കാസർകോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ എംജി റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി റോഡ് വീതികൂട്ടാൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമകളും വ്യാപാരികളും സന്നദ്ധത അറിയിച്ചു. സുൽത്താൻ ഗോൾഡ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പത്തടിയോളം സ്ഥലമാണ് നഗരസഭയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്. എംജി റോഡിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭ നേരത്തെ ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു.
കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന്, കല്ലട്ര മാഹിൻ ഹാജി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവർ നടത്തിയ അനുരഞ്ജന ചർച്ചകളെയും അഭ്യർത്ഥനയെയും തുടർന്നാണ് ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതെന്ന് സുൽത്താൻ ഗോൾഡ് ഉടമ ടി.എം. അബ്ദുൾ റഹൂഫും വ്യവസായി യു.കെ. യൂസഫും വ്യക്തമാക്കി. പുതിയതായി ആരംഭിച്ച ശോഭിക ഷോറൂം വരെയുള്ള ഭാഗത്ത് റോഡിന് വീതി തീരെ കുറവായതും 50 മീറ്ററിലധികം നീളത്തിൽ ഉയർന്നുനിൽക്കുന്ന നടപ്പാതയുള്ളതും കാരണം ഇവിടെ പതിവായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് 19-ന് ഫ്ലെക്സ് ബോർഡ് നിർമ്മാണ സ്ഥാപന ഉടമയായ മുഹമ്മദ് ഹനീഫ (57) ഈ ഭാഗത്ത് ടാങ്കർ ലോറിയിടിച്ച് മരിച്ചതോടെയാണ് എംജി റോഡിലെ വീതിക്കുറവ് വീണ്ടും വലിയ ചർച്ചയായത്. അപകടത്തെത്തുടർന്ന് റോഡ് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ കാമ്പെയ്നുകൾ നടന്നിരുന്നു. മൂന്ന് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ റോഡ് പുറമ്പോക്ക് കൈയ്യേറിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന തരത്തിലും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നഗരസഭാ അധികൃതർ നടത്തിയ സ്ഥലപരിശോധനയിൽ യാതൊരുവിധ കൈയ്യേറ്റവും നടന്നിട്ടില്ലെന്നും വിവാദമായ ഭൂമി വ്യാപാരികളുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നും വ്യക്തമായിരുന്നു.
ഭൂമിയുടെ കൃത്യമായ രേഖകൾ കൈവശമുണ്ടെന്നും അനാവശ്യ കൈയ്യേറ്റ ആരോപണങ്ങളും സമൂഹമാധ്യമ പ്രചാരണങ്ങളും തങ്ങൾക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും വ്യാപാരികൾ പറഞ്ഞു. എന്നാൽ അതൊന്നും കാര്യമാക്കാതെ, നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന പൊതുതാൽപര്യം മുൻനിർത്തിയാണ് സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചതെന്ന് ഉടമകൾ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ നഗരസഭ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കണമെന്നും, തിരക്കേറിയ റോഡിലൂടെയുള്ള ടാങ്കർ ലോറികളുടെ സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates