punarjeni.j 
Thrissur

കൂരിരുട്ടിൽ ഇഴഞ്ഞ് ഒരു പുതുജന്മം; വില്വാദ്രിനാഥ ക്ഷേത്രത്തിലെ വിസ്മയമായി 'പുനർജനി നൂഴൽ'

പരശുരാമൻ വിശ്വകർമ്മാവിനെക്കൊണ്ട് നിർമ്മിച്ചതാണെന്ന് ഐതിഹ്യം. വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ അടിയുറച്ച വിശ്വാസത്തോടെ ദുഷ്‌കര യാത്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: ഇന്നുവരെ ജീവിച്ച ജീവിതത്തിൽ നിന്നും മാറി, ഇഹപര പാപങ്ങളത്രയും കഴുകിക്കളഞ്ഞ് ഭൂമിയിൽ വെച്ച് തന്നെ ഒരു പുതുജന്മം നേടിയെടുക്കുക. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നടക്കുന്ന പുനർജനി നൂഴലിന് ഭക്തമനസ്സുകളിൽ ഒട്ടേറെ ആർത്ഥതലങ്ങളുണ്ട്. ജീവിതത്തിന്റെ ഇരുണ്ട പാതകൾ പിന്നിട്ട് പശ്ചാത്താപത്തിലൂടെ ഒരു നവജീവിതം പ്രകൃതിയുടെ മടിത്തട്ടിൽ വെച്ച് നേടിയെടുക്കുകയാണിവിടെ. വിശ്വാസവും പുരാണവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന വില്വാദ്രിമലയിലേക്ക് വൃശ്ചിക മാസത്തിൽ ഭക്തരുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്തായാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. വില്വാദ്രിമലയിലേക്ക് പ്രധാനമായും രണ്ട് വഴികളാണുള്ളത്. ലക്കിടിയിൽ നിന്നും നേരിട്ടും, അതല്ലെങ്കിൽ മല്ലേശമംഗലം ആലിൻചുവട്ടിൽ നിന്നും ഒന്നര കിലോമീറ്റർ മലകയറിയും ഇവിടെയെത്താം. ക്ഷേത്ര ദർശനത്തിന് ശേഷം കിഴക്കേനട വഴിയാണ് ഭക്തർ പുനർജനിയിലേക്ക് പ്രവേശിക്കുന്നത്. ഭൂതമല, വില്വമല, മൂരിക്കുന്ന് എന്നീ മനോഹരങ്ങളായ പാറക്കൂട്ടങ്ങൾ ചേർന്നതാണ് വില്വമലയായി അറിയപ്പെടുന്നത്. എല്ലാ സമയത്തും കാടുപിടിച്ചു കിടക്കുന്ന ഈ മലനിരകളിലൂടെ വേണം പുനർജനി ഗുഹയിലെത്താൻ. ഈ ദുഷ്‌കരമായ കാനനപാതകൾ വെട്ടിനിരപ്പാക്കി ഡിസംബർ മാസത്തിൽ മാത്രമാണ് താൽക്കാലിക പാത സഞ്ചാരയോഗ്യമാക്കുന്നത്.

പരശുരാമനും വിശ്വകർമ്മാവും തീർത്ത ഐതിഹ്യം

വില്വാദ്രി ക്ഷേത്ര ദർശനം വഴി പുണ്യം നേടിയ അശരീരികളായ പ്രേതങ്ങൾക്ക് പൂർണ്ണ മുക്തി ലഭിക്കുന്നതിനുവേണ്ടി പരശുരാമൻ ദേവരാജാവായ ദേവേന്ദ്രനോട് അപേക്ഷിക്കുകയും, തുടർന്ന് ദേവശില്പിയായ വിശ്വകർമ്മാവിനെക്കൊണ്ട് നിർമ്മിപ്പിക്കുകയും ചെയ്തതാണ് പുനർജനി ഗുഹ എന്നാണ് ഐതിഹ്യം. ഈ ഗുഹയിലൂടെ നൂണ്ട് കടക്കുന്ന ഏതൊരു ജീവജാലത്തിനും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി ദിവസമാണ് ഈ പുനർജനി നൂഴൽ ചടങ്ങ് നടക്കുന്നത്. വില്വാദ്രി ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് പുനർജനി യാത്രയ്ക്ക് തുടക്കമാകുന്നത്. മേൽശാന്തിമാർ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി പുലർച്ചെ മൂന്ന് മണിയോടെ കിഴക്കേനടയിലെ ആലിൻചുവട് വഴി ഗുഹയിലേക്കുള്ള യാത്ര നയിക്കും. കനത്ത ഇരുട്ടുനിറഞ്ഞ ഗുഹയിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുഷ്‌കരമായതിനാലും ശാരീരിക അധ്വാനം ആവശ്യമുള്ളതിനാലും സ്ത്രീകൾക്ക് ഈ ഗുഹയിൽ നൂഴാൻ അനുവാദമുണ്ടാകാറില്ല.

കൂരിരുട്ടിലെ ദുഷ്‌കരമായ ഇഴച്ചിൽ

ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ഏകദേശം 20 മിനിറ്റ് നടന്ന് കിഴക്കേമലയുടെ വടക്കേ ചെരിവിലെത്തി ആദ്യം ഭക്തർ 'ഗണപതി തീർത്ഥത്തിൽ' സ്പർശിക്കും. ഈ തീർത്ഥസ്പർശനത്തിന് ശേഷമാണ് പുനർജനി മലയിലേക്ക് കയറുക. തെക്കുകിഴക്കുഭാഗത്തായി കടുത്ത വേനലിലും വറ്റാത്ത 'പാപനാശിനി തീർത്ഥം' ഉണ്ട്. ഇതിൽ പുണ്യനദിയായ ഗംഗയുടെ സാന്നിധ്യമുണ്ടെന്നാണ് ഭക്തവിശ്വാസം. ഈ തീർത്ഥവും സ്പർശിച്ച ശേഷമാണ് നൂഴലിനായി ഭക്തർ ഗുഹാമുഖത്തേക്ക് ഇറങ്ങുന്നത്.

ഗുഹാമുഖത്ത് നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം പുലർച്ചെ അഞ്ച് മണിയോടെ പുനർജനി നൂഴൽ ആരംഭിക്കും. പരസ്പരം സഹായിച്ചുകൊണ്ടും പൂർണ്ണമായി വിശ്വസിച്ചുകൊണ്ടും മാത്രമേ പുനർജനി പ്രവേശനം സാധ്യമാകൂ. മുൻപിൽ പോകുന്ന ഭക്തന്റെ കാലിൽ പിടിച്ച്, അയാൾ തിരിയുന്നതിനും ചെരിയുന്നതിനും അനുസരിച്ച് തൊട്ടുപിന്നിലുള്ളവരും ശരീരം ചലിപ്പിച്ച് മെല്ലെ മുന്നോട്ട് നീങ്ങണം. പല സ്ഥലങ്ങളിലും മലർന്നും കമിഴ്ന്നും പൂർണ്ണമായി ഇഴഞ്ഞും വേണം മുകളിലേക്കുള്ള ദുഷ്‌കരമായ പാറക്കെട്ടുകൾ കയറാൻ.

സഹയാത്രികനെപ്പോലും കാണാൻ കഴിയാത്തത്ര കൂരിരുട്ടിലൂടെ പരസ്പരം കൈകൾ കോർത്തുപിടിച്ചുള്ള ഈ യാത്രയിൽ അടിയുറച്ച ഈശ്വരവിശ്വാസവും ഭക്തിയും മാത്രമാണ് ഏക ആശ്രയം. ഏകദേശം 20 മുതൽ 25 മിനിറ്റുകൾ വരെ കഠിനമായി പരിശ്രമിച്ചാണ് ഭക്തർ ഗുഹയുടെ ബഹിർഗമന ഭാഗത്ത് എത്തുന്നത്. പുറത്തെത്തിയ ശേഷം പരശുരാമൻ തീർത്ത 'പാതാള തീർത്ഥം' കുടിക്കുകയും, പടിഞ്ഞാറ് ഭാഗത്തുള്ള ഐരാവതത്തിന്റെ കൊമ്പുതട്ടിയുണ്ടായ 'കൊമ്പുതീർത്ഥം' കൊണ്ട് ക്ഷീണമകറ്റുകയും ചെയ്യും. തുടർന്ന് ദേവേന്ദ്രന്റെ അമ്പേറ്റുണ്ടായ 'അമ്പുതീർത്ഥം' കൂടി കഴിക്കുന്നതോടെ ഒരു ജന്മം പൂർത്തിയായി പുതിയൊരു ജീവിതം ഭൂമിയിൽ വെച്ച് തന്നെ നേടിയെടുത്തതായി ഭക്തർ വിശ്വസിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ പണം വീട്ടിലെത്തില്ല'; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയ്ക്ക് തുടക്കം

ചർമവും മുടിയും തിളങ്ങും; രഹസ്യക്കൂട്ട് അടുക്കളയിലുണ്ട്

തറക്കല്ലിട്ടത് 1994ൽ, ഒടുവിൽ ബൈരക്കുപ്പയിൽ പാലം വരുന്നു

മലപ്പുറം ജില്ല വിഭജനത്തെ പിന്തുണച്ച് യുഡിഎഫ്; മുഖ്യമന്ത്രിയെ കാണും

90ാം മിനിറ്റിൽ ഇക്വഡോറിനെ ഞെട്ടിച്ച് അമദ് ദിയാലോ ​ഗോൾ; ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ഐവറി കോസ്റ്റ്

SCROLL FOR NEXT