പാലക്കാട്: ഷൊർണൂർ–ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ട്രാക്കിൽ വലിയ കോൺക്രീറ്റ് സ്ലാബുകളും ഇരുമ്പ് പാളങ്ങളും വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. മൂന്നിടങ്ങളിലായി ട്രാക്കുകളിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ശുക്ലാൽ മറിയയാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ 10:30-നും 11:30-നും ഇടയിലാണ് സംഭവം. ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിലുള്ള മാന്നനൂർ, കാരക്കാട് എ-കാബിൻ പരിസരം ഉൾപ്പെടെയുള്ള മൂന്ന് പ്രധാന പോയിന്റുകളിലാണ് ട്രെയിൻ പാളം തെറ്റിക്കാൻ തക്കവിധത്തിൽ ഭാരമുള്ള വസ്തുക്കൾ ട്രാക്കിന് കുറുകെ വെച്ച നിലയിൽ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബ്, മുറിച്ചുവെച്ച നിലയിലുള്ള റെയിൽവേ ട്രാക്കിന്റെ ഇരുമ്പ് കഷ്ണം, ചാക്കിൽ കെട്ടിയ സിമന്റ് കട്ടകൾ എന്നിവയാണ് വിവിധയിടങ്ങളിലായി ട്രാക്കിൽ സ്ഥാപിച്ചിരുന്നത്.
ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരുടെ ജാഗ്രത കാരണമാണ് വസ്തുക്കൾ സമയോചിതമായി കണ്ടെത്താനായത്. ഇതിലൂടെ വൻ ട്രെയിൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രാക്കുകളിൽ നിന്ന് വസ്തുക്കൾ മാറ്റി ട്രെയിൻ ഗതാഗതം സുരക്ഷിതമാക്കി. തുടർന്ന് നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ശുക്ലാൽ മറിയയെ ആർപിഎഫ് സംഘം പിടികൂടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates