1
ദൃശ്യം
സേവാഗ്രാമിലൊരു സന്ധ്യ
ഗാന്ധിനട്ട ആൽമരത്തിലേക്ക്,
കൂടണയും കിളികൾ...
പല ഭാഷയിലൊരു
ഭൂപടം വരയ്ക്കുന്നു.
ആലിലകൾ നിർത്താതെ
ഗീതയും ഖുറാനും ബൈബിളും വായിക്കുന്നു.
ഒരൊറ്റ പ്രാർത്ഥനയിൽ,
നിറഞ്ഞുകവിയുന്നു,
അദൃശ്യനായൊരാൾ...
2
മൂന്നു കുരങ്ങന്മാർ പറഞ്ഞത്
വാപൊത്തിയ,
കണ്ണുപൊത്തിയ,
ചെവിപൊത്തിയ,
മൂന്നു കുരങ്ങന്മാരുടെ ശില്പം,
ഗാന്ധിക്കു സമ്മാനിച്ചപ്പോൾ
ബുദ്ധസന്ന്യാസിയെന്തായിരിക്കും
വിചാരിച്ചിട്ടുണ്ടാവുക.
വലിയ ചെവി വട്ടംപിടിച്ച്,
ഉള്ളനക്കം വരെ,
പിടിച്ചെടുക്കുന്നൊരാൾ
ശ്രദ്ധയുടെ സൂക്ഷ്മദൃഷ്ടി.
മൗനിയായിരിക്കുമ്പോഴും
മുനിയാകാത്തൊരാൾ,
അകം നിറഞ്ഞു ചിരിച്ചിട്ടുണ്ടാകണം.
മൂന്നു കുരങ്ങന്മാരുടെ വഴിയും
ചങ്ങലക്കിലുക്കമുള്ളത്.
കരച്ചിൽ കേൾക്കാച്ചെവി,
അലങ്കാരംപോലുമല്ല.
ചിറകുവീശി പറക്കുമ്പോൾ മാത്രമാണ്
ആകാശം വിടർന്നുവരുന്നത്.
കിളി വരയ്ക്കും പാട്ടിലാണ്,
മരം കുളിർത്തുനിൽക്കുന്നത്.
ദൃഷ്ടാന്തങ്ങൾ
ഗാന്ധിയെ നയിച്ചു.
സുഹൃത്തേയെന്ന്,
ഹിറ്റ്‌ലറെപോലും വിളിച്ചു.
സ്നേഹം പുറത്തേറ്റിയ,
അണ്ണാരക്കണ്ണന്മാർ,
ഏതു സമുദ്രവും കടക്കുമെന്ന്,
കുരിശേന്തിയ രാമനറിയാം.
വെടിയേറ്റ ക്രിസ്തുവിനും.
ചരിത്രം പല രൂപത്തിൽ
ഉയിർപ്പു തേടും
മരക്കുരിശുമായി
മലകയറുന്ന ഗാന്ധി...
ഉയർന്നുതാഴുന്ന ചാട്ടവാറുകൾ...
ഹേ... റാം... ഹേ... റാമെന്ന്...
പറയുന്നതയാൾക്കു മാത്രം കേൾക്കാം.
അത്രയും സൂക്ഷ്മമായ്
അത്രയുമിഷ്ടത്തോടെ,
വില്ലുപേക്ഷിച്ച്,
കുരിശേറ്റതാണ്...
ഗോഡ്‌സെമാർ
തുരുതുരാ വെടിയുതിർക്കുന്നുണ്ട്.
തെരുവിലിപ്പോഴും അയാൾ നടന്നുപോവുന്നുണ്ട്...
ഈ അത്ഭുതരഹസ്യം
മൂന്നു കുരങ്ങന്മാർ സേവാഗ്രാമിലിപ്പോഴും വിളിച്ചു
പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
3
ബാ-കുടി
ബായുടെ കാൽപ്പാടുകൾ,
എഴുതപ്പെടാത്ത ആത്മകഥയിലെ,
ഇരുണ്ട വൻകര.
എത്ര മറച്ചാലും
വീണ്ടുമുയർന്നുനിൽക്കും
കാൽവരിക്കുന്ന്.
കാതുകൂർപ്പിച്ചാൽ കേൾക്കാം
ചരിത്രത്തിൻ മിടിപ്പ്.
മിഴികൂർപ്പിച്ചാൽ മാത്രം
പെറുക്കിയെടുക്കാം
തടവിലാക്കപ്പെട്ട കിനാവുകൾ...
പാതാളത്തോളം വേരാഴ്ത്തിയ,
സഹന മരമേ...
പടർന്നുപന്തലിച്ച ഒറ്റമരക്കാടേ...
നിന്നിലായിരുന്നു ഗാന്ധിയുടെ കൂട്.
നിസ്സഹായതയുടെ നെടുവീർപ്പിൽ,
ബാ... ബായെന്ന വിളി.
ശിരസ്സിനറിയില്ലല്ലോ...
കാലിൻ കഴപ്പ്.
ആകാശം താങ്ങാൻ
ശീർഷാസനത്തിൽ,
ബായെന്ന ഒറ്റമരം.
കൊഴിഞ്ഞുവീണ ഇലകളെല്ലാം
മുടിയിഴകളായിരുന്നു.
മുലപ്പാലെന്നു നിനച്ചത്...
രക്തമായിരുന്നു.
മധുരിച്ച പഴങ്ങളെല്ലാം
മാംസക്കഷണങ്ങളായിരുന്നു.
അസ്ഥിക്കൂനയിൽനിന്നും
ഒരു വടി ഒറ്റയ്ക്ക് നടന്നുപോകുന്നു...
4
ബാപ്പുക്കുടി
ഇവിടെയുണ്ടായിരുന്നുവെന്ന വാക്യം
പറഞ്ഞയുടനെ അപ്രത്യക്ഷമായി.
എപ്പോഴും എല്ലായ്‌പോഴും
കാലപ്പതിപ്പിൻ നേർച്ചിത്രങ്ങൾ
അതിവേഗത്തിൽ
നടന്നുവരാതിരിക്കില്ല.
ഉറച്ചിരിക്കുന്നതിൽ,
അവിശ്വസിച്ച്,
നടന്നുകൊണ്ടിരിക്കുന്നൊരാൾ
അതിർത്തികളെ റദ്ദാക്കും...
റസ്‌കിനും തോറോയും
ടോൾസ്റ്റോയിയും ചാപ്ലിനും
കബീറും ടാഗോറും
ബാപ്പുക്കുടിയെ പുതുക്കി
പുതിയ പ്രാർത്ഥനകളാക്കി.
അംബേദ്കർ വരുമ്പോൾ
മുതുകു പൊള്ളിയ ചരിത്രം വിരൽചൂണ്ടി...
ലോഹ്യയാണിപ്പോൾ
ഒഴുകിപ്പരക്കുന്നത്.
ജോഷിക്കുള്ള കത്തുകളാണ്,
എഴുതിക്കൊണ്ടിരിക്കുന്നത്.
ചർക്കയുടെ കറക്കത്തിൽ,
സ്നേഹത്തിന്റെ നൂൽനൂൽപ്പിൽ,
ഭൂമിയുടെ ഉടുപ്പു തുന്നുകയാണൊരാൾ.
വെടിയുണ്ടകൾ പറഞ്ഞതെല്ലാം
ഒരു ചിത്രം വരയിൽ,
നെഞ്ചു തുറക്കുന്ന ഒരു പാട്ടിൽ,
ഒരൊറ്റ മൗനപ്രാർത്ഥനയിൽ
ഇല്ലാതാവും.
നടന്നുകൊണ്ടിരിക്കുന്നതിനാൽ
വളർന്നുകൊണ്ടിരിക്കുന്നു.
ചലിച്ചിരുന്നതിനാൽ,
മിടിച്ചുകൊണ്ടിരിക്കും.
ഒരു സമയവും കടന്നുപോകുന്നില്ല...
പ്രഭാത പ്രാർത്ഥനയിലേയ്ക്ക്
ഇരുവർക്കൊപ്പം നടന്നുവരുന്നൊരാൾ...
സൂക്ഷിച്ചുനോക്കിയാൽ കാണാം...
ഇരുവരും ചിറകുകളായിരുന്നു...
5
മടക്കയാത്രയിൽ കണ്ടുകിട്ടിയത്
തീവണ്ടിയെക്കുറിച്ചുള്ള കവിതയിൽ,
തിക്കിത്തിരക്കി കയറുകയാണ്,
പേരില്ലാത്തവർ.
റിസർവഡ് കമ്പാർട്ടുമെന്റുകൾ
ഒറ്റയടിക്കവർ,
അൺറിസവർഡാക്കി.
സ്വസ്ഥതകളുടെ അമ്പരപ്പിക്കുന്ന നിശ്ശബ്ദത,
കലപിലകളാൽ തെരുവരങ്ങാക്കി.
പല ബോഗികളിലായി,
വിവർത്തനം ചെയ്യാനാവാത്ത,
അവർണ്ണനീയ കാഴ്ചകൾ പ്രത്യക്ഷപ്പെട്ടു.
ഒരിടത്ത്,
മഹാത്മാ മാർക്സ്,
മൗലാനാ ഗാന്ധി,
പൂജനീയ അബ്ദുൾ കലാം ആസാദ്.
മറ്റൊരിടത്ത്,
കേളപ്പഹാജിക്കരികിൽ
ദാമോദർസ്‌ക്കിക്കൊപ്പം
നാഞ്ചിയമ്മയുടെ പാട്ട്,
ഉറവയിൽ നിന്നെന്നപോൽ
ഒഴുകിപ്പരക്കുന്നു.
വിപരീതങ്ങളുടെ ഒന്നിപ്പിൽ,
ജ്ഞാനസ്നാനം ചെയ്യുന്നതിനാൽ,
നിറയെ വാതിലുകളും
ജനാലകളുമുള്ള കവിത
നിർത്തിയിടത്തുനിന്നെല്ലാം
പുതുക്കപ്പെട്ട് പായുകയാണ്...
വിട്ടുപോയിടങ്ങളിൽനിന്നെല്ലാം
പെറുക്കിയെടുത്ത കാഴ്ചകൾ
ചേർത്തു നിർമ്മിച്ച ഗ്ലോബിലൂടെ,
മുറിവേറ്റവരുടെ ലോങ് മാർച്ച്.
കടന്നുപോവുകയാണ്
കൊല്ലപ്പെട്ട കുട്ടികളുടെ വിലാപ വണ്ടികൾ...
നഷ്ടപ്പെട്ടുപോയ
നെൽവിത്തുകളായി
ഒന്നിച്ചിരമ്പിയെത്തി,
സമരഭൂമികളിൽ
പൊട്ടിമുളക്കുമവർ
മുതലായവരുടെ ഗാന്ധിമാർ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates