മലപ്പുറം: മൂന്ന് പതിറ്റാണ്ടോളം വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന ശോശമ്മ വെള്ളിയാഴ്ച ഔദ്യോഗിക ജീവിതത്തോട് വിടപറയുകയാണ്. അതോടെ കേരളത്തിലെ അവസാനത്തെ 'ആല സൂക്ഷിപ്പുകാരി'യും (പൗണ്ട് കീപ്പർ ) സർവീസിൽ നിന്ന് വിരമിക്കുന്നു. ഒരുകാലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യ സംവിധാനമായിരുന്ന ഈ തസ്തികയുടെ അവസാന അധ്യായത്തിനാണ് ശോശമ്മയുടെ വിരമിക്കലോടെ തിരശ്ശീല വീഴുന്നത്.
1996ൽ സർവീസിൽ പ്രവേശിച്ച ശോശമ്മയുടെ ചുമതല പഞ്ചായത്തിന്റെ പിടിയിലാകുന്ന തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുകയായിരുന്നു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന കന്നുകാലികളെ പഞ്ചായത്ത് പിടികൂടി ആലയിൽ പാർപ്പിക്കും. പിഴയടച്ച് ഉടമകൾ അവയെ തിരിച്ചുകൊണ്ടുപോകും. ആരും അവകാശപ്പെടാത്തവയെ പിന്നീട് ലേലം ചെയ്യും. പിന്നീട് സർക്കാർ ഈ തസ്തിക നിർത്തലാക്കുകയും പുതിയ നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തതോടെ കേരളത്തിൽ ഈ പദവിയിൽ തുടർന്നിരുന്ന ഏക ജീവനക്കാരിയായി ശോശമ്മ മാറി.
തൃശൂർ കുട്ടനെല്ലൂരിലെ അഞ്ചേരി സ്വദേശിനിയായ ശോശമ്മ 1996ലാണ് അഭിമുഖ പരീക്ഷയിലൂടെ ഈ ജോലിയിൽ പ്രവേശിക്കുന്നത്. ആദ്യ നിയമനം ലഭിച്ചതും വട്ടംകുളത്തായിരുന്നു. അതിനുശേഷം വിരമിക്കുന്നതുവരെ അതേ പഞ്ചായത്തിലായിരുന്നു സേവനം.
"ജോലിയിൽ പ്രവേശിക്കാൻ അഭിമുഖ പരീക്ഷയുണ്ടായിരുന്നു. അന്നൊക്കെ ക്ഷീരകർഷകർ കന്നുകാലികളെ ഇന്നത്തെ പോലെ ശ്രദ്ധിക്കാറില്ലായിരുന്നു. അവ തെരുവുകളിൽ അലഞ്ഞുനടക്കുമ്പോൾ പഞ്ചായത്ത് പിടികൂടി അലയിൽ കൊണ്ടുവരും. മിക്ക ഉടമകളും മണിക്കൂറുകൾക്കുള്ളിൽ തന്നെ എത്തി പിഴയടച്ച് കന്നുകാലികളെ കൊണ്ടുപോകും. ദിവസങ്ങളോളം അവയെ നോക്കേണ്ടി വന്നത് വളരെ അപൂർവമായിരുന്നു," ശോശമ്മ ഓർക്കുന്നു.
"പിന്നീട് കർഷകർ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി. തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതോടെ എന്റെ ജോലിയും ക്രമേണ ഓഫീസ് ജോലികളിലേക്ക് മാറി. വട്ടംകുളം വെറ്ററിനറി ആശുപത്രിക്ക് സമീപമുണ്ടായിരുന്ന പഴയ ആല ആറുവർഷം മുൻപ് പൊളിച്ചുനീക്കി. ഇപ്പോൾ അവിടെ കുടുംബശ്രീ സെയിൽസ് സെന്ററും അങ്കണവാടിയുമാണ് പ്രവർത്തിക്കുന്നത്," അവർ പറഞ്ഞു.
ശോശമ്മയ്ക്കുമുമ്പ് ഈ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവർ എല്ലാവരും നേരത്തേ വിരമിച്ചിരുന്നു. സർക്കാർ തസ്തിക നിർത്തലാക്കിയെങ്കിലും പഞ്ചായത്ത് ഓഫീസിലെ മറ്റ് ജോലികൾ ഏറ്റെടുത്ത് അവർ സേവനം തുടർന്നു. വെള്ളിയാഴ്ചയോടെ ആ ഔദ്യോഗിക ജീവിതത്തിനും വിരാമമാകും
മുപ്പത് വർഷത്തിനിടെ ഒരു ജീവനക്കാരി എന്നതിലുപരി പഞ്ചായത്തിന്റെ സ്വന്തം ആളായി മാറിയതാണ് ശോശമ്മ. പഞ്ചായത്ത് ജീവനക്കാരുമായും വിവിധ കാലഘട്ടങ്ങളിലെ ഭരണസമിതി അംഗങ്ങളുമായും നാട്ടുകാരുമായും അവർ ആത്മബന്ധം വളർത്തി. ശോശമ്മയ്ക്ക് യാത്രയയപ്പ് നൽകാൻ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ഒരുക്കങ്ങൾ പൂർത്തിയാക്കി.
"ഈ മുപ്പത് വർഷത്തിനിടെ പഞ്ചായത്തിലെ എല്ലാ ജീവനക്കാരുമായും എനിക്ക് അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. പല കാലഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളുമായും നല്ല ആത്മബന്ധമുണ്ടായി. നാട്ടുകാരുമായും അതേ സ്നേഹബന്ധമാണ്. ഔദ്യോഗികമായി വിരമിച്ചാലും ആ ബന്ധങ്ങൾ അവസാനിക്കില്ല," ശോശമ്മ പുഞ്ചിരിയോടെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates