James in agitation before collectorate 
Wayanad

അരനൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവിൽ പ്രതീക്ഷ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി തിരിച്ചുനൽകാൻ നിയമവഴി തേടി സർക്കാർ

കല്പറ്റയിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം; റിപ്പോർട്ട് ഒരു മാസത്തിനകം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കല്പറ്റ: വനംവകുപ്പ് അന്യായമായി ഭൂമി പിടിച്ചെടുത്തതിനെതിരെ കാഞ്ഞിരത്തിനാൽ കുടുംബം അരനൂറ്റാണ്ടോളമായി നടത്തുന്ന ഐതിഹാസിക പോരാട്ടത്തിന് ഒടുവിൽ നീതിയുടെ പ്രതീക്ഷ തുറന്ന് സർക്കാർ. വനംവകുപ്പ് കൈവശപ്പെടുത്തിയ ഭൂമി കുടുംബത്തിന് തിരികെ നൽകാനുള്ള നിയമസാധ്യതകൾ പരിശോധിക്കുന്നതിനായി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനമായി. വനംമന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ കല്പറ്റ റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടറുടെ ഏകോപനത്തിൽ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥർ സമിതിക്ക് ആവശ്യമായ സഹായങ്ങൾ നൽകും. വിഷയത്തിൽ നിലവിലുള്ള വിവിധ കോടതി വിധികളും നിയമതടസ്സങ്ങളും വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അടിയന്തരാവസ്ഥയിൽ തുടങ്ങിയ നീതിനിഷേധം; വനംവകുപ്പിന്റെ ഗുരുതര വീഴ്ച

കാഞ്ഞിരങ്ങാട് വില്ലേജിലെ സർവേ നമ്പർ 238/1-ൽ ഉൾപ്പെട്ട 12 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായാണ് കുടുംബം ദശാബ്ദങ്ങളായി പോരാടുന്നത്. 1976-ലെ അടിയന്തരാവസ്ഥക്കാലത്താണ് കാഞ്ഞിരത്തിനാൽ ജോർജും സഹോദരൻ ജോസും നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആധാരത്തിലൂടെ വാങ്ങിയ കൃഷിഭൂമി, നിക്ഷിപ്ത വനഭൂമിയാണെന്ന് തെറ്റായി വ്യാഖ്യാനിച്ച് വനംവകുപ്പ് ബലമായി പിടിച്ചെടുത്തത്. എന്നാൽ, ഏറ്റെടുക്കേണ്ടിയിരുന്ന യഥാർത്ഥ വനഭൂമിക്ക് പകരം കാഞ്ഞിരത്തിനാൽ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയാണ് വനംവകുപ്പ് തെറ്റായി കൈവശപ്പെടുത്തിയതെന്ന് പിന്നീട് നടന്ന വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി തെളിഞ്ഞു. വനം ഉദ്യോഗസ്ഥർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ വിജിലൻസ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. തുടർന്ന് സബ് കലക്ടർ നടത്തിയ അന്വേഷണത്തിലും നിയമസഭാ ഹർജി സമിതിയുടെ പരിശോധനയിലും കുടുംബത്തിന്റെ വാദങ്ങൾ പൂർണ്ണമായും ശരിവെക്കപ്പെട്ടു. എന്നിട്ടും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഭൂമി തിരിച്ചുനൽകാൻ തക്കതായ നടപടികളുണ്ടായില്ല.

Kanjirathinal Family Land Dispute

മാനസികമായി തകർന്ന് ജോർജിന്റെ വിയോഗം; 4,000 ദിനങ്ങൾ പിന്നിട്ട് ജെയിംസിന്റെ സമരം

ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയിലെ സിംഗിൾ, ഡിവിഷൻ ബെഞ്ചുകളുടെയും പരസ്പരവിരുദ്ധമായ വിധികൾ വന്നതോടെ ഭൂമിത്തർക്കം സങ്കീർണ്ണമായ നിയമക്കുരുക്കിലായി. സ്വന്തം ഭൂമിക്ക് പകരം വിപണിവില നഷ്ടപരിഹാരമായി വാങ്ങാൻ കുടുംബം സന്നദ്ധത അറിയിച്ചെങ്കിലും, സെന്റിന് വെറും 3,217 രൂപ മാത്രമാണ് സർക്കാർ നിശ്ചയിച്ചത്. ഇത് കുടുംബത്തിന് കടുത്ത ആഘാതമായി. സ്വന്തം കൃഷിഭൂമിക്കായി ജീവിതകാലം മുഴുവൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിയമപോരാട്ടം നടത്തിയ ജോർജ് ഒടുവിൽ മാനസികമായി തകരുകയും, 2012 ഡിസംബറിൽ ഒരു വൃദ്ധസദനത്തിൽ വെച്ച് നിസ്സഹായനായി മരണപ്പെടുകയുമായിരുന്നു.

തുടർന്ന് ജോർജിന്റെ മരുമകൻ കാഞ്ഞിരത്തിനാൽ ജെയിംസ് സമരം ഏറ്റെടുക്കുകയായിരുന്നു. 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിന്റെ പടിക്കൽ ജെയിംസ് ആരംഭിച്ച സത്യാഗ്രഹ സമരം ഇപ്പോൾ 4,056 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ വയനാട്ടിലെ മാധ്യമപ്രവർത്തകൻ ജോസ് കുര്യൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച ഹർജി പ്രത്യേക കേസായി പരിഗണിച്ച സുപ്രീംകോടതിയുടെ പിഐഎൽ സെൽ, കുടുംബം നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിയോട് (കെൽസ) നിർദ്ദേശിച്ചിരുന്നു.

കോടതിയിൽ സത്യവാങ്മൂലം നൽകിയാൽ സമരം അവസാനിപ്പിക്കാം: ജെയിംസ്

സർക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തിൽ പ്രതീക്ഷയുണ്ടെന്ന് ജെയിംസ് പ്രതികരിച്ചു. അരനൂറ്റാണ്ട് നീണ്ട തങ്ങളുടെ ദുരിതത്തിന് ഒടുവിൽ നീതി ലഭിക്കുമെന്നാണ് കരുതുന്നത്. സമരം അവസാനിപ്പിക്കണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേസിൽ കുടുംബത്തിന് അനുകൂലമായ സത്യവാങ്മൂലം സർക്കാർ ഔദ്യോഗികമായി കോടതിയിൽ സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ കലക്ടറേറ്റ് പടിക്കലെ സമരം അവസാനിപ്പിക്കൂ എന്നും, അന്യായമായി പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കുമെന്നാണ് പൂർണ്ണ പ്രതീക്ഷയെന്നും ജെയിംസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

പഠിക്കാൻ നിർബന്ധിച്ചതിന് മാതാപിതാക്കളോട് പിണക്കം; ജോലി തേടി കേരളത്തിലെത്തിയ ബംഗാളി 14കാരനെ വീട്ടിലെത്തിച്ചു

ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്: ചാലയിലെ ആശുപത്രികൾക്ക് മുന്നിൽ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്

കാപ്പ ചുമത്തി നാടുകടത്തി: മൊകേരി സ്വദേശി സുബിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക്

'വലുതാകുമ്പോ ഈ മരം കാണാൻ ഞാൻ വന്നേക്കാവേ...': മാമോദീസ ചടങ്ങിൽ അതിഥികൾക്ക് പ്ലാവിൻതൈകൾ സമ്മാനിച്ച് മാതാപിതാക്കൾ