തൃശ്ശൂർ: പരമ്പരാഗത കാര്‍ഷിക ആചാരങ്ങളുടേയും പഴമയുടെ തനിമയുടേയും പ്രതീകമായി തൃശ്ശൂർ ഏനാമാവ് വടക്കേ കോഞ്ചിറ കോള്‍പടവില്‍ കര്‍ഷകര്‍ 'പൊഴുതുമാട്ടം' നടത്തി. തൃശൂരിന്റെ നെല്ലറയിൽ വീണ്ടും നൂറുമേനി വിളവെന്ന വലിയ പ്രതീക്ഷകളോടെ നെല്‍കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൃഷിപ്പണികൾക്കായി സജീവമായിരിക്കുകയാണ്.പൊഴുതുമാട്ട ചടങ്ങിന്റെ ഭാഗമായി പടവു കമ്മിറ്റി ഭാരവാഹികൾ കോഞ്ചിറമുത്തിയുടെ തീര്‍ത്ഥ കേന്ദ്രത്തിലും ഏനാമാവ് കെട്ടുങ്ങല്‍ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂര്‍ ശ്രീ കാര്‍ത്ത്യായനി ക്ഷേത്രത്തിലും പ്രാര്‍ത്ഥനകള്‍ നടത്തി കാണിക്ക സമര്‍പ്പിച്ചു.
തുടർന്ന് മുളംകുറ്റികളില്‍ പൂമാല ചാര്‍ത്തി ഓല മെടഞ്ഞു ഉണക്കിയ പനമ്പുമായി കര്‍ഷകര്‍ വഞ്ചിയിലാണ് പടവിലെ ഫാം ബണ്ടിലെത്തിയത്. പടവിലെ ബലക്ഷയമുള്ള ഭാഗങ്ങളിൽ മുളംകുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറക്കെട്ടിയ ശേഷമാണ് കൃഷി പണികള്‍ക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ പടവിലെ വെള്ളം വറ്റിക്കുന്ന ജോലികൾ ആരംഭിച്ചു. പൊഴുതുമാട്ടത്തെ തുടർന്ന് പടവിലേക്കുള്ള കഴകളെല്ലാം കെട്ടിയടച്ചിട്ടുണ്ട്. ഇനി തോട്ടിലെയും പടവിലെയും കളകള്‍ നീക്കം ചെയ്ത് യന്ത്രസഹായത്തോടെ നിലം പൂട്ടി നിരപ്പാക്കിയ ശേഷം ഓണത്തിന് ശേഷമായിരിക്കും വിത നടത്തുക. 310 ഏക്കര്‍ വിസ്തൃതിയുള്ള ഈ കോൾപടവില്‍ ഇത്തവണ 'ഉമ' ഇനം വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്.
പടവ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ഹരിദാസന്‍ ആദ്യ മുളംകുറ്റി അടിച്ച് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഹരി മഞ്ചറമ്പത്ത് യോഗത്തിൽ അദ്ധ്യക്ഷനായി. പി.എം. കുഞ്ഞുബാവു ഹാജി, പി.എ. ഹാരീസ് ഹാജി, ബിജോയ് പെരുമാട്ടില്‍, എ.ആര്‍. രവീന്ദ്രന്‍, എം.സി. ലാസര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates