Local residents staging protest in front of Payyoli police station on Sunday 
Kozhikode

കോടതി മുൻകൂർ ജാമ്യം റദ്ദാക്കി: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു

നെഞ്ചുവേദന അഭിനയിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ തിരോധാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: മണിയൂർ പോക്സോ കേസിൽ കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ മുഖ്യപ്രതി സ്വകാര്യ ആശുപത്രിയിൽനിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. വടകര റോഡ് ചങ്ങരോത്ത് സ്വദേശിയായ വ്യാപാരി അബ്ദുൾ റഫീഖ് ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ മുങ്ങിയത്. കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസങ്ങൾക്ക് ശേഷം നിയമവഴിയിൽ നീതി ഉറപ്പാക്കാനുള്ള നിർണായക ഘട്ടത്തിൽ പ്രതി വീണ്ടും രക്ഷപ്പെട്ടതോടെ പ്രദേശത്ത് വൻ ജനരോഷം ഉയർന്നു.

പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിൽ പൊലീസിന് സംഭവിച്ച ഗുരുതരമായ വീഴ്ചയിൽ പ്രതിഷേധിച്ച് അരിവിയുടെ കുടുംബവും പ്രദേശവാസികളും മണിയൂർ മങ്കര പൗരസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകുന്നേരം പയ്യോളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

രണ്ട് വർഷത്തോളം പീഡനം; വിദേശത്തേക്ക് കടന്ന പ്രതി മുൻകൂർ ജാമ്യത്തിലെത്തി

പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് 13 വയസ്സുകാരിയെ രണ്ട് വർഷത്തോളം നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ ജനുവരിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ റഫീഖ് വിദേശത്തേക്ക് കടന്നുകളഞ്ഞത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കിയിരുന്നു.

തുടർന്ന് മുൻകൂർ ജാമ്യം നേടിയ പ്രതി അടുത്തിടെ നാട്ടിൽ തിരിച്ചെത്തി. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നടത്തിയ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ശനിയാഴ്ച കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളുടെ മുൻകൂർ ജാമ്യം റദ്ദാക്കി.

വിധിക്ക് തൊട്ടുമുമ്പ് നെഞ്ചുവേദന; ആശുപത്രിയിൽനിന്ന് നാടകീയമായി മുങ്ങി

കോടതിയിൽ വാദം പൂർത്തിയായി വിധി പ്രസ്താവിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റഫീഖ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടാൻ അനുമതി നൽകിയതോടെ, കോടതി ഉത്തരവ് ഔദ്യോഗികമായി പുറത്തുവന്ന ശേഷം കസ്റ്റഡിയിലെടുക്കാൻ പൊലീസിന്റെ നിരീക്ഷണത്തിൽ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജാമ്യം റദ്ദാക്കിയ ഉത്തരവിന്റെ പകർപ്പുമായി പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം ആശുപത്രിയിലെത്തിയപ്പോഴാണ് റഫീഖ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടതായി വ്യക്തമായത്. ജാമ്യം റദ്ദായെന്നും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ഉറപ്പായതോടെ ഇയാൾ ആസൂത്രിതമായി കടന്നുകളയുകയായിരുന്നു. ആശുപത്രിയിലെ പൊലീസ് നിരീക്ഷണത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടർന്ന് വടകര ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക പൊലീസ് സംഘങ്ങൾ പ്രതിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

Widespread public outrage erupted in Maniyur, Kozhikode, after the prime accused in a high-profile POCSO case escaped from police surveillance at a private hospital shortly after the Koyilandy Special Fast Track Court cancelled his pre-arrest bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ല്‍ താഴെ തന്നെ

'ജഡ്ജിയല്ലേ, അതാണ് പ്രശ്‌നം; അച്ഛനു നീതി കിട്ടും വരെ പോരാടും'

തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; 'അര്‍ണബ്' മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ കര തൊടും, ആന്ധ്രയില്‍ ജാഗ്രതാനിര്‍ദേശം

മൺപാതയിൽ തുടങ്ങി വിജയത്തിന്റെ സിന്തറ്റിക് ട്രാക്കിലേക്ക്: പറളിയുടെ കായികശിൽപി പിജി മനോജ് മാഷിന് ഇനി വിശ്രമജീവിതം