പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാലു വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി സുരേഷ് എന്ന റഹീം (32) പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ടൗൺ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.
കേസിലെ മുഖ്യപ്രതിയായ സുരേഷ് എന്ന റഹീം ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളായി പിടികിട്ടാപ്പുള്ളിയായി തുടരുന്നതിനിടെയാണ് ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി അബ്ദുൾ റഷീദ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈഎസ്പി ശശിധരന്റെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക അന്വേഷണം നടത്തിയത്. 2026 ഓഗസ്റ്റ് 4-ന് രാത്രി തഞ്ചാവൂരിന് സമീപമുള്ള കൊരടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലക്കാട്ടെത്തിച്ച പ്രതിയെ തുടർ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates