പാലക്കാട്: പത്തുദിവസം മുൻപ് സ്കൂളിലേക്ക് പോകുന്നതിനിടെ കാണാതായ അധ്യാപിക കെ. അനുമോളെയും വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്തുവർഷം മുൻപ് ഗുരുതരമായ കരൾ രോഗം ബാധിച്ച അനുമോൾക്ക് സ്വന്തം കരൾ പകുത്തുനൽകി ഭർത്താവ് സുഭാഷ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചരിത്രമുള്ള കുടുംബത്തിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ അരങ്ങേറിയത്.
ഈ മാസം അഞ്ചിനാണ് കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് അനുമോൾ സ്കൂളിലേക്ക് പോയത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫാവുകയും അധ്യാപികയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്തു. കുടുംബം പൊലീസിൽ പരാതിപ്പെടുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
തിരോധാനത്തിന് പിന്നാലെ ഫോണുകൾ ഉപേക്ഷിച്ചും വ്യത്യസ്ത സിം കാർഡുകൾ മാറ്റി ഉപയോഗിച്ചും ആശയവിനിമയങ്ങൾ അതീവ രഹസ്യമാക്കിയുമാണ് ഇരുവരും നീങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒടുവിൽ സമദിന്റെ ചില ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണത്തിലാണ് ഇരുവരും പാലക്കാട് പുതുശേരിയിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും കണ്ടെത്തുകയായിരുന്നു.
സമദിനെതിരെ മുൻപും പരാതികളുണ്ടായിരുന്നതായി വിവരങ്ങളുണ്ട്. കൂടാതെ കുടുംബത്തിലെ പണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമാകാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പത്തുവർഷം മുൻപ് രോഗബാധിതയായി ജീവിതത്തിലേക്ക് തിരികെവരാൻ നേരിയ പ്രതീക്ഷ പോലുമില്ലാതിരുന്ന വേളയിലാണ് ഭർത്താവ് സുഭാഷ് സ്വന്തം കരളിന്റെ പകുതി നൽകി അനുമോളെ രക്ഷിച്ചത്. അന്ന് സാമ്പത്തികമായി പ്രയാസമനുഭവിച്ച ഈ കുടുംബത്തിന്റെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരും സുമനസ്സുകളും ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. തുടർന്ന് രോഗത്തെ അതിജീവിച്ച അനുമോൾ പി.എസ്.സി പരീക്ഷ ജയിച്ച് സർക്കാർ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. രണ്ട് മക്കളുമുണ്ട്.
അപ്രതീക്ഷിത സംഭവങ്ങൾ കുടുംബത്തെ വലിയ പരീക്ഷണത്തിലാക്കിയെങ്കിലും, ഭാര്യയെ സ്വീകരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് ഭർത്താവ് സുഭാഷ് ഇപ്പോഴുമുള്ളത്. വ്യക്തിജീവിതത്തിലെ സങ്കീർണ്ണതകളും കാരണങ്ങളും സംബന്ധിച്ച് വിവരങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും, നാടിനെ കണ്ണീരണിയിച്ച മുൻകാല അതിജീവനത്തിന്റെ ഓർമ്മകൾ ഈ സംഭവത്തെ വീണ്ടും വലിയ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates