card Google
Articles

ദി ഗ്രേറ്റ് മൈഗ്രേഷൻ ഓഫ് മസായിമാര: അതിജീവനത്തിനുള്ള ഏറ്റവും വലിയ റൗണ്ട് ട്രിപ്പ്

ഡോ. സേതുലക്ഷ്മി നായര്‍

ർഷഋതു മാടിവിളിക്കുന്നു. വിൽഡെ-ബീസ്റ്റുകളുടെ സാർത്ഥവാഹക സംഘങ്ങൾ ഇതാ പുറപ്പെടുകയായി.കെനിയയിലെ മസായ്‌മാറാ നദിക്കര. ആഗസ്റ്റ് മാസത്തിലെ നട്ടുച്ചനേരം.

കരയെന്നു പറഞ്ഞാൽ പാറക്കൂട്ടങ്ങളാണ്‌. ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്കു കീഴെ തവിട്ടുനിറത്തിൽ കുത്തിയൊലിച്ചുകൊണ്ടു ജലസമൃദ്ധമായ മാറാ നദി ഒഴുകുന്നു.

പൊടുന്നനെ കുളമ്പടികളും പൊടിപടലവും ഉയർത്തിക്കൊണ്ട് സമതലങ്ങളിൽനിന്നു വന്നുകയറുന്ന നോക്കെത്താത്ത ദൂരത്തോളം നീണ്ടുപരന്ന ലക്ഷക്കണക്കിനുവരുന്ന നാൽക്കാലിക്കൂട്ടം!

അതും രണ്ടു മീറ്ററോളം നീളവും ഒന്നൊന്നര മീറ്റർ പൊക്കവും വെള്ളത്താടിയും നീണ്ടകാലുകളുമുള്ള വിചിത്രമായ നാൽക്കാലിക്കൂട്ടം, കൂടെ വരയൻ കുതിരകളും ഇമ്പാല മാനുകളും ഒക്കെയുണ്ട്. ഇവ എന്തുഭാവിച്ചാണ്? ഭൂതാവേശിതരെപ്പോലെ ഈ മൃഗങ്ങൾ നദിക്കരയിലുള്ള ഉയർന്ന പാറക്കൂട്ടങ്ങളിൽനിന്ന് നദിയിലേയ്ക്കെടുത്തു ചാടുകയാണ്. ജീവിതത്തിലേയ്ക്കോ മരണത്തിലേയ്ക്കോ എന്നറിയാതെ അക്ഷരാർത്ഥത്തിലുള്ള എടുത്തുചാട്ടം. എന്തുവന്നാലും നദി കടന്നേ പറ്റൂ എന്നൊരു നിശ്ചയമെടുത്തിട്ടുണ്ടവർ.

അപൂർവം ചില പറ്റങ്ങൾ സാവകാശം കുന്നിറങ്ങി പുഴ കടക്കുന്നുമുണ്ട്. കൂട്ടത്തിൽ ആഴ്ചകൾ മാത്രം പ്രായമായ കിടാങ്ങളുമുണ്ട്. കാലികളുടെ പറ്റം ജലത്തിൽ തൊടുന്ന നിമിഷം ഇതുവരെ കളകളം പൊഴിച്ച് ഒഴുകിക്കൊണ്ടിരുന്ന നദിയുടെ സ്വഭാവം മാറുന്നു. ജലനിരപ്പിനടിയിൽ തക്കം പാർത്തുകിടന്നിരുന്ന ഭീമാകാരരായ നൈൽ മുതലകൾ കൂട്ടത്തിൽനിന്ന് അല്പം മാറിപ്പോയ ദുർബലനായ കുഞ്ഞുമൃഗത്തെ പിടിച്ചുകഴിഞ്ഞു. കനത്ത പല്ലുകൾക്കിടയിൽ കുടുക്കി ഒരു കുടച്ചിൽ, അത് ആഹാരമായി മാറിക്കഴിഞ്ഞു.

മുതലയുടെ ആക്രമണം പരത്തിയ ഭീതി, നിലയില്ലാത്ത വെള്ളത്തിൽ മുങ്ങാതെ മറുകര പറ്റാനുള്ള വെപ്രാളം, പിന്നിൽനിന്നേതോ ഇരപിടിയൻ മൃഗം ഓടിച്ചതിന്റെ പരിഭ്രമം, ഇതിൽനിന്നൊക്കെ രക്ഷപ്പെട്ട് കുറെ മൃഗങ്ങൾ എങ്ങനെയോ മറുകര പറ്റി, എന്നാൽ തീരത്തെത്തണമെങ്കിൽ ഇനിയും പാറകൾ കയറണം, ഇടുങ്ങിയ വിടവുകളിൽ തിക്കിത്തിരക്കി കൂട്ടരുടെ ചവിട്ടുകൊണ്ടുതന്നെ കുറെയെണ്ണം തിരിച്ചു നദിയിൽ വീഴുന്നു. കുറേപ്പേർ എങ്ങനെയോ രക്ഷപ്പെട്ടു പുൽമേട്ടിലേയ്ക്കെത്തുന്നു. എന്തൊരു നാടകീയവും യുദ്ധസദൃശവുമായ കാഴ്ചയാണിത്.

രണ്ടു ദശലക്ഷത്തോളം സസ്യാഹാരി നാൽക്കാലികൾ ഒത്ത് ചാക്രികമായി നടത്തുന്ന ‘ദി ഗ്രേറ്റ് മൈഗ്രേഷൻ ഓഫ് മസായ്‌മാര’യുടെ ഉച്ചസ്ഥായിയാണ് ഈ കണ്ടത്. വിൽഡെ ബീസ്റ്റ്, സീബ്രാ, ഗസീൽ, ഇമ്പാല മാനുകൾ ഇവയൊക്കെ ഉൾപ്പെട്ട അസംഖ്യം മൃഗങ്ങൾ കൂട്ടമായി നദി കടക്കാൻ ശ്രമിക്കുമ്പോൾ ഇതുപോലുള്ള രംഗങ്ങൾ എത്രകുറി ആവർത്തിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ടാൻസാനിയയിലെ സെറെൻഗെറ്റി പുൽമേടുകളിൽനിന്നാരംഭിച്ച ഈ ദേശാടനം കെനിയയിലെ മസായ്‌മാരാ നദിക്കരയിൽ എത്തുന്നതും നദി കടക്കുന്നതും. ഈ മൃഗങ്ങൾ അത്യന്തം അപകടകരവും ഉദ്വേഗജനകവുമായ ഇത്തരമൊരു ദേശാന്തരഗമനം നടത്തുന്നതെന്തിനാണ് ?

ഭ്രാന്തമായ പലായനം എന്നു തോന്നിക്കുന്ന വിൽഡെ ബീസ്റ്റുകളുടെ കൂട്ടയോട്ടം എവിടെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ? ഡിസ്നിയുടെ ലയൺ കിംഗ് എന്ന ചലച്ചിത്രത്തിൽ സിംബ എന്ന സിംഹക്കുഞ്ഞിന്റെ അച്ഛനായ മുഫാസ, ഇതേ വിൽഡെ ബീസ്റ്റ് കൂട്ടയോട്ട ദേശാടനത്തിനിടയിൽ അവയുടെ കുളമ്പടികളുടെ തിക്കിലും തിരക്കിലും പെട്ട് (stampede) കഥാവശേഷനാവുകയാണ്. കുഞ്ഞു സിംബ അടുത്തുവന്ന് അച്ഛാ അച്ഛാ എന്നും ആരെങ്കിലും സഹായിക്കൂ എന്നും ഒക്കെ വിളിച്ചു ചോദിക്കുന്നുണ്ട് (സിംബ എന്ന സൊഹിലി പദത്തിന് സിംഹം എന്നുതന്നെയാണ് അർത്ഥം). വിൽഡെ ബീസ്റ്റുകളുടെ ഓട്ടത്തിനിടയിൽപ്പെട്ടാൽ അവ തന്നെയും ചതഞ്ഞരഞ്ഞുപോവുന്ന അവസ്ഥയാണ്. മസായ്‌മാര നദി കടന്ന് മറുകര പറ്റുന്നതിനിടയിൽ ഇതും സംഭവിക്കാറുണ്ട്. രണ്ടു ദശലക്ഷം മൃഗങ്ങളിൽ ഏകദേശം 6000 എണ്ണം വീതം പ്രതിവർഷം മാരാ നദിയിൽ വീണുപോവുന്നുണ്ട്.

ഒന്നര ദശലക്ഷത്തോളം വിൽഡെ ബീസ്റ്റുകൾ, 20 ലക്ഷത്തോളം സീബ്രകൾ, നാല് ലക്ഷത്തോളം ടോമി ഗസീലുകൾ, ഒരു ലക്ഷത്തോളം ഇമ്പാലകൾ തുടങ്ങിയ മറ്റു മാനുകൾ എന്നിവ ഈ ബൃഹദ് ദേശാന്തരാഗമന സംഘത്തിലുൾപ്പെടുന്നു. ഈ പ്രതിഭാസത്തിന്റെ സവിശേഷത അതിന്റെ വ്യാപ്തിയാണ്. ഇന്ത്യയിൽ പക്ഷികൾ, ശലഭങ്ങൾ എന്നിവയുടെ കൂട്ട ദേശാടനമാണ് കാണപ്പെടുന്നത്, സസ്തനികളുടെയല്ല. ആർട്ടിക്-വടക്കേ അമേരിക്ക പ്രദേശങ്ങളിലെ കരീബു മാനുകളുടെ ദേശാടനം ഇതിലും നീണ്ടതാണെങ്കിലും ഇത്രയും വിപുലവും ക്രമീകൃതവുമല്ല.

ടാൻസാനിയയിലെ സെറെൻഗെറ്റി ആവാസവ്യവസ്ഥയിലൂടെ ഈ കാലിക്കൂട്ടങ്ങൾ ഘടികാരദിശയിലുള്ള കുടിയേറ്റവഴികളിൽ പുറപ്പെടുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എൻഗോറോംഗോറോ കൺസർവേഷൻ പ്രദേശത്തും പരിസരത്തും ഉൾപ്പെടെ പോഷകസമൃദ്ധമായ പുല്ലുകളുള്ള തെക്കൻ സമതലങ്ങളിൽ അവ പ്രസവിക്കുന്നു. അവിടെനിന്ന്, സെറെൻഗെറ്റി ദേശീയോദ്യാനത്തിലൂടെയും മസ്വാ ഗെയിം റിസർവിലൂടെയും വടക്കോട്ട് നീങ്ങുന്നു ചിലത് ഏപ്രിൽ, മെയ് മാസങ്ങളിൽ ഗ്രുമെറ്റി റിസർവിലേക്ക് വ്യതിചലിക്കുന്നു, മറ്റുള്ളവ മധ്യ സെറെൻഗെറ്റിയിലൂടെ യാത്ര തുടരുന്നു.

ജൂലൈ മാസത്തോടെ നാൽക്കാലിക്കൂട്ടങ്ങൾ കെനിയ-ടാൻസാനിയ അതിർത്തിയിൽ മാര നദിക്കരയിലുള്ള ലാമായ് മേഖലയിൽ ഒത്തുചേരുന്നു, അവിടെ ജൂലൈ-ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ തികച്ചും നാടകീയമായ ജീവന്മരണ ഘട്ടങ്ങളുടെ അകമ്പടിയോടെ ഗ്രുമിറ്റി, മാരാ എന്നീ നദികൾ മുറിച്ചുകടക്കുന്നു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ മധ്യമോ ആകുമ്പോഴേക്കും നദികടക്കലുകൾ തീരും. പല കൂട്ടങ്ങളും പൂർണമായും കെനിയയിലേക്ക് കടക്കുന്നില്ല, മറിച്ച് നദിയുടെ അരികിൽ തങ്ങുന്നു.

ഒക്ടോബറിൽ തെക്കൻ മഴ ആരംഭിക്കുമ്പോൾ കൂട്ടങ്ങൾ മധ്യ സെറെൻഗെറ്റി പാർക്കിന്റെ കിഴക്കൻ അതിർത്തിയിലുള്ള ലോലിയോണ്ടോ ഗെയിം നിയന്ത്രിത പ്രദേശം എന്നിവയിലേയ്ക്ക് മടക്കയാത്ര ആരംഭിക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ അവർ തെക്കോട്ട് തിരിച്ചെത്തി വീണ്ടും ദേശാടനചക്രം ആരംഭിക്കാൻ തയ്യാറാവുന്നു. ഇതാണ് അത്ഭുത-സ്തോഭജനകമായ, അനുസ്യൂതമായി തുടരുന്ന ഗ്രേറ്റ് മൈഗ്രേഷന്റെ രത്നച്ചുരുക്കം. അത്ഭുതങ്ങൾ വിശദാംശങ്ങളിലാണല്ലോ ഒളിഞ്ഞിരിക്കുക.

മാസായിമാരയിലെ ദേശാന്തരഗമനം

വിൽഡെ ബീസ്റ്റുകൾ അഥവാ കുതിരമാനുകൾ

സസ്തനികളുടെ, ലോകത്തിലെ ഏറ്റവും വലിയ കരമാർഗ ദേശാന്തര ഗമനമാണ് ദി ഗ്രേറ്റ് വിൽഡെ ബീസ്റ്റ് മൈഗ്രേഷൻ. വന്യജീവി എന്നർത്ഥമുള്ള വൈൽഡ് ബീസ്റ്റ് എന്ന വാക്കിന്റെ ഡച്ച്/ആഫ്രിക്കൻസ് രൂപാന്തരം തന്നെയാണ് വിൽഡെ ബീസ്‌റ്റ് (Wildebeest) എന്ന പേര്. മസായി ഗോത്രക്കാർ ഈ മൃഗത്തെ ‘നു’ (Gnu/T ‘Gnu’) എന്ന് അതിന്റെ അനുനാസികം കലർന്ന മുരൾച്ചയെ സൂചിപ്പിക്കുന്ന പേര് വിളിക്കുന്നു. കാഴ്ചയിൽ കന്നുകാലികളോടും കുതിരയോടും മാനിനോടും ഒക്കെ സാദൃശ്യം തോന്നാവുന്ന കാട്ടിലെ ഓട്ടക്കാരൻ നാൽക്കാലിയാണ് വിൽഡെ ബീസ്റ്റ്. മലയാളത്തിൽ കുതിരമാൻ എന്നും പറയാറുണ്ട്.

വിൽഡെ ബീസ്റ്റുകൾ ആന്റലോപ്പ് കുടുംബത്തിലെ അംഗങ്ങളാണ് അവ ഓറിങ്ക്‌സുകളുമായും ഗസീലുകളുമായും ബന്ധപ്പെട്ട, സസ്യാഹാരികളായ അയവെട്ടുന്ന നാൽക്കാലി മൃഗങ്ങളാണ്. ഒരു വിൽഡെ ബീസ്റ്റിന് 2.4 മീറ്ററോളം നീളവും 270 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. കടുംചാരവും നീലയും കലർന്ന നിറവും ‘ബ്രാക്കറ്റ്’ ആകൃതിയിലുള്ള കൊമ്പുകളും വലിയ മുഖവും വെളുത്ത താടിയുമായി പ്രത്യേകതകളുള്ള രൂപമാണ് വിൽഡെ ബീസ്റ്റിന്റേത്. ഇവരുടെ വര്‍ഷംതോറുമുള്ള ദേശാടനം ആഗോള ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രതിഭാസമാണ് എന്നു മാത്രമല്ല, ഇനിയും ബാക്കി നിൽക്കുന്ന പച്ചയായ പ്രകൃതിയുടേയും അതിന്റെ അതിജീവനത്തിന്റേയും ആവാസവ്യവസ്ഥയുടെ സൂക്ഷ്മവും സ്ഥൂലവുമായ പാരസ്പര്യത്തിന്റേയും പ്രതീകമായി മാറിയിരിക്കുന്നു.

20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റിൻഡർപെസ്റ്റ് (കാലിവസന്ത) ഉന്മൂലനം ചെയ്തതിനുശേഷം അവയുടെ എണ്ണം വീണ്ടും വർദ്ധിച്ചു, ഇത് പാരിസ്ഥിതിക വീണ്ടെടുക്കലിന്റെ വിജയഗാഥയായി മാറി. കാഴ്ചയിലുള്ള വൈചിത്ര്യത്തിന് ഒരിക്കൽ പരിഹസിക്കപ്പെട്ടിരുന്ന വിൽഡെ ബീസ്റ്റ് ഇപ്പോൾ ഒരു പ്രധാന സ്പീഷീസായും മഴയറിഞ്ഞു സഞ്ചരിക്കുന്ന ദേശാടനമൃഗമായും ആഫ്രിക്കയുടെ വന്യ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായും ആഘോഷിക്കപ്പെടുന്നു.

മഴയാണ് ഈ ‘നാടോടൽ’ പ്രതിഭാസത്തെ നയിക്കുന്നത്, അതിനാൽത്തന്നെ കന്നുകാലികളുടെ പ്രയാണത്തിന്റെ സമയവും വഴിയും ഏറെക്കുറെ ഒരേ രീതിയിലാണെങ്കിലും അതാത് കൊല്ലത്തെ വർഷപാതത്തെ ആശ്രയിച്ച് ചെറിയ വ്യതിയാനങ്ങൾ കാണാറുണ്ട്.

മസായ് സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ വിൽഡെ ബീസ്‌റ്റ് ചാക്രിക ദേശാടനം. അവരുടെ വാമൊഴി കഥകളിലും പഴഞ്ചൊല്ലുകളിലും പ്രതിരോധശേഷി, ചലനം, ഫലഭൂയിഷ്ഠത എന്നിവയുടെ പ്രതീകമായി അവ പ്രത്യക്ഷപ്പെടുന്നു. പാശ്ചാത്യ പര്യവേക്ഷകർ 1800-കളുടെ അവസാനത്തോടെ ഇത് ശ്രദ്ധിച്ചിരുന്നു. വ്യവസ്ഥാപിതമായ ഗവേഷണം നടക്കുന്നത് സെറെൻഗെറ്റി ദേശീയ റിസർവ് സ്ഥാപിതമായതിനുശേഷം (1951) മാത്രമാണ്. സെറെൻഗെറ്റി റിസർച്ച് സെന്റർ പിന്നീട് ഈ വിഷയത്തിലുള്ള ഗവേഷണങ്ങൾ ഏകോപിപ്പിച്ചു. ബെർൺഹാർഡ് ഗ്രിസിമെക്കും മൈക്കൽ ഗ്രിസിമെക്കും ചേർന്ന് 1959-ൽ പുറത്തിറക്കിയ ‘സെറെൻഗെറ്റി ഷാൽ നോട്ട് ഡൈ’ എന്ന ഡോക്യുമെന്ററി ഒരു വഴിത്തിരിവായിരുന്നു: അത് ലോകത്തിന് ഈ ദേശാടനപ്പെരുമ പരിചയപ്പെടുത്തി.

മാസായിമാരയിലെ സൂര്യോദയം

കിടാങ്ങളും ഓട്ടത്തിലാണ്!

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലം ഈ ദേശാടനചക്രത്തിലെ ജീവന്റെ പിള്ളത്തൊട്ടിൽ ആണെന്നു പറയാം, സെറെൻഗെറ്റിയിലെ പോഷകസമൃദ്ധമായ പുല്ലുകൾ നിറഞ്ഞ സമതലങ്ങളെ ലോകത്തിലെ ഏറ്റവും വലിയ ഈറ്റില്ലമെന്നും! 2024 ഫെബ്രുവരിയിൽ മാത്രം 50,000 കിടാങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഇപ്രകാരം പ്രസവത്തിന്റെ ഏകകാലീകരണം, ആയിരക്കണക്കിന് വർഷങ്ങൾകൊണ്ടുണ്ടായ പരിണാമഫലമാണ്. ഒരേസമയത്ത് ഒരുപാടു കിടാങ്ങൾ ഉണ്ടാകുന്നതുകൊണ്ട് കാലിക്കൂട്ടത്തിന്റെ ചര്യകളും ഒരുപോലെയാകും മേച്ചിൽ സമയത്ത് കുട്ടികളുടെ ചുറ്റും എപ്പോഴും അമ്മമാരുണ്ടാകും മാത്രമല്ല, കുറെ കുഞ്ഞുങ്ങളെ സിംഹവും പുലികളും മറ്റും പിടിച്ചുകൊണ്ടുപോയാലും വളരെയധികം കുട്ടികൾ ഉള്ളതുകൊണ്ട് വംശത്തിനു കോട്ടം തട്ടുകയില്ല. ഇതേക്കുറിച്ച് വീണ്ടും പറയാം.

പിറന്നുവീഴുന്ന വിൽഡെ ബീസ്‌റ്റ് അഥവാ കുതിരമാൻ കിടാങ്ങൾക്ക് കുഞ്ഞിക്കാൽകൊണ്ട് പിച്ചവെച്ച് പതിയെ വളർന്നുവരാനൊന്നും സമയമില്ല. അവർ വളരെ പെട്ടെന്നുതന്നെ അത്യാവശ്യത്തിനു സ്വയംപര്യാപ്തരാവുന്നുണ്ട്, സുരക്ഷിതത്വത്തിന്റെ കാര്യമാണ്. ജനിച്ച് മൂന്നു മുതൽ ഏഴു മിനിട്ടുകൾക്കകം കിടാവ് വിറച്ച് വിറച്ച് എണീറ്റ് നിൽക്കും. ഏകദേശം 15 മിനിറ്റിനുള്ളിൽ അമ്മയെ കണ്ടുപിടിക്കും, പാൽ കുടിക്കാൻ തുടങ്ങും. ആ നിമിഷം മുതൽ അതിജീവനത്തിനുള്ള മുദ്രണം തുടങ്ങുകയായി. ഏതു തിരക്കിൽനിന്നും ഗന്ധം, ശബ്ദം, രൂപം ഒക്കെക്കൊണ്ട് അത് അമ്മയേയും അമ്മ കുഞ്ഞിനേയും തിരിച്ചറിയും. വൈകുന്നേരമാവുമ്പോഴേക്കും കിടാവ് കൂട്ടത്തിൽ ഉൾച്ചേർന്നു കഴിയും. ഒരാഴ്ച പ്രായമാകുമ്പോൾ തന്നെ മണിക്കൂറിൽ 30 കിലോമീറ്റര്‍ വേഗത്തിൽ ഓടാൻ ആ കിടാവിനു കഴിയും. ചെറുപ്രായത്തിൽ അമ്മയിൽനിന്നു വേർപെട്ടുപോയാൽപ്പിന്നെ ആ കുട്ടി വിശന്നു ചത്തുപോവും. സിംഹമോ പുലിയോ പിടിക്കാനും മതി. എട്ടുമാസം പ്രായമാവുമ്പോഴേയ്ക്ക് അമ്മയെ വിട്ട് സമപ്രായക്കാരോടൊത്ത് നീങ്ങാൻ തുടങ്ങും.

സഹജാവബോധവും സാഹചര്യങ്ങളും

ഈ കാലിക്കൂട്ടങ്ങൾ സൂക്ഷ്മമായ സഹജാവബോധത്തോടെ അനുകൂല സാഹചര്യങ്ങൾ പിന്തുടരാൻ വേണ്ടവിധം പരിണമിച്ചിരിക്കുന്നു. ഈ മൃഗങ്ങൾ മഴയുടെ തീവ്രത, പുല്ലിന്റേയും വെള്ളത്തിന്റേയും ലഭ്യത, പകൽദൈർഘ്യം എന്നിവയോടു പ്രതികരിക്കുകയും ദേശാടനത്തിനുവേണ്ടി ഭൂകാന്തിക സൂചനകൾപോലും സ്വീകരിക്കുകയും ചെയ്യും. ഇവരുടെ ദേശാടനക്രമത്തെ ജനുവരി മുതൽ ഒന്നു നിരീക്ഷിച്ചാൽ അതിശയകരമായ സഹജ ക്രമീകരണങ്ങൾ കാണാനാവും.

തെക്കൻ സെറെൻഗെറ്റി സമതലങ്ങളിൽ പെയ്യുന്ന മഴ പോഷകസമൃദ്ധമായ പുല്ല് വളർന്നുവരാൻ ഇടയാക്കുന്നു. ഇത് കന്നുകാലികളെ ന്ഡുട്ടു പ്രദേശത്തേക്ക് ആകർഷിക്കുന്നു. ജനുവരിയിൽ വിൽഡെ ബീസ്റ്റുകൾ നാബി കുന്ന്, ലോബോ എന്നിവിടങ്ങളിൽ മേയുന്നുണ്ടാവും. ഈ സമയത്ത് കൂട്ടത്തിലെ വലിയൊരു ശതമാനം പെൺമൃഗങ്ങളും ഗർഭിണികളാണ്, കൂട്ടമായി അവർ പച്ചപ്പുല്ലു തേടി നീങ്ങുന്നു.

ന്‌ഗൊറോംഗോറോ മേഖലയിലെ അഗ്നിപർവത ലാവയാൽ രൂപംകൊണ്ടിട്ടുള്ള ഈ ഫലഭൂയിഷ്ഠമായ സമതലങ്ങളിൽ മഴക്കാലത്ത് ധാതുസമ്പന്നമായ ചെറുപുല്ലുകൾ തഴച്ചുവളരുന്നു. ഈ പുല്ലിന്റെ ഉയർന്ന പോഷകമൂല്യം കാരണം, സഹജ വാസനയാൽ പ്രസവകാലത്ത് സ്വയരക്ഷയ്ക്കും കുഞ്ഞുങ്ങളെ പോറ്റാനും ഇവർ ഈ മേച്ചിൽപ്പുറങ്ങളിലേക്ക് എത്തിച്ചേരുകയാണ്.

മഴക്കാലം കഴിഞ്ഞ് കാലിക്കൂട്ടം അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങുമ്പോഴേക്കും ഈ പുല്ലുകൾ ഉണങ്ങിപ്പോവുകയും ചെയ്യും മേൽപ്പറഞ്ഞ പാരിസ്ഥിതിക സൂചനകളുടെ സ്വാധീനത്താൽ പെൺ വിൽഡെ ബീസ്റ്റുകൾ ഒരേ കാലയളവിൽ അണ്ഡോല്പാദനം നടത്താനും ഗർഭം ധരിക്കാനും സാധ്യമായവിധം പരിണമിച്ചിട്ടുണ്ട് (പ്രജനന സമന്വയം). അവയുടെ ഹോർമോൺ ചക്രങ്ങൾ പകൽദൈർഘ്യം, പോഷകാഹാരം, ഫെറോമോണുകൾ എന്നിവയാൽ ക്രമീകരിക്കപ്പെടുന്നു.

പ്രസവകാലം പാരമ്പര്യമായി കൈമാറുകയും സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെ പരിഷ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ‘സമൂഹപ്രസവം’ ഉരുത്തിരിഞ്ഞിരിക്കുന്നത് വിൽഡെ ബീസ്റ്റുകളുടെ അംഗസംഖ്യയും അതിജീവനവും ഉറപ്പാക്കാൻ തന്നെയാണ്. അതായത് ഒരു സീസണിൽ 5,00,000 കിടാങ്ങളുണ്ടായി എന്നു കരുതൂ. നവജാതരായ കിടാവുകളെ ലാക്ക് നോക്കി സിംഹങ്ങളും മറ്റു ഇരിപിടിയന്മാരും സമീപത്തുള്ള പാറക്കൂട്ടങ്ങളിൽ ഇരിപ്പുണ്ടാവും. 3000-ത്തോളം സിംഹങ്ങളാണ് സെറെൻഗെറ്റിയിൽ ഉള്ളത്, പിന്നെ കഴുതപ്പുലി, ചീറ്റ, കുറുക്കൻ, പുള്ളിപ്പുലി തുടങ്ങിയ ഇരപിടിയന്മാരും. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇവരെല്ലാം കൂടി 20,000-ത്തോളം കിടാങ്ങളെ പിടിച്ചാലും ബാക്കി 4,80,000 കിടാങ്ങൾ അതിജീവിക്കും. വംശത്തിന് കോട്ടമുണ്ടാവുകയില്ല. അതിന് ഉതകുന്ന തരത്തിലാണ് പ്രിഡേറ്റർ സാഷിയേഷൻ അഥവാ പ്രിഡേറ്റർ സ്വാംപിംഗ് പ്രകൃതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുകൊണ്ടൊക്കെ ഓരോ കിടാവിന്റേയും അതിജീവന സാധ്യത കൂടുകയാണ്. (വ്യത്യസ്ത ഋതുക്കളിലാണ് ഈ അമ്മമാർ പ്രസവിക്കുന്നതെങ്കിൽ ഇരപിടിയന്മാർക്ക് തോന്നുമ്പോഴൊക്കെ കുട്ടികളെ പിടിച്ചുതിന്ന് വംശനാശം വരുത്താനാകും).

ഒരേ കാലത്തുണ്ടാകുന്ന ഈ കിടാങ്ങളുടെ ജനനം പലവിധത്തിലും സെറെൻഗെറ്റി-മസായ്‌മാര ആവാസവ്യവസ്ഥയുടെ ഗതിവിഗതികൾക്കു കാരണമാവുകയാണ്. ഒട്ടും സൗന്ദര്യാത്മകമായി തോന്നില്ലെങ്കിലും സിംഹം തുടങ്ങി മാംസഭുക്കുകളായ ഇരപിടിയന്മാരേയും കഴുതപ്പുലി, കാട്ടുനായ്ക്കള്‍, കുറുക്കന്മാർ, കഴുകന്മാർ തുടങ്ങിയ ‘വൃത്തിയാക്കലുകാർക്കും’ ആവശ്യത്തിന് ആഹാരം നൽകി (ആഹാരമായി) നിലനിർത്തുന്നത് മേൽപ്പറഞ്ഞ കാലിക്കൂട്ടമാണ്. അവയുടെ നിലയ്ക്കാത്ത യാത്രകൾ ഈ മുഴുവൻ ആവാസവ്യവസ്ഥയേയും ഉഴുതുമറിക്കുകയും ചാണകവും വിസർജ്യങ്ങളും മറ്റു ജൈവാവശിഷ്ടങ്ങളും കൊണ്ട് ഫലഭൂയിഷ്ഠമാക്കുകയും ചെയ്യുന്നുണ്ട്. ഇരപിടിയന്മാരില്ലെങ്കിൽ യഥേഷ്ടം പെറ്റുപെരുകി സ്വയം പ്രകൃതിവിഭവങ്ങൾ തിന്നുതീർത്ത് നാശത്തിലേക്കു പൊയ്‌പോകും. സന്തുലനം ഒരു ചെറിയ കളിയല്ല!

സെറെൻഗെറ്റി സമതലങ്ങളിൽ എല്ലാ വർഷവും അര ദശലക്ഷം വിൽഡെ ബീസ്റ്റുകൾ ജനിക്കുന്നു, ഏറ്റവും ഉയർന്ന ജനനനിരക്ക് ഉള്ളത് ഫെബ്രുവരി മാസത്തിലാണ്, ചിലപ്പോൾ പ്രതിദിനം 8,000 കിടാങ്ങൾ വരെ! പുതിയ പുല്ലുകൾ സമൃദ്ധമായി കാണപ്പെടുന്നതിനാൽ മാസെക് തടാകത്തിനും എൻഡുട്ടു തടാകത്തിനും ചുറ്റുമുള്ള പ്രദേശം വിൽഡെ ബീസ്റ്റിന് പ്രസവിക്കാൻ അനുയോജ്യമായ സ്ഥലമാണ്. കിടാങ്ങൾ ജനിച്ചശേഷം കാലിക്കൂട്ടം തെക്കുകിഴക്കൻ എന്‍ഡുട്ടു പ്രദേശത്ത് കുറച്ചുനാൾ തങ്ങുകയും പിന്നീട് ഘടികാരദിശയിൽ വടക്കോട്ട് പോകുകയും ചെയ്യും. സെറെൻഗെറ്റി റിസർവിൽ മാത്രമായി 3,000-ത്തിലധികം സിംഹങ്ങളുണ്ട്. ആഫ്രിക്കയിലെ മറ്റ് വനാന്തരങ്ങളിൽ ഇത്രയധികം സിംഹങ്ങൾ ഉണ്ടാവാറില്ല.

കുഞ്ഞുങ്ങളുണ്ടായിക്കഴിയുമ്പോൾ പറ്റത്തിന്റെ നീക്കം അല്പം മന്ദഗതിയിലാവുന്നു. ഇടറിയും ഉറച്ചും നടന്നും ഓടിയും കിടാങ്ങൾ കൂടെയെത്തണമല്ലോ. മാർച്ചിലെ മഴ ഉച്ചകഴിഞ്ഞാണ്. സെറെൻഗെറ്റിയിലെ മൊബൈൽ ക്യാമ്പുകൾ ഈ തുടർച്ചയായ കുടിയേറ്റത്തെ ഏറ്റവും അടുത്തുനിന്നും ഒപ്പം സഞ്ചരിച്ചും കാണാൻ ഇടനൽകുന്നു. പാർക്കിന്റെ തെക്ക് പടിഞ്ഞാറുള്ള എന്‍ഡുട്ടു, കുസിനി, മാസ്വാ മേഖലകളിലാണ് ഈ മാസങ്ങളിൽ കാലിക്കൂട്ടങ്ങൾ ഉണ്ടാവുക.

ഏപ്രിലിൽ മഴ തുടരുന്നു. എന്‍ഡുട്ടു മേഖലയിൽനിന്ന്‌ സിംബകോപ്‌ജെ കടന്ന് മോറു ദിശയിലേയ്ക്ക് കന്നുകാലികൾ നീങ്ങുന്നു. കണ്ണെത്താദൂരത്തോളം പരന്നുനീങ്ങിയിരുന്ന കാലിക്കൂട്ടം ഇപ്പോൾ വലിയ കൂട്ടങ്ങളായി തിരിഞ്ഞു യാത്ര തുടരുന്നു. സിംബ കോപ്‌ജെയിലാണ് സിംഹങ്ങൾ കൂടുതൽ ഉള്ളത്. സിംബ എന്നാൽ സിംഹം ആണെന്ന് നേരത്തെ പറഞ്ഞല്ലോ. കോപ്ജേ എന്നാൽ, കുന്നുപോലെ ഉയർന്നുനിൽക്കുന്ന പാറക്കൂട്ടങ്ങൾ എന്നും. ഡിസ്‌നിയുടെ ലയൺ കിംഗ് സിനിമയിലെ സിംബയുടെ കുടുംബത്തിന്റെ താവളമായ ‘പ്രൈഡ് റോക്ക്’ ഓർക്കണേ. വൈകുന്നേരത്തുള്ള മഴയും വഴുക്കുന്ന വഴികളും കാരണം സാധാരണ വാഹനങ്ങൾക്ക് അതിലേ പോവാൻ പ്രയാസമാണ്. ചില വൈൽഡ്ബീസ്റ്റ് കൂട്ടങ്ങൾ മധ്യ സെറെൻഗെറ്റിയിലൂടെ പ്രയാണം തുടരുമ്പോൾ, ചിലത് പടിഞ്ഞാറോട്ട് ഗ്രുമെറ്റി റിസർവിലേയ്ക്ക് പോകുന്നു.

മെയ് മാസം മുഴുവൻ ‘നീണ്ട മഴ’ തുടരും. അപ്പോഴേയ്ക്ക് കിടാങ്ങൾ കുറച്ചുകൂടി വളരുകയും ശക്തിയാർജിക്കുകയും ചെയ്യുന്നു. അതനുസരിച്ച് കാലിക്കൂട്ടം സഞ്ചരിക്കുന്ന ദൂരം വർദ്ധിക്കും. മോരുവിനും മകോമയ്ക്കും ഇടയിൽ കാലിക്കൂട്ടങ്ങൾ വടക്കോട്ട് നീങ്ങുന്നു.

ജൂൺ മാസത്തോടെ മഴ അല്പം കുറയുന്നു, കാലിക്കൂട്ടങ്ങൾ പരന്നപറ്റങ്ങളായി മുന്നോട്ടു നീങ്ങുന്നു. മുൻനിരയിൽ വരുന്നവ എംബലഗെറ്റി നദിയിൽ എത്തിയിരിക്കുന്നു. എന്നാൽ, പിന്നിലുള്ളവ ഇപ്പോഴും സിമിറ്റി, ന്യാമുമ കുന്നുകളുടെ തെക്കേ അറ്റത്തോളം പിന്നിലായിരിക്കാം. വടക്കുദിക്കിലേക്കുള്ള ഈ യാത്രയിൽ കന്നുകാലികൾ നീണ്ട വരികളിലായി നീങ്ങുന്നു.

ജൂലൈ മാസം സെറെൻഗെറ്റിയിൽ റട്ട് (Rut) അഥവാ ഇണചേരൽ കാലമാണ്. സെറെൻഗെറ്റിയുടെ പടിഞ്ഞാറുള്ള ഗ്രുമെറ്റി റിസർവിലാണ് ഈ കാലത്ത് കൂടുതലായും ഇവർ മേയുക. പിന്നീട് ഗ്രുമെറ്റി നദികടന്നു മുന്നോട്ടു പോവുന്നു. ഗ്രുമെറ്റി നദിയിൽ മാരാ നദിയോളം ജലസമൃദ്ധിയില്ല, അവിടെനിന്ന് വീണ്ടും വടക്ക്, കെനിയയിലെ മാസായി മാരയിലേക്ക് വിൽഡെ ബീസ്റ്റിന്റെ വൻപറ്റങ്ങൾ നീങ്ങുന്നു. അതായത് ടാൻസാനിയയുടെ അതിർത്തികടന്ന് അയൽരാജ്യമായ കെനിയയിൽ പ്രവേശിക്കുന്നു!

ഓഗസ്റ്റിൽ കൂട്ടങ്ങൾ വടക്കൻ സെറെൻഗെറ്റിയിലേക്ക് എത്തുന്നു. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്നു: മാരാ നദി! ഈ നദി മസായ്‌മാരയിലൂടെ സെറെൻഗെറ്റിയിലേക്ക് ഒഴുകുന്നു. കുതിച്ചുയരുന്ന കലങ്ങിയ വെള്ളവും ഒഴുക്കുമെല്ലാം വളരെ ആകർഷകമാണ്. എന്നാൽ, ഈ ബൃഹത്തായ കാലിക്കൂട്ടങ്ങളുടെ പ്രയാണത്തിൽ ആയിരക്കണക്കിന് എണ്ണം ചത്തുവീഴുന്നത് ഈ നദി തരണം ചെയ്യുമ്പോഴുള്ള പലതരം അപകടങ്ങളിലാണ്.

ചിലപ്പോൾ കാലിക്കൂട്ടങ്ങൾ നദി മുറിച്ചുകടക്കാനുള്ള തീവ്ര ശ്രമത്തിനിടയിലോ സിംഹങ്ങളുടെ ആക്രമണഭീതിയിലോ കുത്തനെയുള്ള തീരങ്ങളിൽനിന്നു കൂട്ടത്തോടെ താഴേക്ക് വീഴുന്നു, വീഴ്ചയിൽ മാത്രം നിരവധി മൃഗങ്ങൾ കൊല്ലപ്പെടും. കുറേയെണ്ണത്തിനെ മുതലകളും തീരത്ത് പതുങ്ങുന്ന സിംഹങ്ങളും പിടിക്കും. ശേഷിച്ചവ എങ്ങനെയെങ്കിലുമൊക്കെ അക്കരെയെത്തിയാൽ അവിടെ അത്രയും തന്നെ ചെങ്കുത്തായ തീരങ്ങളിൽ കയറാൻ ശ്രമിക്കുന്ന പരിഭ്രാന്തരായ വൈൽഡ് ബീസ്റ്റുകളുടെ കൂട്ടം അവരെ ചതച്ചുകളയും. അറിഞ്ഞുകൊണ്ടല്ല. തിക്കിലും തിരക്കിലും പെട്ട് വീണ്ടും കുറെ വിൽഡെ ബീസ്റ്റുകളും മറ്റു മൃഗങ്ങളും മുങ്ങിമരിക്കുന്നു. ഓരോ മരണവും മുതലകൾക്കും പക്ഷികൾക്കും മത്സ്യങ്ങൾക്കും അത്താഴമാണ്. പ്രകൃതിയുടെ വിചിത്രമെന്നു തോന്നുന്ന രീതികൾ! അതോ നീതികളോ! രണ്ടു ദശലക്ഷം മൃഗങ്ങളിൽ ഏകദേശം 6000 എണ്ണം വീതം ഓരോ വർഷവും മാരാ നദിയിൽ വീണുപോവുന്നുണ്ട് (1000 ടണ്ണോളം ബയോ മാസ്സ്). കാലക്രമത്തിൽ അവ കഴുകന്മാർക്കും നദിയിലെ സൂക്ഷ്മജീവി സഞ്ചയങ്ങൾക്കും മറ്റും ഭക്ഷണമാകുന്നത് കൂടാതെ മാരാ നദിയുടെ ധാതുസമ്പത്തും വർദ്ധിപ്പിക്കുന്നു. ജീവചക്രത്തെ ഇത്ര പൂർണമായി നമ്മൾ മനസ്സിലാക്കിപ്പോവുന്ന അവസരങ്ങൾ കുറവാണ്!

സെപ്റ്റംബർ മാസമാകുമ്പോഴേക്കും മാരാ നദി മുറിച്ചുകടന്ന ശേഷം, അതായത് പ്രാണരക്ഷാർത്ഥമുള്ള ചാടിയോട്ടങ്ങളേയും ഇരപിടിയന്മാരേയും തിക്കിത്തിരക്കലുകളും (stampedes) അതിജീവിച്ച ബാക്കിയുള്ള പറ്റങ്ങൾ പതിയെ മസായ്‌മാരയിലെ വിശാലമായ പുൽമേടുകളിൽ എത്തി നിർബാധം മേഞ്ഞുനടക്കാൻ ആരംഭിക്കുന്നു. ദൂരക്കാഴ്ചയിൽ അവയുടെ വിന്യാസവും സംഖ്യാബാഹുല്യവും ലക്ഷക്കണക്കിനു പ്രാണികൾ ഒരേസമയം അരിച്ചുനടക്കുന്നതുപോലെയാണ്. അവിശ്വസനീയമായ കാഴ്ച. വെയിലും ചൂടുമൊക്കെയുള്ള അല്പം വരണ്ട കാലാവസ്ഥയാണിപ്പോൾ.

മാരാ നദി മുറിച്ചുകടക്കലുകൾ ഒക്ടോബർ വരെ നീണ്ടുനിൽക്കുമെങ്കിലും സാധാരണയായി ഈ മാസം മാസായ്‌മാരയിൽ കാലിക്കൂട്ടങ്ങൾ നിർബാധം മേഞ്ഞുനടക്കുന്നു. അതെ! തൽക്കാലത്തേക്ക് ജീവനും കയ്യിൽ പിടിച്ചുകൊണ്ടുള്ള ആ യാത്ര അവസാനിച്ചു, അതിജീവിച്ചവർക്ക് വേണ്ടുവോളം പുതിയ പുല്ലാണ് പ്രതിഫലം.

നവംബറിൽ ‘ചെറുമഴകൾ’ ആരംഭിക്കുന്നു, ഇത് അടുത്ത നീക്കമല്ല സൂചനയാണ്, കൂട്ടങ്ങൾ കെനിയ വിട്ട് തെക്കോട്ട് പടിഞ്ഞാറൻ ലോലിയോണ്ടോയിലേക്കും സെറെൻഗെറ്റി ദേശീയോദ്യാനത്തിലെ ലോബോ പ്രദേശത്തേക്കും നീങ്ങുന്നു. ഈ ഘട്ടത്തിൽ, അവ ചെറിയ കുടുംബ ഗ്രൂപ്പുകളായി സ്വയം സംഘടിപ്പിച്ച് മേച്ചിൽപ്പുറങ്ങളിൽ യഥേഷ്ടം പുല്ലും വെള്ളവും ഒക്കെ തിന്നും കുടിച്ചും കഴിയുന്നു.

ഡിസംബർ മാസത്തോടെ കാലിക്കൂട്ടങ്ങൾ സെറെൻഗെറ്റിയുടെ തെക്ക് ഭാഗത്തേക്കും ന്‌ഗോറോംഗോറോ അഗ്നിപർവത സമീപമുള്ള സമതല പ്രദേശത്തേക്കും തിരിച്ചെത്തും. പിന്നെയും സെറെൻഗെറ്റിയിൽനിന്ന് മഴയുടെ വഴിയേ മാസങ്ങളെടുത്ത് പരിസ്ഥിതി സൂചനകളും പൂർവാനുഭവത്തിൽനിന്നുള്ള ഭൂപടങ്ങളും ഗ്രഹിച്ച് പുല്ലും വെള്ളവും അനുകൂല സാഹചര്യങ്ങളും തേടി വീണ്ടും മസായ്‌മാരയിലേക്ക്. അങ്ങനെ അതിജീവനത്തിനായുള്ള ഈ സാർത്ഥവാഹക സംഘത്തിന്റെ യാത്ര നിലയ്ക്കുന്നതേയില്ല.

ഇരപിടിയന്മാരും മറ്റുമൃഗങ്ങളും

സിംഹങ്ങൾ, കഴുതപ്പുലികൾ, പുള്ളിപ്പുലികൾ, ചീറ്റപ്പുലികൾ, കുറുക്കന്മാർ, കാട്ടുനായ്ക്കൾ പിന്നെ ഭീമന്മാരായ നൈൽ മുതലകൾ തുടങ്ങിയവരാണ് സെറെൻഗെറ്റിയിൽനിന്ന് മസായ്‌മാരയിലേക്കും തിരിച്ചുമുള്ള വഴികളിലുള്ള ഇരപിടിയന്മാർ (ആഫ്രിക്കയിലെ തനതു വന്യമൃഗങ്ങളിൽ കടുവകളില്ല കേട്ടോ!). ഇവയെക്കൂടാതെ പഫ് ആഡ്ഡർ എന്ന വിഷപ്പാമ്പ്, അതിനേയും ആഹാരമാക്കുന്ന സെക്രട്ടറി ബേർഡ്, മാറബു സ്റ്റോർക്ക് എന്നിവയുമുണ്ട്. ഗ്രേറ്റ് മൈഗ്രേഷൻ സമയത്ത് അപെക്സ് പ്രിഡേറ്റർ അഥവാ ഭക്ഷ്യശൃംഖലയുടെ മുകളറ്റത്തുള്ള സിംഹങ്ങൾ, അവരുടെ വേട്ടയാടൽ തന്ത്രങ്ങൾ ഭൂപ്രകൃതിക്കും ഇരകളുടെ എണ്ണത്തിനും അനുസൃതമായി മെനഞ്ഞെടുക്കുന്നു. ന്ഡുട്ടുവിലെ കാലിക്കിടാക്കളെ പതിയിരുന്ന് ആക്രമിച്ചു കീഴ്‌പെടുത്തുന്നു, ഗ്രുമെറ്റിയിലും മാരയിലും നദിയിൽ പതിയിരുന്ന് ആക്രമണം നടത്തുന്നു, മാറ സവാനയിൽ ഏകോപിത സമതല വേട്ടകൾ നടത്തുന്നു, മാത്രമല്ല മുതല, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങൾ പിടിച്ച ഇരകളെ കൈവശപ്പെടുത്താനും സിംഹങ്ങൾക്ക് ഒരു മടിയുമില്ല.

ചീറ്റപ്പുലികൾ കൂടുതലുള്ളത് സെറെൻഗെറ്റിയിൽ തന്നെയാണ്. വിൽഡെ ബീസ്റ്റുകളുടെ പ്രസവകാലമായ ജനുവരി-മാർച്ച് കാലത്ത് ഒറ്റപ്പെട്ട കിടാങ്ങളേയും കാലികളേയും പെട്ടെന്ന് പിന്തുടർന്ന് ആക്രമിക്കുന്നതാണ് അവരുടെ രീതി. പെട്ടെന്നുള്ള കുതിപ്പിന് മണിക്കൂറിൽ 96 മുതൽ 120 കിലോമീറ്റർ വരെ വേഗതയുണ്ടാകും, മിന്നൽപോലെ. ഒരു 30 സെക്കന്റിൽ കൂടുതൽ ചീറ്റപ്പുലിക്ക് ഈ വേഗത്തിൽ കുതിക്കാനാകില്ല. അപ്പോഴേക്കും ശരീരം ചൂടായി ഹൃദയമിടിപ്പൊക്കെ വല്ലാതെ കൂടിയിട്ടുണ്ടാവും. ഇവ ഇരയെ പിടിച്ച് സുരക്ഷിതമായ ഒരു താവളത്തിലേക്ക് മാറ്റുകയാണ് ചെയ്യുക. അല്ലെങ്കിൽ കഴുതപ്പുലി തുടങ്ങിയ സംഘങ്ങൾ വന്ന് ഇരയെ കടത്തിക്കൊണ്ടുപോകും. ചീറ്റയ്ക്കാണെങ്കിൽ ഇവരോടൊക്കെ ഗുസ്തി പിടിക്കാനുള്ള ശക്തിയുമില്ല. മധ്യ സെറെൻഗെറ്റിയിലും മസായ് മാരയിലും ചീറ്റകൾ ഇമ്പാല, ടോമി, ഒറ്റപ്പെട്ട വിൽഡെ ബീസ്റ്റ് കിടാവുകൾ എന്നിവയെ പിടികൂടുന്നു. കഴുതപ്പുലി നമ്മൾ പൊതുവെ വിചാരിച്ച പോലെ വൃത്തിയാക്കലുകാരൻ മാത്രമല്ല, നല്ല അസ്സൽ വേട്ടക്കാരനാണ്. കൂട്ടമായി വേട്ടയാടും. ഇരയെ കിലോമീറ്ററുകളോളം ഓടിച്ചിട്ട് പിടികൂടും. മറ്റ് ഇരപിടിയന്മാർ ഉപേക്ഷിച്ച ഇരയുടെ അവശിഷ്ടങ്ങൾ തിന്ന് വെടിപ്പാക്കും, അതായത് ചീഞ്ഞ മാംസത്തിൽനിന്നും മറ്റും ആവാസവ്യവസ്ഥയിൽ രോഗാണുക്കൾ പരക്കുന്നത് തടയും. ദീർഘദൂര ഓട്ടത്തിനു പറ്റിയ ശരീരഘടനയും കൂട്ടംചേർന്നു ചുറ്റിവളഞ്ഞുള്ള ആക്രമണരീതിയും കൈമുതലായ കാട്ടുനായ്ക്കളും വിദഗ്ദ്ധരായ വേട്ടക്കാരാണ്. ചെറിയ മൃഗങ്ങളെ ഇവരും ഇരയാക്കും, ഭംഗിയായി മറ്റ് ജൈവാവശിഷ്ടങ്ങൾ ഭക്ഷിച്ചു നീക്കംചെയ്യുകയും ചെയ്യും. മൈഗ്രേഷൻ വഴികളിൽ പലയിടത്തായി ഇവയുടെ സംഘങ്ങൾ ഉണ്ടാവും. ഗ്രുമേറ്റി, മാര. എന്നീ നദികളുടെ ക്രോസ്സിങ്ങിൽ. അതായതു നമ്മുടെ വിൽഡെ ബീസ്റ്റ്, സീബ്രാ, ഗീസെൽ, ഇമ്പാല സാർത്ഥവാഹക സംഘങ്ങൾ ഗ്രുമേറ്റി, മാര എന്നീ നദികൾ കടക്കുന്ന സമയത്താണ് കൊടും നായാട്ടുകാരായ നൈൽ മുതലകൾ വേട്ടയ്ക്കിറങ്ങുന്നത്. അഞ്ചു മീറ്ററോളം നീളവും ഒരു ടണ്ണോളം ഭാരവുമുള്ള ഭീമാകാരമായ ശരീരം നദീജലത്തിലൊളിപ്പിച്ച്, കണ്ണും മൂക്കും മാത്രം ജലോപരിതലത്തിൽ വെച്ച് അവർ കാത്തിരിക്കുന്നു. അതിജീവനത്തിനുവേണ്ടി പുഴകടക്കാൻ വരുന്ന നൽക്കാലികളെ പിടിച്ച് സുഭിക്ഷമായി ശാപ്പിടുന്നു. നൈൽ മുതലകൾ ഏറ്റവും വലിയ മുതലകളാണ്. ദശലക്ഷക്കണക്കിനു വർഷങ്ങളിൽ കാര്യമായ പരിണാമങ്ങളൊന്നും സംഭവിക്കാത്ത ഈ മുതലകൾ അവരുടെ ചര്യകൾക്കു പറ്റിയ രീതിയിൽ പരുവപ്പെട്ടവരാണ്. ഇരയെ പിടിക്കുന്ന പിടുത്തത്തിന് 95 കിലോ ന്യൂട്ടൺ ശക്തിയാണുള്ളത്! എങ്കിലും കാലാവസ്ഥാവ്യതിയാനം ഇവയേയും ബാധിക്കുന്നുണ്ട്.

ഈ മഹായാനത്തിൽ പങ്കെടുക്കാത്ത സസ്യഭുക്കുകളായ ആഫ്രിക്കൻ ബുഷ് എലിഫന്റ്‌സ് എന്ന ആഫ്രിക്കൻ ആനകളും ഹിപ്പോപ്പൊട്ടാമസ് എന്ന നീർക്കുതിരകളും കാണ്ടാമൃഗങ്ങളും ജിറാഫുകളും മിശ്രഭുക്കുകളായ ഒട്ടകപ്പക്ഷികളും ഉണ്ട് ഈ പ്രദേശങ്ങളിൽ.

മാസായിമാരയിലെ ദേശാന്തരഗമനം

ദേശാടനത്തിന്റെ ജൈവരഹസ്യങ്ങൾ

ഗ്രേറ്റ് മൈഗ്രേഷൻ ഓഫ് മസായ്‌മാര, അതിശയകരമായ ദൃശ്യാനുഭവം മാത്രമല്ല, ആവാസവ്യവസ്ഥയെത്തന്നെ നിലനിർത്തുന്ന നൈസർഗിക പ്രതിഭാസമാണ്. ജനിതകമാണോ പരിസ്ഥിതിയാണോ സഹജവാസനയാണോ ഏതേതു ശക്തികളാണ് ഈ ചാക്രിക ദേശാടനത്തിനു കാരണമാകുന്നത്? നമ്മുടെ നീല വിൽഡെ ബീസ്റ്റിന്റെ വാർഷിക കുടിയേറ്റം ഗ്രേറ്റർ സെറെൻഗെറ്റി ആവാസവ്യവസ്ഥയുടെ വിസ്തൃതമേഖല മുഴുവൻ ഉൾക്കൊള്ളുന്നു. ജി.പി. എസ് ഡാറ്റ അനുസരിച്ച് ഇവർ സഞ്ചരിക്കുന്ന ആകെ ദൂരം 1500 കിലോമീറ്ററിൽ കൂടുതലാണ്. മുൻപ് പറഞ്ഞതുപോലെ നവംബർ ആദ്യം ചെറിയ മഴ ആരംഭിക്കുന്നതോടെ, മസായ്‌മാരയിലെ വരണ്ട കാലാവസ്ഥയിൽനിന്ന് കൂട്ടങ്ങൾ തെക്കോട്ട് നീങ്ങുന്നു, മഴക്കാലം (ഡിസംബർ-മെയ്) ടാൻസാനിയയിലെ ഫലഭൂയിഷ്ഠമായ തെക്കൻ പുൽമേടുകളിൽ ചെലവഴിക്കുന്നു. വരൾച്ചക്കാലത്ത് (ഓഗസ്റ്റ്-നവംബർ) സെറെൻഗെറ്റി ദേശീയ റിസർവിലെ വനപ്രദേശങ്ങളിലേക്ക് യാത്രയാകുന്നു, വീണ്ടും ചാക്രിക കുടിയേറ്റം തുടരുന്നു

വിൽഡെ ബീസ്റ്റുകളുടെ ചലന തീരുമാനങ്ങളെ ശരീരശാസ്ത്രം, സാമൂഹിക ഇടപെടലുകൾ, പാരിസ്ഥിതിക സൂചനകൾ, വിഭവലഭ്യത, ഓർമ, ഇരപിടിയൻ സാധ്യത എന്നിവയുൾപ്പെടെ പല ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. ദേശാടനപ്രേരകങ്ങളായ ഈ ഘടകങ്ങളുടെ ആപേക്ഷിക പ്രാധാന്യം തിട്ടപ്പെടുത്തുന്നത് ദുഷ്‌കരമാണെങ്കിലും ആ വഴിക്ക് ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇവരുടെ കാര്യത്തിൽ പൂർവാനുഭവങ്ങൾ (ഓർമ), സഹജവാസനകൾ, പരിസ്ഥിതിയിൽനിന്നുള്ള സൂചനകൾ എന്നിവ ഒരുപോലെ പ്രധാനമാണ്. സ്ഥിരം പിന്തുടർന്നിരുന്ന വഴികൾ അടയ്ക്കപ്പെടുകയോ കൂട്ടത്തിലെ അനുഭവസമ്പന്നരായ കാലികൾ ഇല്ലാതാവുകയോ ചെയ്താൽ ദേശാടനം ക്രമരഹിതമായി പോവുന്നതായി തെളിഞ്ഞിട്ടുണ്ട് .

പരിസ്ഥിതി സൂചനകളാണ് കൂടുതൽ പ്രധാനം എന്നുവേണമെങ്കിൽ പറയാം. വിൽഡെ ബീസ്റ്റുകൾ പ്രധാനമായും മഴയുടെ ക്രമവും തല്‍ഫലമായുണ്ടാകുന്ന പച്ചപ്പുല്ലിന്റെ സമൃദ്ധിയുമാണ് പിന്തുടരുന്നത്. അവയുടെ തീക്ഷ്ണേന്ദ്രിയങ്ങൾ ഗന്ധം, കാഴ്ച, ദൂരെയുള്ള ഇടിമുഴക്കം, മഴക്കാറ് ഒക്കെപ്പോലും അറിയാൻ അവയെ സഹായിക്കുന്നു. സാൽമൺ മീനുകളുടെ മുട്ടയിടാൻ വേണ്ടിയുള്ള ദേശാടനത്തിലും പാരിസ്ഥിതിക, പൂർവാനുഭവ പ്രേരണകളാണ് കാരണമാകുന്നത്. എന്നാൽ, പിറന്ന നദിയിലേക്കുള്ള അവയുടെ തിരിച്ചുവരവിൽ, ആ നദിയെ സംബന്ധിച്ച ‘ഗന്ധസ്മരണകൾ’ (Olfactory inprinting) അഥവാ പ്രത്യേക രാസമിശ്രണത്തെക്കുറിച്ചുള്ള ഓർമകളാണ് മുഖ്യ പങ്കുവഹിക്കുന്നത്. മഴയുടെ മണം, അമ്മയുണ്ടാക്കിയ ഭക്ഷണം തുടങ്ങി കുട്ടിക്കാലത്ത് പരിചയിച്ച ഗന്ധങ്ങൾ നമ്മിൽ ഓർമകളെ ഉണർത്തുന്നതുപോലെത്തന്നെ.

വിൽഡെ ബീസ്റ്റുകൾ സാമൂഹികജീവികളാണ്. നേതാക്കളോ ഉപഗ്രൂപ്പുകളോ നീങ്ങാൻ തുടങ്ങിയാൽ, കൂട്ടത്തിലെ ബാക്കിയുള്ളവരും അത് പിന്തുടരുന്നു, ഇത് കുടിയേറ്റത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. പ്രായമായ വിൽഡെ ബീസ്റ്റുകൾക്ക് വഴികൾ, ജലാശയങ്ങൾ, സുരക്ഷിതമായ പ്രസവസ്ഥലങ്ങൾ എന്നിവയുടെ സ്ഥലസംബന്ധിയായ സ്മരണകൾ ഉണ്ടായിരിക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അമ്മമാരുമായും കൂട്ടങ്ങളുമായും നീങ്ങുന്ന കന്നുകുട്ടികൾ അവരുടെ ആദ്യ ചക്രങ്ങളിൽ ഈ പാതകൾ ‘പഠിച്ചേക്കാം’ -ഇവിടെ പ്രേരകം സാൽമണിന്റേതുപോലെ രാസവസ്തുവല്ല, മറിച്ച് സാമൂഹികമായ ഓർമയും മനോമുദ്രണവുമാണ്. ആനകളിലും കൊക്കുകളിലും തിമിംഗലങ്ങളിലും കാണപ്പെടുന്ന സാംസ്കാരിക വ്യാപനത്തിനു സമാനമാണിത്.

തെക്കൻ സെറെൻഗെറ്റിയിലെ പ്രസവകാലം വടക്കോട്ടുള്ള കുടിയേറ്റത്തിനു വേദിയൊരുക്കുന്നു -അമ്മമാരുടേയും കന്നുകുട്ടികളുടേയും അതിജീവന ആവശ്യങ്ങൾക്കനുസരിച്ച് ഏതാണ്ട് ഒരു ജൈവിക കൗണ്ട്ഡൗൺ ക്ലോക്ക് പോലെ! മെലറ്റോണിൻ, പ്രോലാക്റ്റിൻ, കോർട്ടിസോൾ എന്നീ സീസണൽ ഹോർമോണുകളുടെ സാന്നിധ്യം പ്രസവവുമായി മാത്രമല്ല, അമ്മയുടേയും കുട്ടിയുടേയും ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ഉറപ്പാക്കാനും തീറ്റ കുറഞ്ഞ ഇടത്തുനിന്നു മുന്നോട്ടു നീങ്ങാനുമുള്ള ഉൾപ്രേരണയായും പ്രവർത്തിക്കുന്നു! വരണ്ടകാലം അടുക്കുമ്പോൾ കന്നുകാലികളെ ദേശാടനത്തിനു പുറപ്പെടാൻ പ്രേരിപ്പിക്കുന്നു.

കുടിയേറ്റക്കാർ പ്രതിദിനം ഏകദേശം 4500 ടൺ പുല്ല് കഴിക്കുന്നുണ്ട്, അതായത് അത്രയും ജൈവാംശം നിരന്തരം ദഹിപ്പിക്കപ്പെടുകയും മറ്റു രൂപത്തിൽ സ്ഥലം മാറ്റപ്പെടുകയും ചെയ്യുന്നുണ്ട്. ഫോസ്‌ഫറസും നൈട്രജനും ധാരാളമുള്ള ചെറുപുല്ലുകൾ ധാരാളം കഴിച്ച കാലിക്കൂട്ടത്തിന്റെ ജൈവാവശിഷ്ടങ്ങൾ ഈ ആവാസവ്യവസ്ഥയിൽ ഉടനീളം നിക്ഷേപിക്കപ്പെടുന്നുണ്ട്. കൂടാതെ പലയിനം ഇരപിടിയൻ മൃഗങ്ങൾക്കും കഴുകൻ, കഴുതപ്പുലി തുടങ്ങിയ ‘ശുചീകരണക്കാരായ’ മൃഗങ്ങൾക്കും വിൽഡെ ബീസ്റ്റുകൾ ഭക്ഷണ സ്രോതസ്സാകുന്നു.

ഋതുഭേദങ്ങൾ മൂലം ഉണ്ടാകാനിടയുള്ള ക്ഷാമം ഇരപിടിയന്മാരെക്കൊണ്ടുള്ള കൂട്ട ജീവഹാനി -ഇതിലൊക്കെ നിന്ന് ചാക്രിക ദേശാടനം ഈ കാലിക്കൂട്ടത്തെ രക്ഷിച്ചു നിർത്തുന്നു, അതായത് ഇവരുടെ നിരന്തര ചലനം ജനസംഖ്യാസമൃദ്ധിയും പാരിസ്ഥിതിക സംതുലനവും ഫലപ്രദമായിരിക്കാൻ കാരണമാകുന്നു. സെറെൻഗെറ്റി ബീസ്റ്റുകൾ, അവയുടെ ആവാസവ്യവസ്ഥാ ശ്രേണിയിലെ അടുത്ത 12 തരം സസ്തനിവർഗങ്ങളുടേയും മൊത്തം ജൈവാംശത്തിന്റെ ഇരട്ടിയാണ്! കാലിക്കൂട്ടം മേയുന്ന സ്ഥലത്ത് കൂടുതൽ പുല്ലുകൾ വീണ്ടും മുളക്കുന്നു. അവർക്കുശേഷം പിന്നാലെ വരുന്ന ഗീസലുകൾ തുടങ്ങിയ മാനുകൾക്ക് ഇത് സമൃദ്ധമായ തീറ്റ ലഭ്യതയുണ്ടാക്കുന്നുണ്ട്. പെരും കാലിക്കൂട്ടം ഇത്തരമൊരു ചാക്രിക ദേശാടനം നടത്തുന്നില്ലെങ്കിൽ ഈ ആവാസവ്യവസ്ഥയ്ക്ക് നിലനിൽക്കാനാവില്ല എന്നുകൂടി ഇതിനർത്ഥമുണ്ട്.

ആവാസവ്യവസ്ഥ നഷ്ടപ്പെടൽ, ഭൂമി പരിവർത്തനം, ഫെൻസിങ് കൃഷി, ടാൻസാനിയ-കെനിയ അതിർത്തി തുടങ്ങിയ പ്രധാന ഇടനാഴികളിലെ വാസസ്ഥലങ്ങൾ, കാലാവസ്ഥാ വ്യതിയാനം, അമിത ടൂറിസം (പ്രത്യേകിച്ച് നദി മുറിച്ചുകടക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾ തിങ്ങിനിറയുന്നത് കന്നുകാലികളെ ബുദ്ധിമുട്ടിക്കുന്നു), വനംകൊള്ളയും വേട്ടയും തുടങ്ങി പല ഘടകങ്ങളും മൃഗങ്ങളുടെ ഈ ദേശാടന ചക്രത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ടൂറിസത്തിനും അല്ലാതേയും സെറെൻഗെറ്റിക്ക് സമീപം നിർദേശിക്കുന്ന റോഡുകളും റെയിൽവേകളും വൈൽഡ്‌ ലൈഫ് ഇടനാഴികളെ വിഘടിപ്പിക്കും.

വേലികെട്ടൽ/അധിവാസം തടയുന്നതിലൂടെ തുറന്ന ഇടനാഴികൾ നിലനിർത്തുക. ആളുകളും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് ബഫർ സോണുകൾ നിർമിക്കുക, കാലാവസ്ഥയെ പ്രതിരോധിക്കുന്ന സംരക്ഷണം (ജലസംഭരണികൾ, മേച്ചിൽപ്പുറങ്ങൾ എന്നിവ സംരക്ഷിക്കൽ), ടൂറിസം ഗതാഗതത്തിന്റെ നിയന്ത്രണം, സമൂഹത്തിന്റെ പ്രാതിനിധ്യത്തോടെ സംരക്ഷണം എന്നീ നടപടികൾ കെനിയ-ടാൻസാനിയ ഗവണ്‍മെന്റുകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കൂടാതെ സെറെൻഗെറ്റി, മസായ്‌മാര എന്നിവയ്ക്കുള്ള യുനെസ്‌കോ ലോക പൈതൃക പദവി നൽകപ്പെട്ടിട്ടുണ്ട്; WWF, AWF, IUCN എന്നിവ ഇടനാഴി സംരക്ഷണത്തിൽ പ്രവർത്തിക്കുന്നുണ്ട്. 2011-ലെ അന്താരാഷ്ട്ര പ്രതിഷേധം ആസൂത്രിതമായ സെറെൻഗെറ്റി ഹൈവേ പദ്ധതി നിർത്തിവയ്പിച്ചുകൊണ്ട് കുടിയേറ്റ പാതകൾ സംരക്ഷിച്ചു, തുടർന്നുള്ള സംരക്ഷണം അത്യാവശ്യമാണ്.

സസ്തനികളുടെ ഈ മഹാദേശാടനം അല്ലെങ്കിൽ ചാക്രിക കുടിയേറ്റം രാജ്യങ്ങളിലും സംസ്കാരങ്ങളിലും വ്യാപിച്ചിരിക്കുന്നു - ‘ആവാസവ്യവസ്ഥകൾ അതിർത്തികൾ അനുസരിക്കുന്നില്ലെ’ന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. കാലാവസ്ഥയും വിവിധ വംശങ്ങളിലുള്ള സ്ഥൂലജീവികളും സൂക്ഷ്മജീവികളുമെല്ലാം എങ്ങനെ പരസ്പരം ആശ്രയിക്കുന്നു എന്നതിന് തെളിവാകുന്നു. സമ്മർദങ്ങൾ നീക്കിയാൽ പ്രകൃതി എങ്ങനെ സ്വയം വീണ്ടെടുക്കുമെന്നതിന് ഉത്തമോദാഹരണമാണ്‌ റിൻഡർ പെസ്റ്റിനുശേഷം വിൽഡെ ബീസ്റ്റ് വംശം പുനരുജ്ജീവിച്ചു വന്നത്.

ദി ഗ്രേറ്റ് മൈഗ്രേഷൻ ഓഫ് വിൽഡെ ബീസ്റ്റ്‌സ് കരയിലെ സസ്തനികളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ റൗണ്ട് ട്രിപ്പ് മാത്രമല്ല, ആഗോള പരിസ്ഥിതിയിലെ ജീവനുള്ള പാഠമാണ്. ഈ തുടർ ദേശാടനം കാണുകയും അനുഭവിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ സകല ചരാചരങ്ങളേയും നിലനിർത്തുന്ന സൂക്ഷ്മമായ സന്തുലിതാവസ്ഥ മനസ്സിൽ തറയ്ക്കുംവിധം ദൃശ്യമാകുന്നു. അതിൽ നമ്മുടെ പങ്കും. അതിജീവനയാത്രകളിൽ നമ്മളെന്നും അവരെന്നുമില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

പ്രണയ ജീവിതം സന്തോഷം, പുതിയ തൊഴിലവസരങ്ങള്‍; ഈ നാളുകാര്‍ക്ക് ഇന്നത്തെ ദിവസം

'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി മടങ്ങി വരും'

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

SCROLL FOR NEXT