Poems

'പോട്ടെ... ശോഭേ... വാ... ബാറേ...'- മാധവന്‍ പുറച്ചേരി എഴുതിയ കവിത

അങ്ങനെയാണ്,നഗരമദ്ധ്യത്തില്‍ത്തന്നെശോഭാ ടാക്കീസ്തീര്‍ത്ഥാടന കേന്ദ്രമായത്

മാധവന്‍ പുറച്ചേരി

ണ്‍പതുകളില്‍,
കൃത്യം പത്തരയ്ക്കു തന്നെ...
കൗമാരവും വാര്‍ദ്ധക്യവും
കള്ളനും പൊലീസും
മുട്ടിയുരുമ്മി,
തോളോട് തോള്‍ ചേര്‍ന്ന്,
ശോഭാ ടാക്കീസിലിരുന്ന്,
പടം കണ്ട്,
പടം പൊഴിച്ച്,
ശാന്തരായി തിരിച്ചുപോകാറുണ്ട്.

അങ്ങനെയാണ്,
നഗരമദ്ധ്യത്തില്‍ത്തന്നെ
ശോഭാ ടാക്കീസ്
തീര്‍ത്ഥാടന കേന്ദ്രമായത്.

അപൂര്‍വ്വം ചില ബുദ്ധിജീവികള്‍
പടം തീരുന്നതിന്
തൊട്ടു മുന്‍പിറങ്ങി,
വടക്കോട്ട് നടന്ന്,
ടാക്കീസില്‍ പോയതേയല്ലെന്ന ഭാവത്തില്‍
തിരിച്ച് വന്ന്
കുമാരേട്ടന്റെ പുസ്തകശാലയില്‍
മുഖമാഴ്ത്തും... 

ഭോഗാനന്തര ദുഃഖത്താല്‍,
മൗനികളായി
മാംസനിബദ്ധമല്ല രാഗമെന്ന്
മനസാ സ്മരിച്ച്,
ചിലര്‍,
ഗായത്രിയിലെ
മസാലദോശയിലേക്ക്
നുണച്ചിറങ്ങും... 

ദേവാലയ ദര്‍ശനം കഴിഞ്ഞ്,
ആത്മാവില്‍ രമിച്ച്,
നിര്‍മ്മലാനന്ദന്മാരായി
നടന്നുവരുന്നവരുമുണ്ടായിരുന്നു.

ബീഡി ആഞ്ഞുവലിച്ച്,
മുട്ടന്‍ തെറിപറഞ്ഞ്,
ആണായ്മയില്‍
വിജൃംഭിതനായി
സമയനഷ്ടം... സമയനഷ്ടമെന്ന്
കാര്‍ക്കിച്ചു തുപ്പി
വേഗത്തില്‍ നടന്നുപോകുന്നവരും
കൂട്ടത്തിലുണ്ടാവും.

ദേവതകള്‍
നിഴലുകളായി
മിന്നിമറഞ്ഞതിന്റെ
ഭാവമേയില്ലാതെ
ശോഭാ ടാക്കീസ്,
മാറ്റിനിക്കുള്ള പാട്ടു പാടാന്‍ തുടങ്ങും.

കടത്തനാട്ടു മാക്കം കാണാനുള്ള
തിക്കും തിരക്കുമായി
അമ്മമ്മമാരും അമ്മമാരും
നാത്തൂന്മാരും
കുട്ടികളും
വരിവരിയായി നില്‍ക്കുന്നുണ്ടാവും...

നാത്തൂന്‍ പോരിലൊടുങ്ങിയ 
പെങ്ങളുടെ കഥയോര്‍ത്ത്
വിങ്ങിവിങ്ങിക്കരഞ്ഞതിന്റെ കലക്കവുമായി
ടാക്കീസിന്റെ പടിയിറങ്ങുമവര്‍...

എത്രയെത്ര മനുഷ്യര്‍ക്ക്
മാനസാന്തരമരുളിയ
പ്രിയപ്പെട്ട ശോഭാ ടാക്കീസേ... 
കാമുകനും കാമുകിയും
രഹസ്യക്കാരിയും
നാത്തൂനും
നേര്‍പെങ്ങളുമായി
കൂടെ നിന്ന കാരുണ്യത്തെ
ചരിത്രം
പലരൂപത്തില്‍
ഓര്‍മ്മിക്കാതിരിക്കില്ല...

പ്രിയപ്പെട്ട ബാറേ...
ഒഴുകിവന്ന,
അഴുകിനിന്ന,
ഇഹലോക സമസ്യകള്‍
ഏറ്റുവാങ്ങിയ
പാപനാശിനി...
രണ്ടു പെഗ്ഗിനാല്‍
സ്വാസ്ഥ്യം തരുന്ന മോഹിനിയായി
നീയിപ്പോഴും
കണ്ണടയ്ക്കാതെ,
ഭോഗക്ഷണപ്രഭാചഞ്ചലയായി
താന്തരായെത്തും പാന്ഥര്‍ക്ക് വഴിയമ്പലമായ്
വിയോഗവ്യഥകളില്‍
കൂട്ടിരിക്കുന്നു...

വ്രണിത ഹൃദയങ്ങളെ...
ചേര്‍ത്തണച്ച,
നിറയെ വാതിലുകളും
ജനാലകളുമുള്ള
അതിഥിമന്ദിരമേ...!
നഗരത്തെരുവിലെ,
ഇണക്കുയിലേ...!
രണ്ടു പെഗ്ഗടിച്ച്,
വിരഹത്തിന്‍ ചൂടില്ലാതെ വിയര്‍പ്പില്ലാതെ...
നീയുറക്കമായി....

ശോഭേ... / ബാറേ...
വരട്ടെ / പോകട്ടെ...

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT