് സമർപ്പിച്ച ഔദ്യോഗിക പട്ടിക വെട്ടിത്തിരുത്തിയാണ് ചാൻസലർ പുതിയ നിയമനങ്ങൾക്ക് അനുമതി നൽകിയത്. പുതുതായി പുനഃസംഘടിപ്പിച്ച 59 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമന ഉത്തരവ് സർവ്വകലാശാല രജിസ്ട്രാർ പുറത്തിറക്കി.
ഗവർണറുടെ നിർദ്ദേശപ്രകാരം രജിസ്ട്രാർ അടിയന്തിരമായി ഉത്തരവിറക്കിയതിന് പിന്നാലെ, വിസിക്ക് എതിരെയും ചാൻസലർക്ക് എതിരെയും കടുത്ത പ്രതിഷേധവുമായി ഇടത് അനുകൂല സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. പുതിയ ബോർഡ് ഓഫ് സ്റ്റഡീസിൽ സംഘപരിവാർ അനുഭാവമുള്ള അധ്യാപകരെ വ്യാപകമായി തിരുകിക്കയറ്റിയെന്നാണ് പ്രധാന ആക്ഷേപം.
സർവ്വകലാശാലാ നിയമപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിശ്ചയിക്കാനും നിയമിക്കാനുമുള്ള പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
സിൻഡിക്കേറ്റിന്റെ ജനാധിപത്യപരമായ അവകാശങ്ങളെ ചാൻസലറും വൈസ് ചാൻസലറും ചേർന്ന് അട്ടിമറിച്ചതായി ഇടത് അനുകൂല സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ നിയമനത്തിന് പിന്നാലെ പ്രതിഷേധം ഭയന്ന് സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാൻ വൈസ് ചാൻസലർതയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ജൂൺ 22-ന് ശേഷം സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് യോഗങ്ങൾ വിളിച്ചുചേർത്തിട്ടില്ല. വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തികച്ചും ഏകാധിപത്യപരമായ പ്രവണതയാണെന്നും സുകന്യ തുറന്നടിച്ചു.
കണ്ണൂർ സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശേഷം ചാൻസലറും സർക്കാരും തമ്മിലുള്ള പോര് താൽക്കാലികമായി ശമിച്ചിരുന്നെങ്കിലും, പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തോടെ ക്യാമ്പസ് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്.
സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ ചാൻസലറുടെ താല്പര്യപ്രകാരം ഭൂരിപക്ഷം വകുപ്പുകളിലും തങ്ങളുടെ അനുഭാവികളെ തിരുകിക്കയറ്റാനുള്ള ഗവർണറുടെ ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ഇടത് അധ്യാപക സംഘടനകളുടെയും ആരോപണം. നിയമന ഉത്തരവ് റദ്ദാക്കണമെന്നും അടിയന്തിരമായി സിൻഡിക്കേറ്റ് യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വിസിക്ക് കത്ത് നൽകാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates