Kalladi Landslide Zone Expert Committee 
Wayanad

കള്ളാടി മണ്ണിടിച്ചിൽ മേഖല വിദഗ്ധ സമിതി സന്ദർശിച്ചു; റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും

തുരങ്കപാത നിർമാണ മേഖലയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പരിശോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൽപറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും നിർമാണ കമ്പനി കൂട്ടിയിട്ടിരിക്കുന്ന മണ്ണും സുരക്ഷിതമായി നീക്കം ചെയ്യുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി.

Expert Committee Visits Tunnel Road Construction

ആകാശ ദൃശ്യങ്ങൾ പരിശോധിക്കും; അനുകൂല സാഹചര്യമെന്ന് സമിതി

തുരങ്കപാത നിർമാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങൾ കൂടി ഇനി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. നിലവിൽ മഴയില്ലാത്തതിനാൽ പ്രദേശത്ത് പരിശോധനയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. പരിസര ഭൂപ്രദേശങ്ങൾ വിശദമായി നിരീക്ഷിച്ച ശേഷം സമിതി മേഖലയിൽ സമഗ്രമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kalladi Landslide Zone Expert Committee

ഉന്നതതല ചർച്ചകൾ പൂർത്തിയായി; പുഴയിലെ അവശിഷ്ടങ്ങൾ നീക്കും

റവന്യൂ വകുപ്പ് ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബുവും ബുധനാഴ്ച കള്ളാടി സന്ദർശിച്ചു. റവന്യൂ, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുരങ്കപാത നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവെ കരാറുകാരായ ദിലീപ് ബിൽഡ്കോൺ പ്രതിനിധികൾ എന്നിവരുമായി വിദഗ്ധ സംഘം ചർച്ച നടത്തി. നിർമാണ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും നിക്ഷേപിക്കാൻ കമ്പനി കണ്ടെത്തിയ സ്ഥലം സമിതി നേരിട്ട് കണ്ട് പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മീനാക്ഷിപുഴയിൽ നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങൾ, വാഹനങ്ങൾ, കോൺക്രീറ്റ് ഭാഗങ്ങൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. നിലവിൽ ദിലീപ് ബിൽഡ്കോണിന്റെ നേതൃത്വത്തിൽ മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെൽജു, വിവിധ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും വിദഗ്ധ സംഘത്തോടൊപ്പമുണ്ടായിരുന്നു.

An expert committee visited the landslide-hit area in Kalladi on Wednesday morning to inspect the removal of debris and soil accumulated at the Kalladi tunnel road construction site.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സൂപ്പർ ഹിറ്റ് കോമ്പോ വീണ്ടും; ആസിഫ് - ജിസ് ജോയ് ചിത്രം 'കോട്ടയം ബെൽറ്റി'ന് തുടക്കം

'കാലിന് അടിയിലെ പൊടിയുടെ വിലയേ ഉള്ളൂ'; ആ ജീവി കാരണം പലരുടേയും ജീവിതം തകര്‍ന്നു; ഷെഫീന ബിവിയ്ക്ക് മറുപടി നല്‍കി ദയ

ജേതാക്കള്‍ക്ക് ലോകകിരീടം നാട്ടിലേക്ക് കൊണ്ടുപോകാനാകുമോ?

വേദനസംഹാരി ഗുളികകള്‍! 'വെള്ളത്തില്‍ അലിയിച്ച് കുത്തിവെക്കും'; കുറിപ്പടിയില്ലാത്ത മരുന്നുമായി ഒരാള്‍ പിടിയില്‍