ഇത് പന്തുരുളും കാലം. ലോകകപ്പ് അരങ്ങേറുന്ന മൈതാനങ്ങളില്‍ ഉരുളുന്ന പന്തിനൊപ്പം ലോകവും ഉരുളുന്നു. പന്തും കാലും തമ്മിലെന്ത് എന്നതിന് സാര്‍വ്വലൗകിക ശ്രദ്ധ എന്നാണ് ഉത്തരം. കാല്‍പ്പന്തുകളിയെപ്പറ്റി ഒന്നുമറിയാത്തവന്‍ ശുദ്ധ അല്‍പ്പന്‍!
ചെറിയ കാര്യമൊന്നും അല്ല. കോടാനുകോടി ഡോളറാണ് ഈ പന്തിനൊപ്പം ഉരുളുന്നത്. സംപ്രേഷണാവകാശങ്ങളും പരസ്യബജറ്റുകളും മുതല്‍ കാണാമറയത്തു നടക്കുന്ന വന്‍കിട വാതുവെപ്പുകള്‍ വരെ.
ലക്ഷക്കണക്കിനു പ്രേക്ഷകരുടെ നിലക്കാത്ത ആരവത്തിന്റെ അകമ്പടിയോടെ അരങ്ങേറുന്ന കളി ഒരിക്കല്‍ കണ്ടാല്‍ അടിമപ്പെട്ടുപോകുന്ന ലഹരി. കളിക്കുന്ന ടീമുകളിലൊന്നിനോട് അകാരണമായി പക്ഷം ചേരുകയും കോപതാപങ്ങള്‍ വെറുതെ അനുഭവിക്കുകയും ചെയ്യാന്‍ ഇടവരുന്നു; ഏതോ ഒരു നാടിന്റെ ടീം തോറ്റതിന് ഇങ്ങ് കേരളത്തിലൊരാള്‍ ആത്മഹത്യ ചെയ്യാന്‍ വകനല്‍കുന്ന അളവില്‍!
ഉള്‍നാടുകളില്‍പ്പോലും വന്‍ ഫ്‌ലക്‌സുകളും കട്ടൗട്ടുകളും ഉയരുന്നു, മത്സരിച്ചുതന്നെ. ഏതോ നാട്ടിലെ ആളുകള്‍ അയല്‍ക്കാരെക്കാള്‍ എന്തിന്, ഏറ്റവും പ്രിയപ്പെട്ട ബന്ധുമിത്രങ്ങളെക്കാള്‍ പ്രിയപ്പെട്ടവരാവുന്നു. കൈകാലിട്ടടിക്കുന്ന കുട്ടിയെപ്പോലെ പന്ത് കാലുകൊണ്ട് തട്ടിയകറ്റാന്‍, താന്‍ മലര്‍ന്നടിച്ചു വീണിട്ടും, കഴിഞ്ഞ റഷ്യയുടെ ഗോള്‍ക്കീപ്പര്‍ എനിക്കു പ്രിയപ്പെട്ടവനായത് ആ ഒരൊറ്റ നിമിഷത്തിലാണ്.
കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഭാരതത്തിന് ലോകകപ്പില്‍ ഒരു താല്‍പ്പര്യവും ഇല്ല. കളിയില്‍ നമ്മുടെ ടീം ഇല്ല. സ്വിറ്റ്‌സര്‍ലന്റുപോലെ വലിപ്പത്തിലും ജനസംഖ്യയിലും നന്നേ പിന്നിലുള്ള നാടുകള്‍ക്കുപോലും മറ്റാരോടും കിടപിടിക്കാവുന്ന ടീമുകളുണ്ട്. 130 കോടി ആളുകളും 260 കോടി കാലുകളുമുള്ള മഹാഭാരതത്തിന് ഇല്ല!
പ്രത്യക്ഷത്തില്‍ ഒരു തമാശയാണ് ഈ വൈപരീത്യമെങ്കിലും കൂടുതല്‍ ആലോചിക്കുന്തോറും ഇതൊരു ദേശീയ ദുരന്തമായി വളരുന്നു. ലോകകപ്പിന് തട്ടിയുരുട്ടപ്പെടുന്ന പന്തും ഇവിടുത്തെ ആളുകളുടെ കാലുകളും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ? ഉണ്ടെന്നു തോന്നുന്നില്ല, കാരണം, മൈതാനമായ മൈതാനങ്ങളില്‍ എങ്ങുമെന്നല്ല, മുറ്റങ്ങളായ മുറ്റങ്ങളിലും ഇടവഴികളില്‍പ്പോലും കുട്ടികള്‍ പന്തു തട്ടിക്കളിക്കാത്ത നഗരമോ ഗ്രാമമോ നാട്ടിലെങ്ങുമില്ല. ഉരുക്ക് നിര്‍മ്മാണശാലകള്‍ മുതല്‍ സ്വര്‍ണ്ണപ്പണ്ടം പണയം എന്ന ഇടപാടുകള്‍ക്കുവരെ കാല്‍പ്പന്തു ടീമുകള്‍ ഉണ്ട്. വലിയ വലിയ ആളുകള്‍ വന്‍തുകകള്‍ മുടക്കി സ്വരൂപിച്ച് പരിശീലിപ്പിച്ച് പരസ്യപ്പെടുത്തി ഒരുക്കിനിര്‍ത്തിയ ടീമുകളുമുണ്ട്. നാട്ടിന്‍പുറത്തു പണ്ട് കാളപ്പൂട്ടു മത്സരക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നതിലേറെ വാശിയും ഇവര്‍ തമ്മില്‍ ഉണ്ട്. ഈ വാശി ലാഭത്തിനായാണെന്നു മാത്രം.
എങ്കില്‍പ്പിന്നെ, ഇത്രയും കളിക്കാരില്‍നിന്ന് പതിനൊന്നാളെ ലോകകപ്പിനെന്തേ തെരഞ്ഞെടുക്കാത്തത്? എത്ര ശ്രമിച്ചാലും ഞാന്‍ ജയിക്കില്ല എന്നു പരീക്ഷയില്‍നിന്നു മാറിനില്‍ക്കുന്ന കുട്ടിയെ മന്തന്‍ എന്നല്ലാതെ എന്തു വിളിക്കും?
(ഞാനിതു പറഞ്ഞപ്പോള്‍ ഒരു ഇടതുപക്ഷ ബുദ്ധിജീവി ഉറക്കെ ചിരിച്ചു: ''അതറിയില്ലേ, വേദങ്ങളിലൊന്നും കാല്‍പ്പന്തുകളിയെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല!).
ആക്ഷേപഹാസ്യത്തില്‍നിന്ന് യാഥാര്‍ത്ഥ്യബോധത്തിലേക്കു മടങ്ങിയാല്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കാണേണ്ടിവരും. കായികം, സാംസ്‌കാരികം, ശാസ്ത്രീയം എന്നീ രംഗങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന മുന്‍തൂക്കമാണല്ലോ ഒരു നാടിന്റെ പ്രതിച്ഛായയ്ക്കു നിദാനം. ഈ പ്രതിച്ഛായയുടെ കൂടി വെളിച്ചത്തിലാണ് ആ നാടിന്റെ ഉല്‍പ്പന്നങ്ങള്‍ക്കു കിട്ടുന്ന ജനപ്രീതിയും അതുവഴി ഡിമാന്റും. അല്ലാതെ വലിയ വായില്‍ വര്‍ത്തമാനം പറയുന്നതൊക്കെ വെറും വെറുതെ! ഈ പറഞ്ഞ രംഗങ്ങളില്‍ നാം എവിടെ നില്‍ക്കുന്നു? എന്തുകൊണ്ട് മുന്നിലല്ല? ഏറ്റവും കുറഞ്ഞത് ആളോഹരി സര്‍ഗ്ഗശേഷിയെങ്കിലും പ്രകടമാവണ്ടേ? ദൈവം തമ്പുരാന് പക്ഷഭേദമൊന്നും ഉണ്ടാവില്ലല്ലോ വിവിധ ദേശങ്ങളില്‍ ജനിക്കുന്നവര്‍ക്ക് സര്‍ഗ്ഗശേഷി വീതിക്കുന്നതില്‍? നമ്മുടെ ജന്മസിദ്ധി എവിടെപ്പോയി?
കുഴിച്ചെടുക്കാനും സംസ്‌കരിക്കാനും ആളും നാഥനുമില്ലാതെ ഭൂമിക്കടിയില്‍ കിടക്കുന്ന അമൂല്യ സമ്പത്തുപോലെ നമ്മുടെ മനുഷ്യവിഭവശേഷി നിഷ്പ്രയോജനമായിപ്പോവുന്നു! തന്റെ യഥാര്‍ത്ഥ കഴിവ് വികസിക്കാതേയും ഉപയോഗിക്കാനാവാതേയും ജീവിക്കുന്നവര്‍ ഒരിക്കലും സന്തുഷ്ടനാവില്ലെന്നതിനാല്‍ മഹാഭൂരിപക്ഷവും ദുഃഖിതരുമായിരിക്കുന്നു.
സയന്‍സിന്റെ രംഗത്ത് 'ഭരണം' എവ്വിധമെന്ന് പല നോവലുകളിലൂടെയും ഞാന്‍ പറഞ്ഞു കഴിഞ്ഞതാണ്. കലകളുടെ രംഗത്തും നേര്‍പ്പൊടിപ്പുകള്‍ ഒടിച്ചുകളഞ്ഞ് കെട്ടുകാഴ്ചകളെ പകരം വെക്കാനുള്ള സംവിധാനങ്ങളാണ് പൊതുവെ പറഞ്ഞാല്‍ പ്രാബല്യത്തിലുള്ളത്. കായികരംഗത്തും പ്രത്യക്ഷപ്പെടുന്നത് സ്വന്തം കാശും സ്വാധീനവും മുടക്കി സ്വയം സ്ഥാപിച്ചെടുക്കുന്നവരാണ്.
തങ്ങളുടെ തൊപ്പിയില്‍ പരസ്യത്തിനായി തൂവലുകള്‍ തുന്നിച്ചേര്‍ക്കാന്‍ ബദ്ധശ്രദ്ധരായ 'ഹൈ ബ്രൊ' വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 'എലീറ്റ്' കുട്ടികളാണ് ക്രിക്കറ്റ് മുതല്‍ മുന്‍നിരയില്‍. യഥാര്‍ത്ഥത്തില്‍ കഴിവുള്ളവര്‍ ഏതെങ്കിലും കുഗ്രാമത്തില്‍ വിറകുവെട്ടിയോ വെള്ളം കോരിയോ ജീവിക്കുന്നുണ്ടാവും!
കാല്‍പ്പന്തിന്റെ കാര്യവും വ്യത്യസ്തമല്ല. സ്‌കൂളില്‍ പഠിക്കെ, ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ ഞാന്‍ ഗോള്‍ക്കീപ്പറായത് ഉയരക്കൂടുതല്‍ ഉള്ളതുകൊണ്ടു മാത്രം! ഞങ്ങളുടെ സ്‌കൂള്‍ ഫൈനലിലെത്തിയത് പന്ത് എന്റെ അരികിലെത്താതെ മറ്റ് ടീമംഗങ്ങള്‍ കാത്തതുകൊണ്ടും.
അന്ന് ഞങ്ങളുടെ ടീമില്‍ രണ്ട് കഴിവുറ്റ കളിക്കാരുണ്ടായിരുന്നു. 'പൊരുക്കു ദാമോദര'നും 'പീരങ്കി'രാജയും. പൊരുക്കെന്നത് ഒരു ചെറുമീനാണ്. 'മുടിഞ്ഞ' പ്രസരിപ്പാണതിന്. കുളത്തില്‍ നാലു പൊരുക്കുണ്ടെങ്കില്‍ കുളം നിറയെ മീനുണ്ടെന്നു തോന്നും! കരയിലിട്ടാലും അരമണിക്കൂര്‍ തുള്ളും!
ദാമുവിന്റെ കയ്യില്‍ (കാലില്‍) പന്തു കിട്ടിയാല്‍ അത് ഗോള്‍പോസ്റ്റില്‍ എത്തിയിരിക്കും. ഉയരം കുറഞ്ഞ ദാമു പന്തിനൊപ്പം ഉരുണ്ടുപോലും മുന്നേറും. അവന്റെ കാലില്‍നിന്ന് പന്ത് വേര്‍പെടില്ല, പശ നൂലുകൊണ്ട് കൊളുത്തിയപോലെ!
രാജ ഷൂട്ടറാണ്. ആരാലും തടുക്കാനാവില്ല. ദാമു മറുപോസ്റ്റില്‍ പന്തെത്തിക്കാനും രാജ പീരങ്കി പൊട്ടിക്കാനും!
എങ്ങനെയോ എന്റെ നേര്‍ക്കു വരാനിടയായ ഒരു പന്ത് ചാടിപ്പിടിച്ച ഞാന്‍ പന്തുള്‍പ്പെടെ പിന്നിലേയ്ക്ക് തെന്നി വലയില്‍ ചെന്നുവീണ വകയില്‍ എതിരാളികള്‍ നേടിയ ഒരു ഗോളിനു പകരം ഒന്‍പതു ഗോളടിച്ച് ഞങ്ങളുടെ സ്‌കൂള്‍ കപ്പുമായി ഘോഷയാത്ര നടത്തി.
ദാമു ഒന്‍പതില്‍ പഠിത്തം നിര്‍ത്തി. അച്ഛന്റെ കൂടെ അറക്കപ്പണിക്കുപോയി. രാജ പത്ത് കടന്നുവെങ്കിലും കോവിലകത്തെ കാരണവരായി ഒതുങ്ങി.
ഒരു സ്‌കൂളിന്റെ പരിസരത്ത് ഇങ്ങനെ രണ്ടുപേരുണ്ടാകാമെങ്കില്‍ കേരളം മുഴുവന്‍ തപ്പിയാല്‍? ഇന്ത്യാരാജ്യം അരിച്ചുപെറുക്കാന്‍ സംവിധാനമുണ്ടായാല്‍?
ലണ്ടനില്‍ കൈകൊട്ടിക്കളിക്കാന്‍ ആരെ അയക്കണം എന്ന ചോദ്യം വന്നപ്പോള്‍ തന്റെ സംബന്ധക്കാരി മതി എന്നു പറയാന്‍ പണ്ടൊരു രാജാവ് കാട്ടിയ നാണമില്ലായ്മ ജനായത്ത ഭരണക്കാര്‍ക്കുമുണ്ടായാല്‍ എവിടത്തുകാരോ ആയ ആണ്‍കുട്ടികള്‍ കളിക്കുന്ന കളി കണ്ടിരുന്ന് അലറുന്നത് തുടരാന്‍ തന്നെയാവും ഷണ്ഡന്മാരായ നമ്മുടെ വിധി!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates