കാസർകോട്: കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പികെ ഫൈസലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. കൃപേഷ്-ശരത് ലാൽ സ്മാരക നിർമ്മാണത്തിനായി കർണാടക കോൺഗ്രസ് നൽകിയ ഫണ്ട് ഡിസിസി അക്കൗണ്ടിലേക്ക് നൽകാതെ എഐസിസി അക്കൗണ്ടിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് പുതിയ പോരിന് കാരണം.
കർണാടക കോൺഗ്രസ് മുൻ അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ 25 ലക്ഷം രൂപയായിരുന്നു സ്മാരക നിർമ്മാണത്തിനായി പ്രഖ്യാപിച്ചിരുന്നത്. ഈ തുക കൈപ്പറ്റിയ ഉണ്ണിത്താൻ അത് എഐസിസി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഫണ്ട് കൈമാറുന്നതിലെ സാങ്കേതിക നടപടികളുടെ ഭാഗമായാണ് പണം ആദ്യം എഐസിസി അക്കൗണ്ടിലെത്തിയതെന്നും, ഡിസിസി അധ്യക്ഷനെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെ എംപി ഇത് വിവാദമാക്കി മാറ്റുകയാണെന്നുമാണ് എതിർവിഭാഗത്തിന്റെ വാദം. പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന വിഡി. സതീശൻ നൽകിയ 6 ലക്ഷം രൂപയും ചേർത്ത് കല്ല്യോട്ട് സ്ഥലവും വാങ്ങിയിരുന്നു.
പ്രാദേശി നേതൃത്വത്തിൻറെ ധനവിനിയോഗ നടപടിക്രമങ്ങളിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് പണം എഐസിസി അക്കൌണ്ടിൽ നിക്ഷേപിച്ചതെന്ന് ഇതിനിടെ ഉണ്ണിത്താൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രഥമ അധ്യക്ഷനായ രാമറേയുടെ പേരിൽ നിലവിലെ ഡിസിസി ഓഫീസിൽ മൂന്നാം നില നിർമ്മിക്കാനായി ഫൈസൽ തന്നോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായി രാമറേയുടെ മകനും കെപിസിസി സെക്രട്ടറിയുമായ സുബ്ബയ്യ റേ ആരോപിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചാണ് ഫൈസലിൽ വിശ്വാസമില്ലെന്ന പുകമറ സൃഷ്ടിക്കാൻ ഉണ്ണിത്താൻ ശ്രമിക്കുന്നതെന്നാണ് എതിർ ചേരിയുടെ ആരോപണം.
തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കായി കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര മുഴുവൻ ചെലവുകളും വഹിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഇരുനേതാക്കൾക്കുമിടയിലെ വ്യക്തിപരമായ അകൽച്ചയും ആരോപണങ്ങളും പരസ്യമായത്. ഫൈസലിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ ഒരുകാലത്ത് നിർണായക പങ്ക് വഹിച്ച ഉണ്ണിത്താൻ, ഇപ്പോൾ പരസ്യമായി അഴിമതിയാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫൈസലിനെതിരെ കെപിസിസിക്ക് പരാതി നൽകിയതിനൊപ്പം എംപിയുടെ പരസ്യ പ്രതികരണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫൈസൽ വിഭാഗവും രംഗത്തെത്തിയതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates