Kasargod Gnrl Hospital 
Kasargod

കാസർകോട് ജനറൽ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് താൽക്കാലിക ജീവനക്കാരെ നിലനിർത്തി; വിജിലൻസ് അന്വേഷണം

നിയമനമോ സർക്കാർ അനുമതിയോ ഇല്ലാതെ മുപ്പതോളം പേർ തുടരുന്നത് 10 വർഷമായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: സർക്കാർ ഉത്തരവുകളോ ചട്ടങ്ങളോ പാലിക്കാതെ കാസർകോട് ജനറൽ ആശുപത്രിയിൽ വർഷങ്ങളോളം താൽക്കാലിക ജീവനക്കാരെ അനധികൃതമായി നിലനിർത്തിയ സംഭവത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴിയോ പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങൾ വഴിയോ അല്ലാതെ, ഒരേ ജീവനക്കാരെത്തന്നെ തുടർച്ചയായി നിയമിച്ചതിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്.

റിസപ്ഷനിസ്റ്റുകൾ, സെക്യൂരിറ്റി ജീവനക്കാർ, അറ്റൻഡർമാർ, കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ തുടങ്ങിയ തസ്തികകളിലായി മുപ്പതോളം താൽക്കാലിക ജീവനക്കാർ കഴിഞ്ഞ 10 വർഷമായി ഇവിടെ ജോലി ചെയ്തുവരികയാണെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പുതിയ അപേക്ഷകൾ ക്ഷണിക്കുകയോ അഭിമുഖങ്ങൾ നടത്തുകയോ ചെയ്യാതെ, ഓരോ ആറുമാസം കൂടുമ്പോഴും ഇതേ ജീവനക്കാരെത്തന്നെ സർവീസിൽ പുനർനിയമിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. താൽക്കാലിക ജീവനക്കാരെ ഒരു വർഷത്തിൽ കൂടുതൽ സർവീസിൽ നിലനിർത്താൻ പ്രത്യേക സർക്കാർ അനുമതി ആവശ്യമാണെന്നിരിക്കെ, അത്തരം യാതൊരു അനുമതിയും ആശുപത്രി അധികൃതർ വാങ്ങിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിലും ജില്ലാ ആശുപത്രിയിലും സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വിജിലൻസ് കണ്ടെത്തലുകൾക്കെതിരെ പ്രതിരോധവുമായി ആശുപത്രി മാനേജ്‌മെന്റ് രംഗത്തെത്തി. സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും പരിചയസമ്പന്നരായ താൽക്കാലിക ജീവനക്കാരെ നിലനിർത്തുന്ന ഇതേ രീതി തന്നെയാണ് തുടരുന്നതെന്നും ഇതിനെ അഴിമതിയോ തട്ടിപ്പോ ആയി കാണാനാകില്ലെന്നും അധികൃതർ പറയുന്നു. ആശുപത്രി ജീവനക്കാരെ മാറ്റുന്നത് മറ്റ് സ്ഥാപനങ്ങളിലെപ്പോലെ എളുപ്പമല്ലെന്നും അനുഭവപരിചയത്തിലൂടെ ലഭിക്കുന്ന വൈദഗ്ദ്ധ്യം ആശുപത്രി പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നും ഒരു മുതിർന്ന ആശുപത്രി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. തറ വൃത്തിയാക്കുന്ന ജോലിയിൽ പോലും ബ്ലീച്ച്, വെള്ളം, സോപ്പ് ലായനി എന്നിവ ഉപയോഗിക്കുന്നതിന് ആശുപത്രികളിൽ പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ലബോറട്ടറി ജീവനക്കാർക്ക് ഉപകരണങ്ങളും ആരോഗ്യ പ്രോട്ടോക്കോളുകളും കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ് ഏതാനും മാസങ്ങൾക്ക് പിന്നാലെ ആരംഭിച്ച ഈ വിജിലൻസ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ ആരോപണം. നിലവിലുള്ളവരെ ഒഴിവാക്കി യുഡിഎഫ് അനുഭാവികളെ താൽക്കാലിക തസ്തികകളിൽ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിക്കുന്നു. അതേസമയം, ആശുപത്രിയിലെ കണക്കുകൾ കൃത്യമായി പരിശോധിച്ച് നടപടിക്രമങ്ങൾ സുതാര്യമാക്കാൻ ശ്രമിക്കുകയാണെന്ന് അടുത്തിടെ ചുമതലയേറ്റ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് വ്യക്തമാക്കി.

The Vigilance and Anti-Corruption Bureau (VACB) has launched an investigation into serious irregularities at Kasaragod General Hospital, where around 30 temporary daily-wage employees were retained for up to a decade without necessary government sanctions, fresh notifications, or referrals to employment exchanges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു

'കയ്യടികൾക്ക് പകരം കൂവൽ, മലയാളത്തിലെ പലരും ചേർന്ന് മൂലയ്ക്കിരുത്താൻ നോക്കി; എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പടവെട്ടി', നടിയെക്കുറിച്ച് ആലപ്പി അഷ്റഫ്

പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു