“Destruction is rooted in his apocalyptic world view, which explores societal and moral collapse, the decay of culture, and the struggle to find meaning in the face of overwhelming bleakness”
Destruction and sorrow beneath the Heavens
-Lsazlo Kranszhorkai
ലോകം തകർന്നടിയുമ്പോൾ തത്ത്വശാസ്ത്രത്തിന്റെ ആവശ്യം എത്രകണ്ട് ഉണ്ടെന്നും അത് ആവശ്യമായി തുടരണോ എന്നതും ചോദ്യമായി നിലനിർത്തിക്കൊണ്ട് ലോകത്തിന്റെ സാദൃശ്യമില്ലാത്ത തുരങ്കങ്ങളിലൂടെ ഭാഷയുടെ ചെറുഘടനകളെ ഭഞ്ജിച്ചുകൊണ്ട് നിരന്തരം നീണ്ട വാക്യങ്ങളിലൂടെ ജീവിതത്തിന്റെ ആർക്കും കണ്ടെത്താനാവാത്ത വ്യസനങ്ങളിലൂടെ കല്പിത സഞ്ചാരിയായി ഉന്മാദത്തിന്റെ വഴികളിലൂടെ അധികാരത്തിന്റെ വഴികൾ മറന്ന് പ്രതിരോധത്തിന്റെ ഓവനുകൾ തുറന്ന് അസഹനീയമായവ മാത്രം വേവിച്ച് നല്‍കുമ്പോളുള്ള പരിഹാസത്തിന്റെ സമ്പൂർണ വെളിപാട് എന്തെന്ന് അറിയണമെങ്കിൽ ഒരിടത്തേയ്ക്കു മാറി ഇരുന്ന് പ്രകൃതിയും മനുഷ്യനും തമ്മിൽ എത്രമാത്രം അകൽച്ചയുണ്ടെന്നും വിഷാദികളുടെ രചനാത്മകമായ തലച്ചോർ എത്രകണ്ട് നാം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും എല്ലാവരേയും വിഷാദികളാക്കി മാറ്റുക ആണോ എന്നും അറിയുന്നതിലൂടെ ഇടിഞ്ഞുവീഴുന്ന ദേശങ്ങളുടെ ഭരണാധികാരികൾക്ക് മറ്റു ദേശങ്ങളെ ആക്രമിക്കാനുള്ള അവകാശമുണ്ടോ എന്നും അറിഞ്ഞാലേ ഈ ദുരന്തത്തിന്റെ വിസ്തൃതി എത്രമാത്രം ഭയാനകമാണെന്നു മനസ്സിലാക്കാനും മറുവഴി തേടാനും കഴിയുകയുള്ളുവെങ്കിലും ഭൂതവും ഭാവിയും കല്പിച്ചുണ്ടാക്കുന്നതുകൊണ്ട് വർത്തമാനത്തിന്റെ ദുരന്തമുഖത്ത് നിലയുറപ്പിക്കേണ്ടതായി വരുന്നതും ചാൻസലറിനു നിരന്തരം കത്തെഴുതി കരുണ ഇല്ലാത്ത രാത്രി ഭൂമിയിലേക്ക് നവനാസികളായി (Herscht07769) ഇറങ്ങുന്നതും കാണുമ്പോൾ യാചനയുടെ കണ്ണുമായെത്തുന്ന വളർത്തുനായ(Animalinside)യുടെ നിസ്സംഗതയിൽനിന്നുണ്ടാകുന്ന ഭയാനകമായ അലർച്ച ഭാഷ ഇല്ലാത്ത സംസാരമായി കാണണമെന്ന ജർമൻ ചിത്രകാരനായ മാക്സ് ന്യൂമാന്റേയും ലാസ്ലു ക്രസ്നഹോർക്കൈയുടേയും ഓരോ ശിരസും ഓരോ നിമിഷമാണെന്നും വിശദീകരിക്കാനില്ലാത്ത ഉപമ - കാഴ്ചപ്പാട് മൃഗത്തിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന എഴുത്തും വരയുമായി ഭീതിദമായ ലോകത്തിന്റെ തുറന്നിടലാകുമ്പോൾ രാജ്യം നിർബന്ധിത കാർഷിക കൂട്ടായ്മയിലൂടെ (Satantango) ഇല്ലായ്മ ചെയ്യപ്പെടുമെന്ന സത്യത്തെ സത്യത്തിനു സമീപമല്ലെന്ന സൂചനയോടെ യാഥാർത്ഥ്യമാക്കുന്ന ഇരുണ്ട ഉൾച്ചിരി പേടിസ്വപ്നങ്ങൾപ്പോലെ ഭയപ്പെടുത്തുന്ന യുഗാന്തശാസ്ത്ര(Eschatology)മായി മുന്നിൽ നില്‍ക്കുമ്പോൾ എല്ലാ സംരംഭങ്ങളും ന്യായീകരിക്കപ്പെട്ട ഭീതിയിൽ നിന്നുടലെടുക്കുന്ന വെളിവിലേക്ക് പ്രതിരോധത്തിന്റെ വിഷാദമെത്തിക്കുമ്പോൾ സോവിയറ്റ് റഷ്യൻ കാലഘട്ടത്തിലെ ഹംഗേറിയൻ ഭരണകൂടത്തിന്റെ പ്രതീകമെന്ന നിലയിൽ ചത്ത തിമിംഗലം മിസിസ് എസ്‌തറുടെ (The Melancholy of Resistance) കണ്ണിലെന്നപോലെ അപോകലിപ്റ്റിക്കായി മാറുമ്പോൾ ഡിസ്റ്റോപ്പിയയുടെ വാതിലുകൾ തുറക്കയായി എന്നത് ഭീകരലോകത്തെ തുറക്കലാണെന്നു കാണാമെങ്കിലും ചരിത്രരേഖകൾ സൂക്ഷിപ്പൂ കോറിൻ (War and war) അനുഭവിക്കുന്ന യുദ്ധങ്ങളുടെ ഇരുട്ട് മാനസിക വിഭ്രാന്തിയോളമെത്തുന്ന മനുഷ്യരുടെ എല്ലാവരുടേയും ഇക്കാലമായി മാറുമ്പോൾ നമ്മുടെ വാക്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞ് ശ്വാസംമുട്ടലായി മാറുന്നതും അറിയുകയല്ലേ എന്നതും ലാസ്‌ലുവിന്റെ സാഹിത്യത്തിന്റെ പ്രത്യേകതയായി നിലനില്‍ക്കുന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ വിശാലവും സമൃദ്ധവുമായ സാഹിത്യസഞ്ചാരവും ചരിത്ര-ഭൂമിശാസ്ത്ര-ദാർശനിക സഞ്ചാരവും കാണാനാവുന്നതാണെന്നതും ഹംഗേറിയൻ കവികളായ ഹജ്‌നോസി, ജാനോസ് പിലൻസ്‌കി, സാന്തോർ വിയോറോസ് എന്നിവർ കാവ്യഭാഷയിലുണ്ടാക്കിയ ശക്തിയുടെ രഹസ്യം എഴുത്തുകാരനായ ഗ്യുലക്രൂഡിലൂടെ വാറ്റിയെടുത്ത് തന്റെ എഴുത്തിൽ ആകുലതയുടേയും നിരാശയുടേയും പ്രകൃതി നിലനിർത്താൻ വേണ്ടി തിന്മയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ മനുഷ്യ നിർമിത വാസ്തുവിദ്യയായി ഭാഷയെ മാറ്റുമ്പോൾ സ്വത്വത്തേയും സാമൂഹികാസ്തിത്വത്തേയും കണ്ടെത്താൻ വ്യക്തിപരമായി കുമ്പസാരിക്കേണ്ടിവരുമെന്ന അമേരിക്കൻ കവി അലെൻഗീൻസ് ബർഗിന്റെ സഹൃദയച്ഛായയിൽ ചേർന്നുനില്‍ക്കുന്ന ക്രസ്നഹോർക്കൈ, “നീ അനുകരിക്കുന്നിടത്ത് ഞാനുണ്ടാകു”മെന്ന ഗീൻസ് ബർഗിയൻ ചിന്തയെ സാധൂകരിക്കുകയും വിരുദ്ധോക്തിയുടെ ചലനങ്ങളോടൊപ്പം നിശ്ചലതയുടെ ഭാഷാരൂപങ്ങൾ ഉപയോഗിക്കുകയും രഹസ്യക്കൊലയാളിയിൽനിന്നു രക്ഷപ്പെടാൻ അജ്ഞാതൻ (chasing Homer മൾട്ടിമീഡിയാ നോവെൽ) ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ സുരക്ഷിത സ്ഥലങ്ങളുടെ അപകടം നാശത്തിലേക്കു നയിക്കുന്ന ഡിസ്‌കോഴ്‌സുകളായിത്തീരുമെന്നറിയുമ്പോൾ ക്യോട്ടോയിലെ രഹസ്യോദ്യാനത്തിൽ (A mountain to the North a lake to the South Paths to the West a river to the East) ആർക്കാണ് ജ്ഞാനബുദ്ധനാകാൻ കഴിയുക എന്നത് ഒരു ചോദ്യമായുയരുമ്പോൾ നാശത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ലാസ്‌സുവിലെ എഴുത്തുകാരൻ ചിന്തിക്കുകയും നമ്മൾ കഷ്ടപ്പെടാത്തിടത്തോളം കാലം കാപട്യത്തിൽ ജീവിക്കേണ്ടിവരുമെന്നും നമ്മൾ കഷ്ടപ്പെടാൻ തുടങ്ങുമ്പോൾ കാപട്യത്തെക്കുറിച്ച് പശ്ചാത്തപിക്കാൻ സത്യത്തിലേക്കു പ്രവേശിക്കു (ഇ.എം. സിയോറൻ)മെന്നുമുള്ള വസ്തുതയെ അറിയിക്കുകയുമാണ് ലാസ്‌ലു ക്രസ്നഹോർക്കൈയുടെ രചനകളെന്നു നിസ്സംശയം പറയാമെന്നതിന് ഏറ്റവും നല്ല ഉദാഹരങ്ങളാണ് ലാസ്‌ലുവിന്റെ സ്‌ക്രിപ്റ്റിൽ ബേലാ താറെടുത്ത ദാർശനിക ചലച്ചിത്രങ്ങളെന്നു കാണാമെങ്കിലും ലാസ്‌ലു തന്റെ കഥകളിൽനിന്ന് അകന്നുനിന്നുകൊണ്ട് ചലച്ചിത്രങ്ങളെ സമീപിക്കുകയും കാലത്തിന്റെ വൃത്താകൃതിയെക്കുറിച്ചുള്ള ദർശനങ്ങളായി അതു മാറുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തം മലയാളികളുൾപ്പെടെ കണ്ടതായതുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ ടൈപ്പോഗ്രാഫികൾ പരിചിതമാണെങ്കിലും പത്തു വർഷം മുൻപ് ‘സാറ്റാൻ ടാംഗോ’യും ‘ദ മെലങ്കളി ഓഫ് റെസിസ്റ്റൻസും’ മലയാളി വായനക്കാർക്ക് മലയാളത്തിൽ പരിചിതമാകേണ്ടതായിരുന്നുവെന്ന് അറിയാവുന്നതുകൊണ്ടും സുരക്ഷിത സ്ഥലങ്ങളിലേക്ക് ഭയം എപ്പോൾ വേണമെങ്കിലും കടന്നുവരാമെന്നതിനാലും വീടുകൾ ഒഴിവാക്കണമെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ലാസ്‌ലു ക്രസ്നഹോർക്കൈയെ നമുക്ക് എത്രകണ്ട് ഉൾക്കൊള്ളാനാവുമെന്ന് അറിയാത്തതിനാൽ ഹോർക്കൈയെ നിയോക്യാപിറ്റൽ ഡയേറിയ പിടിപെട്ട ലാളിത്യത്തിന്റെ പോട്ട്‌ബോയ്‌ലർ ഡിപ്ലോമാറ്റിക് റൈറ്റേഴ്‌സിന് ആ പേര് ഉച്ചരിക്കാൻ ഏറെ ബുദ്ധിമുട്ടായേക്കാമെങ്കിലും ഹോർക്കൈ യുദ്ധങ്ങളേയും അക്രമങ്ങളേയും നോക്കി ദുരന്തങ്ങളെക്കുറിച്ച് മുറികൂടാത്ത ദീർഘവാക്യങ്ങളിൽ എഴുതിക്കൊണ്ടിരിക്കുകയും ലാവ കൊണ്ടു പുഞ്ചിരിക്കുകയും അറ്റവിസ്റ്റിക്കായി ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് മനുഷ്യർ മൃഗങ്ങളെക്കാൾ മികച്ചതല്ലെന്ന അറിവുള്ളതുകൊണ്ടും മനുഷ്യർ അടിസ്ഥാനപരമായി മൃഗങ്ങളാണെന്നും ഓരോ നിമിഷവും കാട്ടിത്തരുന്നതുകൊണ്ടാണെന്നും ഹോർക്കൈയെ വായിച്ചിട്ടുള്ളവർക്കു മനസ്സിലാകുമെന്നതിനാൽ ലോകം നേരിടുന്ന പ്രതിസന്ധിക്കു മുന്നിൽ ഹോർക്കൈയുടെ പുസ്തകങ്ങൾ ആവേശത്തോടെ തുറന്നുവയ്ക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates