അഗളി: അട്ടപ്പാടിയുടെ മലനിരകളിൽ നിന്ന് ഒൻപതാം ക്ലാസിന്റെ പടിയിറങ്ങിപ്പോയ ഒരു ബാലൻ, വെള്ളിത്തിരയിൽ നായകനായി തിളങ്ങുന്നതിനൊപ്പം വീണ്ടും അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുകയാണ്. അഗളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കരുണൻ എന്ന ഗോത്രവിദ്യാർഥിയുടെ ജീവിതമാണ് സിനിമയെപ്പോലും വെല്ലുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ വാർത്തകളിൽ നിറയുന്നത്. സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ വിദ്യാർഥികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മന്ത്രി എൻ. ഷംസുദ്ദീൻ കരുണന്റെ ഈ വേറിട്ട അതിജീവനകഥ ഹൃദയപൂർവ്വം പങ്കുവെച്ചത്.
സിനിമയിൽ അഭിനയിക്കാൻ വേണ്ടിയായിരുന്നില്ല കരുണൻ ഒൻപതാം ക്ലാസിൽ വെച്ച് പഠനം അവസാനിപ്പിച്ചത്. ജീവിതസാഹചര്യങ്ങൾ കൊണ്ടും ആദിവാസി മേഖലയിലെ നിശ്ശബ്ദമായ കാരണങ്ങൾ കൊണ്ടും അവൻ സ്കൂൾ ഉപേക്ഷിച്ചു, അത്രമാത്രം. എന്നാൽ കൊഴിഞ്ഞുപോയ കുട്ടികളുടെ കണക്കെടുത്ത് അധികൃതർ ഊരുകളിലേക്ക് ഇറങ്ങിയപ്പോൾ മന്ത്രി നേരിട്ട് കരുണന്റെ വീട്ടിലുമെത്തി.
പുതിയ പഠനോപകരണങ്ങളും പുസ്തകസഞ്ചിയും കയ്യിൽ നൽകി, "വീണ്ടും പഠിച്ച് വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം?" എന്ന് മന്ത്രി ചോദിച്ചപ്പോൾ കരുണൻ ഒട്ടും മടിച്ചില്ല; ഒരൊറ്റ ഉത്തരമേ അവനുണ്ടായിരുന്നുള്ളൂ—"ഒരു അധ്യാപകനാകണം!" ഉള്ളിലൊതുക്കിയ ആ വലിയ മോഹം തിരിച്ചറിഞ്ഞ സർക്കാർ സംവിധാനങ്ങൾ അവനെ തിരികെ അഗളി സ്കൂളിന്റെ ക്ലാസ് മുറിയിലേക്ക് കൈപിടിച്ച് ആനയിച്ചു.
സ്കൂളിലേക്ക് തിരിച്ചെത്തുന്ന അതേസമയത്തു തന്നെയാണ് കരുണൻ ഒരു പ്രധാന സിനിമയിലെ നായകനായി ചലച്ചിത്ര വേദികളിൽ ഇടംപിടിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് വിദ്യാർത്ഥിയായ ഷിജിൻ ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗ്ലോബ്’ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ ‘കരിയനെ’ അവതരിപ്പിച്ചത് കരുണനാണ്.
പ്രശസ്ത എഴുത്തുകാരൻ എൻ. പ്രഭാകരന്റെ ‘ഗ്ലോബ്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, അട്ടപ്പാടിയുടെ പച്ചപ്പും കാടും ഭവാനിപ്പുഴയും ഇഴചേർത്തുവെച്ച് അവിടുത്തെ ഗോത്രജീവിതത്തിന്റെ നിസ്സഹായാവസ്ഥയെ അടയാളപ്പെടുത്തുന്നു. കേരള ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (ഐഡിഎസ്എഫ്എഫ്കെ) ഔദ്യോഗിക മത്സരവിഭാഗത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. കാരറ ഗവ. യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് ഈ സിനിമയിലെ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
കരുണനിലെ അഭിനയശേഷിയെ രണ്ടു വർഷം മുൻപ് തിരിച്ചറിഞ്ഞ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് കാരറ സ്കൂളിലെ ഇപ്പോഴത്തെ പ്രധാനാധ്യാപികയായ സിന്ധു സാജനാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ മലയാള ഭാഷയും ഊരുകളിലെ തനത് ഗോത്രഭാഷകളും തമ്മിലുള്ള പൊരുത്തക്കേടുകൾ വിഷയമാക്കിയുള്ള ഒരു ഹ്രസ്വചിത്രത്തിലൂടെയായിരുന്നു ആ അരങ്ങേറ്റം.
ഇന്ന് കരുണൻ സ്കൂളിലേക്ക് തിരികെ പടികയറുന്നതും വെള്ളിത്തിരയിൽ നായകനായി വലിയ വേദികളിലേക്ക് വളരുന്നതും ഒരുപോലെ കൺകുളിർക്കെ കാണുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രിയപ്പെട്ട സിന്ധു ടീച്ചറും. ക്ലാസ് മുറിയിൽ മാതൃകയാകാനും ഒപ്പം സിനിമയിൽ സ്വപ്നം കാണാനും കരുണന് വഴികാട്ടിയാകുകയാണ് ഈ നന്മയുടെ തിരിച്ചുവരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates