എം.മുകുന്ദന്‍ സജി ജെയിംസ്
Articles

ജ്ഞാനപീഠം വലിയ എഴുത്തുകാർക്കുള്ളതാണ്. ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല: എം. മുകുന്ദന്‍

എഴുത്തുജീവിതം, യാത്രകൾ, രാഷ്ട്രീയം-മുകുന്ദൻ, കാലത്തിന്റെ പല പാലങ്ങളിലൂടെ ഈ സംഭാഷണത്തിൽ കടന്നുപോകുന്നു

താഹാ മാടായി

എം. മുകുന്ദനുമായി സംസാരിക്കാനിരിക്കുമ്പോൾ ഏതെങ്കിലുമൊരു വിഷയത്തിൽത്തന്നെ ഫോക്കസ് ചെയ്യണമെന്നില്ല. വിഷയങ്ങൾ മയ്യഴിയിലെ തുമ്പികൾപോലെ പറന്നുവരും. ഈ ദീർഘ സംഭാഷണത്തിൽത്തന്നെ സന്ദേഹിയായ ആ പഴയ മുകുന്ദനേയും സത്യാനന്തരകാലത്തെ മുകുന്ദനേയും കാണാം. എഴുത്തിൽ വിസ്‌ഫോടനസ്വഭാവമുള്ള ആശയലോകത്തേയ്ക്കു വായനക്കാരെ കൊണ്ടുപോയ മുകുന്ദൻ. എഴുത്തുകാരൻ എന്ന നിലയിൽ ‘തുരുമ്പ്’ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. എഴുത്തിലെന്നപോലെ സമകാലിക സംഭവങ്ങളുടെ പ്രതികരണ ലോകത്തും തത്സമയ ഹാജർ രേഖപ്പെടുത്തുന്നു. കുറച്ചു കാലത്തിനുശേഷം എം. മുകുന്ദനുമായി വീണ്ടും സംസാരിക്കുകയാണ്. രസകരമായ ഒരു കാര്യം മയ്യഴിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പാർക്കിലൂടെ ഞങ്ങൾ നടന്നു. മനോഹരമാണ് ആ ഇടം. ജീവിച്ചിരിക്കുന്ന ഒരെഴുത്തുകാരന് ഇത്രയും മനോഹരമായ ഒരു പാർക്ക് ഇന്ത്യയിൽത്തന്നെ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും നവയൗവ്വനങ്ങളും കാറ്റുകൊള്ളാനും സല്ലപിക്കാനും വരുന്ന ‘എം. മുകുന്ദൻ പാർക്ക്’. നമ്മുടെ ഭാവുകത്വത്തിനു തീപിടിപ്പിച്ച ഒരെഴുത്തുകാരന്റെ പേരിലുള്ള ഈ പാർക്ക് എത്രയോ സ്വച്ഛമാണ്. സ്വാഭാവികമായും മാഹിയിൽ മറ്റുചില ഇടങ്ങളും ഞങ്ങൾ സന്ദർശിച്ചു.

എഴുത്തുജീവിതം, യാത്രകൾ, രാഷ്ട്രീയം-മുകുന്ദൻ, കാലത്തിന്റെ പല പാലങ്ങളിലൂടെ ഈ സംഭാഷണത്തിൽ കടന്നുപോകുന്നു. എം. മുകുന്ദനുമായി വീണ്ടും സംസാരിക്കാനിരിക്കുമ്പോൾ ഏറ്റവും പുതിയ ചില കാര്യങ്ങൾ വായനക്കാർ പ്രതീക്ഷിക്കും എന്നുറപ്പുണ്ട്.

ഒരു ദീർഘദൂര യാത്രയിൽ വായിക്കാൻ വേണ്ടി മുകുന്ദേട്ടൻ തിരഞ്ഞെടുക്കുന്ന സ്വന്തം കൃതി ഏതായിരിക്കും?

എന്റെ സ്വന്തം കൃതികൾ, അതൊക്കെ എഴുതുന്നതിനു മുന്‍പുതന്നെ ഞാൻ വായിച്ചിട്ടുണ്ടാകും. കടലാസിൽ എഴുതിത്തുടങ്ങുന്നതിനു മുന്‍പ് മനസ്സിൽ എഴുതുന്ന ഒരു അവസ്ഥയുണ്ട്. ആ അവസ്ഥയിൽ ഞാൻ മാത്രമാണ് എന്റെ രചനകൾ വായിക്കുന്നത്. ഞാൻ മാത്രം എഴുതുകയും വായിക്കുകയും ചെയ്യുന്ന രചനയുടെ ആ ഘട്ടം എനിക്കു വളരെ പ്രിയപ്പെട്ടതാണ്. ആ പ്രക്രിയയിൽ ഞാൻ പൂർണ്ണമായും സ്വതന്ത്രനാണ്. വായനക്കാരോ വിമർശകരോ പ്രസാധകരോ ആരുമില്ല. പിന്നെ എഴുതിക്കഴിഞ്ഞാൽ തിരുത്തലുകൾക്കുവേണ്ടി എഴുതിയത് വീണ്ടും വായിക്കുന്നു. അച്ചടിച്ചു പുസ്തകമായി വന്നാൽ വീണ്ടും ഒരു വായന. അങ്ങനെ പലതവണ പലരീതിയിൽ വായിച്ച സ്വന്തം പുസ്തകങ്ങൾ യാത്രയിൽ ഞാനെന്തിനു വീണ്ടും വായിക്കുന്നു? യാത്രകളിൽ ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്നത് മറ്റു എഴുത്തുകാരുടെ പുസ്തകങ്ങളാണ്.

ഈ കൃതി തിരഞ്ഞെടുക്കുമ്പോൾ മാറ്റിവെക്കാൻ സാധ്യതയുള്ള, യാത്രയിലെന്നല്ല, ഒരിക്കൽപ്പോലും വീണ്ടും തുറന്നുനോക്കാൻ ആഗ്രഹമില്ലാത്ത സ്വന്തം പുസ്തകം?

നിർഭാഗ്യവശാൽ അങ്ങനെയൊരു പുസ്തകമില്ല. എന്റെ സകല പുസ്തകങ്ങളും എപ്പോഴും വീണ്ടും വീണ്ടും ഞാൻ തുറന്നുനോക്കാറുണ്ട്. എഴുതിയതൊക്കെ നൂറു ശതമാനവും സംതൃപ്തി നൽകുന്നു എന്നു പറയാൻ കഴിയില്ല. ചിലപ്പോൾ ഞാൻ എന്റെ ചില പുസ്തകങ്ങളെ ഇഷ്ടപ്പെടില്ല. പിന്നീട് ആ പുസ്തകങ്ങളോടുള്ള എന്റെ സമീപനം മാറിയെന്നും വരാം. ‘സാവിത്രിയുടെ അരഞ്ഞാണം’ എന്ന ലഘു നോവൽ സംതൃപ്തി നൽകിയിരുന്നില്ല. ഒരിക്കൽ ആഗോളതലത്തിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് നോവലിസ്റ്റ് അനിത നായരെ കണ്ടപ്പോൾ അവർ ‘സാവിത്രിയുടെ അരഞ്ഞാണ’ത്തെ വളരെ പുകഴ്ത്തിപ്പറഞ്ഞു. അതോടെ ഞാൻ എന്റെ അഭിപ്രായം മാറ്റി. ആ ലഘു നോവലിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. അപ്പോൾ എനിക്കു സ്വന്തമായി അഭിപ്രായമില്ലേ എന്നു ചോദിച്ചേക്കാം. ഉണ്ട്. അതു നിരന്തരം രൂപാന്തരപ്പെടുന്നതാണ്. അതുകൊണ്ടാണ് ചിലർ ഞാൻ നിലപാടുകളില്ലാത്ത എഴുത്തുകാരനാണെന്നു പറയുന്നത്. എഴുത്തുകാർ സദാ മാറിക്കൊണ്ടിരിക്കണം. മാറ്റങ്ങളിലൂടെയാണ് നമ്മൾ മുന്നോട്ടുപോകുന്നത്.

എം. മുകുന്ദന്‍

അതേ യാത്രയിൽ സഹയാത്രികരായി രണ്ടോ മൂന്നോ എഴുത്തുകാർ കൂട്ടു വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ അവർ ആരായിരിക്കും?

ടി. പദ്മനാഭനും എം.ടി. വാസുദേവൻ നായരും. അവർ രണ്ടുപേരും ഒന്നിച്ച് എന്റെ കൂടെയുണ്ടാകണം. എങ്കിൽ എത്ര നീണ്ട യാത്രയ്ക്കും ഞാൻ തയ്യാറാണ്.

ആ യാത്രയിൽ, ഒപ്പമുള്ള ആരെങ്കിലുമായി ഏതെങ്കിലും വിഷയത്തിൽ സംസാരിച്ച് തെറ്റിപ്പിരിഞ്ഞ് ഇടയ്ക്കേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാൻ സാധ്യതയുണ്ടോ?

ഇല്ല. ആരെങ്കിലും കലഹിച്ച് ഇറങ്ങിപ്പോകുന്നുണ്ടെങ്കിൽ അതു ഞാനായിരിക്കില്ല. അവരിൽ ഒരാളായിരിക്കും. 91 വയസ്സുള്ള എം.ടിയെക്കാൾ ശാരീരികബലമുള്ളത് 97 വയസ്സുള്ള പപ്പേട്ടനാണ്. പപ്പേട്ടൻ എം.ടിയെ ട്രെയിനിൽനിന്നു ബലംപ്രയോഗിച്ച് പിടിച്ചിറക്കിയെന്നുവരാം.

എം. മുകുന്ദന്‍

ഇതെന്തിന് എഴുത്തുകാരിലേയ്ക്ക് മാത്രമായി ചുരുക്കണം. സഹയാത്രികരായി ഒരു സിനിമാ നടിയോ നടനോ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ ആരായിരിക്കും?

നടനെങ്കിൽ, മോഹൻലാൽ. നടിയെങ്കിൽ, പാർവതി തെരുവോത്ത്. സംവിധായകനെങ്കിൽ, അടൂർ ഗോപാലകൃഷ്ണൻ.

കണ്ണൂരിൽനിന്ന് ഡൽഹിയിലേയ്ക്കുള്ള ആ ദീർഘദൂര യാത്രയിൽ ഏതെങ്കിലും അന്തഃചോദനയാൽ ഇടക്കൊരു സ്റ്റേഷനിൽ ഇറങ്ങുകയാണെങ്കിൽ അത് ഏതായിരിക്കും?

ഇപ്പോൾ ഞാൻ കണ്ണൂരിൽനിന്ന് ഡൽഹിയിലയ്ക്ക് പോകുന്നത് വിമാനത്തിലാണ്. ആഡംബരഭ്രമം കൊണ്ടല്ല. വിമാനക്കൂലി വളരെ കുറഞ്ഞതാണ് കാരണം. ആകാശത്തിൽ റെയിൽവേ സ്റ്റേഷനില്ലാത്തതുകൊണ്ട് ഞാൻ എവിടെയും ഇറങ്ങാതെ നേരെ ഡൽഹിയിലേയ്ക്ക് പോകും.

ഇപ്പോൾ നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഇന്ത്യൻ ജനത പ്രതീക്ഷാനിർഭരമായ ചില തീരുമാനങ്ങളെടുത്തല്ലൊ. ‘പ്രവാസം’ എന്ന നോവലിൽ അവസാനം, രാഹുൽ എന്ന പ്രതീക്ഷയർപ്പിക്കുന്നത്. അതു ബോധപൂർവ്വമായ ഒരു തിരഞ്ഞെടുപ്പായിരുന്നോ?

ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത് നമുക്കു പ്രതീക്ഷ നൽകുന്നു. എന്നാൽ, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വളരെയധികം നിരാശ നൽകുന്നു. പലസ്തീനിലും ഇസ്രയേലിലും മറ്റും സംഭവിക്കുന്നത് കാണുമ്പോൾ നമുക്കു വരുംകാലങ്ങളിൽ മനഃസമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

ലോകം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നരേന്ദ്ര മോദിയേയും ഡോണാൾഡ് ട്രംപിനേയും പോലുള്ളവർക്കുവേണ്ടിയാണെന്നു തോന്നുന്നു. നമുക്കു വേണ്ടിയല്ല. ലോകത്തിന്മേൽ അവർ കൈവരിച്ചിട്ടുള്ള അവകാശം റദ്ദ് ചെയ്യാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യണം. വെറുതെ പ്രതീക്ഷകൾ വെച്ചുപുലർത്തിയും സ്വപ്നം കണ്ടും നടന്നാൽ പോരാ. പ്രവർത്തിക്കണം. പ്രവർത്തിച്ച് ദുർബ്ബലമായി വരുന്ന ഇടതുപക്ഷത്തെ വീണ്ടും ബലപ്പെടുത്തണം.

ഇപ്പോൾ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ, കോൺഗ്രസ്സിനെ തിരിഞ്ഞുകുത്തുന്നുമുണ്ട്. ‘ഡൽഹി ഗാഥ’കളിൽ അതിന്റെ തീക്ഷ്ണമായ വിവരണങ്ങൾ കാണാം. ഷണ്ഡീകരിക്കപ്പെട്ട, അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനതയുടെ വിങ്ങലും വിലാപവും... ഭരണഘടനയെപ്പറ്റിയും ഇന്ത്യൻ ജനാധിപത്യത്തെപ്പറ്റിയുമുള്ള കോൺഗ്രസ്സിന്റെ അവകാശവാദങ്ങൾ നിരർത്ഥകവും സംശയാസ്പദവുമല്ലേ? ബി.ജെ.പിയെക്കാൾ അവർ എങ്ങനെ മെച്ചപ്പെട്ടുനിൽക്കുന്നു എന്നാണ് പറയുന്നത്?

അടിയന്തരാവസ്ഥ കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച ഒരു കൈത്തെറ്റാണ്. ഒരു അബദ്ധമാണ്. അവർ കണ്ട ഒരു ദുഃസ്വപ്നമാണ്. അടിയന്തരാവസ്ഥയെ മായ്‌ചുകളഞ്ഞാൽ കോൺഗ്രസ്സിനോട് എനിക്ക് അയിത്തമൊന്നുമില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ചിതറിപ്പോകാതെ ഒന്നിച്ചു നിർത്തിയെന്നതാണ് അവർ കൈവരിച്ച വലിയൊരു നേട്ടം. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ ഒരു ആധുനിക ഇന്ത്യയെ നിർമ്മിക്കാൻ ഒരു പരിധിവരെ അവർക്കു സാധിച്ചിട്ടുണ്ട്. ബി.ജെ.പിയെക്കുറിച്ച് അങ്ങനെ പറയാൻ കഴിയുകയില്ല. ഗുജറാത്തിലും മറ്റും അവർ നടത്തിയ കൂട്ടക്കൊലകളും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പീഡനങ്ങളും ഒരു കയ്യബദ്ധമല്ല. ദീർഘകാലാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഒരു പദ്ധതിയുടെ ഭാഗമാണത്.

എം. മുകുന്ദന്‍

ഏതെങ്കിലും തരത്തിൽ നാഗരികമാക്കാൻ കോൺഗ്രസ് ശ്രദ്ധിച്ചിരുന്നോ?

നമ്മുടെ രാജ്യത്ത് ഗ്രാമം നഗരമാകുന്നത് വികസനത്തിന്റെ ഭാഗമായാണ്. എക്സ്പ്രസ് ഹൈവേകളും ഷോപ്പിംഗ് മാളുകളുമൊക്കെയാണ് നമുക്കു വികസനം. കഞ്ഞിയും ചെറുപയറു പുഴുക്കും ചോറും അയിലക്കറിയും ഉപേക്ഷിച്ച് കെ.എഫ്‌.സി ഫ്രൈഡ് ചിക്കനും മാക്‌ഡോണാൾഡ് ബർഗറും ഡോമിനോ പിയും കഴിക്കുന്നതും നമുക്കു വികസനമാണ്. ഈ പ്രവണതയ്ക്ക് തടയിടാൻ കോൺഗ്രസ്സുകാരോ ഇടതുപക്ഷമോ വിചാരിച്ചാൽ സാധിക്കില്ല. ചൈനയ്ക്കുപോലും കഴിയാത്തതാണത്. നമ്മുടെ യുവതലമുറ വിചാരിച്ചാൽ മാത്രമേ അതു നടക്കുകയുള്ളൂ. പക്ഷേ, അവർ വിചാരിക്കണ്ടേ? തെറ്റായ ചൈനയ്ക്കു ഭക്ഷണസംസ്കാരത്തിന്റെ ഫലമായി അർബ്ബുദം പോലുള്ള മഹാമാരികൾ സമൂഹത്തിൽ പരന്നിട്ടും യുവത ഒന്നും മനസ്സിലാക്കുന്നില്ല.

യാത്രയിലേയ്ക്കു തന്നെ വരാം. താങ്കൾ ഒരു ബസ് ഫാനാണെന്ന് അറിയാം. അതും KSRTC ബസ്. ബസ്സിൽ സഞ്ചരിച്ച് കൂടെക്കൂടെ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ?

ഒന്ന് കോഴിക്കോട് സാഹിത്യനഗരമാണ്. ഈയിടെ അവിടെ നടന്ന ഒരു ചടങ്ങിൽ വേദിയിൽ എന്റെ കൂടെ ഇരുന്നത് ആരൊക്കെയാണെന്ന് കേൾക്കണോ? എസ്.കെ. പൊറ്റെക്കാടിന്റെ മകൾ, ബഷീറിന്റെ മകൻ, ഉറൂബിന്റെ മകൻ, തിക്കോടിയന്റെ മകൾ, എൻ.പി. മുഹമ്മദിന്റെ മകൻ... ബസിൽ കയറി പോയി കാണാൻ ഞാൻ ആഗ്രഹിക്കുന്ന മറ്റൊരു സ്ഥലം ധർമ്മടത്തെ എം.എൻ. വിജയൻ മാഷ് താമസിച്ച ‘കരുണ’ എന്ന വീടാണ്. വിജയൻ മാഷ് എപ്പോഴും ‘ബസി’ലാണ് സഞ്ചരിച്ചിരുന്നത്. ഇരിക്കാൻ കഴിയാത്ത ഒരു അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. ബസിൽനിന്നുകൊണ്ടാണ് മാഷ് സഞ്ചരിച്ചത്. അദ്ദേഹം നിന്നുകൊണ്ടാണ് മരിച്ചത്. ഇരിക്കാൻ കൂട്ടാക്കാതെ സദാ നിവർന്നുനിൽക്കുന്ന ഒരു മനുഷ്യനായിരുന്നു വിജയൻ മാഷ്.

യാത്രകൾ എങ്ങനെയാണ് അനുഭവപ്പെടുന്നത്?

യാത്രകൾ ലോകത്തെ വലുതായി കാണാൻ എന്നെ സഹായിച്ചിട്ടുണ്ട്. പാരീസിലെ വിഹാർ ഹ്യൂഗോവിന്റെ ശവകുടീരം സന്ദർശിച്ചതിനുശേഷം കുറേനാളുകൾ ഹ്യൂഗോവിന്റെ കണ്ണുകൾകൊണ്ടാണ് ഞാൻ ലോകത്തെ കണ്ടത്. എസ്.കെ. പൊറ്റെക്കാടിനെപ്പോലെ കപ്പലിൽ യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. ഒരിക്കൽ ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടുവരെ ഞാൻ കപ്പൽ യാത്ര നടത്തിയിരുന്നു. രാത്രി കപ്പലിൽ കയറി പുലരുമ്പോൾ ഡോവറിലെത്തി. അപ്പോൾ വൈറ്റ് ക്ലിഫുകൾ വെളുത്തുവരുന്നുണ്ടായിരുന്നു.

എംബസിക്കാലം, ഒരർത്ഥത്തിൽ ആത്മകഥയാണ്. ഇനി ഒരാത്മകഥയുടെ സാധ്യത ഇല്ലെന്നാണോ മനസ്സിലാക്കേണ്ടത്?

ആത്മകഥ എഴുതാൻ എനിക്കു മടിയാണ്. വലിയ ജീവിതം ജീവിച്ച വലിയ എഴുത്തുകാരാണ് ആത്മകഥ എഴുതേണ്ടത്. ഞാൻ ചെറിയൊരു ജീവിതം ജീവിച്ചയാളാണ്. എന്നെ സംബന്ധിച്ചുള്ള എല്ലാം ചെറുതാണ്. എന്റെ ശരീരംപോലും ചെറുതാണ്. എന്റെ ഹൃദയവും മനസ്സും എന്റെ സാഹിത്യവും എന്റെ പ്രശസ്തിയും ‍ഡൽഹിയിൽ ദീർഘകാലം ഞാൻ താമസിച്ച വീടുകളും എല്ലാം വളരെ ചെറുതാണ്. ഞാനൊരു മിനി മനുഷ്യനാണ്.

വി.എസ്

പിണറായി വിജയനും നായനാരും അതിൽ കഥാപാത്രങ്ങളായി വരുന്നു. “കേശവന്റെ വിലാപങ്ങളിൽ ഇ.എം.എസ്സിനേയും ദിനോസറിൽ പരോക്ഷമായി വി.എസ്സിനേയും കഥാപാത്രമാക്കി?

ഇനിയും നേതാക്കളെ ഞാൻ കഥാപാത്രങ്ങളായി അവതരിപ്പിക്കും. എന്നാൽ, അതു വ്യത്യസ്തമായ രീതിയിലായിരിക്കും. ഇതുവരെ നടന്നതുപോലെ ഇനിയും ഞാൻ നേതാക്കളോടൊപ്പം നടക്കും. പക്ഷേ, ഞാൻ അവരെ പിന്തുടരുകയില്ല. ഇനി ഞാൻ പിന്തുടരുക, ജനങ്ങളെയായിരിക്കും. ജനങ്ങൾ എന്നെ നയിക്കട്ടെ. ചില നേതാക്കളെ പിന്തുടരുന്നത് ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിക്കുന്നതുപോലെയാണ്. വെള്ളക്കെട്ടിലോ ചളിക്കുണ്ടിലോ ചെന്നു വീണെന്നുവരാം. ഞാൻ ജനങ്ങളുടെ ഒരു നല്ല ഫോട്ടോ അന്വേഷിക്കുകയാണ്. അതു കിട്ടിയാൽ ഫ്രെയിം ചെയ്ത് എഴുത്തുമുറിയിൽ തൂക്കും. ശിഷ്ടകാലം ഞാൻ എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് ആ ഫോട്ടോവിൽ നോക്കിക്കൊണ്ടായിരിക്കും.

മരിച്ചുപോയവരിൽനിന്ന് ഈ കാലത്തിനുവേണ്ടി തിരിച്ചുവിളിക്കാൻ ആഗ്രഹിക്കുന്ന നേതാക്കൾ ആരാണ്?

എ.കെ.ജിയും ഇ.എം.എസ്സും ഇ.കെ. നായനാരും ഉമ്മൻ ചാണ്ടിയും ഞാൻ തിരിച്ചുവിളിക്കാൻ ആഗ്രഹിക്കുന്ന നേതാക്കളാണ്. വി.എസ്. അച്യുതാനന്ദൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മുടെ ഇടയിൽനിന്നു പോയാൽ അദ്ദേഹത്തേയും തിരിച്ചുവിളിക്കാനാണ് എന്റെ ആഗ്രഹം. ഞാൻ വിളിച്ചാൽ വി.എസ്. വരുമോ എന്നറിയില്ല. അദ്ദേഹത്തിന് എന്നോട് ദേഷ്യമാണ്. എനിക്കാണെങ്കിൽ സഖാവിനോട് തരിമ്പും ദേഷ്യമില്ല.

വ്യക്തിപരമായ ഒരു സംഭാഷണത്തിൽ ഒരു കലാലയത്തിൽനിന്നുണ്ടായ അനുഭവത്തെക്കുറിച്ചു മുന്‍പ് പറഞ്ഞിരുന്നു. അവിടെ ഏതോ ഒരു അത്രയൊന്നും പ്രസക്തനല്ലാത്ത ഒരു സിനിമാതാരം വന്നപ്പോൾ മുതിർന്ന എഴുത്തുകാരനായിട്ടും താങ്കൾ അരികുവൽക്കരിക്കപ്പെട്ട ഒരു സംഭവം. എഴുത്തുകാർ ഈ വിധം സെലിബ്രിറ്റികളാവാത്തത് എന്തുകൊണ്ടാണ്?

എഴുത്തുകാർക്ക് ഒരിക്കലും താരങ്ങളാകാൻ കഴിയില്ല. അതിന്റെ ആവശ്യവുമില്ല. ഊതിവീർപ്പിച്ച അനാവശ്യമായ സെക്യൂരിറ്റിയും ജനങ്ങളിൽനിന്നു സൂക്ഷിക്കുന്ന അകലവുമാണ് പല സിനിമാതാരങ്ങളേയും സെലിബ്രിറ്റികളാക്കുന്നത്. അവർ എഴുത്തുകാരെപ്പോലെ പതിവായി അകമ്പടിയില്ലാതെ നിരത്തിലിറങ്ങി നടക്കുകയും അങ്ങാടിയിൽ പോയി മീനും പച്ചക്കറിയും വാങ്ങി നാട്ടുകാരോട് കുശലം പറഞ്ഞു വീട്ടിൽ നടന്നുപോകുകയും ചെയ്താൽ പിന്നീട് ആരും അവരെ താരങ്ങളായി കരുതില്ല. അവർ എഴുത്തുകാരെപ്പോലെയാകും. പക്ഷേ, അങ്ങനെ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്കു താരങ്ങളും വേണം. വലിയ വലിയ താരങ്ങൾ.

താങ്കൾക്കിനിയും ജ്ഞാനപീഠം കിട്ടിയില്ല. ഒഴിവാക്കപ്പെടുന്നത് രാഷ്ട്രീയ കാരണങ്ങളാലാണോ?

ജ്ഞാനപീഠം വലിയ എഴുത്തുകാർക്കുള്ളതാണ്. ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല.

താങ്കൾക്കു ജെ.സി.ബി പുരസ്കാരം കിട്ടിയിട്ടുണ്ട്. അതു താങ്കൾ ചെറിയ എഴുത്തുകാരനായതുകൊണ്ടാണോ?

ജെ.സി.ബി പുരസ്കാരം എഴുത്തുകാരന്റെ വലിപ്പം നോക്കിയല്ല നൽകുന്നത്. ജ്ഞാനപീഠപുരസ്കാരത്തിനു സംവരണമുണ്ട്. ഏതെങ്കിലും ഒരു ഭാഷയുടെ ഊഴം വരുമ്പോൾ ആ ഭാഷയിലെ ഒരു എഴുത്തുകാരനെ സമ്മാനത്തിനായി തിരഞ്ഞെടുക്കുന്നു. ജെ.സി.ബി പുരസ്കാരത്തിന് അങ്ങനെ സംവണമില്ല. ഒട്ടേറേ ഇന്ത്യൻ ഭാഷകളിലുള്ള നിരവധി എഴുത്തുകാരുടെ രചനകൾ പരിശോധിച്ചാണ് ഒരു പുസ്തകം തിരഞ്ഞെടുക്കുന്നത്. ഇവിടെ മത്സരം കടുപ്പമാണ്. ജെ.സി.ബി പുരസ്കാരം ലഭിക്കുന്ന കൃതി ഭാഷയുടേയും രാജ്യത്തിന്റേയും അതിരുകൾ കടന്നുപോകുന്നു. എഴുത്തുകാരൻ ആഗോളതലത്തിൽ അറിയപ്പെടുന്നു.

താങ്കളുടെ നോവലിൽനിന്നു താങ്കൾക്കനുഭവപ്പെടുന്ന നിരാശകൾ എന്താണ്? ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ ദാസൻ ആ നോവ്, ഏറെ നിരാശാജനകമല്ലേ? ദൈവത്തിന്റെ വികൃതികളിലെ അൽഫോൺസച്ചൻ - ഏറെ ദുഃഖിതനായ ആ മനുഷ്യൻ...?

എന്റെ മനസ്സാണ് ഞാനെന്റെ കഥാനായകന്മാർക്ക് നൽകുന്നത്. നോവുന്ന മനുഷ്യരെക്കുറിച്ചു മാത്രമേ എനിക്ക് എഴുതാൻ കഴയൂ. നോവുന്നവരുടെ പുസ്തകമാണ് നോവൽ. എന്റെ യൗവ്വനകാലത്ത് ഞാൻ വളരെ അസ്വസ്ഥനായിരുന്നു. വയസ്സാകാൻ തുടങ്ങിയപ്പോഴാണ് ഇത്തിരിയെങ്കിലും സന്തോഷം അനുഭവിക്കാൻ തുടങ്ങിയത്. പക്ഷേ, സന്തോഷത്തെ എനിക്കു പേടിയാണ്. എഴുതാൻ ദുഃഖങ്ങൾ വേണം.

‘ആത്മാവുകൾ തുമ്പികളായി പറക്കുന്ന ഭാവന... മരണം വ്യർത്ഥമാക്കിയ ജീവിതം’ എന്ന ഇരുണ്ട കാഴ്ചപ്പാടുകളിൽനിന്ന് ഏതെങ്കിലും തരത്തിൽ പ്രതീക്ഷകൾ പുതിയതായി അനുഭവപ്പെടുന്നുണ്ടോ?

അറുപതുകളിലും എഴുപതുകളിലുമാണ് ഇതുപോലുള്ള ഇരുണ്ട ജീവിതദർശനം എന്നിൽ രൂപപ്പെട്ടുവന്നത്. കാലം മാറി. ഞാനും മാറി. എന്റെ ലോകബോധവും മാറി. ഇപ്പോൾ അതുപോലൊരു കാഴ്ചപ്പാടിനു പ്രസക്തിയില്ല. ജീവിതത്തെ ഇരുണ്ടതും വെളിച്ചമുള്ളതും എന്ന ഒരു ദ്വന്ദത്തിലൂടെ കാണാൻ എനിക്കിപ്പോൾ കഴിയുന്നില്ല. കാത്തിരിപ്പും പ്രതീക്ഷയും നൈരാശ്യവും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതവിടെ നിന്നോട്ടെ.

കുറച്ചു വർഷങ്ങൾക്കു മുന്‍പ്, മയ്യഴിയിലെ ആ പഴയ വീട്ടിൽ ഇടയ്ക്കിടെ ലോറി അടിച്ചിടുന്ന ആ വീട്ടിൽവെച്ച്, മുകുന്ദേട്ടനൊരിക്കൽ സംസാരിച്ചത് ഓർമ്മയുണ്ട്. വാർദ്ധക്യം എന്ന അനുഭവത്തെക്കുറിച്ചായിരുന്നു അന്നു കൂടുതലും സംസാരിച്ചത്. മരണമല്ല, വാർദ്ധക്യമാണ് മുകുന്ദേട്ടനെ ശരിക്കും പേടിപ്പിക്കുന്നതെന്നു തോന്നി?

ചെറുപ്പകാലത്ത് ഞാൻ വാർദ്ധക്യത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇപ്പോൾ അങ്ങനെയൊരു ഭയം എനിക്കില്ല. ജീവിതത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ കാലമാണ് വാർദ്ധക്യം. ആസക്തികളില്ല. വാശിയും ആവേശവുമില്ല. ആരോടും അസൂയയില്ല... ചിലപ്പോൾ തോന്നും, ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണെന്ന്. പക്ഷേ, ഞാനതു സമ്മതിക്കില്ല. വേദനിക്കുന്ന ഒരു മനസ്സില്ലെങ്കിൽ എനിക്ക് എഴുതാൻ കഴിയില്ല. അതുകൊണ്ട് സമാധാനത്തിന്റേയും സന്തോഷത്തിന്റേയും കാലത്തും ഞാൻ മഹാസങ്കടങ്ങളെ അന്വേഷിച്ചിറങ്ങുന്നു. എഴുത്തുകാരനായി തുടരാൻ. സങ്കടങ്ങൾക്കാണെങ്കിൽ ഒരു കുറവുമില്ല. നോക്കുന്നിടത്തെല്ലാം അതു മാത്രമേയുള്ളൂ.

മക്കൾ രണ്ടുപേരും അമേരിക്കയിലാണല്ലൊ... അമേരിക്കയിലിരുന്നുകൊണ്ട് മയ്യഴിയെക്കുറിച്ചോർത്തപ്പോൾ എന്തു തോന്നി?

പണ്ട് വിയറ്റ്‌നാമിനെ തീബോംബിട്ട് നശിപ്പിച്ചതും ഇന്ന് പലസ്തീനെ ബോംബിട്ട് നശിപ്പിക്കാൻ ഇസ്രയേലിനു കൂട്ടുനിൽക്കുന്നതും അമേരിക്കയാണ്. എന്നാൽ, അതു ഭരണത്തലവന്മാരുടെ ക്രൂരതകളാണ്. സാധാരണ അമേരിക്കക്കാരന് അതിൽ ഒരു പങ്കുമില്ല. ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന ഒരു രാജ്യമാണ് അമേരിക്ക. എങ്ങും വൃത്തി, അച്ചടക്കം, മറ്റുള്ളവരോടുള്ള ബഹുമാനം. ഒരു പരിചയവുമില്ലാത്ത എന്നെ വഴിയിൽ കണ്ടാൽപോലും അമേരിക്കക്കാരൻ കയ്യുയർത്തി അഭിവാദ്യം ചെയ്യും. ബസിൽ ഒരു ഗർഭിണി കയറിവന്നപ്പോൾ എല്ലാവരും ആദരപൂർവം ഏഴുന്നേറ്റു നിൽക്കുകയും അവർക്ക് ഇരിപ്പിടം നൽകുകയും ചെയ്തു... അതൊക്കെ ഒന്നു കണ്ടറിയേണ്ടതുതന്നെയാണ്. ലോകത്തിലെ എല്ലാ ഭാഷകളും സംസാരിക്കുന്നവർ അവിടെയുണ്ട്. വീട്ടിനു പിന്നിലെ യാർഡിൽ ചെസ്റ്റ്‌നെറ്റ് മരവും തുളസിയും കറിവേപ്പിലയും തൊട്ടുരുമ്മി വളരുന്നു. ഹിന്ദുക്ഷേത്രവും ജൂതപ്പള്ളിയും അടുത്ുത്തായി സ്ഥിതി ചെയ്യുന്നു. നമ്മൾ പറയുന്ന ബഹുസ്വരതയും മതസൗഹാർദ്ദവും അവിടെയാണുള്ളത്. അമേരിക്ക ഒരു ടെക്‌നോളോജിക്കൽ സമൂഹമാണ്. റോഡിലെ തിരക്കിലൂടെ റോബോട്ടുകൾ നടന്നുപോകുന്നു. ഡ്രൈവറില്ലാത്ത കാറുകൾ ഓടുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരവുമായി എനിക്കു പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. അതുപോലെ അച്ചടക്കവുമായും വൃത്തിയുമായും പൊരുത്തപ്പെടാനും എനിക്കു പ്രയാസം അനുഭവപ്പെട്ടു. അതൊന്നും മലയാളിയായ ഞാൻ ശീലിച്ചിട്ടില്ല. എനിക്കു ജീവിക്കാൻ ഇഷ്ടം കുത്തഴിഞ്ഞ കുപ്പിയുടെ മണമുള്ള എന്റെ മയ്യഴിയിൽ തന്നെയാണ്.

‘കുട നന്നാക്കുന്ന ചോയി’ വായനക്കാർ ഇഞ്ചോടിഞ്ച് വായിച്ച നോവലായിരുന്നു. എന്നാൽ, അവസാനം അതീവ ലളിതമായി എന്നൊരു വിമർശനമുന്നയിച്ചാൽ?

മുന്‍പ് മയ്യഴിയിൽ ഒരു ബീജേപ്പിക്കാരൻ പോലുമില്ലായിരുന്നു. ഇന്ന് ബീജേപ്പിയുടെ വലിയൊരു സാന്നിധ്യം അവിടെയുണ്ട്. അവരെ വളർത്തുന്നത് ചെങ്കൊടി ഉപേക്ഷിച്ച് കാവി സ്വീകരിച്ചവരാണ്. ‘കുട നന്നാക്കുന്ന ചോയി’യുടെ അവസാനം, ഈ ദുര്യോഗത്തെക്കുറിച്ചായിരുന്നു. അതിന്റെ വിമർശനമായിരുന്നു.

നല്ല നല്ല വിമർശകരുടെ കണ്ണിയറ്റുപോയി എന്നു തോന്നുന്നുണ്ടോ? എഴുത്തുകാരുടെ ചെവിക്കു പിടിക്കുന്ന എം. കൃഷ്ണൻ നായരുടെ അഭാവം അനുഭവപ്പെടുന്നുണ്ടോ?

എം. കൃഷ്ണൻനായരെ ഞാൻ ആവേശത്തോടെ വായിച്ചിരുന്നു. എനിക്കു ലഭിച്ച മുഴുവൻ പുരസ്കാരങ്ങളും ഞാൻ കേട്ട മുഴുവൻ അസഭ്യങ്ങളും അദ്ദേഹത്തിനു നൽകാം. പകരം എനിക്കു സാഹിത്യവാരഫലം തന്നാൽ മതി. അങ്ങനെ ഞാൻ ചിന്തിച്ചിരുന്നു. കേസരിയേയും കുട്ടിക്കൃഷ്ണമാരാരേയും കെ.പി. അപ്പനേയുംപോലെ നമ്മുടെ വിമർശനസാഹിത്യത്തെ അഗാധമാക്കാൻ കൃഷ്ണൻനായർക്കു കഴിഞ്ഞിട്ടില്ല. എങ്കിലും അത് ഒരു തലമുറയെ മുഴുവൻ ആകര്‍ഷിക്കയുണ്ടായി. വിമർശനകലയെ അദ്ദേഹം ജനകീയമാക്കി.

മലയാള ഭാഷയ്ക്ക് ബാധ്യതകളാണോ പുതിയ ചില നോവലുകൾ? പുതിയൊരു പൈങ്കിളി ഭാവനയുടെ ഉദയകാലമാണോ ഇപ്പോൾ സംഭവിക്കുന്നത്?

നന്നായി എഴുതുന്നവരാണ് പുതിയ തലമുറ എഴുത്തുകാർ. പഴയ തലമുറയും ഒട്ടും പിറകിലല്ല. അംബികാസുതൻ മാങ്ങാടിന്റെ ‘അല്ലാഹലൻ’ എന്നെ അമ്പരപ്പിച്ചു. പിന്നെ പൈങ്കിളി നോവലുകളുടെ ഒരു വേലിയേറ്റം ഇപ്പോൾ ഇവിടെയുണ്ട്. അതവിടെ നിന്നോട്ടെ. കഴുകന്മാരെപ്പോലെ ഉപദ്രവകാരികളല്ല പൈങ്കിളികൾ. അതേസമയം ഒരു ചോദ്യമുണ്ട്. നാട് കത്തിയെരിയുന്നത് നിങ്ങൾ പൈങ്കിളികൾ എത്രകാലം കണ്ടില്ലെന്ന് നടിക്കും?

ഒരു മലയാളി എന്ന നിലയിൽ മുകുന്ദേട്ടനു തോന്നുന്ന ഇച്ഛാഭംഗങ്ങൾ എന്താണ്?

സാക്ഷരതയും വിദ്യാഭ്യാസവുമുള്ളവരാണ്. വായനാശീലമുള്ളവരാണ്. പ്രബുദ്ധരാണ്. എങ്കിലും ഒരു പരിഷ്‌കൃത സമൂഹത്തെ വാർത്തെടുക്കാൻ മലയാളികൾക്കു കഴിയുന്നില്ല. വയനാട്ടിലെ ഉരുൾപൊട്ടൽ കൊന്നതിലേറെ കുട്ടികളെ കേരളത്തിലെ ബസുകൾ കൊന്നിട്ടുണ്ട്. എന്നിട്ടും റോഡുകളെ ചോരക്കളമാക്കുന്ന ബസുകളെ നിയന്ത്രിക്കാൻപോലും സർക്കാറിനോ പൊതുസമൂഹത്തിനോ സാധിക്കുന്നില്ല. DYFI വിചാരിച്ചാൽ ഒരു ദിവസംകൊണ്ട് ബസ് ഡ്രൈവർമാരെ അച്ചടക്കം പഠിപ്പിക്കാൻ കഴിയും. പക്ഷേ, അവരതു ചെയ്യുന്നില്ല.

എഴുത്തിൽനിന്ന് മുകുന്ദേട്ടൻ വിട്ടുനിന്ന കാലം തീരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. പപ്പേട്ടൻ പത്ത് വർഷത്തോളം കഥകൾ എഴുതാതിരുന്നിട്ടുണ്ട്. എന്തുകൊണ്ടാണ് എഴുത്തിന് ഒരു അവധിക്കാലം കൊടുക്കാത്തത്?

ഉള്ളിൽ നിറയെ കഥകളും നോവലുകളുമാണ്. എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ല. അപ്പോൾ എഴുതുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്? ഹൃദയത്തിനു നമ്മൾ അവധിക്കാലം നൽകാറുണ്ടോ? കുറേക്കാലമായില്ലേ നിർത്താതെ മിടിക്കുന്നു. ഇനി കുറച്ചുകാലം അവധിയെടുത്ത് മിടിക്കാതിരുന്നുകൂടെ? ഇങ്ങനെ ആരെങ്കിലും ഹൃദയത്തോട് പറയാറുണ്ടോ? എന്റെ എഴുത്തിനെ അങ്ങനെ കരുതിയാൽ മതി.

‘നഗ്നനായ തമ്പുരാൻ’ എന്ന നോവലറ്റ് രതിയുടെ ഒരു നാട്ടുപുരാവൃത്തമായി വായനക്കാരെ ആകർഷിക്കുന്നു. അത്യന്തം രാഷ്ട്രീയവൽക്കരിക്കപ്പെട്ട ജനത എന്ന നിലയിൽ, വായനക്കാർ തിരസ്കരിക്കുമെന്ന ഭയംകൊണ്ടാണോ സെക്സ് കഥകൾ പിന്നീട് അത്രയൊന്നും എഴുതാതിരുന്നത്?

സെക്സ് കഥകൾ എഴുതാൻ വേണ്ടി മാത്രം ഞാൻ അത്തരം കഥകൾ എഴുതിയിട്ടില്ല. കഥയുടെ പ്രമേയമോ ആഖ്യാനമോ ആവശ്യപ്പെടുമ്പോൾ മാത്രമേ രചനകളിൽ രതിയെ സ്വീകരിക്കാറുള്ളൂ. അല്ലെങ്കിൽ ഈ ഇന്റർനെറ്റിന്റെ കാലത്ത് ആരെങ്കിലും സാഹിത്യരചനകളിൽ രതി തിരയുമോ? ഒരു വിരൽത്തുമ്പിലില്ലേ രതിയുടെ മായാലോകം.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമ്മേളനം കണ്ണൂരാണ്. എന്താണ് അവരുടെ മുന്നിൽ വെക്കാനുള്ള പ്രമേയം?

രാജ്യം ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന അവസരമാണിത്. മതസൗഹാർദ്ദം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങൾക്കു മുറിവേൽക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യമടക്കമുള്ള സർവ്വമേഖലകളിലും അധികാരവർഗ്ഗത്തിന്റെ ഇടപെടലുകൾ ഉണ്ടാകുന്നു. ഏറ്റവും പുതിയ വാർത്ത, വഖഫ് ബോർഡിന്റെ പ്രവർത്തനത്തിലും അവർ കൈകടത്തുകയാണെന്നതാണ്. അക്കാദമികളും സർവ്വകലാശാലകളും അടക്കം സകല സ്വതന്ത്ര സ്ഥാപനങ്ങളേയും അവർ അവരുടെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഈ പരിസരത്തിൽ എഴുത്തുകാർക്കു വലിയ ഉത്തരവാദിത്വമുണ്ട്. അവർ എന്തുചെയ്യണം? എന്തെഴുതണം? ഇതൊക്കെ ചർച്ച ചെയ്യാനുള്ള സന്ദർഭമാണ് പുകസ സംസ്ഥാന സമ്മേളനമെന്നു ഞാൻ വിചാരിക്കുന്നു.

ഇപ്പോൾ പുസ്തകങ്ങളിലൂടെ എഴുത്തുകാരുടെ സാമ്പത്തികനില മെച്ചപ്പെട്ടു വരുന്നുണ്ട്. ശുഭപ്രതീക്ഷ നിറഞ്ഞ മാറ്റമല്ലേ?

ചില എഴുത്തുകാർക്കു ധാരാളം പൈസ കിട്ടുന്നുണ്ട്. ധാരാളമില്ലെങ്കിലും കുറച്ചു പൈസ എനിക്കും കിട്ടുന്നുണ്ട്. വലിയ പ്രസാധകർ എനിക്കു കൃത്യമായി പൈസ തരുന്നുണ്ട്. അതുകൊണ്ട് ഒരുവിധം നന്നായി ജീവിക്കാൻ കഴിയും. പക്ഷേ, ഞാനൊരിക്കലും ഒരു വരുമാനത്തിനായി റോയൽറ്റിയെ ആശ്രയിച്ചിട്ടില്ല. എനിക്ക് എംബസിയിൽ തരക്കേടില്ലാത്ത ഒരു ജോലിയുണ്ടായിരുന്നു. പ്രസാധകർക്ക് അതറിയാമായിരുന്നു. ഒരിക്കൽ റോയൽറ്റിയുടെ പൈസ ആവശ്യപ്പെട്ടപ്പോൾ ഒരു പ്രസാധകൻ എനിക്കയച്ച മറുപടി ഇങ്ങനെ: “താങ്കൾക്ക് എംബസിയിൽ നല്ല ജോലിയുണ്ടല്ലോ. പണത്തിന് ആവശ്യമില്ലെന്നു ഞങ്ങൾ കരുതി. അതുകൊണ്ടാണ് തുക അയക്കാതിരുന്നത്.” വേറൊരു പ്രസാധകൻ ഇപ്പോഴും കൊല്ലംതോറും എന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾ, വ്യത്യസ്തമായ കവറുകളോടെ പുറത്തിറക്കുന്നു. ആയിരക്കണക്കിനു കോപ്പികൾ പതിവായി വിൽക്കുന്നു. എന്നിട്ടും കഴിഞ്ഞ ആറ് വർഷമായി എനിക്കൊരു കാശ് പോലും തന്നിട്ടില്ല.

ശ്രീമുത്തപ്പനെ തൊഴുതുനിൽക്കുന്ന മുകുന്ദേട്ടനെ മുന്നോട്ടു നയിക്കുന്ന ആത്മീയ ദർശനം എന്താണ്?

നാട്ടുദൈവങ്ങളെയാണ് എനിക്കിഷ്ടം. അവരെ കാണുമ്പോഴാണ് ഉള്ളിൽ ഭക്തി വന്നു നിറയുന്നത്. ഡൽഹിയിലെ അക്ഷർധാമിലേയോ അയോദ്ധ്യയിലെ രാംല ക്ഷേത്രത്തിലേയോ ആർഭാടം നിറഞ്ഞ ദൈവങ്ങളെ കാണുമ്പോൾ ഒട്ടും ഭക്തി തോന്നാറില്ല. മയ്യഴി പുത്തലമ്പലത്തിലെ പൂക്കുട്ടിച്ചാത്തന്റേയും മണ്ടോള കാവിലെ അങ്കക്കാരന്റേയും തെയ്യങ്ങളെ കാണുമ്പോൾ ഞാനറിയാതെ ഞാൻ അവരുടെ മുന്‍പിൽ പ്രണമിച്ചുപോകുന്നു. നാട്ടുദൈവങ്ങൾ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി സ്വയം ബലി നൽകി ദൈവങ്ങളായി പുനർജ്ജനിച്ച സാധാരണ മനുഷ്യരാണ്.

രാഷ്ട്രീയത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണോ ദൈവത്തിനു മുന്നിൽ കൈ തൊഴുതു നിന്നത്?

രാഷ്ട്രീയം എന്ന വാക്ക് കേൾക്കുന്നതിനു മുന്‍പുതന്നെ ഞാൻ ഈശ്വര വിശ്വാസിയായിരുന്നു. കുട്ടിക്കാലത്തുതന്നെ ഞാൻ ഞങ്ങളുടെ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴാൻ പോകുമായിരുന്നു. നാട്ടുദൈവമല്ലെങ്കിലും ശ്രീകൃഷ്ണ ഭഗവാനേയും ഞാൻ ആരാധിക്കുന്നു. ശ്രീജ ഇപ്പോഴും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് ഉമ്മറത്തുവെച്ച് അതിനരികിൽ ഇരുന്നു നാമം ചൊല്ലുന്നതു കാണാം. എന്റെ വീട്ടിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹമുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ്. ഞാൻ എടാ കള്ളാ എന്നു വിളിച്ച് ശ്രീകൃഷ്ണന്റെ കവിളിൽ നുള്ളാറുണ്ട്.

ഇ.എം.എസ്സിനു മുന്നിൽ, എ.കെ.ജിക്കു മുന്നിൽ അങ്ങനെ കൈ തൊഴുതുനിൽക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ?

നേതാക്കൾ സംപൂജ്യരല്ല, വഴികാട്ടികൾ മാത്രമാണെന്നു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മുന്‍പിലാണ് ഞാൻ തൊഴുതുനിൽക്കുന്നത്. നേതാക്കളല്ല, ജനങ്ങളാണ് എന്റെ പുതിയ രാഷ്ട്രീയ ദൈവം എന്നു കുറേശ്ശേയായി എനിക്കു ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിങ്ങൾ എന്നെയിനി ഒരു നേതാവിന്റെ നിഴലിലും അന്വേഷിക്കരുത്. അന്വേഷിക്കേണ്ടത് ജനങ്ങളുടെ ഇടയിലാണ്. ഞാൻ അവരുടെ ഇടയിൽ എവിടെയെങ്കിലും ഉണ്ടാകും. ഞാൻ ഉയരം കുറഞ്ഞ ആളായതുകൊണ്ട് നിങ്ങൾ പെട്ടെന്ന് എന്നെ കണ്ടെന്നു വരില്ല. പക്ഷേ, സൂക്ഷിച്ചു നോക്കിയാൽ കാണാതിരിക്കില്ല.

അവസാനമായി ഒരു ചോദ്യം കൂടി. എംബസിക്കാലത്തിൽ എല്ലാം പറഞ്ഞുതീർന്നോ? പറയാൻ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ എന്താണത്?

ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. പ്രധാനപ്പെട്ട ഒരു അനുഭവം പറയാൻ മറന്നു പോയിരുന്നു. ഒരു പാരീസ് യാത്രക്കിടയിൽ ഞാൻ നോസ്‌ട്രാഡമസിന്റെ നാട് കാണാൻ പോയിരുന്നു. കൂടെ ഉർവശി ഭൂട്ടാലിയയും പാരീസിലെ അദ്ധ്യാപകനായ രാജേഷ് ശർമ്മയുമുണ്ടായിരുന്നു. ഫ്രാൻസിലെ ബുള്ളറ്റ് ട്രെയിനായ ടിവിജിയിൽ കയറിയാണ് ഞങ്ങൾ പോയത്. സലാം ദ് പാവാൻസ് എന്ന സ്ഥലത്തെ ഒരു ക്രൈസ്തവ ദേവാലയത്തിലാണ് നോസ്‌ട്രാഡമസിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ഫ്രെഞ്ച് വിപ്ലവവും ഹിറ്റ്‌ലറുടെ വളർച്ചയും ഉൾപ്പെടെ നിരവധി സംഭവങ്ങൾ പ്രവചിച്ച അത്ഭുത മനുഷ്യനായിരുന്നു അത്. 2011 സപ്തംബറിൽ അമേരിക്കയിൽ നടന്ന ഭീകരാക്രമണങ്ങൾ അഞ്ചു നൂറ്റാണ്ടിനു മുന്‍പ് നോസ്‌ട്രാഡമസ് പ്രവചിക്കുകയുണ്ടായി. ഈ പ്രവാചകനോട് എനിക്ക് ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. കോർദലിയെ ദേവാലയത്തിന്റെ ഉള്ളിൽ ചുമരിനോടു ചേർന്ന് ഇടതുവശത്താണ് ശവകുടീരം നിലകൊള്ളുന്നത്. അവിടെ ചെന്നുനിന്നു ഞാൻ ആദരവുകൾ അർപ്പിച്ചു. അതിനുശേഷം ഞാൻ ചോദിച്ചു:

കേരളത്തിൽ 2026-ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുമോ?

ജയിക്കും.

ഇടതുപക്ഷം മൂന്നാമതൊരു വട്ടം കൂടിയോ? അത് കേട്ട് എന്റെ മനസ്സ് കുളിർത്തു. യു.ഡി.എഫ് നൂറ് സീറ്റ് നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന മറുപടിയാണ് പ്രവാചകനിൽനിന്നു ഞാൻ പ്രതീക്ഷിച്ചത്.

എങ്കിൽ ആരായിരിക്കും ഇടതു സർക്കാറിന്റെ മുഖ്യമന്ത്രി?

മു... പ്രവാചകൻ പറഞ്ഞു.

മു? അതാരാണ്?

മ... മ...

ഒന്നു തെളിച്ചു പറയൂ അമ്മാവാ.

രു... രു... മ... മ... മു...

ഇതെന്താണ്? പ്രശ്നോത്തരിയോ?

ഞാൻ ചോദ്യം ആവർത്തിച്ചെങ്കിലും പ്രവാചകന്റെ തൊണ്ടയിൽനിന്നു ശബ്ദം പുറത്തുവന്നില്ല. അദ്ദേഹം നിശ്ശബ്ദനായി. പ്രവാചകന്മാർക്കു പ്രവചിക്കാനുള്ള ഭാഷപോലും നിഷേധിക്കപ്പെടുകയാണോ?

ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. നോസ്‌ട്രാഡമസ് മൗനം തുടർന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം ഞാൻ തിരികെ ഡൽഹിയിലേയ്ക്കു വിമാനം കയറി.

ഇപ്പോഴും പ്രവാചകൻ പറഞ്ഞു: മു... മ... രു... ആരാണെന്ന് മനസ്സിലാകാതെ ഞാൻ കുഴങ്ങുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT