ഏതോ ഒരു പുതിയ കാര്യം അവതരിപ്പിക്കുന്നതുപോലെയാണ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഇസ്ലാമിസവാദികളും മാവോവാദികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംസാരിച്ചത്. കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രമാസികകള്‍ നിരീക്ഷിക്കുകയും അവര്‍ നടത്തുന്ന സമ്മേളനങ്ങളിലേയ്ക്കു ക്ഷണിക്കപ്പെടുന്നവരുടെ രാഷ്ട്രീയ ചായ്വ് ശ്രദ്ധിക്കുകയും ചെയ്യുന്നവര്‍ക്കു ദശകങ്ങള്‍ക്കു മുന്‍പേ അറിയാവുന്നതാണ് തീവ്ര ഇസ്ലാമിക സംഘടനകള്‍ക്കു തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളോടുള്ള അടുപ്പവും ആഭിമുഖ്യവും. എണ്‍പതുകള്‍ തൊട്ടേ പ്രകടമായിരുന്നു ഈ ചങ്ങാത്തം.
മോഹനന്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഇസ്ലാമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഈ ചങ്ങാത്തം ഒരു മുന്‍ ചങ്ങാത്തത്തിന്റെ തുടര്‍ച്ച മാത്രമാണ്. 1970-കളുടെ അവസാനം തൊട്ട് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ നെഞ്ചോട് ചേര്‍ത്ത ചങ്ങാതിയാണ് വി.ടി. രാജശേഖര്‍. 1981 തൊട്ട് ബാംഗ്ലൂരില്‍നിന്നു പ്രസിദ്ധീകരിച്ചുപോന്ന 'ദളിത് വോയ്‌സി'ന്റെ സ്ഥാപക പത്രാധിപരാണ് അദ്ദേഹം. 1979-ല്‍ ആയത്തുള്ള ഖൊമെയ്നിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന 'ഇസ്ലാമിക വിപ്ലവ'ത്തെ പാടിപ്പുകഴ്ത്തിയവരില്‍ മുന്‍നിരയിലായിരുന്നു രാജശേഖര്‍. സ്വതന്ത്ര ഇന്ത്യയില്‍ സമസ്ത മേഖലകളിലും നിലനില്‍ക്കുന്നത് സവര്‍ണ്ണാധിപത്യമാണെന്നും അതു തകര്‍ക്കുന്നതിനു ദളിതരും മുസ്ലിങ്ങളും ഒന്നിക്കുക മാത്രമാണ് പോംവഴിയെന്നുമത്രേ അദ്ദേഹത്തിന്റെ മുഖ്യസിദ്ധാന്തം. തങ്ങളുടെ പരമലക്ഷ്യം ഇന്ത്യയുടെ ഇസ്ലാമീകരണമാണെങ്കിലും അതിലേയ്ക്കുള്ള തന്ത്രപരമായ പ്രഥമ കാല്‍വെയ്പായി ഇസ്ലാമിസ്റ്റുകള്‍ ദളിത്-മുസ്ലിം ഐക്യത്തെ വീക്ഷിച്ചു പോരുകയും ചെയ്തു.
എണ്‍പതുകളുടെ അവസാനം തൊട്ട് ഇസ്ലാമിസ്റ്റുകള്‍ മാവോയിസ്റ്റുകളടക്കമുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളോട് അനുഭാവം പുലര്‍ത്താന്‍ തുടങ്ങിയതും ഇതേ ലക്ഷ്യത്തോടുകൂടിത്തന്നെ. സി.പി.എം ജില്ലാ സെക്രട്ടറി പേരെടുത്തു പറഞ്ഞ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടും അതിന്റെ മുന്‍രൂപമായ എന്‍.ഡി.എഫുമാണ്. അവ രണ്ടിന്റേയും മുന്‍ഗാമിയെന്നു വിശേഷിപ്പിക്കാവുന്ന സംഘടനയാണ് സിമി. ആ സംഘടന അതിന്റെ ജിഹ്വയായിരുന്ന 'വിവേക'ത്തില്‍ വി.ടി. രാജശേഖര്‍ മൊഴികള്‍ക്കു വന്‍ പ്രാധാന്യം നല്‍കിപ്പോന്നിരുന്നു. ഇപ്പറഞ്ഞ മൂന്നു ഇസ്ലാമിസ്റ്റ് സ്വരൂപങ്ങളുടേയും പ്രത്യയശാസ്ത്ര മാതാവായ ജമാഅത്തെ ഇസ്ലാമിയും അതിന്റെ പത്രമാസികകളില്‍ രാജശേഖരന്‍ സിദ്ധാന്തത്തിനെന്നപോലെ ഇസ്ലാമിക സ്വത്വ രാഷ്ട്രീയത്തെ അകമഴിഞ്ഞു പിന്താങ്ങുന്ന തീവ്ര ഇടതുപക്ഷ എഴുത്തുകാര്‍ക്കും ലോഭമെന്യേ ഇടം അനുവദിച്ചു പോന്നിട്ടുണ്ട്.
പഴയ നക്‌സല്‍ പ്രസ്ഥാനത്തോടൊപ്പം നിന്ന പല എഴുത്തുകാരും ആക്ടിവിസ്റ്റുകളും ദളിത് കൂട്ടായ്മകളോട് ചേര്‍ന്നുനിന്ന ബുദ്ധിജീവികളും ഇസ്ലാമിസ്റ്റുകളോടും അവയുടെ ആനുകാലികങ്ങളോടും അനുഭാവം പുലര്‍ത്തിയത് രണ്ടു കാരണങ്ങളാലാകാം. ഒന്ന്, രാഷ്ട്രീയ നിരീക്ഷണ തലത്തിലുള്ള സൂക്ഷ്മതക്കുറവ്. മറ്റൊന്ന് അവസരവാദം. രാഷ്ട്രീയ നിരീക്ഷണപരമായ സൂക്ഷ്മതക്കുറവ് മുന്‍ നക്‌സലൈറ്റുകള്‍ക്കും ദളിത് പ്രസ്ഥാനക്കാര്‍ക്കും സംഭവിച്ചത് ഇസ്ലാമിസ്റ്റുകളുടെ 'സാമ്രാജ്യത്വ വിരുദ്ധത' എന്ന മുദ്രാവാക്യം തൊണ്ടതൊടാതെ വിഴുങ്ങിയതിലാണ്. ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധത 'ആന്റി ഇംപീരിയലിസം' അല്ല, 'ആന്റി ക്രിസന്‍ഡം' ആണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. സാമ്രാജ്യത്വം എന്ന പ്രതിഭാസത്തോടല്ല, ക്രൈസ്തവ മേധാവിത്വം എന്ന പ്രതിഭാസത്തോടാണ് ഇസ്ലാമിസ്റ്റുകള്‍ എക്കാലത്തും എതിര്‍പ്പും വിരോധവും വെച്ചുപുലര്‍ത്തിയത്. വിശ്വമേധാവിത്വം ഇസ്ലാമിനായിരിക്കണമെന്നും അതിനുവേണ്ടി പൊരുതുകയെന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണെന്നും അണികളെ പഠിപ്പിക്കുന്നവരാണ് ഇസ്ലാമിസ്റ്റുകള്‍. അവരോട് ചങ്ങാത്തം സ്ഥാപിച്ച തീവ്ര ഇടതരും ദളിതരും ഈ വസ്തുത ഗ്രഹിക്കാതെ പോയി.
കമ്യൂണിസം എന്ന വിഷച്ചെടി
ഖൊമെയ്നിയുടെ ഇസ്ലാമിക വിപ്ലവത്തിനു സ്തുതിഗീതമാലപിച്ച വി.ടി. രാജശേഖരനെപ്പോലുള്ളവരും തീവ്ര ഇടതരും ഇറാനിലെ ഇസ്ലാമിക നേതൃത്വം ജനാധിപത്യമൂല്യങ്ങളിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരാണെന്ന മൂഢവിശ്വാസത്തിനടിപ്പെട്ടവരായിരുന്നു. സല്‍മാന്‍ റുഷ്ദിക്കെതിരെ ആയത്തുള്ള ഖൊമെയ്നി വധഫത്വയിറക്കിയപ്പോള്‍ മാത്രമല്ല, മുഹമ്മദ് റിസ ഷായുടെ ദുര്‍ഭരണത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഇസ്ലാമിസ്റ്റുകളോട് കൈകോര്‍ത്ത കമ്യൂണിസ്റ്റുകാരായ തൂദെ പാര്‍ട്ടിക്കാരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ലിബറല്‍ ചിന്താഗതിക്കാരായ പത്രപ്രവര്‍ത്തകരേയും ഖൊമെയ്നിപ്പട കൊന്നുതള്ളുകയോ തുറുങ്കിലടയ്ക്കുകയോ ചെയ്തപ്പോഴും ഇത്തരക്കാര്‍ മൗനം പാലിച്ചു. അതിനര്‍ത്ഥം അവര്‍ അവസരവാദികളോ അല്ലെങ്കില്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി ഇസ്ലാമിസ്റ്റുകളെ ഉപയോഗിച്ചു പോന്നവരോ ആണെന്നല്ലാതെ മറ്റെന്താണ്?
മാവോവാദികളടക്കമുള്ള തീവ്ര ഇടതുപക്ഷക്കാരും മാര്‍ക്‌സിസ്റ്റുകാരും മനസ്സില്‍ വെക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ആശയതലത്തിലോ ലോക വീക്ഷണ തലത്തിലോ മാര്‍ക്‌സിസത്തോടോ മാവോയിസത്തോടോ പൊരുത്തപ്പെടുന്ന ഒരു ബിന്ദുപോലും ഇസ്ലാമിസത്തിലില്ല എന്നതാണത്. മാര്‍ക്‌സിസമായാലും മാവോയിസമായാലും രണ്ടും സിദ്ധാന്തിക്കുന്നത് മനുഷ്യന്റെ ബോധം അവന്റെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുകയല്ല, അവന്റെ സാമൂഹിക അസ്തിത്വം അവന്റെ ബോധത്തെ നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത് എന്നത്രേ. ഇരുവിഭാഗവും ഈശ്വരവാദത്തിനും ആത്മീയവാദത്തിനും ഇസ്ലാം മുന്നോട്ടു വെയ്ക്കുന്ന പരലോക വാദത്തിനുമെതിരാണ് എന്നുതന്നെയല്ല, ഇസ്ലാമിസ്റ്റുകള്‍ എക്കാലത്തും കമ്യൂണിസത്തെ ശത്രുപട്ടികയിലേ നിര്‍ത്തിയിട്ടുള്ളൂ. ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യനും ഇസ്ലാമിസത്തിന്റെ ഗുരുഭൂതരും തമ്മില്‍ ഇക്കാര്യത്തില്‍ തരിമ്പും വ്യത്യാസമില്ല. ഇസ്ലാമിസത്തിന്റെ രണ്ടു പ്രമുഖ സൈദ്ധാന്തികര്‍ മൗദൂദിയും ഖുതുബുമാണ്. പോയ നൂറ്റാണ്ടിന്റെ മധ്യത്തില്‍ മൗദൂദി സന്ദേഹലേശമില്ലാതെ എഴുതിവെച്ചത് 'ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്നു പൊട്ടിമുളച്ചതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ്' കമ്യൂണിസം എന്നത്രേ.
ഇതിനര്‍ത്ഥം ഇസ്ലാമിസത്തിനു മേധാവിത്വമുള്ള സാമൂഹിക വ്യവസ്ഥയിലോ രാഷ്ട്രത്തിലോ കമ്യൂണിസം എന്ന പ്രത്യയശാസ്ത്രമോ അതിന്റെ പ്രചാരകരോ വെച്ചുപൊറുപ്പിക്കപ്പെടുകയില്ല എന്നാണ്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പിണിയാളുകളായ ബൊളീവിയന്‍ സൈന്യം അര്‍ജന്റീനിയന്‍ കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന ഏണസ്റ്റോ ചെഗുവേരയെ നേരിട്ടതിനേക്കാള്‍ ക്രൂരമായിട്ടാവും ഇസ്ലാമിസ്റ്റുകള്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ നേരിടുക. പി. മോഹനന്‍ ആരോപിച്ചതുപോലെ ഇസ്ലാമിസവാദികളുമായി കേരളത്തിലെ മാവോവാദികള്‍ക്ക് വല്ല ബന്ധവുമുണ്ടെങ്കില്‍ അവര്‍ ഇസ്ലാമിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരുദ്ധത മനസ്സിലാക്കുന്നത് നന്നായിരിക്കും.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി തന്റെ പ്രസ്താവനയ്ക്ക് പിന്‍ബലമേകാന്‍ നല്‍കിയ വിശദീകരണത്തില്‍ സി.പി.ഐയുടെ (മാവോയിസ്റ്റ്) മുന്‍ ജനറല്‍ സെക്രട്ടറി മുപ്പള ലക്ഷ്മണ റാവു എന്ന ഗണപതി ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തെ കൂട്ടുപിടിക്കുന്നുണ്ട്. പക്ഷേ, പ്രസ്തുത അഭിമുഖത്തില്‍ ഗണപതി ഇസ്ലാമിക മൗലികവാദത്തെ അവതരിപ്പിച്ചത് മോഹനന്‍ പറഞ്ഞതുപോലെയല്ല. ഇസ്ലാമിക മൗലികവാദികള്‍ ആഗോളതലത്തില്‍ പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെ നിലപാടെടുക്കുന്നവരാണെന്നും അതിനാല്‍ അവരെ കമ്യൂണിസ്റ്റ് വിപ്ലവ പ്രക്രിയയില്‍ കൂട്ടുപിടിക്കാമെന്നുമാണ് ഗണേശന്‍ അഭിപ്രായപ്പട്ടത്. അതോടൊപ്പം മറ്റൊരു വസ്തുത കൂടി മാവോയിസ്റ്റ് നേതാവ് ശങ്കാലേശമില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക മൗലികവാദികളുടെ പ്രത്യയശാസ്ത്രം അങ്ങേയറ്റം പ്രതിലോമപരമാണെന്നും അവരുടെ സാമൂഹിക, സാംസ്‌കാരിക നിലപാടുകള്‍ അറുപിന്തിരിപ്പനാണ് എന്നതുമാണത്. വിപ്ലവാനന്തരം മുസ്ലിം മൗലികവാദികളെ ഇസ്ലാമിക ഫണ്ടമെന്റലിസത്തില്‍നിന്നു വിമോചിപ്പിക്കാന്‍ കഴിയുമെന്നാണ് ഗണപതിയുടെ വിശ്വാസം.
മാവോവാദികള്‍ക്ക് വിത്തും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നവരായി ഇസ്ലാമിക തീവ്രവാദ സംഘടനകളെ വിശേഷിപ്പിച്ച ജില്ലാ സെക്രട്ടറിയുടെ നിരീക്ഷണത്തിലെ ആര്‍ജ്ജവക്കമ്മിയിലേയ്ക്ക് കൂടി കണ്ണയക്കേണ്ടിയിരിക്കുന്നു. നടേ സൂചിപ്പിച്ചതുപോലെ, മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് താനുദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണെന്നു മോഹനന്‍ വിശദീകരിച്ചിട്ടുണ്ട്. അതു കേട്ടാല്‍ തോന്നുക സി.പി.എം അയിത്തം കല്പിച്ച് പടിക്കു പുറത്തു നിര്‍ത്തുന്ന സംഘടനകളാണവ എന്നാണ്. സത്യം പക്ഷേ, അതല്ലല്ലോ. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ധാരണയുണ്ടാക്കിയ ചരിത്രം സി.പി.എമ്മിനുണ്ട്. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ത്ത് സി.പി.എം ഭരിക്കുന്ന മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും സംസ്ഥാനത്തുണ്ടെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. 'മാവോയിസ്റ്റുകള്‍ക്ക് വിത്തും വളവും നല്‍കുന്ന' ഇസ്ലാമിസ്റ്റുകള്‍ക്ക് സ്വയം വിത്തും വളവും നല്‍കുക മാത്രമല്ല, അവര്‍ക്ക് പൊതുസമ്മതി നേടിക്കൊടുക്കുക കൂടി ചെയ്യുന്നത് മാര്‍ക്‌സിസ്റ്റുകളാണെന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്? കള്ളനു കഞ്ഞിവെച്ചവര്‍ക്കു കള്ളനെ വിമര്‍ശിക്കാന്‍ എന്തവകാശം?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates