Maramkode Tribal Farmers Cultivation 
Thrissur

സ്വപ്നഭൂമിയിൽ പൊന്നുവിളയിക്കാൻ അരൈകാപ്പിലെ കർഷകർ; മാരാംകോട് പച്ചപ്പുണർത്തി കൃഷിത്തോട്ടങ്ങൾ

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ അതിജീവനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചാലക്കുടി: പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും നിരന്തരം പോരാടി കൃഷിയിറക്കിയ അരൈകാപ്പ് ആദിവാസി ഉന്നതിയിലെ ജനങ്ങൾ മാരാംകോട്ടെ പുതിയ മണ്ണിൽ ജീവിതം കരുപ്പിടിപ്പിക്കുന്നു. പ്രകൃതിക്ഷോഭങ്ങളും ഉരുൾപൊട്ടൽ ഭീഷണിയും മൂലം അരൈകാപ്പിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട കുടുംബങ്ങളാണ് മാരാംകോട് കശുമാവ് തോട്ടത്തിൽ ലഭിച്ച ഭൂമി വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കി മാറ്റിയിരിക്കുന്നത്. മണ്ണിൽ അധ്വാനിച്ച് പൊന്നുവിളയിക്കുന്ന ഇവർക്ക് മുന്നിൽ ഇപ്പോൾ തുണയായി നിൽക്കുന്നത് കാർഷിക സമൃദ്ധിയാണ്.

ഉരുൾപൊട്ടലിനെ തുടർന്ന് വർഷങ്ങളോളം വീരാൻകുടിയിലും മലക്കപ്പാറയിലുമായി ദുരിതജീവിതം നയിച്ച 47 കുടുംബങ്ങൾക്കാണ് സർക്കാർ മാരാംകോട് പുനരധിവാസത്തിനായി സ്ഥലം അളന്നുതിട്ടപ്പെടുത്തി നൽകിയത്. ഒന്നര ഏക്കർ മുതൽ പത്ത് ഏക്കർ വരെ ലഭിച്ച കുടുംബങ്ങൾ ഇവിടെയുണ്ട്. തങ്ങൾക്ക് ലഭിച്ച മണ്ണ് കാടുകയറി നശിക്കാൻ അനുവദിക്കാതെ, കഠിനാധ്വാനത്തിലൂടെ അവർ ആ ഭൂമിയെ സമൃദ്ധമായ കൃഷിയിടങ്ങളാക്കി മാറ്റി.

ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴ കൃഷി

ചാലക്കുടിയിൽ നിന്ന് മികച്ചയിനം നേന്ത്രക്കന്നുകൾ എത്തിച്ചാണ് വാഴകൃഷി ആരംഭിച്ചത്. ഓരോ കുടുംബവും നൂറുകണക്കിന് വാഴകളാണ് കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഇതിനോടകം രണ്ടാംഘട്ട വളമിടലും പൂർത്തിയായി. വരുന്ന ഓണക്കാലത്ത് മികച്ച വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ. വാഴയ്ക്ക് പുറമെ കപ്പ, ജാതി, തെങ്ങിൻതൈകൾ തുടങ്ങിയവയും സമൃദ്ധമായി വളരുന്നുണ്ട്. മലനിരകളിൽ നിന്നുള്ള നീർച്ചാലുകളിൽ നിന്നാണ് വലിയ ബുദ്ധിമുട്ടുകൾ സഹിച്ച് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ആവശ്യത്തിന് ജലസൗകര്യം ലഭ്യമായാൽ വിപുലമായ രീതിയിൽ പച്ചക്കറിക്കൃഷിയിലേക്ക് കടക്കാനും ഇവർ തയ്യാറാണ്.

Maramkode Tribal Farmers Cultivation

അരൈകാപ്പിലെപ്പോലെ കാട്ടാനകളുടെയോ മറ്റ് വന്യമൃഗങ്ങളുടെയോ വലിയ ശല്യം മാരാംകോടില്ല എന്നത് ഇവർക്ക് വലിയ ആശ്വാസമാണ്. എങ്കിലും മുള്ളൻപന്നികളുടെ സാന്നിധ്യം വിളകൾക്ക് ചെറിയ ഭീഷണി ഉയർത്തുന്നുണ്ട്. ഇവ കൃഷിയിടത്തിൽ കടക്കാതിരിക്കാൻ ഷീറ്റുകളും വലകളും കെട്ടി സുരക്ഷയൊരുക്കിയാണ് കർഷകർ വിളകൾ സംരക്ഷിക്കുന്നത്.

വാഗ്ദാനങ്ങൾ ജലരേഖയായി; കാത്തിരിക്കുന്നത് കൈവകാശ രേഖയ്ക്കായി

മണ്ണിൽ അധ്വാനിച്ച് വിജയം കൊയ്യുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇവരെ വല്ലാതെ അലട്ടുന്നുണ്ട്. അതിരപ്പിള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവകാശ രേഖ ഇതുവരെയും ലഭ്യമായിട്ടില്ല. പട്ടയം ലഭിച്ചാൽ മാത്രമേ സുരക്ഷിതമായ വീട്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ യാഥാർത്ഥ്യമാകൂ.

മാസങ്ങൾക്ക് മുൻപ് വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കുകയും എത്രയും വേഗം കൈവകാശ രേഖ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തങ്ങളുടെ ദുരിതം കാണാൻ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്. എന്നാൽ ഭരണകൂടത്തിന്റെ അവഗണനകൾക്കിടയിലും തളരാതെ മണ്ണിൽ അധ്വാനത്തിന്റെ നൂറുമേനി വിളയിക്കുകയാണ് ഈ കർഷകർ.

Tribal families relocated from Araikappu settlement to the Maramkode cashew plantation area in Chalakudy following landslide threats are scripting a remarkable turnaround through agriculture, cultivating banana, tapioca, and nutmeg across their allotted lands

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി