കാസർകോട്: ബോവിക്കാനം ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് തെങ്ങുമടൽ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദം പുകയുന്നു. സംഭവത്തിൽ ഇരയായ യുവാവിനെതിരെ ഉൾപ്പെടെ രണ്ട് കേസുകൾ ആദൂർ പൊലീസ് റജിസ്റ്റർ ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു നേതാക്കളായ പ്രതികൾക്കെതിരെ സത്വര നടപടി സ്വീകരിക്കാൻ പൊലീസ് മടികാണിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക സിപിഎം രംഗത്തെത്തിയതോടെയാണ് സംഭവം വലിയ രാഷ്ട്രീയ തർക്കത്തിലേക്ക് നീങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം അരങ്ങേറിയത്. ബോവിക്കാനം സ്വദേശിയായ മുഹമ്മദ് റഫീഖ് (29) എന്ന യുവാവിനെയാണ് ബാലനടുക്കത്തെ ഒരു ലീഗ് നേതാവിന്റെ വീട്ടിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. റഫീഖ് തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാൽ ഗൾഫിൽ വെച്ച് താൻ കടം നൽകിയ പണം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം മൂന്ന് മണിക്കൂറിലധികം തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് റഫീഖ് പൊലീസിന് മൊഴി നൽകി. സ്ഥലത്തെത്തിയ ആദൂർ പൊലീസ് സംഘം ആൾക്കൂട്ട മർദ്ദനത്തിൽ നിന്നും യുവാവിനെ രക്ഷപ്പെടുത്തി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം ആരോഗ്യം ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഗൾഫിലെ പണമിടപാടും ആസൂത്രിത മർദ്ദനവും
ദിനവേതന തൊഴിലാളിയായ റഫീഖും കേസിൽ പ്രതിയായ ബാലനടുക്കത്തെ അഫ്രീദും മുൻപ് യുഎഇയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. അക്കാലത്ത് അഫ്രീദിന് റഫീഖ് 8,000 ദിർഹം കടമായി നൽകിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം റഫീഖ് ഈ തുക പലതവണ തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് പണം നൽകാമെന്ന് വ്യാജേന അഫ്രീദ് റഫീഖിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ തന്നെ അഫ്രീദും എസ്ടിയു പ്രാദേശിക നേതാക്കളായ കുടുംബാംഗങ്ങളും ചേർന്ന് മാരകായുധങ്ങളുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് റഫീഖ് വ്യക്തമാക്കുന്നു.
തുടക്കത്തിൽ, ലീഗ് നേതാവിന്റെ ഭാര്യ ചൊവ്വാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചു കയറൽ, മാരകായുധങ്ങളുമായി പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ കടുത്ത വകുപ്പുകളാണ് റഫീഖിനെതിരെ ചുമത്തിയത്.
പൊലീസ് മെല്ലെപ്പോക്കിനെതിരെ സിപിഎം
യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പടർന്നിട്ടും ലീഗ് നേതാക്കളെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം മുളിയാർ ലോക്കൽ കമ്മിറ്റി രംഗത്തെത്തി. തൻറെ പണം തിരികെ ചോദിച്ച പാവപ്പെട്ട ഒരു യുവാവിനെ ലീഗ് ക്രിമിനലുകൾ ആസൂത്രിതമായി തല്ലിച്ചതച്ചതാണെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രതിഷേധം കനത്തതോടെ, പൊലീസ് അഫ്രീദ്, പിതാവ് അഷ്റഫ്, ഹാരിസ്, കുട്ടാപ്പി എന്നിവരുൾപ്പെടെയുള്ള കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. രാഷ്ട്രീയ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates