Last Arecanut Processing Unit Chalakudy 
Thrissur

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

ചാലക്കുടിയിൽ നിന്ന് കളിമണ്ണും തടിയും തുകലും മാഞ്ഞു, ഇനി ശേഷിക്കുന്നത് ഒരേയൊരു കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചാലക്കുടി: കാലത്തിന്റെ കുതിച്ചുചാട്ടത്തിൽ പല നാട്ടുചരിത്രങ്ങളും അടയാളപ്പെടുത്തലുകളുമില്ലാതെ വിസ്മൃതിയിലാകുമ്പോൾ, ചാലക്കുടിയുടെ സമ്പദ്‌വ്യവസ്ഥയെയും വ്യാവസായിക വളർച്ചയെയും പതിറ്റാണ്ടുകളോളം നയിച്ച ഒരു സുവർണ്ണ കാലഘട്ടമാണ് നിശ്ശബ്ദമായി അസ്തമിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ വരവോടെയായിരുന്നു ചാലക്കുടിയിൽ കളിമണ്ണ് വ്യവസായം, തടിമില്ലുകൾ, തുകൽ സംസ്കരണം, 'അടയ്ക്കാ പന്തലുകൾ' എന്നറിയപ്പെടുന്ന പാക്ക് സംസ്കരണശാലകൾ എന്നിവ ഉയർന്നുവന്നത്.

ചാലക്കുടിക്ക് വലിയൊരു സാമ്പത്തിക ഉണർവ് സമ്മാനിച്ച ഈ വ്യവസായങ്ങളിൽ ഭൂരിഭാഗവും ഇന്ന് പൂർണ്ണമായും നാമാവശേഷമായിക്കഴിഞ്ഞു. ആ കൂട്ടത്തിൽ കാർഷികപ്പെരുമയുടെ അവസാന അടയാളമായി ഇന്നും നിലനിൽക്കുന്ന അടയ്ക്കാ പന്തലുകളും അധികം വൈകാതെ കാലത്തിന്റെ ഓർമ്മപ്പുസ്തകത്തിലേക്ക് മറയാനൊരുങ്ങുകയാണ്.

Arecanut Processing Unit Chalakudy

15-ൽ അവശേഷിക്കുന്നത് ഒരേയൊരെണ്ണം മാത്രം

കവുങ്ങുകളിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്കകൾ വാങ്ങി പരമ്പരാഗത രീതിയിൽ സംസ്കരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന കേന്ദ്രങ്ങളാണ് അടയ്ക്കാ പന്തലുകൾ. ഒരുകാലത്ത് നൂറുകണക്കിന് തൊഴിലാളികൾക്ക് സ്ഥിരവരുമാനം നൽകിയിരുന്ന ഈ മേഖലയിൽ ചാലക്കുടിയിൽ മാത്രം 15-ലധികം കേന്ദ്രങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്ന് ഇവയെല്ലാം പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ, നായരങ്ങാടി സ്വദേശി കരിപാത്ര ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒരൊറ്റ അടയ്ക്കാ പന്തൽ മാത്രമാണ് ചാലക്കുടിയിൽ ബാക്കിയായിട്ടുള്ളത്.പത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് നിലവിൽ ഇവിടെ പണിയെടുക്കുന്നത്. ജൂലൈ മുതൽ നവംബർ വരെയുള്ള അഞ്ചു മാസക്കാലത്താണ് പന്തലിന്റെ പ്രധാന പ്രവർത്തന സീസൺ. മുൻപ് പ്രതിദിനം ഏഴ് ടൺ വരെ അടയ്ക്ക സംസ്കരിച്ചിരുന്ന ഈ കേന്ദ്രത്തിൽ, ഇന്ന് ഉൽപ്പാദനം ഒന്നര ടണ്ണിലേക്ക് ചുരുങ്ങിയിട്ടുണ്ട്.

ചെമ്പിലെ പുഴുങ്ങലും ഉണക്കലും: സങ്കീർണ്ണമായ സംസ്കരണ രീതി

സമീപ പ്രദേശങ്ങളിലെ കർഷകരിൽ നിന്നും നാടൻ കച്ചവടക്കാരിൽ നിന്നുമാണ് അടയ്ക്കകൾ ശേഖരിക്കുന്നത്. പന്തലിൽ എത്തിക്കുന്ന അടയ്ക്കകൾ തരംതിരിച്ച് തൊലി പൊളിച്ചെടുക്കുന്നതാണ് ആദ്യ പടി. മൂപ്പ് കുറഞ്ഞ പച്ചടയ്ക്കകൾ മുറിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റുന്നു.നല്ല മൂപ്പുള്ളവ പൊളിക്കാതെ മുഴുവനായി സൂക്ഷിക്കുന്നു.ഇവ പിന്നീട് ഭീമൻ ചെമ്പുകളിൽ മണിക്കൂറുകളോളം തിളപ്പിച്ച് പുഴുങ്ങി ഊറ്റിയെടുക്കും. തുടർന്ന് അഞ്ച് മണിക്കൂറോളം ഡ്രയറിലിട്ട് ഈർപ്പം മാറ്റിയ ശേഷം ദിവസങ്ങളോളം വെയിലത്തിട്ട് ഉണക്കിയെടുക്കുന്നു.

Arecanut Processing Unit Chalakudy

കർണാടകയിലേക്ക് കയറ്റുമതി; എങ്കിലും പുതിയ സംരംഭകരില്ല

ശാസ്ത്രീയമായി ഉണക്കി സംസ്കരിച്ചെടുക്കുന്ന ഈ അടയ്ക്കകൾ കർണാടകയിലേക്കാണ് പ്രധാനമായും കയറ്റി അയക്കുന്നത്. ബാംഗ്ലൂർ, അറയ്ക്കൽക്കോട്, തുംകൂർ തുടങ്ങിയ പ്രധാന വിപണികളിലാണ് കേരളത്തിലെ സംസ്കരിച്ച അടയ്ക്കയ്ക്ക് ആവശ്യക്കാർ ഏറെയുള്ളത്. ഇവ അവിടെയെത്തി വിവിധതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി പിന്നീട് വിപണിയിൽ തിരിച്ചെത്തുന്നു.

ഇന്നും സാമ്പത്തികമായി മികച്ച വരുമാനവും ലാഭവും നൽകാൻ കഴിയുന്ന വ്യവസായ മേഖലയായിട്ടും, പുതിയ തലമുറയിലെ സംരംഭകരോ യുവാക്കളോ ഈ രംഗത്തേക്ക് കടന്നുവരാൻ തയ്യാറാകുന്നില്ല. നായരങ്ങാടിയിലെ ഈ ഏക സംസ്കരണശാല കൂടി പ്രവർത്തനം നിർത്തിയാൽ, ചാലക്കുടിയുടെ വ്യവസായ ഭൂപടത്തിൽ ട്രാംവേ സമ്മാനിച്ച കാർഷിക സംസ്കരണ ചരിത്രത്തിന്റെ അവസാനത്തെ ഏടും എന്നെന്നേക്കുമായി അടയും.

Once a flourishing nerve center of agro-industrial activity fostered by the arrival of the historic Cochin State Forest Tramway, Chalakudy is witnessing the quiet eclipse of its traditional manufacturing heritage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ