NH Work Calicut 
Kozhikode

മൺതിട്ടയ്ക്ക് പകരം തൂണുകളിൽ ഫ്ലൈഓവർ; വടകരയിൽ ഒടുവിൽ ജനകീയ ആവശ്യത്തിന് മുന്നിൽ വഴങ്ങി ദേശീയപാത അതോറിറ്റി

പുതിയ മാറ്റത്തിലൂടെ വടകര ടൗൺ രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാകും. നിർമ്മാണച്ചുമതല ഗൾഫാർ കമ്പനി ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

വടകര: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വടകര ടൗണിൽ ആദ്യം വിഭാവനം ചെയ്തിരുന്ന അശാസ്ത്രീയമായ രൂപരേഖയ്ക്കെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രൂപരേഖയിൽ നിർണ്ണായക മാറ്റങ്ങൾക്ക് അംഗീകാരം നൽകി. വടകര ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വശങ്ങളിൽ 10 മീറ്റർ ഉയരത്തിൽ മണ്ണുനിറച്ച വലിയ തിട്ടകൾ നിർമ്മിക്കാനുള്ള ആദ്യ തീരുമാനമാണ് അതോറിറ്റി ഇപ്പോൾ പൂർണ്ണമായി റദ്ദാക്കിയത്. പകരം കോൺക്രീറ്റ് തൂണുകളിൽ താങ്ങിനിൽക്കുന്ന തുടർച്ചയായ ഫ്ലൈഓവറുകൾ നിർമ്മിക്കാൻ അധികൃതർ പച്ചക്കൊടി കാട്ടി. ആദ്യ പദ്ധതിപ്രകാരം വടകര ജംഗ്ഷനിൽ മാത്രം ഫ്ലൈഓവറും ബാക്കി ഭാഗങ്ങളിൽ മൺഭിത്തികളുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് ടൗണിനെ കൃത്യമായി രണ്ടായി വിഭജിക്കുമെന്നും വലിയ ഗതാഗതക്കുരുക്കിനും സുരക്ഷാപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാണിച്ച് നാട്ടുകാരും ആക്ഷൻ കമ്മിറ്റികളും വലിയ പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു.

ദേശീയപാതയിൽ തന്നെ മലപ്പുറം കൂരിയാട്ടിൽ മുൻപ് സമാനമായ രീതിയിൽ നിർമ്മിച്ച മൺതിട്ട ഇടിഞ്ഞുവീണത് വടകരയിലെ ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കിയിരുന്നു. റോഡ് തകർച്ചകൾ വ്യാപകമായതോടെ വടകരയിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് പഠിക്കാൻ അതോറിറ്റി പ്രത്യേക പരിശോധന നടത്തി. ഈ ശാസ്ത്രീയ പഠനത്തിലാണ് വടകരയിലെ പ്രാദേശിക മണ്ണ് വലിയ തോതിലുള്ള മൺനിറയ്ക്കലി താങ്ങാൻ ശേഷിയില്ലാത്ത വിധം അതീവ ദുർബലമാണെന്ന് കണ്ടെത്തിയത്. വലിയ ഘടനകളുടെ സുരക്ഷിതത്വത്തിനായി ഇവിടെ ആഴത്തിലുള്ള പൈലിംഗ് (Deep piling) അത്യാവശ്യമാണെന്നും പഠനത്തിൽ തെളിഞ്ഞു. ഇതോടെയാണ് മൺഭിത്തികൾ ഒഴിവാക്കി തൂണുകളിന്മേലുള്ള ഫ്ലൈഓവർ എന്ന ജനങ്ങളുടെ ആവശ്യത്തിന് അതോറിറ്റി ഒടുവിൽ അനുമതി നൽകിയത്. പുതിയ മാറ്റം അനുസരിച്ച് കൈനാട്ടി ഫ്ലൈഓവർ, ചോറോട് അണ്ടർപാസ്, പെരുവാട്ടന്താഴ ഫ്ലൈഓവർ എന്നിവയുടെ നീളം കൂട്ടുകയും റോഡിന്റെ കുത്തനെയുള്ള കയറ്റിറക്കങ്ങൾ കുറയ്ക്കുകയും ചെയ്യും.

അടയ്ക്കാത്തെരു ലിങ്ക് റോഡിന് സമീപം ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ്, നാരായണ നഗർ ജംഗ്ഷൻ വഴി കരിമ്പനപ്പാലം വരെ നീളുന്ന രീതിയിലാണ് പുതിയ തൂൺ ഫ്ലൈഓവർ വിഭാവനം ചെയ്തിരിക്കുന്നത്. അതോറിറ്റിയുടെ ഈ തീരുമാനത്തെ വടകര എംഎൽഎ കെകെ രമ പൂർണ്ണമായി സ്വാഗതം ചെയ്തു. മണ്ണുനിറച്ച് പാത നിർമ്മിച്ചിരുന്നെങ്കിൽ വടകര നഗരം പൂർണ്ണമായി രണ്ടായി വിഭജിക്കപ്പെടുമായിരുന്നുവെന്നും ഫ്ലൈഓവർ വരുന്നത് വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു. ഫ്ലൈഓവറുകൾക്ക് താഴെയുള്ള വിശാലമായ സ്ഥലം ടൗണിലെ വലിയൊരു പ്രശ്നമായ വാഹന പാർക്കിംഗിനായി ഉപയോഗിക്കാൻ സാധിക്കും. രൂപരേഖയിലെ മാറ്റങ്ങൾ കാരണം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകാൻ നേരിയ താമസമുണ്ടാകുമെങ്കിലും ജനങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടതിൽ വലിയ ആശ്വാസമുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

നിലവിൽ പദ്ധതിയുടെ നിർമ്മാണച്ചുമതല മുൻ കരാറുകാരിൽ നിന്നും പ്രമുഖ നിർമ്മാണ കമ്പനിയായ ഗൾഫാർ (Gulfar) ഏറ്റെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പൈലിംഗിന്റെ ആഴം നിശ്ചയിക്കുന്നതിനായി കമ്പനിയുടെ നേതൃത്വത്തിൽ പുതിയ രീതിയിലുള്ള മണ്ണ് പരിശോധനകൾ അതിവേഗം ആരംഭിച്ചു കഴിഞ്ഞു. പുതിയ രൂപരേഖയും ഫ്ലൈഓവറിന്റെ കൃത്യമായ അളവുകളും അന്തിമമാക്കുന്ന ഘട്ടത്തിലായതിനാൽ പദ്ധതിയുടെ ആകെ ചിലവിലും കരാർ രേഖകളിലും വലിയ പുതുക്കലുകൾ വേണ്ടിവരും. എന്നാൽ ഈ സാങ്കേതിക നടപടിക്രമങ്ങൾ കാരണം അഴിയൂർ-വെങ്ങളം പരിധിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും നീണ്ടുപോകുമോ എന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. വടകരയിലെ ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായി മണ്ണ് പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയർ വൈശാഖ് അറിയിച്ചു

Following sustained local protests and scientific findings that the local terrain is structurally weak, the National Highways Authority of India (NHAI) has officially scrapped the proposed 10-metre-high soil embankments through Vadakara town on NH 66

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍

വൈഭവോ അഭിഷേകോ ?; ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ ഇന്ന് ഹൈദരാബാദിനെതിരെ

പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

ഇന്ത്യയിലെ പ്രധാനപ്പെട്ട 8 നമ്പർ പ്ലേറ്റ്

വേട്ടയാടലിന് പിന്നിൽ യുഡിഎഫിന് പങ്കുണ്ടോയെന്ന് സംശയം; റെയ്‌ഡ് മോദി-സതീശൻ കൂടിക്കാഴ്ചക്കു പുറകെയെന്ന് സിപിഎം

SCROLL FOR NEXT