കാസർകോട്: തളങ്കര നുസ്രത്ത് നഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി നാസറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കാസർകോട് അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി.എച്ച്. രജിത ഉത്തരവിട്ടു. 2021 ഒക്ടോബർ 31-ന് രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ പണം കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവദിവസം ക്വാർട്ടേഴ്സിലെ മറ്റൊരു താമസക്കാരനായ മുസമ്മിലിനൊപ്പം പ്രതി നാസർ മുറിയിൽ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മുറിയിലെത്തിയ സജിത്തുമായി വാക്കുതർക്കമുണ്ടാവുകയും, പ്രകോപിതനായ നാസർ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളുടെ പക്കലുണ്ടായിരുന്ന കത്തിയെടുത്ത് സജിത്തിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. കുത്തേറ്റതിനു പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയ സജിത്ത് സമീപത്തെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് സജിത്തിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
കേസിൽ ദൃക്സാക്ഷിയായ പ്രതിയുടെ സുഹൃത്ത് മുസമ്മിലിന്റെ മൊഴി കോടതി നിർണ്ണായക തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദ് പ്രാഥമിക അന്വേഷണം നടത്തുകയും, തുടരന്വേഷണം പൂർത്തിയാക്കി ഇൻസ്പെക്ടർ പി. അജിത് കുമാർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ലോഹിതാക്ഷൻ ഇടയില്ലം ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates