''കരളെരിഞ്ഞാലും തലപുകഞ്ഞാലും
ചിരിക്കണമതേ വിദൂഷക ധര്‍മ്മം
ചിരിയും കണ്ണീരുമിവിടെക്കാണുവ-
തൊരുപോല്‍ മിഥ്യയെന്നറിവോനല്ലിനീ.''
-അണിയറയില്‍ സഞ്ജയന്‍
കോമാളി മേല്‍ക്കൈ നേടുന്ന കാലമേതാണ്? സത്യത്തില്‍ അനവസരങ്ങളുടെ പെരുമാളാണ് ജോക്കര്‍. അഥവാ ഏതു നിമിഷവും അയാളുടെ അവസരമാകുന്നു. ഏതു കാലവും കോമാളിനേരങ്ങളായി പരിണമിക്കാം. രാജസഭയിലാകട്ടെ, സര്‍ക്കസിന്റെ കസര്‍ത്തു കൂടാരത്തിലാകട്ടെ, ചീട്ടുകൂട്ടങ്ങളിലാകട്ടെ, കോമാളിയിടപെടലുകളില്‍ പ്രവചനങ്ങള്‍ക്കപ്പുറത്തുള്ള ചില പ്രവണതകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതു കാണാം. അധികാരവാഴ്ചകള്‍ തുടങ്ങിയ യുഗത്തോളം പഴക്കം കാണും അതിന്റെ പ്രതിങ്കല്പം കൂടിയാകുന്ന കോമാളി പ്രരൂപത്തിനും.
ലോകത്തെ നാനാപ്രദേശങ്ങളിലുമുള്ള ആഖ്യാന പാരമ്പര്യങ്ങളുടേയും മണ്ണടരുകളില്‍ ആയാസമില്ലാതെ കിളച്ചുകണ്ടെത്താവുന്നൊരു കോമാളി വേരോടുന്നുണ്ടാകും. കിഴക്കുള്ള കാളിദാസന്‍ മാത്രമല്ല മാഢവ്യമാതൃക സൃഷ്ടിച്ചത്. പാശ്ചാത്യര്‍ക്കുമുണ്ട് സമാനമായ വിദൂഷകാഖ്യാനങ്ങള്‍ ഷേക്സ്പിയര്‍ നാടകങ്ങളിലെമ്പാടും അത്തരക്കാര്‍ നിരന്നു നില്‍പ്പുണ്ട്. പ്രഷര്‍കുക്കറിനു സേഫ്റ്റി വാല്‍വെന്നപോലെ അധികാരരൂപങ്ങള്‍ തന്നെ അവയെ അതിവര്‍ത്തിക്കുകയോ അട്ടിമറിക്കുകയോ ചെയ്യാത്ത വിധത്തില്‍ ചില സ്വയം വിമര്‍ശന സാധ്യതകള്‍ ഒരുക്കിവെച്ചിരുന്നു. അക്ബര്‍ക്ക് ബീര്‍ബല്‍, കൃഷ്ണദേവരായര്‍ക്ക് തെന്നാലിരാമന്‍, മൂഷകരാജാവിന് തോലന്‍, മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കുഞ്ചന്‍നമ്പ്യാര്‍... ചരിത്രകഥകളില്‍ ചികഞ്ഞാല്‍ വമ്പന്‍ പ്രചാരം നേടിയ എത്രയോ പേരുകള്‍ നിരത്തിവയ്ക്കാം. കൂത്തിലെ ചാക്യാര്‍ മുതല്‍ കാവാലം നാടകത്തിലെ കഥാപാത്രങ്ങള്‍ വരെ എത്രയോ പരിഹാസാവതാരങ്ങളെ അവതരണകലകളില്‍ നാം കണ്ടുമുട്ടിയിരിക്കുന്നു. സ്വയം കോമാളിത്തത്തിന്റെ മുഖപടമണിഞ്ഞവര്‍ വേദിയില്‍ പലപ്പോഴും മറനീക്കി കാട്ടിത്തന്നത് അധികാരമാളുന്നവരുടെ പരിഹാസ്യമായ അവസ്ഥകളെയായിരുന്നു. അരങ്ങിലൂടെ അവര്‍ സാധ്യമാക്കിയിരുന്ന വിമര്‍ശനങ്ങള്‍ ചിലപ്പോഴൊക്കെ കൊള്ളേണ്ടിടങ്ങളില്‍ കൃത്യമായ പ്രഹരങ്ങളേല്പിച്ചും പോന്നിരുന്നു. ദൈവത്താര്‍ നാടകത്തിലെ കോമാളിയും ശക്തനും തമ്മിലുള്ള വാചകയുദ്ധത്തില്‍ വ്യക്തമാകുന്ന ഉരസലിന്റെ വിനിമയം തന്നെയാണ് കാലാകാലങ്ങലില്‍ അധികാരപദവികളും അവയെ അപനിര്‍മ്മിച്ച് അഴിച്ചെടുക്കുന്ന വിമര്‍ശകരൂപങ്ങളും തമ്മില്‍ തുടര്‍ന്നുപോന്നിരുന്നത്.
ശക്തന്‍: ഛീ, ഞാനിവിടെ നില്‍ക്കുമ്പോള്‍ ധിക്കാരം പറയുന്നോ? ഞാനാണ് ദൈവം.
കോമാളി: ആണോ? ശക്തന്‍ ദൈവമാണെന്നു ഞങ്ങള്‍ക്കു വിശ്വാസമില്ല. തെളിയിക്കാമോ?
ശക്തന്‍: കോമാളീ, നീ അതിരുകടക്കുന്നു.
കോമാളി: (പൊട്ടിച്ചിരിച്ച്) കോമാളിക്കതിരില്ല. അതു പണ്ടേ അങ്ങനാ. കോമാളി ശബ്ദം വയ്ക്കുന്ന ചെപ്പുകുടമാ. ഈ ചെപ്പുകുടം കല്‍പ്പടവില്‍ തട്ടി കുളത്തില്‍ വീഴുന്നതെങ്ങനെയാണെന്നോ? മേളക്കാരേ ചെപ്പുകുടത്താളം. ഏകപട ദ്വിപട ത്രിപടച്ചതുര്‍പഞ്ചപട....
ശക്തന്‍: നിര്‍ത്തെടാ. ഇവിടെ ഇതൊന്നും കേള്‍ക്കണ്ട.
കാലന്‍ കണിയാന്‍: പറഞ്ഞോട്ടെ തമ്പ്രാനെ! താളമുണ്ട്. ദൈവമാക്കണ്ട.
കോമാളി: ഏകപടദ്വിപട ത്രിപടച്ചതുര്‍പഞ്ചപട
ഷഷ്ടാഷ്ടപട, ത്രിപതക്കുധിഠിം, ത്രിപഡങ്കോ മങ്കോ
ഡാഡിമ ഡീഡിമ കുപ കുപ
കൂപാ കൂപാ... കിര്‍... കുടം കുളത്തില്‍ താണു.
ശക്തന്‍: നീ കുളത്തില്‍ താഴും.
രാജസദസ്സിലെ നേരമ്പോക്കുകാരന്‍ മുതല്‍ വൃത്താന്തപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് വരെ നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധി മുഹൂര്‍ത്തങ്ങളും മേല്‍ സംഭാഷണങ്ങളില്‍ തെളിയുന്നുണ്ട്. ഭ്രാന്ത് കുഴഞ്ഞ കൂസലില്ലായ്മ ഏകുന്ന പ്രതിരോധബലമാണ് പലപ്പോഴും നിശിത വിമര്‍ശനത്തിന്റെ പരിഹാസോക്തികള്‍ക്ക് തടവും തടസ്സവുമൊരുക്കുന്നതില്‍നിന്ന് മര്‍ദ്ദകശക്തികളെ പിന്തിരിപ്പിച്ചത്. ദൈവമായി ഒരിക്കലും ഉയര്‍ത്തപ്പെട്ടില്ലെങ്കിലും 'Disturber of the status quo' എന്ന നിലയിലുള്ളൊരു നിതാന്ത സാന്നിദ്ധ്യം സാമൂഹ്യമായ സമതുലനങ്ങള്‍ക്കാവശ്യമായതിനാല്‍ വിമര്‍ശക/വിദൂഷക സങ്കല്പങ്ങളെ പൂര്‍ണ്ണമായും ചവിട്ടിത്താഴ്ത്താന്‍ ഒരധികാരസ്ഥാനത്തിനും സ്ഥാപനത്തിനും അധികകാലം കഴിയുമായിരുന്നില്ല.
സാര്‍വ്വലൗകികമായും സകലകാലികമായും കണ്ടെത്താന്‍ കഴിയുന്ന കോമാളിപ്രരൂപങ്ങള്‍ക്ക് സവിശേഷ ദേശകാലാവസ്ഥകളില്‍ പ്രത്യേകതരം പരിണാമങ്ങള്‍ വന്നു ഭവിച്ചതിനു ചില ദൃഷ്ടാന്തങ്ങള്‍ എടുത്തുപറയാന്‍ സാധിക്കും. അമേരിക്കന്‍ കോമിക് ബുക്കുകള്‍ പണിതുപൊക്കിയ ജോക്കര്‍ സങ്കല്പം സൂക്ഷ്മമായ പഠനം നടത്തേണ്ടുന്ന ഒന്നാണ്. അമര്‍ ചിത്രകഥകള്‍ ഇന്ത്യന്‍ ബാല്യങ്ങളില്‍ ചെലുത്തിയതിനു സമാനമായ സ്വാധീനമാണ് കോമിക് കഥകള്‍ അമേരിക്കയില്‍ ഉണ്ടാക്കിയതെന്നു കരുതാന്‍ കഴിയില്ല. രണ്ടു ദേശങ്ങളിലുള്ള കുട്ടികളുടേയും മുതിര്‍ന്നവരുടേയും സൈക്കിയെ വിഭിന്നതലങ്ങളില്‍ വ്യത്യസ്തമായ രീതികളില്‍ രൂപപ്പെടുത്തിയ രണ്ടുതരം പ്രതിഭാസങ്ങളാണവ. ഇന്ത്യന്‍ പുരാണേതിഹാസങ്ങളിലേയോ ഗ്രീക്ക് മിഥോളജിയിലേയോ വീരനായക സങ്കല്പങ്ങളുടെ അച്ചിലല്ല അമേരിക്കന്‍ സൂപ്പര്‍ഹീറോകള്‍ വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളത്. അഥവാ വാര്‍പ്പുമാതൃകകളില്‍ എന്തെങ്കിലും സമാനതകളുണ്ടെങ്കില്‍പ്പോലും അവര്‍ വിരിഞ്ഞു വിടര്‍ന്നു പറന്ന വ്യോമസീമകള്‍ വേറെയാണ്. ഡിസി കോമിക്‌സിന്റേയും മാര്‍വെല്‍ കോമിക്‌സിന്റേയും പിന്നണിക്കാര്‍ പടച്ച അതിമാനുഷരും അവരുടെ എതിരാളികളും ചേര്‍ന്ന് ഒരു സമൂഹത്തിന്റെ സാംസ്‌കാരികാകാശത്തും പൊതുബോധ മണ്ഡലത്തിലും വരുത്തിയ മാറ്റങ്ങള്‍ കരുതുന്നത്ര നിസ്സാരമൊന്നുമല്ല. അതിമാനുഷര്‍ക്കും അതീതമാനുഷര്‍ക്കും മാത്രം പുലരാന്‍ കഴിയുന്നൊരു ലോകക്രമത്തില്‍, തങ്ങളുടെ നിസ്സാരതകള്‍പോലും താങ്ങാന്‍ വയ്യാത്ത ഭാരങ്ങളായി. ഭേസി നടക്കുന്നൊരു ജനതയുടെ മാനസിക സംഘര്‍ഷങ്ങളെ ലാഘവത്തോടെ വിലയിരുത്തുന്നത് പരമാബദ്ധമാകും.
കോമാളിയില്‍ നിന്ന് വില്ലനിലേക്ക്
ബാറ്റ്മാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ എതിരാളിയായി ഗോഥാം നഗരത്തില്‍ പൊട്ടിമുളച്ച ജക്കറിനെ കേവലമൊരു കോമിക് ബുക്ക് കഥാപാത്രമായി ചുരുക്കിക്കെട്ടാന്‍ കഴിയില്ല തന്നെ. ചരിത്രപരവും സാമൂഹികവുമായ ഒരുപാട് വേരുപടലങ്ങള്‍ ജോക്കറിലേക്കും ജോക്കറില്‍നിന്നും നീളുന്നുണ്ട്. ബാലമനസ്സുകളെ ആകര്‍ഷിക്കുംവിധത്തിലുള്ള ഭാവനാപാത്രനിര്‍മ്മാണത്തിന്റെ സരളയുക്തികള്‍ക്കുള്ളില്‍ നിര്‍ത്തിക്കൊണ്ട് വിലയിരുത്താന്‍ കഴിയുന്നതിനപ്പുറം സങ്കീര്‍ണ്ണമാണ് പോപ്പ് കള്‍ച്ചര്‍ ഐക്കണുകളായി മാറിയ ചില ബിംബങ്ങളുടെ വളര്‍ച്ചയും വികാസവും. ബൊളീവിയന്‍ യുദ്ധനായകനായ യഥാര്‍ത്ഥ ചെഗുവേരയും ടീഷര്‍ട്ട് വ്യവസായം സൃഷ്ടിച്ചെടുത്ത ചെഗുവേരാ വിഗ്രഹവും തമ്മിലുള്ള അന്തരമെത്രയെന്നു തിരയുമ്പോള്‍ വെളിവാകുന്ന കാര്യങ്ങള്‍ ഇതോടു ചേര്‍ത്തുവെച്ചു പഠിക്കുന്നത് രസകരമാകും.
ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ബാറ്റ്മാന്‍ ചലച്ചിത്രത്രയത്തിലെ ഡാര്‍ക്ക്‌നൈറ്റ് പുറത്തിറങ്ങിയതോടെ ജോക്കര്‍ എന്ന കഥാപാത്രം ഊഹിക്കാന്‍ കഴിയാത്തത്ര വിചിത്രമായ വളര്‍ച്ചയാണ് നേടിയെടുത്തത്. 'വില്ലത്തരത്തിന്റെ പാരമ്യം' എന്നു വിശേഷിപ്പിക്കപ്പെട്ട ജോക്കര്‍ ഒരു നായകനെപ്പോലെ ആരാധിക്കപ്പെട്ടു തുടങ്ങിയതിന്റെ വൈരുദ്ധ്യം പലരേയും അമ്പരപ്പിച്ചുകളയുക തന്നെ ചെയ്തു. ഓസ്‌ട്രേലിയയില്‍നിന്ന് യു.എസ്.എയിലേയ്ക്ക് കുടിയേറിയ ഹീത്ത് ആന്‍ഡ്രൂ ലെഡ്ജര്‍ എന്ന ജീനിയസ് നടന്റെ അന്യാദൃശമായ അഭിനയപാടവമായിരുന്നു ജോക്കറിന് അതിശയകരമായ പ്രചാരം നേടിക്കൊടുത്ത ഏറ്റവും പ്രധാനപ്പെട്ട ഘടകം. 2008-ല്‍ ഡാര്‍ക്കനൈറ്റ് പുറത്തിറങ്ങുന്നതിനു തൊട്ടു മുന്‍പ്, അമിതമായ ലഹരിയുപയോഗം മൂലം തന്റെ ഇരുപത്തെട്ടാം വയസ്സില്‍ ഹീത്ത് ലെഡ്ജര്‍ മരണമടഞ്ഞു. അനന്യമായ പ്രതിഭയുടെ അതിരുകളില്ലാത്ത ആഘോഷം മൂലം ലെഡ്ജറും അയാളുടെ 'മാഗ്‌നം ഓപ്പസ്' കഥാപാത്രവും ഒരു മിത്തിനു സമാനമായ വിധത്തില്‍ ജനമനസ്സുകളില്‍ പ്രതിഷ്ഠാപിക്കപ്പെട്ടു. കോടിക്കണക്കിന് ഡോളറുകളുടെ വിപണിമൂല്യമുള്ളൊരു വിഗ്രഹമായി മാറി ജോക്കര്‍. ലോകസിനിമകളിലെമ്പാടും ജോക്കറിന്റെ അപരന്മാരും അനുജന്മാരും അരങ്ങേറ്റം നടത്തിക്കൊണ്ടേയിരുന്നു. അനുകരണങ്ങളുടെ പരമ്പരകള്‍ അരങ്ങേറുമ്പോള്‍ ചിലര്‍ അരാജകത്വത്തിന്റെ അംബാസഡറായി ജോക്കറിനെ അരിയിട്ടു വാഴിച്ചു. യാഥാസ്ഥിതിക മനോഭാവങ്ങളോടുള്ള എതിര്‍പ്പിന്റെ കൊടിയടയാളം പോലുമായി മാറി ആ കോമാളിരൂപം. ഡാര്‍ക്ക് നൈറ്റിന്റേയും ഡാര്‍ക്ക് നൈറ്റ് റൈസസിന്റേയും അവതരണസ്ഥലങ്ങളില്‍ നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഗോഥാം എന്ന സാങ്കല്പിക നഗരം ഒരര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്തത്, അധോതല ജന്മങ്ങള്‍ക്കുമേല്‍ മാനം മുട്ടും മട്ടില്‍ കെട്ടിപ്പൊക്കിയ ആധുനിക നഗരങ്ങളുടെ മണ്ണ് തൊടാ ജീവിതത്തെയാണ്. അതൃപ്തിജനകമായ ജീവിതസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഏതു നഗരത്തിലെ മനുഷ്യര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാനും സമീകരിക്കാനും കഴിയുന്നൊരു സ്ഥലരാശിയായി അടയാളപ്പെട്ടു ഗോഥാം. പ്രതീക്ഷ നല്‍കുന്ന പ്രത്യയശാസ്ത്രങ്ങളൊക്കെ പരാജയപ്പെടുമ്പോള്‍ 'അനാര്‍ക്കിയിലും കയോസിലും' ലഹരിയിലെന്നപോലെ അഭയം തേടുന്ന പടിഞ്ഞാറന്‍ മനസ്സിന്റെ പ്രവണതകള്‍ക്ക് സമൃദ്ധമായി വളമേകുന്നതായിരുന്നു ജോക്കറിന്റെ പാത്രചിത്രീകരണം 2012-ല്‍ ക്രിസ്റ്റഫര്‍ നോളന്‍ ഡാര്‍ക്ക് നൈറ്റ് റൈസസ് പുറത്തിറക്കിയപ്പോള്‍ ജനങ്ങള്‍ ജോക്കറിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. ബേയ്ന്‍ എന്ന ക്രൂരനായ വില്ലന്‍ സിനിമയ്ക്കാവശ്യമായ വില്ലത്തരവും കഥാഗതിയിലെ വളവുതിരിവുകളെ ഉദ്വേഗഭരിതമാക്കുന്ന പിരിമുറുക്കങ്ങളും സംഭാവന ചെയ്‌തെങ്കിലും ജോക്കറിനെപ്പോലെ ഐതിഹാസികമായ മാനങ്ങളിലേയ്ക്ക് ആ കഥാപാത്രം ഉയര്‍ത്തപ്പെട്ടില്ല.
2019 ഒക്ടോബറില്‍ ടോഡ് ഫിലിപ്പ്‌സിന്റെ സംവിധാനത്തില്‍ വാക്കീന്‍ ഫീനിക്‌സ് (Joaquin Phoenix) മുഖ്യവേഷം അവതരിപ്പിച്ച ജോക്കര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരൊക്കെയും പ്രതീക്ഷിച്ചത് ഡി.സി. കോമിക്‌സിലൂടെയും ബാറ്റ്മാന്‍ സിനിമകളിലൂടെയും തങ്ങള്‍ പരിചയിച്ച കഥാപാത്രത്തെയായിരുന്നു. പക്ഷേ, ടോഡ് ഫിലിപ്പ്‌സിന്റെ സിനിമയിലെ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രം കോമിക്‌സ് ജോക്കറുമായി നേര്‍ത്ത ചില സാമ്യങ്ങള്‍ മാത്രമാണ് പുലര്‍ത്തിയത്. ജനമനസ്സുകളില്‍ വര്‍ഷങ്ങളായി പടര്‍ന്നുപിടിച്ചൊരു പാത്രസങ്കല്പത്തിന്റെ ചില അംശങ്ങള്‍ മാത്രം സ്വീകരിച്ച് പുതിയൊരു ഉള്‍ക്കാഴ്ചയോടെ അതിനെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും വിടര്‍ത്തിയെടുക്കാനുമാണ് ജോക്കര്‍ ശ്രമിച്ചത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കോമാളിരൂപങ്ങള്‍ വില്ലന്‍ ഭാവങ്ങളിലേയ്ക്ക് വളര്‍ത്തപ്പെടുന്നതെങ്ങനെയെന്നതിന്റെ ചിത്രലേഖയാണ് ടോഡ് ഫിലിപ്പ്‌സും സംഘവും വരച്ചിട്ടത്. A History of human violence എന്ന അടിക്കുറിപ്പോ ക്രൂരതയുടെ ചരിത്രപരമായ വികാസരേഖയെന്ന വിശേഷണമോ ഒക്കെ അനുയോജ്യമായിരിക്കും ജോക്കറിന്. പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായൊരു ജോക്കറിനെയാണ് തിരശ്ശീലയില്‍ കണ്ടതെങ്കിലും കാണികള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുകതന്നെ ചെയ്തു. മനഃശാസ്ത്രപരമായ ആഴങ്ങളും രാഷ്ട്രീയമായ അടരുകളുമുള്ള ജോക്കര്‍ അമേരിക്കന്‍ തിയേറ്ററുകളില്‍ എത്തുംമുന്‍പ് തന്നെ 76-ാം വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും അതിന് ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.
കോമാളിവേഷം കെട്ടി ആള്‍ക്കാരെ രസിപ്പിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിക്കുന്ന കഥാനായകനായ ആര്‍തര്‍ ഫ്‌ലെക്കിന്റെ ആഗ്രഹം ഒരു സ്റ്റാന്‍ഡ് അപ് കൊമേഡിയനായി പേരെടുക്കുക എന്നതാണ്. വൃദ്ധയായ അമ്മ പെനി ഫ്‌ലെക്കിനൊപ്പം ഗോഥാം നഗരത്തില്‍ വസിക്കുന്ന ആര്‍തറിന് ഗുരുതരമായ ചില മാനസിക പ്രശ്‌നങ്ങളുണ്ട്. നാഡീവ്യൂഹ സംബന്ധമായ തകരാറുകള്‍ മൂലം ചില സന്ദര്‍ഭങ്ങളില്‍ അനിയന്ത്രിതമായ തരത്തില്‍ ചിരിച്ചുപോകുന്ന ആര്‍തര്‍ തന്റെ അസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാന്‍ നിരന്തരം മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നയാളാണ്. അനവസരങ്ങളിലുണ്ടാകുന്ന അടക്കാനാകാത്ത ചിരി അയാളെ പലയിടങ്ങളിലും അപഹാസ്യനാക്കിത്തീര്‍ത്തിരുന്നു. നിസ്സഹായനായ ആര്‍തറിനെ തെരുവുപയ്യന്മാര്‍ ആക്രമിച്ചതറിഞ്ഞ് സഹപ്രവര്‍ത്തകനായ റാന്‍ഡാള്‍ സ്വയം സംരക്ഷണത്തിനായി ആര്‍തറിന് ഒരു കൈത്തോക്ക് കൊടുത്തു. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ രസിപ്പിക്കുന്ന പ്രകടനത്തിനിടെ ആര്‍തറിന്റെ കൈത്തോക്ക് അബദ്ധത്തില്‍ താഴെ വീണുപോകുന്നു. കുട്ടികളെല്ലാം അത് കണ്ടതുമൂലം അയാള്‍ക്കാ ജോലി നഷ്ടമാകുന്നു. ആര്‍തര്‍ തോക്ക് സ്വന്തമായി വാങ്ങിയതാണെന്ന് റാന്‍ഡാള്‍ നുണ പറയുക കൂടി ചെയ്തപ്പോള്‍ അത് ആര്‍തറിന്റെ ജീവിതത്തെ പിന്നീടും ബാധിക്കുന്ന കാര്യമായിത്തീര്‍ന്നു.
അമേരിക്കന്‍ ജീവിതങ്ങളില്‍ തോക്ക് എന്ന വസ്തു ചെലുത്തുന്ന മാനസികാഘാതങ്ങളിലേക്കും ഹിംസാത്മകമായ സ്വാധീനങ്ങളിലേക്കും കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ടീ ചിത്രം. സൈക്കോപ്പാത്തുകള്‍ പ്രത്യേകിച്ച് പ്രത്യക്ഷ പ്രകോപനമൊന്നുമില്ലാതെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമൊക്കെ വെടിയുതിര്‍ക്കുകയും കൂട്ടക്കൊല നടത്തുകയുമൊക്കെ ചെയ്യുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ രോഗാതുരമായൊരു മനസ്സിന്റെ സാന്നിദ്ധ്യം നമുക്ക് തിരിച്ചറിയാനാകും. പക്ഷേ, വികലവും വിനാശകരവുമായ മാനസികാവസ്ഥ പല വ്യക്തികളിലും ഉറഞ്ഞുകൂടുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാരണങ്ങളെന്തൊക്കെയെന്ന് പൊതുസമൂഹത്തിന് കാര്യമായ ബോധ്യങ്ങളൊന്നുമുണ്ടാകണമന്നില്ല.
സബ്വേ ട്രെയിനില്‍ വച്ച് വേയ്ന്‍ എന്റര്‍പ്രൈസസ് ഉദ്യോഗസ്ഥരായ മൂന്നുപേര്‍ ആര്‍തറിന്റെ ചിരികണ്ട് പ്രകോപിതരാവുകയും അയാളെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. ഗത്യന്തരമില്ലാതെ ആര്‍തറിന് സ്വയരക്ഷയ്ക്കായി രണ്ടുപേരെ വെടിവെയ്‌ക്കേണ്ടതായി വന്നു. അതോടെ മൂന്നാമനെ പിന്തുടര്‍ന്ന് വകവരുത്താനുള്ള മാനസികാവസ്ഥയിലേയ്ക്കയാള്‍ രൂപാന്തരപ്പെടുന്നു. കോടീശ്വരനും മേയര്‍ സ്ഥാനാര്‍ത്ഥിയുമായ തോമസ് വേയ്ന്‍ തന്റെ ജീവനക്കാര്‍ സബ്വേ ട്രെയിനില്‍ വെച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രസ്താവനയുമായി രംഗത്തെത്തി. വിജയിച്ച വ്യക്തികളെ എതിര്‍ക്കുന്നവരെ അയാള്‍ കോമാളികള്‍ എന്നു വിശേഷിപ്പിച്ചത് ഗോഥാം നഗരത്തില്‍ വലിയ കലാപങ്ങള്‍ക്കു വഴിമരുന്നിട്ടു. തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം നട്ടം തിരിയുന്ന ഗോഥാം നിവാസികള്‍ കോമാളി മുഖംമൂടികള്‍ ധരിച്ച് പണക്കാര്‍ക്കെതിരേയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു തുടങ്ങി. സാമൂഹ്യസുരക്ഷാ പരിപാടികള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കപ്പെടുന്നതിനാല്‍ ആര്‍തറിന് മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്നുകള്‍പോലും വാങ്ങാന്‍ കഴിയാതായി. തന്റെ അപ്പാര്‍ട്ടമെന്റിനു തൊട്ടടുത്ത് താമസിക്കുന്ന സോഫിയെ ആകര്‍ഷിക്കുന്നതിനായി ആര്‍തര്‍ ഒരു ചെറിയ സദസ്സില്‍ ഹാസ്യാവതരണം നടത്തിയിരുന്നു. പക്ഷേ, അനിയന്ത്രിതമായ ചിരി അവിടേയും വില്ലനായെത്തി. വമ്പന്‍ പ്രചാരമുള്ള കോമഡി ഷോ അവതരിപ്പിക്കുന്ന മുറേ ഫ്രാങ്ക്‌ളിന്‍ ആര്‍തറുടെ പാളീസായിപ്പോയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ പ്രദര്‍ശിപ്പിച്ചു. ദയനീയമാംവിധം പൊളിഞ്ഞുപോയ ആര്‍തറുടെ ഹാസ്യപരിപാടിയുടെ ക്ലിപ്പിങ്ങുകള്‍ മുറേ ഫ്രാങ്ക്‌ളിന്‍ പരിഹാസം കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ ആള്‍ക്കാര്‍ക്കിടയില്‍ അതിനു വലിയ പ്രചാരം ലഭിച്ചു.
തോമസ് വേയ്നിനു തന്നിലുണ്ടായ സന്തതിയാണ് ആര്‍തറെന്നു സൂചിപ്പിച്ച് പെനി ഫ്‌ലെക്ക് കത്തെഴുതിയത് ആര്‍തര്‍ വായിക്കാനിട വന്നത് ആയിടയ്ക്കാണ്. സബ്വേ ട്രെയിനിലെ കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണമാരംഭിച്ച ഗോഥാം സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിറ്റക്ടീവുകള്‍ ആര്‍തറിനു പിന്നാലെ കൂടി. ആര്‍തറില്ലാത്ത നേരത്ത് ഡിറ്റക്ടീവുകള്‍ അയാളുടെ അമ്മയെ ചോദ്യം ചെയ്യുകയും സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്ന് പെനി ഫ്‌ലെക്ക് ആശുപത്രിയിലാവുകയും ചെയ്യുന്നു. തോമസ് വേയ്നിനോടു തന്റെ പിതൃത്വത്തെ സംബന്ധിക്കുന്ന പ്രശ്‌നം ഉന്നയിച്ചപ്പോള്‍ പെനിക്കു ചിത്തഭ്രമമുണ്ടായിരുന്നെന്നും അതുമൂലമുണ്ടാകുന്ന പിച്ചും പേയും പറച്ചിലായി അവരുടെ ആരോപണത്തെ കണക്കാക്കിയാല്‍ മതിയെന്നുമായിരുന്നു ആര്‍തറിന് ലഭിച്ച മറുപടി. ആര്‍ക്കും സ്റ്റേറ്റ് ഹോസ്പിറ്റലില്‍നിന്ന് പെനിയുടെ കേസ് ഫയല്‍ തട്ടിയെടുക്കുന്ന ആര്‍തറിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. (ബാറ്റ്മാന്‍ കഥകളിലൂടെ പ്രചരിച്ച ആര്‍ക്കം അസൈലത്തിന്റെ അര്‍ത്ഥസൂചനകളുടെ അധികമാനം കൂടി ഇവിടെ ആ പേരിന്റെ പ്രയോഗത്തിലൂടെ ലഭിക്കുന്നുണ്ട്. സ്ഥലനാമങ്ങളെന്നതിനപ്പുറം ഊളമ്പാറ, കുതിരവട്ടം തുടങ്ങിയ വാക്കുകള്‍ പ്രസരിപ്പിക്കുന്ന പൊരുളിനെക്കുറിച്ചോര്‍ക്കുക. ഭ്രാന്തിന്റെ പര്യായങ്ങളെന്ന നിലയിലേക്കാ പദങ്ങള്‍ പരിണമിച്ച പ്രക്രിയയില്‍ പ്രാദേശിക ചരിത്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അര്‍ത്ഥാദേശങ്ങളുടെ പിന്നാമ്പുറങ്ങളില്‍നിന്ന് എന്തെല്ലാമെന്തെല്ലാം ഖനനം ചെയ്‌തെടുക്കാന്‍ കഴിയും). തന്നെ പെനി ഫ്‌ലെക്ക് ദത്തെടുത്തതാണെന്നും കുട്ടിയായ തന്നെ പെനിയുടെ കാമുകന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ആഘാതഫലമാണ് തന്റെ മാനസിക പ്രശ്‌നങ്ങളെന്നും ആര്‍തര്‍ കണ്ടെത്തുന്നു. സ്വാധീനശേഷിയുള്ള തോമസ് വേയ്ന്‍ അയാളുടെ ഭാഗം വൃത്തിയാക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണാ കഥകളും കൃത്രിമ തെളിവുകളുമെന്നാണ് പെനി ഫ്‌ലെക്കിന്റെ പക്ഷം. സത്യമേത് മിഖ്യയേതെന്നറിയാതെ കുഴങ്ങുന്ന ആര്‍തര്‍ വിക്ഷോഭകരമായൊരവസ്ഥയില്‍ പെനിയെ ആശുപത്രിക്കിടക്കയില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നുകളഞ്ഞു. സോഫിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തുന്ന ആര്‍തറിനെ അവള്‍ ഭയപ്പാടോടെ കാണുന്ന രംഗത്ത് കാണികള്‍ക്ക് ലഭിക്കുന്നൊരു തിരിച്ചറിവുണ്ട്. സോഫിയുമായുള്ള അടുപ്പവും പ്രണയവുമൊക്കെ ആര്‍തറിന്റെ ഭ്രമഭാവന മാത്രമായിരുന്നെന്ന യാഥാര്‍ത്ഥ്യം വിവൃതമാക്കുന്നതപ്പോള്‍ മാത്രമാണ്.
പരിഹാസ്യമായ തന്റെ വീഡിയോ ക്ലിപ്പുകളുടെ പ്രചാരത്താല്‍ ലഭിച്ച കുപ്രശസ്തി മൂലം, മുറേ ഫ്രാങ്ക്‌ളിന്റെ ടി.വി. ഷോയിലേയ്ക്ക് ആര്‍തറിന് അതിഥിയായി ക്ഷണം ലഭിക്കുന്നു. അതിനു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ മുഖത്തു മാത്രമല്ല, നാവിലും അയാള്‍ ചായം പൂശുന്നുണ്ട്. അപ്പോഴാണ് ആര്‍തറിന്റെ അമ്മയുടെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ അയാളുടെ പഴയ സഹപ്രവര്‍ത്തകരായിരുന്ന റാന്‍ഡാളും കുള്ളന്‍ ഗാരിയും എത്തിച്ചേരുന്നത്. തന്റെ അപ്പാര്‍ട്ട്‌മെന്റിലിട്ട് റാന്‍ഡാളിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ആര്‍തര്‍ ഗാരിയെ വെറുതെ വിടുന്നു. തന്നോട് മനുഷ്യപ്പറ്റോടെ പെരുമാറിയ ഏക വ്യക്തിയാണ് ഗാരിയെന്നയാള്‍ എടുത്തു പറയുന്നുണ്ടാ സന്ദര്‍ഭത്തില്‍. കനം തൂങ്ങിയ മനസ്സുമായി നിരന്തരം താന്‍ നടന്നു വലഞ്ഞു കയറിയിരുന്ന പട്ടണപ്പടവുകളിലൂടെ അനായാസം നൃത്തമാടിയിറങ്ങിവരുന്ന ജോക്കര്‍ വേഷധാരിയായ ആര്‍തറിന്റെ ശരീരഭാഷയില്‍ അതുവരെ അയാളില്‍ കാണാത്ത എന്തോ ഒന്ന് തുടിച്ചു തുടങ്ങുന്നത് പ്രകടമായിരുന്നു. മുറേ പ്രാങ്ക്‌ളിന്റെ ഷോയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന ആര്‍തറിനെ ഡിറ്റക്ടീവുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. കോമാളിവേഷധാരികളായ പ്രക്ഷോഭകാരികള്‍ തിങ്ങിനിറഞ്ഞ തീവണ്ടിയില്‍വെച്ച് ഉതിരുന്നൊരു വെടിയില്‍നിന്ന് ഗോഥാമില്‍ പൊട്ടിപ്പുറപ്പെട്ടത് വലിയൊരു കലാപമായിരുന്നു.
ആ ബഹളത്തില്‍ ഡിറ്റക്ടീവുകളുടെ കയ്യില്‍നിന്നു രക്ഷപ്പെട്ട് ആര്‍തര്‍ മുറേ ഫ്രാങ്ക്‌ളിന്റെ സ്റ്റുഡിയോയില്‍ എത്തുന്നു. തന്നെ ജനങ്ങള്‍ക്ക് 'ജോക്കര്‍' എന്നു പരിചയപ്പെടുത്തിക്കൊടുക്കണം എന്നതു മാത്രമാണ് ആര്‍തര്‍ മുറേയോട് ആവശ്യപ്പെട്ടത്. കോമാളിത്തം നിറഞ്ഞ ഭാവഹാവാദികളോടെ മുറേയ്ക്കു മുന്നിലെത്തുന്ന ആര്‍തറുടെ മറ്റൊരു മുഖമാണ് ടി.വി ഷോയില്‍ അനാവൃതമാകുന്നത്. സബ്വേ കൊലപാതകങ്ങളുടേയും കലാപത്തിന്റേയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും പെട്ടെന്നുത്തരം പറയാനാകാത്ത മറുചോദ്യങ്ങള്‍ തൊടുക്കുകയും മനുഷ്യാന്തസ്സിനേയും അസ്തിത്വത്തേയും സംബന്ധിക്കുന്ന ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ആര്‍തര്‍ ഫ്‌ലെക്ക് അപ്രതീക്ഷിതമായൊരു നീക്കത്തില്‍ മുറേ ഫ്രാങ്ക്‌ളിനെ വെടിവെച്ചു വീഴ്ത്തുന്നു. ചരിത്രത്തില്‍ മുഴങ്ങിയ ഒരുപാട് വെടിയൊച്ചകളെ അനുസ്മരിപ്പിക്കുന്നതായിരുന്നാ മുഹൂര്‍ത്തം. ഗോഥാം നഗരമാകെ കയ്യടക്കിയ കലാപകാരികളായ കോമാളിവേഷധാരികള്‍ തോമസ് വേയ്‌നിനേയും ഭാര്യയേയും കൊന്നുകളയുന്നു. ആര്‍തര്‍ ഫ്‌ലെക്കിനെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന പൊലീസ് വാഹനം അപകടത്തില്‍ പെടുമ്പോള്‍ കോമാളി വേഷക്കാര്‍ ചേര്‍ന്ന് അയാളെ പുറത്തെടുത്തു കിടത്തുന്നു. ഗോഥാം നഗരം ക്രമരാഹിത്യത്തിന്റെ കൊടുമുടിയിലെത്തുമ്പോള്‍ പുതുജീവന്‍ ലഭിച്ചതുപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആര്‍തര്‍ കോമാളിക്കൂട്ടത്തിനു നടുവില്‍ തന്റെ നൃത്തമാരംഭിക്കുന്നു.
അതിനുശേഷമുള്ള രംഗത്തില്‍ ആര്‍ക്കും സ്റ്റേറ്റ് ഹോസ്പിറ്റലിലെ മനശ്ശാസ്ത്രജ്ഞയോട് സംസാരിച്ച് ചിരിക്കുന്ന ആര്‍തറിനെയാണ് നാം കാണുന്നത്. തന്റെ കഥയും അതിന്റെ തമാശയും അവര്‍ക്കൊരിക്കലും പിടികിട്ടില്ലെന്നയാള്‍ പറയുന്നു. ചോര പുരണ്ട കാലടിപ്പാടുകള്‍ ഫ്രെയിമില്‍ അവശേഷിപ്പിച്ചുംകൊണ്ട് മനോരോഗാശുപത്രിയിലെ ജീവനക്കാരനില്‍നിന്നു കുതറിയോടുന്ന ആര്‍തറിന്റെ ദൃശ്യത്തിലാണ് ജോക്കര്‍ അവസാനിക്കുന്നത്.
ചിത്തഭ്രമം ബാധിച്ചൊരു കോമാളിയുടെ വ്യക്തിജീവിതകഥയല്ല ജോക്കര്‍ വെളിപ്പെടുത്തുന്നത്. അധികാരത്തിന്റെ വിചിത്ര വാഴ്വുകളില്‍ സകലവിധത്തിലുള്ള 'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സും' കൈമോശം വന്നുപോകുന്ന ആധുനിക മനുഷ്യജീവിതത്തിന്റെ അന്യാപദേശ കഥയെന്ന നിലയില്‍ വായിക്കുമ്പോള്‍ അടരടരുകളായി അതില്‍ വര്‍ത്തമാനകാലത്തിന്റെ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ വിടര്‍ന്നുവരുന്നത് കാണാം. മനുഷ്യന്റെ സഹജ വികാരങ്ങളില്‍പ്പെടുന്നതാണ് ചിരി. അപമാനവീകരണത്തിന്റെ ചരിത്രസാഹചര്യങ്ങളില്‍ സഹജവാസനകളും വികാരങ്ങളുമൊക്കെ ജീവിതങ്ങളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്നതെങ്ങനെയെന്നും അവ മനുഷ്യാസ്തിത്വത്തിനുമേല്‍ എടുത്താല്‍ പൊങ്ങാത്ത ചുമടുകളായി വന്നു വീഴുന്നതെങ്ങനെയെന്നും ആര്‍തറുടെ ചിരി നമ്മെ പൊള്ളിച്ചു പഠിപ്പിക്കുന്നു. ചിരി എന്നതിനേക്കാള്‍ ചിരിയുടെ പ്രച്ഛന്നരൂപത്തില്‍ മാത്രം പ്രത്യക്ഷപ്പെടാന്‍ ശാപം ലഭിച്ചൊരു മഹാവിലാപമാണത്. പുറമേയ്ക്ക് ചിരിയുടെ പുറന്തോടണിഞ്ഞ മഹാദൈന്യങ്ങളെ പണ്ടും നാം ചലച്ചിത്രങ്ങളില്‍ പരിചയിച്ചിട്ടുണ്ട്. അത്തരമൊരു വിറയാര്‍ന്ന സന്ദര്‍ഭത്തിന്റെ ഞടുക്കത്തെ പിടിച്ചെടുത്ത സ്പന്ദമാപിനിയായിരുന്നു ചാപ്ലിന്റെ ഗോള്‍ഡ് റഷിലെ പ്രകടനത്തെ അനുസ്മരിപ്പിക്കും വിധത്തില്‍ എ. അയ്യപ്പനെഴുതിയ കവിത.
''വിശപ്പുള്ളവന്‍ ചെരിപ്പു തിന്നുന്നത് കണ്ട്
ചിരിച്ചവനാണ് ഞാന്‍
അന്നത്തെ കോമാളിത്തമോര്‍ത്ത്
ഇന്നു ഞാന്‍ കരയുന്നു.''
(മുള്ളു തറഞ്ഞ കണ്ണ്)
ചാര്‍ളി ചാപ്ലിന്റെ മോഡേണ്‍ ടൈംസിന്റെ പ്രദര്‍ശനത്തെ രാഷ്ട്രീയ ധ്വനനശേഷിയുള്ളൊരു രൂപകമായാണ് ജോക്കറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആകസ്മികമായൊരു ഒത്തുവരവല്ല. പ്രത്യയശാസ്ത്ര ശാഠ്യങ്ങളില്ലാത്തൊരു തെളിഞ്ഞ ബോധ്യത്തിന്റെ പ്രയോഗമാണാ ചാപ്ലിന്‍ ചിത്രത്തിന്റെ തെരഞ്ഞെടുപ്പില്‍ നടന്നിരിക്കുന്നത്. 'നമത് വാഴ്വും കാലമും' എന്ന് വി.കെ.എന്‍. ചിരിയുടെ കയ്പ് പൊതിഞ്ഞവതരിപ്പിച്ചതുപോലെ, കെട്ടൊരു കാലത്തിനു നേര്‍ക്കുള്ള കൊഞ്ഞനംകുത്തല്‍ കിടന്നു തിളയ്ക്കുന്നുണ്ട് ജോക്കറില്‍. ഭ്രമകല്പനകളും വിചിത്ര കാമനകളും കാലിഡോസ്‌കോപ്പിലെന്നപോലെ ക്രമരഹിതമാകുന്ന കോമാളിയുടെ ചിത്തവൃത്തികളില്‍ തെളിയുന്നത് കലുഷമായൊരു കാലത്തിന്റെ പെരുംകലക്കങ്ങള്‍ തന്നെയാണ്. ട്രംപാധിപത്യത്തിനടിയിലെ അമേരിക്കന്‍ അന്തരീക്ഷത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സാഹചര്യത്തിലും ചേര്‍ത്തുവെച്ചു വിലയിരുത്തപ്പെടേണ്ടതുണ്ട് ജോക്കര്‍. മാര്‍ക്‌സ് വിശദീകരിച്ച വര്‍ഗ്ഗസമരത്തിന്റെ തത്ത്വത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ മാനവികതയും മനുഷ്യപ്പറ്റില്ലായ്മയും തമ്മിലുള്ള അന്തമില്ലാ യുദ്ധമായി മനുഷ്യചരിത്രത്തെ നിര്‍വ്വചിക്കാം. അതിന്റെ സന്ദിഗ്ദ്ധതകളേയും സംഘര്‍ഷാത്മകതകളേയും തന്നെയാണ് ഏതൊരു രാഷ്ട്രീയ സിനിമയും ഏറിയും കുറഞ്ഞുമുള്ള അളവുകളില്‍ അഭിസംബോധന ചെയ്യുക. അതുകൊണ്ടുതന്നെ ദേശകാലഭേദങ്ങള്‍ക്കപ്പുറത്തുള്ള ചില പ്രസക്തികള്‍ അത്തരം ചലച്ചിത്ര യത്‌നങ്ങളുടെ ഉള്‍ക്കാമ്പിലുണ്ടാകും. ആ അകപ്പൊരുളാണ് ഇന്ത്യന്‍ വര്‍ത്തമാനത്തില്‍നിന്നുകൊണ്ടുള്ള വായനാസാധ്യതകള്‍ക്ക് ജോക്കറിനുള്ളില്‍ ഇടമൊരുക്കുന്നത്.
വിശ്വോത്തര നടനായ റോബര്‍ട്ട് ഡിനിറോ മുറേ ഫ്രാങ്ക്‌ളിന്‍ എന്ന കഥാപാത്രത്തിനും സിനിമയ്ക്കും മൊത്തത്തിലും പ്രദാനം ചെയ്ത പൊക്കത്തെക്കുറിച്ചിവിടെ പറയാതിരിക്കാന്‍ കഴിയില്ല. ചിരിയുടെ മൊത്തക്കച്ചവടക്കാരനായ മുറേ ഫ്രാങ്ക്‌ളിന്‍ അധികാരമാളുന്നൊരു വിധികര്‍ത്താവാണെന്നു പറയാം. എന്താണ് നിലവാരമുള്ള ചിരിയെന്നും ഏതാണ് പരിഹസിക്കപ്പെടേണ്ട കോമാളിത്തമെന്നും നിര്‍ണ്ണയിക്കുന്നത് അയാളാണ്. മറ്റുള്ളവരുടെ ചിരിയുടെ മാനദണ്ഡങ്ങള്‍ നിലവാരപ്പെടുത്തുന്നതും അയാള്‍ തന്നെ. ആരും ആവശ്യപ്പെടാതെ തന്നെ നമ്മുടെയൊക്കെ ജീവിതങ്ങളില്‍ കയറി അളവധികാരങ്ങള്‍ നിജപ്പെടുത്തുന്നവരുടെ തിരുനെറ്റി തീര്‍ത്താണ് ജോക്കറിലെ കോമാളിയുടെ കണക്കു പിഴക്കാത്ത വെടിപൊട്ടുന്നത്. പണ്ട് സുരാസുവിന്റെ വിശ്വരൂപത്തിലെ നായകന്‍ മരിച്ചുവീഴും മുന്‍പ് കാര്‍ക്കിച്ചു തുപ്പിയത് കണ്ടിരിക്കുന്നവരുടെയൊക്കെ മനസ്സാക്ഷിയില്‍ ചെന്നുവീണ് തോട്ടപോലെ ചിതറിയിരുന്നു. അതുപോലെ നമ്മുടെയൊക്കെയുള്ളിലെ ജഡ്ജിയേമാന്മാരുടെ മസ്തകം പിളര്‍ക്കാനുള്ള ആഘാതശേഷി വഹിക്കുന്നതായിരുന്നു ആ കോമാളി വെടി. സകലമാന രാഷ്ട്രീയ ശരികേടുകളോടും കൂടി ലക്ഷ്യം ഭേദിച്ചുകളഞ്ഞൊരു ഭ്രാന്തന്‍ വെടി.
''ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല
ഭ്രാന്തികള്‍ക്കും.
---------
അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറത്താണ്.
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.
ഭ്രാന്തരുടെ ഭാഷാ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്.
---------------
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
ചോരയൊലിക്കുന്നതു കാണുന്നു.
ചിലപ്പോള്‍ തെരുവില്‍നിന്ന്
സിംഹങ്ങള്‍ അലറുന്നതു കാണുന്നു.
-----
ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.
ഭ്രാന്തന്മാര്‍
നമ്മെപ്പോലെ ഭ്രാന്തന്മാരല്ല.''
-ഭ്രാന്തന്മാര്‍ (സച്ചിദാനന്ദന്‍)
അരാഷ്ട്രീയമായൊരു കാലത്തിനു പലപ്പോഴും ചികിത്സയായിത്തീരുന്നത് 'രാഷ്ട്രീയ ശരി' നിറഞ്ഞ മരുന്നുകളായിരിക്കണമെന്നില്ല. ശാസ്ത്രീയ യുക്തികൊണ്ട് അപഗ്രഥിക്കാന്‍ കഴിയാത്ത പ്രതികരണരീതികളുടെ ഒറ്റമൂലികളാകും ചിലപ്പോഴൊക്കെ ഫലപ്രദമാവുക. പട്ടാപ്പകല്‍ നടുത്തെരുവിലൂടെ വിളക്കു കത്തിച്ചു നടന്ന ഡയോജനീസിന്റേയും ബധിരകര്‍ണ്ണങ്ങള്‍ തുറപ്പിക്കാന്‍ നടുത്തെരുവിലൂടെ വിളക്കു കത്തിച്ചു നടന്ന ഡയോജനീസിന്റേയും ബധിരകര്‍ണ്ണങ്ങള്‍ തുറപ്പിക്കാന്‍ നിയമനിര്‍മ്മാണസഭയുടെ നടുത്തളത്തില്‍ ബോംബെറിഞ്ഞ ഭഗത്സിങ്ങിന്റേയുമൊക്കെ പ്രവൃത്തികള്‍ കൃത്യതയും കണക്കുകൂട്ടലുകളുമുള്ള ക്രമനിഷേധങ്ങളായിരുന്നെങ്കില്‍ ആര്‍തര്‍ ഫ്‌ലെക്കിന്റെ ഉന്മാദം അളവുതോതുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല. ജോക്കര്‍ എന്ന സിനിമ
''ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം''
എന്ന കവിവാക്യത്തിന്റെ തിരരൂപമായിത്തീര്‍ന്നത് ഉപാധികളില്ലാത്ത ഉന്മാദത്തിന്റെ ആവിഷ്‌കാരത്തിലൂടെയാണ്. വാക്കീം ഫീനിക്‌സിനെപ്പോലൊരു അഭിനേതാവിന്റെ കരങ്ങളില്‍ പല പാളികളുള്ളയാ പാത്രം ഭദ്രമായിരുന്നു. നടന്റെ മനോധര്‍മ്മ വ്യാഖ്യാനം കഥയ്ക്കു നല്‍കുന്ന വിടര്‍ച്ചയ്ക്ക് എടുത്തു പറയാവുന്ന ഉദാഹരണമാകുന്നു അയാളുടെ പ്രകടനം.
ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി മുതല്‍ ഷട്ടര്‍ ഐലന്റ് വരെ ചര്‍ച്ച ചെയ്ത വിഷയത്തിന്റെ തുടര്‍ച്ചയും പടര്‍ച്ചയുമാകുന്നുണ്ട് ജോക്കര്‍. വണ്‍ ഫ്‌ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റിനോടോ എ ബ്യൂട്ടിഫുള്‍ മൈന്‍ഡിനോടോ അല്ല അതിന്റെ പ്രമേയവും പരിചരണക്രമവും ചേര്‍ന്നുനില്‍ക്കുന്നത്. ബെര്‍ഗ്മന്‍ അടക്കമുള്ള പലരും അവതരിപ്പിച്ച ഭ്രമചിത്തരായ കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധികളെയല്ല ആര്‍തര്‍ ഫ്‌ലെക്ക് അഭിമുഖീകരിക്കുന്നത്. 'ഉന്മാദ'ത്തെക്കുറിച്ചുള്ള ചലച്ചിത്രോപന്യാസം എന്നു വിശേഷിപ്പിക്കാവുന്ന ഈ സിനിമയെ കേവലമൊരു വ്യക്തിയുടെ മാനസികനിലയിലുണ്ടാകുന്ന അപഭ്രംശത്തിന്റെ മാത്രം ആഖ്യാനമായി ചുരുക്കിക്കാണാന്‍ കഴിയില്ല. ഭ്രാന്തെന്ന അവസ്ഥ പലപ്പോഴും സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. ഉന്മാദത്തിന്റെ ഉല്പാദനത്തില്‍ സാമൂഹികവും ചരിത്രപരവുമായ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജോക്കര്‍ ചൂണ്ടിക്കാട്ടുന്നു. അധികാര പ്രയോഗങ്ങള്‍ക്കെതിരെ ആവതില്ലാത്തവന്‍ നടത്തുന്ന അറ്റകൈ പ്രതിരോധ പ്രവര്‍ത്തനമാകുന്നു ചിലപ്പോഴൊക്കെ പെരുമാറ്റരീതികളിലെ ക്രമഭംഗങ്ങള്‍. ക്രമനിഷേധങ്ങളെ ഭ്രാന്തെന്നു മുദ്രകുത്താന്‍ വളരെ എളുപ്പവുമാണ്. ക്രിയാത്മകമായ ഏതു പ്രവൃത്തിയിലും ഉന്മാദത്തിന്റെ ഒരു നുള്ള് കലര്‍ന്നിരിക്കും. അഥവാ ഉന്മാദത്തെ സര്‍ഗ്ഗാത്മകമായി പരാവര്‍ത്തനം ചെയ്യുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് കല ഉടലെടുക്കുന്നതെന്നും പറയാം. ദാലിയിലും വാന്‍ഗോഗിലും നീത്‌ഷെയിലും ബുന്യുയെലിലും ഹെമിങ്വെയിലും സില്‍വിയാപ്ലാത്തിലുമൊക്കെ കാലം സാക്ഷ്യപ്പെടുത്തിയത് പലതരം പൊരുത്തക്കേടുകളുടെ കലാസൗന്ദര്യം തന്നെയാണ്. അധികാരം ആഗ്രഹിക്കുന്ന ചാലുകളിലൂടെ നീങ്ങുന്നിടത്തോളം കാലം അത് ആഘോഷിക്കപ്പെടുകയും ഉദാത്തവല്‍ക്കരിക്കപ്പെടുകയും പുരസ്‌കരിക്കപ്പെടുകയുമൊക്കെ ചെയ്യാം. കാര്യമായ അപകടങ്ങളുയര്‍ത്താത്തിടത്തോളം കാലം ചിലതിനെയൊക്കെ അവഗണിച്ചുകളഞ്ഞെന്നും വരാം. എന്നാല്‍, ചില ഘടനകളുടെ ശ്രേണീബദ്ധതയ്ക്കു ഭീഷണിയാകുന്ന നാള്‍ മുതല്‍ ചിന്തകളുടെ സ്വച്ഛസഞ്ചാരങ്ങളുടെ കഴലുകളില്‍ ചങ്ങലക്കണ്ണികള്‍ മുറുക്കിത്തുടങ്ങും. വ്യക്തിചിന്തകളുടെ പ്രവാഹത്തിന് അണപണിയാന്‍ എളുപ്പവഴി അത് സമഷ്ടി താല്പര്യത്തിനു വിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കുന്നതാണ്. സ്ഥാപിതതാല്പര്യങ്ങള്‍ക്കനുസൃതമായി വ്യാജോക്തികളാല്‍ ബോധപൂര്‍വ്വം കെട്ടി ഉയര്‍ത്തപ്പെടുന്നൊരു നിര്‍മ്മിതിയുമാണ് ചിലപ്പോഴൊക്കെ ഭ്രാന്ത്. ഭ്രാന്തിന്റെ യുക്തികളേയും യുക്തിരാഹിത്യത്തിന്റെ അന്തരീക്ഷ സൃഷ്ടിയേയും സംബന്ധിക്കുന്ന നാനാവിധത്തിലുള്ള ആലോചനകള്‍ക്ക് രാസത്വരകങ്ങളാകുന്ന കാഴ്ചകള്‍ വിരിച്ചിടുന്നുണ്ട് ജോക്കര്‍.
അധികാരം, കോമാളിത്തം, ചിരി, ഭ്രാന്ത് എന്നീ താക്കോല്‍ വാക്കുകള്‍കൊണ്ട് തുറക്കാവുന്ന അനേകം വാതായനങ്ങളുണ്ട് ജോക്കറില്‍. മര്‍ദ്ദകശക്തികള്‍ എടുത്തണിയുന്ന കോമാളി മുഖംമൂടികളെ വേര്‍തിരിച്ചറിയാന്‍ ഈ ചിത്രത്തിന്റെ അപഗ്രഥനം സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. ജോക്കറിന്റെ സൗന്ദര്യാത്മകമാനങ്ങളെ ശതഗുണീഭവിപ്പിക്കുന്നത് തിരശ്ശീലയ്ക്കു പുറത്തേയ്ക്കത് പ്രസരിപ്പിക്കുന്ന സംവാദാത്മകതയുടെ സാധ്യതകളാണ്. ചരിത്രം മതിഭ്രമത്തിനും സ്മൃതിനാശത്തിനുമൊക്കെ വളമായി വര്‍ത്തിക്കുന്നതെങ്ങനെയെന്ന ഗൗരവമുള്ള ചിന്തകളിലേയ്ക്കത് തിരിനീട്ടിവയ്ക്കുന്നു. ഭ്രാന്ത് എന്ന വ്യവഹാരത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ ജോക്കറിന്റെ വായനയ്ക്ക് അത്യന്താപേക്ഷിതമാകുന്നത് അതുകൊണ്ടാണ്. ഒരു നിശ്ചിത കാലത്തിലും ദേശത്തിലും വെച്ച് മനുഷ്യന്റെ തലച്ചോര്‍ നടത്തുന്ന ഇടപെടലുകളേയും വിനിമയങ്ങളേയുമാണ് മനസ്സെന്ന സംജ്ഞ കൊണ്ട് സൂചിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വളരെ ചുരുക്കി പറയാം. അതിന്റെ മേലടരുകളേയും അടിയടരുകളേയും ബോധം അബോധം ഉപബോധം എന്നിങ്ങനെയൊക്കെ വ്യവച്ഛേദിക്കാറുണ്ട് മനശ്ശാസ്ത്രജ്ഞര്‍. ചുറ്റുപാടുകളാണ് മനുഷ്യന്റെ ഇടപെടലുകളെ രൂപപ്പെടുത്തുന്ന നിര്‍ണ്ണായക ഘടകം. സമൂഹം പരുവപ്പെടുത്തിയെടുക്കുന്ന മേലടരുകള്‍ക്കടിയില്‍നിന്നുള്ള ജൈവ ചോദനകളുടെ കുതറല്‍ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞുമുള്ള സംഘര്‍ഷങ്ങളുണ്ടാക്കുന്നുണ്ട്.
എത്ര അടക്കിവെച്ചാലും പുറത്തു ചാടാന്‍ വെമ്പുന്ന ജൈവചോദനകളുടെ വേദനാനിര്‍ഭരമായ വിലാപമാണ് ആര്‍തര്‍ ഫ്‌ലെക്കിന്റെ അനിയന്ത്രിതമായ ചിരികളെന്നു വായിച്ചെടുക്കാം. ആ ചിരി അയാളില്‍ നൈസര്‍ഗ്ഗികമായി വിടരുന്നതല്ല. അയാള്‍ക്ക് നിയന്ത്രണമില്ലാത്ത ഏതൊക്കെയോ കാരണങ്ങളാല്‍ അടിച്ചേല്പിക്കപ്പെടുന്ന പ്രതികരണ വൈചിത്ര്യം ആര്‍തറുടെ ജീവിതത്തിന്റെ സ്വാസ്ഥ്യങ്ങളെയാണ് തട്ടിക്കൊണ്ടു പോകുന്നത്. മോഡേണ്‍ ടൈംസിലെ നായകന്റെ ജീവിതത്തിനുമേല്‍, അയാള്‍ക്ക് യാതൊരു നിയന്ത്രണാധികാരങ്ങളുമില്ലാതാക്കിത്തീര്‍ത്തത് യാന്ത്രികതയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ നടക്കുന്ന കഥയായി അവതരിപ്പിക്കപ്പെടുന്ന ജോക്കറിലും അതേ യാന്ത്രികതയുടെ കാലികമായ പ്രച്ഛന്നാവതാരങ്ങളുടെ വിളയാട്ടം കാണാന്‍ കഴിയും. മനുഷ്യസാധാരണമായ സ്വാഭാവികചര്യകള്‍ക്കും വികാരപ്രകടനങ്ങള്‍ക്കുമൊക്കെ ഇടവും അവസരവും കിട്ടാതെ പോകുന്ന ദുരവസ്ഥ സാധാരണക്കാരുടെ തലവരയും പൊതുവിധിയുമായിത്തീരുന്നത് പലരും കരുതുന്നത്ര ലളിതമായ കാരണങ്ങള്‍കൊണ്ടൊന്നുമല്ല. സഹജവാസനകളുടെ ദമനം മൂലം ആന്തരികമായി ഉയിര്‍ക്കൊള്ളുന്ന ഇടര്‍ച്ചകളും പിളര്‍പ്പുകളും ശക്തിപ്രാപിക്കുമ്പോള്‍ പൊതു പെരുമാറ്റരീതികളെ പരുവപ്പെടുത്തുന്ന ചുറ്റുപാടുകളോട് വ്യക്തിക്ക് കലഹിക്കേണ്ടിവരും. വിവിധ കാരണങ്ങളാല്‍ ഉറവപൊട്ടുന്ന കലഹവാസനകളുടെ പൊരുളാഴങ്ങളും പരപ്പുമാണ് ഭ്രാന്ത് എന്ന വാക്കിന്‍ ചിമിഴില്‍ അടങ്ങുന്നത്. അജയ് പി. മങ്ങാട്ട് ഉന്മാദികളുടെ ഉദയത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നുണ്ട്: ''മനസ്സിനേയും വിചാരങ്ങളേയും അടക്കാനുള്ള സംസ്‌കാരങ്ങളുടെ കല്ലറകള്‍ക്ക് അകത്തുനിന്നാണ് രാവേറുമ്പോള്‍ ഉന്മാദികള്‍ ഇറങ്ങുന്നത്. അവരുടെ പ്രവൃത്തികളില്‍ ന്യായമോ അന്യായമോ ഉണ്ടായിരിക്കില്ല. ഇഹലോകത്തിന്റെ പൊറുതികേടുകള്‍ക്കിടയില്‍ ഉന്മാദം തരുന്ന ആനന്ദമാണ് അവരുടെ ലക്ഷ്യം.'' അത്തരം ആനന്ദാന്വേഷണങ്ങള്‍ ഭൂരിപക്ഷ താല്പര്യങ്ങളുമായി മിക്കപ്പോഴും കൊമ്പുകോര്‍ക്കാറുണ്ട്. ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ പലപ്പോഴും രൂപീകരിക്കപ്പെടുന്നത് യുക്തിഭദ്രമായിട്ടാകണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരു കാലഘട്ടത്തിന്റെ സൗകര്യത്തിനു വേണ്ടി രൂപപ്പെട്ട ശീലബലങ്ങള്‍ അവ പ്രസക്തമല്ലാത്ത കാലങ്ങളിലും തുടരുന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ നിന്നെടുത്തു കാട്ടാന്‍ കഴിയും. സമ്പത്ത്, ജാതി, മതം, ദേശം, ഭാഷ തുടങ്ങിയ പല താല്പര്യങ്ങളെ സംബന്ധിക്കുന്ന കോയ്മകളെ നിലനിര്‍ത്താന്‍ ശീലസംരക്ഷണം കൊണ്ടും ക്രമബദ്ധതകൊണ്ടും കഴിയും. ദൈവചോദനകളുടെ കുതറല്‍ മൂലവും സ്ഥാപിതതാല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമ്പോഴാണ് ഭ്രാന്ത് മെരുക്കപ്പെടേണ്ടുന്നൊരു പ്രതിഭാസമാകുന്നത്. ജീവിസഹജമായ ചോദനകളുടേയും സ്വാഭാവികമായ ചിന്തകളുടേയും പേരില്‍ വ്യക്തിസ്വാതന്ത്ര്യം തടങ്കലിലാക്കപ്പെടുന്നത് പലപ്പോഴും ഭൂരിപക്ഷത്തിന്റെ സുസ്ഥിതിക്ക് അത് വിഘാതമാകുന്നതുകൊണ്ടല്ല. മറിച്ച് അധികാരമാളുന്നൊരു ന്യൂനപക്ഷത്തിന്റെ സ്വകാര്യ താല്പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നതുകൊണ്ടാണ്. കള്ളനെ കടിക്കുന്ന പട്ടികള്‍ പേപ്പട്ടികളായി ചിത്രീകരിക്കപ്പെടുമ്പോള്‍ പട്ടിപിടുത്തവും തല്ലിക്കൊല്ലലുമൊക്കെ നാടിന്റെ ആവശ്യവും ദേശീയാഘോഷവുമായി മാറും ഒരു സമൂഹത്തിലെ ബുദ്ധിജീവികളും സംസ്‌കാരവും സാമ്പത്തിക സ്ഥാപനങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന അവസ്ഥയാണ് ഭ്രാന്ത് എന്ന് Madness and Civilization-ല്‍ മിഷേല്‍ ഫൂക്കോ നിരീക്ഷിച്ചതുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
ചിരിപ്പിക്കുന്ന മുഖമുള്ള അധികാരരൂപങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് കയോസിന്റെ പ്രവാചകരാകുന്ന ഭ്രാന്തന്മാര്‍ ഉടലെടുക്കുന്നതിന്റെ കാരണങ്ങളെ ഇഴപിരിച്ചു പരിശോധിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യമാകുന്നു. സ്വയം വിമര്‍ശിക്കുന്നതിനും വിമലീകരിക്കുന്നതിനുമുള്ള ശേഷി ജനാധിപത്യ വ്യവസ്ഥയ്ക്ക് കൈമോശം വരുമ്പോഴാണ് കപടരക്ഷകരും ഏകാധിപതികളും ശക്തിപ്രാപിക്കുന്നത്. ക്രമരഹിതവും ഹിംസാത്മകവുമായ പ്രതികരണങ്ങള്‍ അവയ്‌ക്കെതിരെ ഉയര്‍ന്നുവരുന്നതിന് നൂറായിരം കാരണങ്ങള്‍ നിരത്താന്‍ കഴിയും. പക്ഷേ, അഭികാമ്യമായ ഒരു അവസ്ഥയാണതെന്നു പറയാന്‍ ആര്‍ക്കു കഴിയും. ഭ്രാന്തന്‍ വെടിയുണ്ടകള്‍ ചീറിപ്പായുന്നൊരു കാലത്തേയും ചരിത്രത്തേയും കഴുകി വെടിപ്പാക്കാനുള്ള കര്‍ത്തവ്യം നമ്മുടേതല്ലെങ്കില്‍ മറ്റാരുടേതാണ്? ജോക്കറിനെക്കുറിച്ചുള്ള ആലോചനകള്‍ ഈ ചോദ്യത്തോടൊപ്പം അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രാന്ത്യത്തിലെ ഒരു പ്രശ്‌നം കൂടി മനസ്സിലുയര്‍ത്തിയത് ചരിത്രപരവും കാലികവുമായ ചില കാരണങ്ങള്‍കൊണ്ടു തന്നെയാണ്.
''രാജകുമാരന്‍ ക്രുദ്ധനായി മുന്നോട്ടുചാടി, ''ദുഷ്ടാ!''
രാക്ഷസന്‍ പറഞ്ഞു: ''നില്ല്, നില്ല്, നമ്മുടെ ഈ യുദ്ധത്തില്‍ ജയിക്കുന്നത് ഞാനായിരിക്കുമെന്നത് തീര്‍ച്ച. അപ്പോള്‍, ഇവരില്‍ ഞാന്‍ ആഹാരമാക്കേണ്ടത് ആരെയെന്ന് നീ തന്നെ തീരുമാനിക്കുക.''
രാജകുമാരന്‍ വാള്‍ വീശി മുന്നോട്ടു കുതിച്ചുകൊണ്ട് പറഞ്ഞു: ''നീ തന്നെ എപ്പോഴും ജയിക്കുമെന്നുള്ളതിന് എന്താണുറപ്പ്?''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates