Articles

അടിയന്തരാവസ്ഥയും 'ഇന്ത്യ'യുടെ ആദ്യജയവും

എന്തൊക്കെയായാലും രാഷ്ട്രത്തെ മികച്ച രീതിയില്‍ പുതുക്കിപ്പണിയാനുള്ള സാദ്ധ്യതയാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് ലോകം കരുതുന്നു.

സതീശ് സൂര്യന്‍

മഗ്രാധികാരത്തിനുള്ള ശ്രമങ്ങളെ ചെറുത്തുനില്‍ക്കുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്ത ചരിത്രമാണ് എല്ലാക്കാലത്തും ഇന്ത്യന്‍ ജനാധിപത്യത്തിനുള്ളത്. കഴിഞ്ഞ പത്തു വര്‍ഷമായി നമ്മുടെ തെരഞ്ഞെടുപ്പു ജനാധിപത്യത്തെ തെരഞ്ഞെടുപ്പു സ്വേച്ഛാധിപത്യമായി (Electoral Autocracy) പരിമിതപ്പെടുത്താനും മൗലികാവകാശങ്ങള്‍ നിഷേധിച്ച് ജനാധിപത്യത്തിന്റെ അന്തസ്സത്തയായ പൗരസ്വാതന്ത്ര്യം നിഷേധിക്കാനും മനുഷ്യാന്തസ്സിനെ അവമതിക്കാനും നടത്തിയ ശ്രമങ്ങള്‍ക്ക് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ജനത എങ്ങനെ തിരിച്ചടി നല്‍കിയെന്നതു നാം കണ്ടതാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളോടു ബന്ധമില്ലാത്ത രാഷ്ട്രീയ അഭിജാതവര്‍ഗ്ഗത്തെ ശാസിക്കാനും അധികാരം ഒരു വ്യക്തിയിലോ ഒരു കൂട്ടം വ്യക്തികളിലോ കേന്ദ്രീകരിക്കാനുള്ള പ്രവണതകളെ തടഞ്ഞുനിര്‍ത്താനും രാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റി എഴുതാനും പ്രാപ്തരാണെന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാണിച്ചു തന്നിട്ടുണ്ട്. ഈ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വന്‍വിജയം നേടുമെന്നായിരുന്നു മാദ്ധ്യമ പ്രവചനങ്ങള്‍. മോദിക്കു വന്‍ഭൂരിപക്ഷം നല്‍കുന്നതായിരിക്കും ഫലങ്ങളെന്ന് സര്‍വ്വേകള്‍ വിധിയെഴുതി. എന്നിട്ടും ജൂണ്‍ നാലിനു ഫലം പുറത്തുവന്നപ്പോള്‍ മോദി നയിച്ച പാര്‍ട്ടിക്കു പാര്‍ലമെന്ററി ഭൂരിപക്ഷം നഷ്ടമായി. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ച ലഭിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ പറ്റില്ലെന്നായി. സഖ്യകക്ഷികളുടെ കടിഞ്ഞാണുകള്‍ക്കു വിധേയപ്പെട്ടു ഭരണത്തിലേറാന്‍ മോദി നിര്‍ബ്ബന്ധിതനായി. ഇന്ത്യയെ 'നവീകരിക്കാനുള്ള' ഹിന്ദുത്വ പദ്ധതിയുടെ പാളംതെറ്റി എന്നതാണ് ആത്യന്തിക ഫലം. തുടര്‍ന്ന് സാമ്പത്തിക വിപണിയില്‍ വലിയ ഞെട്ടലുണ്ടായി. ഓഹരിവിപണി ഇടിഞ്ഞു. എന്തൊക്കെയായാലും രാഷ്ട്രത്തെ മികച്ച രീതിയില്‍ പുതുക്കിപ്പണിയാനുള്ള സാദ്ധ്യതയാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് ലോകം കരുതുന്നു.

ഈ ഫലം രാജ്യം സ്വേച്ഛാധിപത്യത്തിലേയ്ക്ക് വഴുതിവീഴുമെന്ന അപകടത്തിനുള്ള സാധ്യത കുറച്ചെന്നും രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു ജനാധിപത്യം ശക്തമായ ഊന്നുവടിയായി വര്‍ത്തിക്കുമെന്നു കാണിക്കുന്നുവെന്നും 'ഇക്കണോമിസ്റ്റിനേയും' 'ദ ഗാര്‍ഡിയനേ'യും പോലുള്ള മാധ്യമങ്ങള്‍ എഴുതി. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യന്‍ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ ജീവിതങ്ങള്‍ക്കും നേരിടേണ്ടിവന്ന നിരവധി ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ലോകത്തിനു തെരഞ്ഞെടുപ്പു ഫലങ്ങളെ ഇങ്ങനെ വിലയിരുത്തേണ്ടി വന്നത്.

സമാനമായ പരീക്ഷണങ്ങളെ ഇന്ത്യന്‍ ജനാധിപത്യത്തിനു നേരിടേണ്ടിവന്നത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്‍ കീഴില്‍ പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രീയ അടിയന്തരാവസ്ഥയോടെയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയിലേക്കാണ് 1975 ജൂണ്‍ 26-ന് രാജ്യം ഉണര്‍ന്നത്. പ്രഖ്യാപനത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളും വിമതസ്വരമുയര്‍ത്താന്‍ സാധ്യതയുള്ള മറ്റുള്ളവരും ജയിലിലടയ്ക്കപ്പെട്ടു, ഹേബിയസ് കോര്‍പസ് സസ്പെന്‍ഡ് ചെയ്തു, മാദ്ധ്യമങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ആ പ്രഖ്യാപനത്തിന് ഈ ജൂണ്‍ 25-ന് അരനൂറ്റാണ്ടാകുകയാണ്.

ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം ദൂരദര്‍ശനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ''രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആരും ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇന്ത്യയിലെ സാധാരണക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രയോജനകരമായ ചില പുരോഗമന നടപടികള്‍ ഞാന്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍ എനിക്കെതിരെ നടക്കുന്ന ആഴമേറിയതും വ്യാപകവുമായ ഗൂഢാലോചനയെക്കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്.'' ഇങ്ങനെയായിരുന്നു അവര്‍ അതേക്കുറിച്ച് ഇന്ത്യന്‍ ജനതയോട് പറഞ്ഞുതുടങ്ങിയത്.

ഇന്ദിരാഗാന്ധി സഞ്ജയ് ഗാന്ധി

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു തൊ ട്ടുമുന്‍പ് ഡല്‍ഹിയില്‍ പ്രക്ഷോഭകാരികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് ജയപ്രകാശ് നാരായണന്‍ ഇന്ദിരയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇന്ദിരയെ സംബന്ധിച്ചിടത്തോളം പ്രകോപനപരമായിരുന്നു. എണ്‍പതു മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ആ പ്രസംഗത്തില്‍ അദ്ദേഹം സൈന്യത്തോടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോടും ഭരണകൂടത്തിന്റെ കല്പനകള്‍ അനുസരിക്കരുതെന്നും ആഹ്വാനം ചെയ്തിരുന്നു. ഇന്ദിര റായ്ബറേലിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടത് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ദിരാ ഗാന്ധി നല്‍കിയ ഹര്‍ജി കേള്‍ക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.എന്‍. റായി തയ്യാറാകരുതെന്നും ജയപ്രകാശ് നാരായണ്‍ ആ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് റായിയുടെ 'നിഷ്പക്ഷത'യില്‍ 'വിശ്വാസക്കുറവ്' ഉള്ളതുകൊണ്ടല്ലെന്നും എന്നാല്‍, മൂന്ന് മുതിര്‍ന്ന ജഡ്ജിമാരില്‍നിന്ന് അദ്ദേഹത്തെ സുപ്രീം കോടതിയുടെ തലവനായി തെരഞ്ഞെടുത്തത് ഇന്ദിരയുടെ ഗവണ്‍മെന്റ് തന്നെയാണ് എന്നുള്ളതുകൊണ്ട് ആളുകള്‍ക്ക് സംശയമുണ്ടാകാനിടയുണ്ട് എന്നുമാണ് ജയപ്രകാശ് നാരായണ്‍ പറഞ്ഞത്. വലിയ ജനസമ്മര്‍ദ്ദം ഉണ്ടായിട്ടും സ്ഥാനമൊഴിയാന്‍ വിസമ്മതിച്ച ഇന്ദിരാഗാന്ധിയുടെ 'ഫാസിസ്റ്റ് നടപടികള്‍ക്കെതിരേയും' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവവികാസങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ ഇന്ത്യ ബംഗ്ലാദേശോ പാകിസ്താനോ അല്ലെന്നും അദ്ദേഹം ആ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

ലക്ഷങ്ങളാണ് അന്ന് ജെ.പി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജയപ്രകാശ് നാരായണിന്റെ പ്രസംഗം കേള്‍ക്കാന്‍ ഡല്‍ഹിയിലെ രാംലീല മൈതാനില്‍' 75 ജൂണ്‍ 25-നു തടിച്ചുകൂടിയത്. അദ്ദേഹത്തിനു പുറമെ യുവതുര്‍ക്കിയെന്നു വിശേഷിപ്പിക്കപ്പെട്ടയാളും പില്‍ക്കാലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറുകയും നിസ്സാര കാരണം പറഞ്ഞ് കോണ്‍ഗ്രസ് തന്നെ പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്താക്കുകയും ചെയ്ത ചന്ദ്രശേഖര്‍, മൊറാര്‍ജി ദേസായി, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു. കടുത്ത വെയിലിനെ വകവെയ്ക്കാതെ അവിടെ സമ്മേളിച്ച ജനലക്ഷങ്ങള്‍ക്കു മുന്‍പാകെ ജെ.പി. ഏറ്റുചൊല്ലിയ രാംധാരി സിംഗ് ദിന്‍കറിന്റെ നാലുവരികള്‍ ഇടിമുഴക്കംപോലെയാണ് സദസ്യര്‍ക്ക് അനുഭവപ്പെട്ടത്. ''സിംഘാസന്‍ ഖാലി കരോ കേ ജന്‍താ ആതാ ഹേം'' (Vacate the throne, for the people are coming)

ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍നിന്നും വ്യത്യസ്തയായി തന്റെ സ്വേച്ഛാപ്രമത്തത മറച്ചുപിടിക്കാന്‍ ഇന്ദിരാ ഗാന്ധി ഇരട്ടനാക്കുകൊണ്ട് സംസാരിക്കുകയോ ഇംഗിതങ്ങള്‍ മറച്ചുപിടിക്കാന്‍ നാടകീയമായി പെരുമാറുകയോ ചെയ്തിരുന്നില്ല എന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്കു സന്ദേഹങ്ങളുണ്ടായിരുന്നു എന്നത് നേരാണ്. രാമചന്ദ്രഗുഹയെപ്പോലുള്ള രാഷ്ട്രീയ ചരിത്രകാരന്മാര്‍ അതെഴുതിയിട്ടുമുണ്ട്. 'democracy not only throws up the mediocre person but gives strength to the most vocal howsoever they may lack knowledge and understanding' എന്ന് ഷില്ലോംഗിലുള്ള തന്റെ സുഹൃത്തായ വെറിയര്‍ എല്‍വിന് ഇന്ദിര എഴുതിയ കത്തിനെ ഉദ്ധരിച്ച് ഗുഹ ഇന്‍ഡ്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. (ഗുഹ രാമചന്ദ്ര, സെക്ഷന്‍ 22, ഓട്ടം ഒഫ് ദ മാട്രിയാര്‍ക്ക്-പേജ് 15). ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥതന്നെ മൃതപ്രായത്തിലാണെന്നും നമ്മുടെ ഉദ്യോഗസ്ഥവൃന്ദം ജഡത്വാവസ്ഥയിലാണെന്നും ആദ്യകാലത്തേ ഇന്ദിരയ്ക്കു പരാതിയുണ്ടായിരുന്നു. ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അവര്‍ പറഞ്ഞതും ഗുഹ എടുത്തെഴുതിയിട്ടുണ്ട്. 'Sometimes I wish we had a real revolution-like France or Russia-at the time of Independence.' എന്നാല്‍, ഇതേ ഇന്ദിര റഷ്യയിലേതുപോലെയുള്ള വിപ്ലവം എന്നതുകൊണ്ട് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നില്ല എന്നത് ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ പിരിച്ചുവിട്ട നടപടി മുതല്‍ക്കുതന്നെ വ്യക്തം.

ജയപ്രകാശ് നാരായണ്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളിലോരോന്നിന്റേയും സ്വതന്ത്രമായ നിലനില്‍പ്പ് വെല്ലുവിളിക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം തടയപ്പെട്ടു. സെന്‍ഷ്വറിങ് വ്യാപകമാകുകയും സര്‍ക്കാരിന്റെ സ്തുതിപാഠകരായി മാറാന്‍ മാധ്യമങ്ങള്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്തു. ''അവര്‍ കുനിഞ്ഞുനില്‍ക്കാന്‍ മാത്രമാണ് നിങ്ങളോട് പറഞ്ഞത്. എന്നാല്‍, നിങ്ങള്‍ മുട്ടിലിഴഞ്ഞു.'' ഭാരതീയ ജനസംഘം നേതാവായ എല്‍.കെ. അദ്വാനി അടിയന്തരാവസ്ഥക്കാലത്തെ മാധ്യമപ്രവര്‍ത്തനത്തെപ്പറ്റി പറഞ്ഞ ഈ വാചകം പ്രസിദ്ധമാണ്. അദ്വാനിയുടെ സ്വന്തം കക്ഷിയുടെ ഭരണകാലത്തെ മാധ്യമപ്രവര്‍ത്തനത്തിനും ഈ ഓര്‍മ്മപ്പെടുത്തല്‍ അനുയോജ്യമെന്ന കാര്യം കൗതുകകരമെങ്കിലും. അടിയന്തരാവസ്ഥയെ എതിര്‍ത്തു സംസാരിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. അവരെല്ലാം പ്രതിപക്ഷ കക്ഷിനേതാക്കന്മാരുടേയും ട്രേഡ് യൂണിയന്‍ നേതാക്കളുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയുമൊപ്പം തുറുങ്കലിലടക്കപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്ന മറ്റൊരു കാര്യം മുംബൈപോലുള്ള വന്‍നഗരങ്ങളിലെ മാഫിയ തലവന്മാരുടേയും ഗുണ്ടാനേതാക്കളുമൊക്കെ ജയിലിലടക്കപ്പെട്ടുവെന്നതാണ്. ഹാജി മസ്താനടക്കമുള്ള ഈ തടങ്കല്‍പ്പുള്ളികള്‍ക്കു ജയിലില്‍ മികച്ച പരിചരണം ലഭിച്ചുവെന്നും മദ്യമടക്കമുള്ളവ ലഭ്യമാക്കിയിരുന്നുവെന്നും അന്നത്തെക്കാലത്തെ അടിയന്തരാവസ്ഥാ പോരാളികളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ കാണാം. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേസായിയും ജ്യോതിബസുവും മധുദന്തവതെയെപ്പോലുളള സോഷ്യലിസ്റ്റ് നേതാക്കളും അറസ്റ്റിലായി. നിരവധി രാഷ്ട്രീയ സംഘടനകള്‍ നിരോധിക്കപ്പെട്ടു. തീവ്ര വലതുപക്ഷവും ഇടതുപക്ഷവുമൊക്കെ അതിലുള്‍പ്പെടുന്നു.

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ളവര്‍ ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിളിച്ചുപോന്നു. അതേസമയം, ആ വിശേഷണം ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിനും തിരികെ ചാര്‍ത്തപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യമായിരുന്നു കാരണം. എന്നാല്‍, ഫാസിസ്റ്റ് എന്നു വിളിക്കപ്പെട്ട ജെ.പിയുടെ പ്രസ്ഥാനം വലിയ ഭീഷണിയൊന്നും ഉയര്‍ത്തിയില്ലയെന്നതിന്, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെത്തുടര്‍ന്ന് അതു ദുര്‍ബ്ബലമായി എന്നതുതന്നെ ഉദാഹരണം. ഭരണതലത്തിലും അല്ലാതേയും സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്ന ഇന്ദിരയുടെ അനുയായികള്‍ വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും രാഷ്ട്രസുരക്ഷയാണ് പരമപ്രധാനമെന്ന് ഘോഷിച്ച് ഇത്തരം പ്രവൃത്തികളെയെല്ലാം ന്യായീകരിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ ഏറെ മുന്‍പുതന്നെ അവര്‍ പിടിമുറുക്കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തിവെച്ച് തന്റെ അനുയായികളെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്ന പതിവ് ഇന്ദിരയാണ് തുടങ്ങിവെയ്ക്കുന്നത്, 1972-ല്‍. പ്രതിപക്ഷാനുഭാവവും ഗവണ്‍മെന്റ് വിമര്‍ശനവും മഹാപരാധമായി കരുതുകയും രാഷ്ട്രീയ എതിരാളികളുടെ കുടുംബാംഗങ്ങള്‍വരെ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരകളാകുകയും ചെയ്തു. പൗരാവകാശങ്ങള്‍ വ്യാപകമായി ഹനിക്കപ്പെട്ടു.

അടിയന്തരാവസ്ഥയിലേക്ക്നയിച്ച സംഭവവികാസങ്ങള്‍

1966 ജനുവരി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു.

  1. 1969 നവംബര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച ഇന്ദിരയെ പുറത്താക്കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പിളരുന്നു. സംഘടനാ കോണ്‍ഗ്രസ്സും ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് (റിക്വിസിഷനിസ്റ്റ്) പാര്‍ട്ടിയുമായി മാറുന്നു.

  2. 1971 തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ഇന്ദിരാഗാന്ധിക്കെതിരെ എതിരാളി രാജ്‌നാരായണ്‍ കോടതിയെ സമീപിക്കുന്നു.

  3. 1973-'75 ഇന്ദിരാഗാന്ധി ഗവണ്‍മെന്റിനെതിരെ രാഷ്ട്രീയാസ്വസ്ഥത പുകയുന്നു. ഗുജറാത്തില്‍ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ നവനിര്‍മ്മാണ്‍ പ്രസ്ഥാനവും ബിഹാറിലെ പ്രക്ഷോഭവും ശക്തിപ്പെടുന്നു.

  4. 1975 ജൂണ്‍ 12 തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ ഇന്ദിര കുറ്റക്കാരിയെന്ന് അലഹാബാദ് ഹൈക്കോടതി വിധിക്കുന്നു.

  5. 1975 ജൂണ്‍ 24 വോട്ടിംഗ് അടക്കമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഇല്ലെന്ന് സുപ്രീം കോടതി വിധിക്കുന്നു. എന്നിരുന്നാലും അവര്‍ക്കു പ്രധാനമന്ത്രിസ്ഥാനത്തു തുടരാം.

  6. 1975 ജൂണ്‍ 25 ഇന്ദിരയുടെ ശിപാര്‍ശയനുസരിച്ച് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.

  7. 1975 ജൂണ്‍ 26 സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ വഴി ഇന്ദിരാഗാന്ധി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു.

  8. 1976 സെപ്തംബര്‍ ഡല്‍ഹിയില്‍ നിര്‍ബ്ബന്ധിത വന്ധ്യംകരണ പരിപാടിക്ക് സഞ്ജയ് ഗാന്ധി തുടക്കമിടുന്നു.

  9. 1977 ജനുവരി 18 എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയയ്ക്കുന്നു. പൊതുതെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രഖ്യാപിക്കുന്നു.

  10. 1977 മാര്‍ച്ച് 23 അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു.

ജുഡീഷ്യറിയെ വരുതിക്കുനിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു മറ്റൊന്ന്. ഇലക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് അധികാര ദുര്‍വ്വിനിയോഗം നടത്തിയെന്ന ആരോപണത്തിന്മേല്‍ ഇന്ദിരാ ഗാന്ധിക്കെതിരായ അലഹാബാദ് കോടതിയുടെ വിധിയായിരുന്നു അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. അതുകൊണ്ടുതന്നെ ജുഡീഷ്യറി തനിക്ക് അനുകൂലമാകണമെന്ന കാര്യത്തില്‍ ഇന്ദിരയ്ക്ക് നിര്‍ബ്ബന്ധമായിരുന്നു. ജുഡീഷ്യറി ദുര്‍ബ്ബലപ്പെടുകയും ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുകയും ചെയ്തുവെന്നതാണ് അക്കാലത്തെ ഒരു സവിശേഷത.

എല്ലാ അധികാരവും ഇന്ദിരയില്‍ കേന്ദ്രീകരിച്ചു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം മുഴക്കിയത് അന്നത്തെ കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന ഡി.കെ. ബറുവയാണ്. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന ഗവണ്‍മെന്റുകളെ അവര്‍ പിരിച്ചുവിട്ടു. ഭരണതലത്തിലെ ഓരോ നീക്കവും അവരുടെ അധികാരത്തിലും നിയന്ത്രണത്തിലും നടന്നു.

നാസി വംശശുദ്ധീകരണത്തെ ഓര്‍മ്മിപ്പിക്കുംവിധം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണകക്ഷി നടപ്പാക്കിയ നിര്‍ബ്ബന്ധിത വന്ധ്യംകരണ പരിപാടി(Forced Sterilization)യായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ മറ്റൊരു നടപടി. നിര്‍ബ്ബന്ധിത വന്ധ്യംകരണ പരിപാടിയും ചേരി നിര്‍മ്മാര്‍ജ്ജനവും ഇരകളാക്കിയത് മുഖ്യമായും ദളിതരേയും ദരിദ്ര മുസ്ലിങ്ങളേയുമായിരുന്നു. സഞ്ജയ് ഗാന്ധിയുടേയും അന്നത്തെ ഡല്‍ഹി ഡവലപ്‌മെന്റ് അഥോറിറ്റി ചെയര്‍മാനും പിന്നീട് ജമ്മു-കശ്മീര്‍ ഗവര്‍ണറുമായ ജഗ്മോഹന്റേയും നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ തുര്‍ക്കമാന്‍ ഗേറ്റിനു സമീപമുള്ള ചേരികള്‍ ഒഴിപ്പിക്കാന്‍ നടത്തിയ പൊലീസ് വെടിവെയ്പിലാണ് കലാശിച്ചത്. 150-ഓളം പേര്‍ കൊല്ലപ്പെടുകയും 70000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു. പില്‍ക്കാലത്ത് ജഗ്‌മോഹന്‍ ജമ്മു-കശ്മീര്‍ ഗവര്‍ണറായിരിക്കെ എടുത്ത നടപടികള്‍ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാനുറച്ച ഇന്ദിരയും അവരുടെ രാഷ്ട്രീയ കക്ഷിയും ക്രമേണ ദരിദ്രരെ വംശീയ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്. ദരിദ്രരില്‍ ഏറിയകൂറുമാകട്ടെ, ദളിതരും മുസ്ലിങ്ങളുമാണ് എന്നത് അടിയന്തരാവസ്ഥക്കാലത്തെ ഇത്തരം നടപടികളുടെ വംശീയസ്വഭാവം വെളിവാക്കുകയും ചെയ്യുന്നു.

വിവാദമായ 42-ാമത് ഭരണഘടനാ ഭേദഗതി ഇന്ത്യയെ പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ ഡിറിജിസ്റ്റ് കോര്‍പറേറ്റിസമായിരുന്നു ഇന്ദിരയുടെ കാലത്ത് നടപ്പായിരുന്ന ഇരുപതിന പരിപാടിയില്‍ പ്രകടമാക്കപ്പെട്ട 'സോഷ്യലിസം' എന്ന് ക്രിസ്റ്റഫ് ജാഫ്രലോയും പ്രതിനവ് അനിലും ചേര്‍ന്നെഴുതിയ ''ഇന്‍ഡ്യാസ് ഫസ്റ്റ് ഡിക്ടേറ്റര്‍ഷിപ്പ്-ദി എമേര്‍ജെന്‍സി, 1975-'77 എന്ന പുസ്തകം സമര്‍ത്ഥിക്കുന്നു. ആ പരിപാടികൊണ്ട് എന്തെങ്കിലും നേട്ടം ദരിദ്ര ജനവിഭാഗങ്ങള്‍ക്കു ഉണ്ടായെങ്കില്‍ അതും ഒടുവില്‍ ഇല്ലാതായതായും അതുമൂലം ഉന്നത വര്‍ഗ്ഗങ്ങള്‍ക്കു നേരിടേണ്ടിവന്ന അസന്തുലിതാവസ്ഥയെ അടിയന്തരാവസ്ഥ കാലത്തുതന്നെ മറികടന്ന് സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനായെന്നും (അതേ പുസ്തകം, പാര്‍ട്ട് വണ്‍, ചാപ്റ്റര്‍ ടു, ദ പൊളിറ്റിക്കല്‍ ഇക്കോണമി, ലുക്കിംഗ് ഫോര്‍ ഐഡിയോളജി).

ഏതായാലും, സമ്പദ്വ്യവസ്ഥ ഒരു പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടാകുന്നത്. രണ്ടു അയല്‍രാജ്യങ്ങളുമായുള്ള യുദ്ധം തളര്‍ത്തിയ സമ്പദ്വ്യവസ്ഥയായിരുന്നു പ്രധാനമന്ത്രിയായ ഇന്ദിരയ്ക്ക് അനന്തരാവകാശമായി കിട്ടിയത്. ബംഗ്ലാദേശ് യുദ്ധം ഭാരിച്ച ചെലവുള്ള ഒന്നായിരുന്നു. യുദ്ധത്തിന്റെ ചെലവ് ഒരാഴ്ച 200 കോടിയായിരുന്നു. ജി.ഡി.പിയുടെ വളര്‍ച്ചയേയും അത് ബാധിച്ചു. 0.9 ശതമാനം വളര്‍ച്ചയാണ് 1971-1972 കാലത്ത് സമ്പദ്വ്യവസ്ഥ കൈവരിച്ചത്. ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹവും വലിയ ചെലവിനു കാരണമായി. 1972-1973 സാമ്പത്തിക വര്‍ഷത്തില്‍ മഴക്കുറവും വരള്‍ച്ചയും കാര്‍ഷികോല്പാദനത്തെ ബാധിച്ചു. നിലനില്‍പ്പിനായി അപ്പോഴും ധാന്യ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന രാജ്യം യുദ്ധം നിമിത്തം വിദേശനാണ്യ ശേഖരത്തിലെ കുറവുകൊണ്ട് ബുദ്ധിമുട്ടിലായി. ആളുകളുടെ ക്രയശേഷിയെ വരള്‍ച്ചയും യുദ്ധവും ബാധിച്ചത് വ്യവസായ മേഖലയേയും തളര്‍ത്തി. വ്യവസായശാലകള്‍ പൂട്ടിയിടേണ്ടിവരികയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തു. ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കും താഴ്ന്ന വരുമാനവും ആരോഗ്യ മേഖലയേയും വിദ്യാഭ്യാസ മേഖലയേയും ബാധിച്ചു.

അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളും ഇന്ത്യയെ അക്കാലത്ത് സാമ്പത്തികമായി ബാധിച്ചു. 1973-ലെ ഓയില്‍ഷോക്ക് വിദേശനാണ്യശേഖരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കി. നാലിരട്ടിയായിട്ടാണ് അസംസ്‌കൃത എണ്ണയുടെ വിലവര്‍ദ്ധന ഉണ്ടായത്. രാസവളത്തിന്റേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വിലയില്‍ കുതിച്ചുചാട്ടമുണ്ടായി. നാണ്യപ്പെരുപ്പം നിയന്ത്രണാതീതമായി. വിദേശനാണ്യ പ്രതിസന്ധി മറികടക്കുന്നതിന് ഇന്ദിര ഐ.എം.എഫിന്റെ സഹായം തേടുകയും ചെയ്തു.

ഇന്ദിരാഗാന്ധി

ഈയൊരു സന്ദര്‍ഭത്തിലാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പിന്തുണയോടെയുള്ള പ്രതിപക്ഷ ഭീഷണിയും രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി രാഷ്ട്രസുരക്ഷയെ മുന്‍നിര്‍ത്തി ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തുടര്‍ന്നങ്ങോട്ട് സാമ്പത്തികരംഗത്ത് ഇന്ദിര കൈക്കൊണ്ട നടപടികള്‍ വന്‍കിട സ്വകാര്യ മൂലധനത്തിന് അനുകൂലമായിട്ടായിരുന്നുവെന്നത് ഇന്ത്യന്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയേയും അവരുടെ വര്‍ഗ്ഗതാല്പര്യത്തേയും സംരക്ഷിക്കുന്നതിനായിരുന്നു അടിയന്തരാവസ്ഥ എന്ന് വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികവും പണപരവും ആയ നടപടികളിലൂടെ 1974 ജൂലൈയോടെ നാണ്യപ്പെരുപ്പം തടയിടാന്‍ ഒരു പരിധിവരെ ഇന്ദിരയ്ക്കായി (ശ്രീനാഥ് രാഘവന്‍ എഴുതിയ 'ഇന്ദിരാഗാന്ധി: ഇന്‍ഡ്യ ആന്റ് ദ വേള്‍ഡ് ഇന്‍ ട്രാന്‍സിഷന്‍' എന്ന അധ്യായം, മേക്കേഴ്‌സ് ഒഫ് മോഡേണ്‍ ഏഷ്യ-രാമചന്ദ്രഗുഹ എഡിറ്റ് ചെയ്തത്).

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം, സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളിലെ ഗുണപരമായ മാറ്റം ലാക്കാക്കി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച പരിപാടിയില്‍ ബി.കെ. നെഹ്രുവിനെപ്പോലുള്ളവരുടെ മുന്‍കൈയാല്‍ ഉള്‍പ്പെടുത്തിയ മുതലാളിത്താനുകൂല നിര്‍ദ്ദേശങ്ങളെ വലിയ ബിസിനസ്സുകാര്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടുന്നതിന് അനുപേക്ഷണീയമായ അച്ചടക്കത്തിന്റേയും ഉല്പാദനക്ഷമതയുടേയും വ്യാവസായികരംഗത്തെ സമാധാനത്തിന്റേയും സാഹചര്യം സൃഷ്ടിക്കുന്നതിലേയ്ക്ക് നയിച്ച ഇന്ദിരയുടെ പ്രായോഗികതയേയും ഫലവത്തായ സമീപനത്തേയും ജെ.ആര്‍.ഡി. ടാറ്റ ശ്ലാഘിച്ചു. കൂടുതല്‍ മുതല്‍മുടക്കുണ്ടായതോടെ ഉല്പാദനത്തിലുണ്ടായ മുന്നേറ്റം സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കി. 1975-1976-ല്‍ കാര്‍ഷികോല്പാദനവും പല ഇരട്ടിയായി. ഘന, ലോഹവ്യവസായങ്ങള്‍, ഖനനം, വൈദ്യുതിരംഗങ്ങളില്‍ അടിയന്തരാവസ്ഥയുടെ രണ്ടു വര്‍ഷങ്ങളില്‍ വളര്‍ച്ചയുണ്ടായി. 1973-ല്‍ തൊഴില്‍ദിനങ്ങളുടെ നഷ്ടം 20 മില്യണ്‍ ആയിരുന്നെങ്കില്‍ രാഷ്ട്രീയ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയ 1975 കാലത്ത് അത് നാലു മില്യണ്‍ ആയിക്കുറഞ്ഞതാണ് എടുത്തുപറയേണ്ട ഒരു മാറ്റം. രണ്ടക്കത്തിലുണ്ടായിരുന്ന പണപ്പെരുപ്പനിരക്ക് 1976-ല്‍ 2.1 ആയി. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്തതാണ് മറ്റൊരു സവിശേഷത. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കൂടുതലായുള്ള വളര്‍ച്ചയ്ക്ക് അതു വഴിവെച്ചു.

1970-കള്‍ മുതലുള്ള കാലഘട്ടം ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെന്നപോലെ ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തിലും സവിശേഷ മാറ്റങ്ങളുടേതായിരുന്നു. 1970-കളിലാണ് ഇന്ത്യന്‍ മൂലധനത്തിന്റെ സ്വാഭാവിക ഊര്‍ജ്ജസ്വലത ഉണര്‍ന്നുവരുന്നത്. 1970-കളുടെ പകുതിയോടെ വാണിജ്യ സമൂഹത്തോടുള്ള ഇന്ദിരയുടെ രാഷ്ട്രീയ ചായ്വ് പ്രകടമായി. അതു അവസാന കാലഘട്ടം വരെയും തുടര്‍ന്നു. നേരത്തെ സ്വതന്ത്രാ പാര്‍ട്ടിപോലുള്ള രാഷ്ട്രീയ സംഘടനകളോട് താല്പര്യം കാണിച്ച ഇന്ത്യന്‍ വാണിജ്യവര്‍ഗ്ഗമാകട്ടെ, രാഷ്ട്രീയത്തില്‍ അവരുടെ ശബ്ദമായി ഇന്ദിരയെ കണ്ടുതുടങ്ങുകയും ചെയ്തു. 1980-ല്‍ അഖിലേന്ത്യാതലത്തില്‍ ഇന്ദിരയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തിരിച്ചുവരവ് നടത്തിയ സന്ദര്‍ഭത്തില്‍ ഡല്‍ഹിയിലെ ഒരു പ്രശസ്ത ഹോട്ടലില്‍ ഇന്ത്യന്‍ വ്യവസായികളുടെ സംഘടന ഒരു വിരുന്നു നല്‍കി. ധീരുഭായ് അംബാനിയായിരുന്നു മുഖ്യ ആതിഥേയന്‍. ഭരണകൂടവും വന്‍കിട ബിസിനസ്സും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വ്വചിക്കുന്നതിന്റെ തുടക്കമായിരുന്നു അടിയന്തരാവസ്ഥയെന്ന് ശ്രീനാഥ് രാഘവന്‍ തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ചുരുക്കത്തില്‍, ഇന്ത്യയില്‍ സമ്പദ്‌വ്യവസ്ഥയും മൂലധനവളര്‍ച്ചയും നേരിട്ട പ്രതിസന്ധി സൃഷ്ടിച്ച ഭരണാധികാരിയായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാ ഗാന്ധി. സ്വേച്ഛാധിപത്യവും പോപ്പുലിസവും ചേര്‍ന്ന ഒരു ചേരുവയാല്‍ ആര്‍ജ്ജിച്ച സോഷ്യലിസ്റ്റ് പ്രതിച്ഛായയും ബംഗ്ലാദേശ് വിമോചനത്തോടെ ലഭ്യമായ ഹിന്ദുത്വച്ഛായയുള്ള ദേശീയഹീറോയെന്ന വിശേഷണവും തുടക്കത്തില്‍ അവര്‍ക്കു നല്‍കിയ ജനപിന്തുണ അടിയന്തരാവസ്ഥയോടെ അവര്‍ക്കു നഷ്ടമായി. തീര്‍ച്ചയായും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനാഭിപ്രായത്തെ ഒരു പരിധിവരെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിത്തീര്‍ക്കാന്‍ തങ്ങളുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കും നേതാക്കള്‍ക്കും വേണ്ടി പണമൊഴുക്കുന്നവര്‍ക്കു കഴിയും. എന്നാല്‍, ജീവിതാനുഭവങ്ങള്‍ പഠിപ്പിക്കുന്ന പാഠമുള്‍ക്കൊള്ളുന്ന ജനത ക്ഷണനേരത്തേക്കെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുകയും ലഭ്യമാകുന്ന അവസരങ്ങളില്‍ ശരിയായി പ്രതികരിക്കുകയും ചെയ്യുമെന്നാണ് അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരയും അവരുടെ കക്ഷിയും നേരിട്ട പരാജയം വ്യക്തമാക്കുന്നത്.

ആര്‍.എസ്.എസ്സിന്റെ സജീവ പങ്കാളിത്തമുള്ള ലോക് സംഘര്‍ഷ് സമിതിയില്‍നിന്ന് അക്കാരണം കൊണ്ടുതന്നെ സി.പി.ഐ.എം വിട്ടുനിന്നു. അന്ന് ആ മുന്നണിയില്‍ ഔപചാരികമായി ചേരാതെ അതിനെ പിന്തുണച്ച മറ്റൊരു കക്ഷി ഡി.എം.കെ ആയിരുന്നു.

കമ്യൂണിസ്റ്റുകള്‍ എവിടെ നിന്നു

ആദ്യകാലങ്ങളില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലും ചിന്തയിലും മാര്‍ക്‌സിസത്തിന്റെ സ്വാധീനം പ്രകടമാക്കിയ ജയപ്രകാശ് നാരായണനായിരുന്നു '70-കളുടെ തുടക്കത്തില്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നതും അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധത്തിന്റെ കുന്തമുനയായതും. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ നെഹ്‌റുവിനു പിന്‍ഗാമിയായി ഉയര്‍ത്തിക്കാണിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ജെ.പിയുടേത്. എന്നാല്‍, അധികാര രാഷ്ട്രീയത്തോട് താല്പര്യം കാണിക്കാതിരുന്ന അദ്ദേഹം പദവികള്‍ ത്യജിക്കാന്‍ സന്നദ്ധനാകുകയാണ് ഉണ്ടായത്. സന്ന്യാസതുല്യമായ 'ത്യാഗവും വൈരാഗ്യവും' ആദരവോടെ എന്നും കണ്ടുപോരുന്ന ഇന്ത്യന്‍ ജനത അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമായതും ഇതുകൊണ്ടുതന്നെ.

ഇന്ദിരാ ഗാന്ധിയുടെ ഡിറിജിസ്റ്റ് കോര്‍പറേറ്റിസത്തെ സോഷ്യലിസമായി തെറ്റിദ്ധരിച്ച ഇന്ത്യയിലെ ഇടതുപക്ഷക്കാരില്‍ ഒരു വിഭാഗം അക്കാലത്തുതന്നെ കോണ്‍ഗ്രസ്സിനെ ഒരു മദ്ധ്യ-ഇടതുപാര്‍ട്ടിയായി നിലനിര്‍ത്താന്‍ ഇന്ദിരയെ സഹായിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ വലതുപക്ഷ വിഭാഗം അതേസമയം ഇന്ദിരയില്‍ നിന്നകലുകയും ചെയ്തിരുന്നു. സാര്‍വ്വദേശീയതലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് സി.പി.ഐ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുക എന്ന തന്ത്രം സ്വീകരിച്ചെങ്കില്‍ ചൈനീസ് പിന്തുണയുള്ള നക്‌സല്‍ പ്രസ്ഥാനക്കാരും ഇരുരാജ്യങ്ങളുടേയും പിന്തുണയില്ലാത്ത സി.പി.ഐ.എമ്മും ഇന്ദിരയേയും കോണ്‍ഗ്രസ്സിനേയും എതിര്‍ത്തിരുന്നു. അതേസമയം, സി.പി.ഐ.എം പാര്‍ലമെന്റില്‍ പൂര്‍ണ്ണമായും എതിര്‍പ്പിന്റെ പാത സ്വീകരിച്ചില്ല. സാമ്പത്തികരംഗത്തുള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ നയങ്ങളോടു പ്രശ്‌നാധിഷ്ഠിതമായി യോജിച്ചും വിയോജിച്ചും നിലകൊണ്ടു. ബംഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞടുപ്പുകള്‍ നീട്ടിവെയ്ക്കുന്ന കാര്യത്തിലും കൊക്കക്കോള നിരോധിക്കാനുള്ള ആവശ്യമുന്നയിക്കുന്ന കാര്യത്തിലും സി.പി.ഐ.എം പാര്‍ലമെന്റില്‍ എടുത്ത നിലപാട് ഇക്കാര്യം വ്യക്തമാക്കുന്നു.

ചരിത്രപരമായ കാരണങ്ങളാല്‍ 'പ്രൊഫഷണല്‍ കൊളാബറേറ്റര്‍'മാരാണ് കമ്യൂണിസ്റ്റുകള്‍ എന്നായിരുന്നു ജെ.പിയുടെ വിശ്വാസം. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാരുമായും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുമായും അവര്‍ കൂട്ടുചേര്‍ന്നുവെന്നായിരുന്നു ആക്ഷേപം. സി.പി.ഐയുടേയും സോവിയറ്റ് യൂണിയന്റേയും പിന്തുണ ഇടതു-മദ്ധ്യകക്ഷിയുടെ നേതാവെന്ന നിലയില്‍ ഇന്ദിരാ ഗാന്ധിക്കു ലഭിച്ചുവെങ്കിലും അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും പൊതുവെ ഇന്ദിരയ്‌ക്കെതിരെയായിരുന്നു. ലോഹൈ്യറ്റ് സോഷ്യലിസ്റ്റായിരുന്ന രാജ് നാരായണ്‍, ലോഹ്യാവിരുദ്ധനായ മധുലിമായെ തുടങ്ങി വ്യത്യസ്ത ഛായാഭേദങ്ങളിലുള്ള സോഷ്യലിസ്റ്റുകള്‍, നക്‌സലൈറ്റ് പ്രസ്ഥാനങ്ങളില്‍ പെട്ടവര്‍, സി.പി.ഐ.എം തുടങ്ങിയ കക്ഷികള്‍ ഇവരെല്ലാം ആദ്യം ഇന്ദിരയ്‌ക്കെതിരേയും പിന്നീട് അടിയന്തരാവസ്ഥായ്‌ക്കെതിരേയും സമരത്തിലുണ്ടായി. എന്നാല്‍, ആര്‍.എസ്.എസ്സിന്റെ സജീവ പങ്കാളിത്തമുള്ള ലോക് സംഘര്‍ഷ് സമിതിയില്‍നിന്ന് അക്കാരണം കൊണ്ടുതന്നെ സി.പി.ഐ.എം വിട്ടുനിന്നു. അന്ന് ആ മുന്നണിയില്‍ ഔപചാരികമായി ചേരാതെ അതിനെ പിന്തുണച്ച മറ്റൊരു കക്ഷി ഡി.എം.കെ ആയിരുന്നു. അടിയന്തരാവസ്ഥയുടെ ഭാഗമായി അന്ന് വിദ്യാര്‍ത്ഥിനേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവരെല്ലാം തടവിലാക്കപ്പെട്ടു. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ രാഷ്ട്രീയ തടവുകാരില്‍ ഉള്‍പ്പെടുന്നു. ഇടതുപക്ഷ അനുഭാവികളായ പത്രപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, അജിത് ഭട്ടാചാര്യ, ബുദ്ധിജീവിയും അക്കാദമീഷ്യനുമായ യു.ആര്‍. അനന്തമൂര്‍ത്തി, സ്‌നേഹലതാ റെഡ്ഢി എന്നിവരും അടിയന്തരാവസ്ഥയുടെ ഇരകളായി. സ്‌നേഹലത തടവില്‍ക്കിടന്ന് രോഗിയായി മരണമടഞ്ഞു.

ഗുല്‍സാറിന്റെ 'ആന്ധി', 'കിസാ കുര്‍സി കാ', ശബാനാ ആസ്മി അഭിനയിച്ച 'ജനത' എന്നീ സിനിമകള്‍ നിസ്സാര കാരണങ്ങളാല്‍ നിരോധിക്കപ്പെട്ടു.

അധികാരകേന്ദ്രീകരണം, അവകാശലംഘനങ്ങള്‍, അതിക്രമങ്ങള്‍

ഹിമ്മത്ത്, സെമിനാര്‍, മെയിന്‍ സ്ട്രീം, ജനത, ക്വസ്റ്റ്, ഫ്രീഡം ഫസ്റ്റ്, ഫ്രോണ്ടിയര്‍, സാധന, തുഗ്ലക്ക്, സ്വരാജ്യ, നിരീക്ഷക് എന്നിവയുള്‍പ്പെടെയുള്ള മാസികകളും ജേണലുകളും സെന്‍സര്‍ ചെയ്യുകയും നിരോധിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസും ദ സ്റ്റേറ്റ്‌സ്മാനും എഡിറ്റോറിയല്‍ കോളം ശൂന്യമാക്കി. ദ ടൈംസ് ഓഫ് ലണ്ടന്‍, ദ ഡെയ്ലി ടെലിഗ്രാഫ്, ദ വാഷിംഗ്ടണ്‍ പോസ്റ്റ്, ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍, ദ ലോസ് ആഞ്ചലസ് ടൈംസ് എന്നിവയുടെ ലേഖകരെ പുറത്താക്കിയപ്പോള്‍ ദി ഇക്കണോമിസ്റ്റ്, ദ ഗാര്‍ഡിയന്‍ എന്നിവയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഭീഷണിയെത്തുടര്‍ന്ന് നാടുവിട്ടുപോയി. ബിബിസി ലേഖകനായ മാര്‍ക്ക് ടുള്ളിയെ പിന്‍വലിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഇന്ത്യന്‍ എക്‌സ്പ്രസിലെ കുല്‍ദീപ് നയ്യാരെ കസ്റ്റഡിയിലെടുത്തു. 1976 മെയ് മാസത്തില്‍ ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ വിവരമനുസരിച്ച് അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ 7,000 പേരെ തുറുങ്കിലടച്ചു.

സഞ്ജയ് ബ്രിഗേഡില്‍ ഉള്‍പ്പെട്ട വിദ്യാചരണ്‍ ശുക്ലയുടെ ആജ്ഞപ്രകാരം മുംബൈയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പാടാന്‍ വിസമ്മതിച്ചതിനു ഗായകന്‍ കിഷോര്‍ കുമാറിന് ആകാശവാണിയുള്‍പ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തി.

ഗുല്‍സാറിന്റെ 'ആന്ധി', 'കിസാ കുര്‍സി കാ', ശബാനാ ആസ്മി അഭിനയിച്ച 'ജനത' എന്നീ സിനിമകള്‍ നിസ്സാര കാരണങ്ങളാല്‍ നിരോധിക്കപ്പെട്ടു.

മിസ, ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് എന്നിവ പ്രകാരം രാജ്യത്തുടനീളം തടവിലാക്കപ്പെട്ടവരുടെ എണ്ണം 1,10,806 ആയിട്ടാണ് അടിയന്തരാവസ്ഥാ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മിഷന്‍ കണക്കാക്കിയിട്ടുള്ളത്. 30 എം.പിമാര്‍ ജയിലിലായി. രാഷ്ട്രീയ തടവുകാരും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. ചികിത്സയ്ക്കായി പരോള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് എഴുത്തുകാരിയും നടിയുമായ സ്‌നേഹലത റെഡ്ഡി ജയിലില്‍വെച്ച് മരിച്ചു. കേരളത്തില്‍ രാജനും വര്‍ക്കല വിജയനും പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നു മരിച്ചു. ഇടതു പക്ഷത്തിന്റെ വെള്ളിനക്ഷത്രം എന്നു വിശേഷിപ്പിക്കപ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ലോറന്‍സ് ഫെര്‍ണാണ്ടസ് തന്റെ സഹോദരന്‍ എവിടെയാണെന്നു വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു പൊലീസ് പീഡിപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് മൃണാള്‍ ഗോറേ മാനസികനില തെറ്റിയ ഒരാളേയും കുഷ്ഠരോഗം ബാധിച്ച മറ്റൊരാളേയും പാര്‍പ്പിച്ച സെല്ലില്‍ തടവിലാക്കപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ ചുവന്ന ദശകത്തില്‍ അവരുടെ ഉപദേഷ്ടാവായിരുന്ന പി.എന്‍. ഹക്‌സറിന്റെ കുടുംബാംഗങ്ങളെപ്പോലും വെറുതെവിട്ടില്ല.

അടിയന്തരാവസ്ഥക്കാലത്ത് 38 മുതല്‍ 42 വരെ ഭരണഘടനാ ഭേദഗതികള്‍ പാസ്സാക്കി. അടിയന്തരാവസ്ഥയുടെ പ്രഖ്യാപനങ്ങള്‍, പരസ്പരം അതിര്‍ലംഘിക്കുന്ന പ്രഖ്യാപനങ്ങളുടെ ജുഡീഷ്യല്‍ അവലോകനം, രാഷ്ട്രപതിയോ ഗവര്‍ണര്‍മാരോ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍, മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനെ 38-ാം ഭേദഗതി തടഞ്ഞെങ്കില്‍ 39-ാമത് ഭേദഗതി തെരഞ്ഞെടുപ്പ് കേസിനെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന സുപ്രീംകോടതി നടപടികളില്‍നിന്ന് പ്രധാനമന്ത്രിയെ സംരക്ഷിച്ചു. ഈ ഭേദഗതി ജുഡീഷ്യല്‍ അവലോകനത്തിനു വിധേയമാകാതിരിക്കാനായി ഒന്‍പതാം ഷെഡ്യൂളില്‍പ്പെടുത്തി. രാഷ്ട്രപതിക്കോ പ്രധാനമന്ത്രിക്കോ ഗവര്‍ണര്‍ക്കോ എതിരെ ഒരു ക്രിമിനല്‍ നടപടിയും അവരുടെ അധികാര കാലാവധിക്കു മുന്‍പേയോ അതിനുമുന്‍പോ ചെയ്ത പ്രവൃത്തികളെ പ്രതി ഉണ്ടാകാന്‍ പാടില്ല എന്ന് 41-ാം ഭേദഗതി അനുശാസിക്കുന്നു. 42-ാം ഭേദഗതി ഭരണഘടന മാറ്റാന്‍ പാര്‍ലമെന്റിന് അനിയന്ത്രിതമായ അധികാരം നല്‍കുകയും ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന കേശവാനന്ദ ഭാരതി കേസിലെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT