Poems

'കണ്‍കെട്ട്'- ഉമ രാജീവ് എഴുതിയ കവിത

അടക്കത്തില്‍ പിടിക്കാന്നു കടക്കണ്ണാല്‍ പറഞ്ഞിട്ട് തഴുതിട്ടയകത്തേക്കു കടന്നതാണ്

ഉമാ രാജീവ്

ടക്കത്തില്‍ പിടിക്കാന്നു 
കടക്കണ്ണാല്‍ പറഞ്ഞിട്ട് 
തഴുതിട്ടയകത്തേക്കു 
കടന്നതാണ്. 

ഇരുട്ടാണ് മുഷിപ്പാണ് 
ഒളിച്ചുകളിക്കാനേറെ   
വിടവുകള്‍ വകുപ്പുകള്‍ 
നിറഞ്ഞതാണ്. 

ചെറുതാണ്  ചീറ്റലുണ്ട് 
ചുരുണ്ടങ്ങിരുപ്പാണ് 
കനല്‍പോലെ 
കണ്ണുരണ്ടും തിളങ്ങുന്നുണ്ട് 

വരയുണ്ട് കുറിയുണ്ട് 
നാവറ്റം പിളര്‍ന്നാണ് 
അടയാളമെണ്ണിയെണ്ണി 
 പറഞ്ഞോളണം. 

ഇഴഞ്ഞാലും തിരിഞ്ഞാലും 
വാല്‍കുത്തി ചാടിയാലും 
നാക്കിന്റെയറ്റമൊന്നു 
പാളിയെന്നാലും

അണപ്പല്ലില്‍ അടവച്ചു 
ഞെരിച്ചങ്ങു തുപ്പിയാലും 
കണ്ണിലേക്കിറ്റു തുള്ളി 
തെറിച്ചെന്നാലും 

കാഴ്ചമങ്ങാം കൈ കുഴയാം 
നാവിലുള്ള നീരുവറ്റാം 
അത്താഴപ്പട്ടിണിക്കു 
കുറിപ്പുകിട്ടാം. 

പിടിച്ചെന്നോ ചതച്ചെന്നോ 
വിഷപ്പല്ലൊടിച്ചെന്നോ 
വെറുതെയെങ്കിലും 
നമ്മള്‍ പറഞ്ഞേക്കണം. 

പടം പൊഴിച്ചിട്ടിട്ടു 
പഴുതേതോ തേടിപ്പോയ് 
പഴംപായക്കെട്ടിലേക്കു 
നൂണ്ടുപോയി 

പൊടുന്നനെ നിറം മാറി 
കണ്ണുപൊത്തി നിന്നുപോയി 
ഒരു നിമിഷത്തേക്കു 
പകച്ചുപോയി 

പാലമരച്ചോട്ടിലേക്കു 
പാല്‍ മഞ്ഞളിറ്റിച്ചു  
പാട്ടുപാടി കുടിയിരുത്തി 
എന്നേ കഥ മെനയാവൂ. 

ഇരുള്‍കെട്ടിയ മുറിയാണ് 
ഇരുപേരും തനിച്ചാണ് 
ഇഴയുന്ന ഒന്നിനെ 
തിരഞ്ഞതാണ് 

ഇടയിലുണ്ടായതൊന്നും 
ഇരു ചെവിയറിയരുത് 
ഉടമ്പടി രഹസ്യങ്ങള്‍ 
കുഴിച്ചിട്ടോണം. 

അരിമഞ്ഞള്‍ പൊടിക്കളം 
അകില്‍ മൂത്ത പുകമണം 
പനങ്കുലക്കെട്ടഴിഞ്ഞു 
പരക്കുന്ന രാവില്‍ 

വിറച്ചുതുള്ളിയാടുന്ന 
പൂക്കിലത്തൂപ്പിന്റെ 
ഇടയിലൂടിടം കണ്ണ് 
കൊരുത്തു വേണം 

ഇരുട്ടുമുറിയില്‍ വച്ചു 
തീണ്ടിയ വിഷമെല്ലാം 
പരസ്പരം നമുക്കൊന്ന് 
വലിച്ചിറക്കാന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'എന്റെ ഭര്‍ത്താവ് പാസ്റ്റര്‍ അല്ല; ഞങ്ങള്‍ അതിസമ്പന്നരല്ല, ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല'

വരുന്നത് പറക്കുംകാറുകളുടെ വിസ്മയ ലോകം; ടെസ്ലയെ പിന്നിലാക്കി പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ച് ചൈനീസ് കമ്പനി

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

SCROLL FOR NEXT