kerala high court  kerala hIgh court
Kozhikode

പോലീസ് അതിക്രമത്തിനെതിരെ 16 വർഷത്തെ പോരാട്ടം; കോൺഗ്രസ് നേതാവ് ഷാജിർ അറഫാത്തിന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി; പലിശയും കോടതിച്ചിലവും പോലീസുകാർ സ്വന്തം കയ്യിൽ നിന്നും നൽകണം.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയും യുവസംരംഭകനുമായ ഷാജിർ അറഫാത്തിനും കുടുംബത്തിനും നേരെ കള്ളക്കേസ് ചമച്ച് വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ ശക്തമായ തിരിച്ചടി. ഷാജിറിനും കുടുംബത്തിനും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ച കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് പോലീസ് ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ ഹൈക്കോടതി പൂർണ്ണമായി തള്ളിക്കളഞ്ഞു. നഷ്ടപരിഹാര തുകയ്ക്ക് പുറമെ ആറ് ശതമാനം പലിശയും കേസ് നടത്താനായുള്ള ചിലവും കുറ്റക്കാരായ ഉദ്യോഗസ്ഥർ തന്നെ നൽകണം. കെ.കെ. ബിജു, പി. ബാബുരാജൻ, എം.എ. കബീർ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

2008-ലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് യുവസംരംഭകനും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ഷാജിർ, തന്റെ സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടറുകൾ വാങ്ങിയ ഉമേഷ് എന്ന ഉപഭോക്താവിൽ നിന്നും ലഭിച്ച ചെക്ക് മടങ്ങിയതിനെ തുടർന്ന് നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാൽ അന്നത്തെ നടക്കാവ് സബ് ഇൻസ്പെക്ടർ കെകെ ബിജു ഈ കേസ് ഒത്തുതീർപ്പാക്കാൻ ഷാജിറിന് മേൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാവശ്യ ഇടപെടലിനെതിരെ ഷാജിർ വഴങ്ങാൻ തയ്യാറാകാതിരിക്കുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് പ്രതികാരബുദ്ധിയോടെ പോലീസ് ഉദ്യോഗസ്ഥർ ഷാജിറിനും കുടുംബത്തിനുമെതിരെ തിരിഞ്ഞത്.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന വ്യാജമായ കുറ്റം ചുമത്തി ഷാജിറിനെതിരെ ഇവർ കള്ളക്കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കാർ ബലമായി പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചെടുത്തു കൊണ്ടുപോയി. ഈ അതിക്രമം തടയാൻ ശ്രമിച്ച ഷാജിറിന്റെ സഹോദരൻ കെ. മുജീബ് റഹ്മാനെ പോലീസുകാർ ക്രൂരമായി മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിന്റെ ഈ അഴിഞ്ഞാട്ടം നേരിൽക്കണ്ട ഇവരുടെ മാതാവ് കെ.പി. ജമീല ഭയന്നുവിറച്ച് ബോധരഹിതയായി വീഴുകയും അവരെ പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടി വന്നു. ഇതിനുപുറമെ, കാർ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ഉദ്യോഗസ്ഥർ മനഃപൂർവ്വം അതിന്റെ എൻജിനിലേക്ക് മണ്ണും മണ്ണെണ്ണയും ഒഴിച്ച് വാഹനം പൂർണ്ണമായി നശിപ്പിച്ചതായും കാറിന്റെ യഥാർത്ഥ രജിസ്ട്രേഷൻ രേഖകൾ ഒളിപ്പിച്ചതായും ഷാജിർ നൽകിയ പരാതിയിൽ പറയുന്നു.

നേരത്തെ ഈ കേസ് പരിഗണിച്ച സെഷൻസ് കോടതി, തങ്ങളുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാദങ്ങൾ പൂർണ്ണമായി തള്ളിയിരുന്നു. സാധാരണ പൗരന്മാർക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നതും അവരെ മർദ്ദിക്കുന്നതും പൊതുജന സേവനത്തിന്റെയോ ഔദ്യോഗിക ഡ്യൂട്ടിയുടെയോ പരിധിയിൽ ഒരിക്കലും വരികയില്ലെന്ന് കോടതി ശക്തമായി നിരീക്ഷിച്ചു. ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ ശ്യാം പത്മനാണ് ഷാജിറിന്റെ കുടുംബത്തിന് വേണ്ടി ഹാജരായി കീഴ്ക്കോടതി ഉത്തരവ് വിജയകരമായി നിലനിർത്തിയത്. ഈ വിധി പോലീസ് ക്രൂരതയ്ക്കും അധികാര ദുർവിനിയോഗത്തിനുമെതിരെയുള്ള നീതിയുടെ വലിയ വിജയമാണെന്ന് ഷാജിർ അറഫാത് പ്രതികരിച്ചു. 16 വർഷമായി തന്റെ കുടുംബം അനുഭവിച്ച വേട്ടയാടലിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. പോലീസ് യൂണിഫോം ധരിച്ചു എന്നതുകൊണ്ട് നിരപരാധികളായ പൗരന്മാരെ വേട്ടയാടാനോ കള്ളക്കേസിലൂടെ അവരുടെ ജീവിതം തകർക്കാനോ ഉള്ള ലൈസൻസ് ആർക്കും ലഭിക്കുന്നില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

HC directs cops to pay 5L Rupee damages to entrepreneur in 16-year-old case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കർണ്ണാടകത്തിൽ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാറിനെ പിന്തുണയ്ക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം

പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ്; 'ഹരിവരാസനം' ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍

സിദ്ധരാമയ്യയെ കെട്ടിപ്പുണര്‍ന്ന് ഡി കെ ശിവകുമാര്‍, കാല്‍തൊട്ടു വണങ്ങി അനുഗ്രഹം തേടി, പ്രഭാത വിരുന്നിലെ ഊഷ്മളരംഗങ്ങള്‍ ( വീഡിയോ)

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രൈവറാകാം; പത്താം ക്ലാസ് യോഗ്യത, പ്രവൃത്തി പരിചയം, അവസാന തീയതി ജൂൺ 9

SCROLL FOR NEXT