Poems

'മണ്ണില്‍ മറവുചെയ്യരുതെന്നെ'- ഗിരിജ പാതേക്കര എഴുതിയ കവിത

മരിച്ചുകഴിഞ്ഞാല്‍മണ്ണിനടിയില്‍മറവുചെയ്യരുതെന്നെ.പകരംദഹിപ്പിക്കണമുടല്‍

Author : ഗിരിജ പാതേക്കര

മരിച്ചുകഴിഞ്ഞാല്‍
മണ്ണിനടിയില്‍
മറവുചെയ്യരുതെന്നെ.
പകരം
ദഹിപ്പിക്കണമുടല്‍.
മണ്ണിലടക്കുമ്പോള്‍,
ആധികളും വ്യാധികളും
ആനന്ദങ്ങളും
ആവോളമറിഞ്ഞ
മാംസത്തിന്നടരുകള്‍ 
അലിഞ്ഞില്ലാതായാലും
അതെല്ലാം
ആഴത്തിലറിഞ്ഞ അസ്ഥികള്‍
അഴുകാതഴുകാതെ കിടക്കും,
യുഗാന്തരങ്ങളില്‍
ഫോസിലായ് മാറും.
അവ കണ്ടെടുക്കുന്നവര്‍ക്കു മുന്‍പില്‍
എന്റെ ജീവരഹസ്യങ്ങള്‍
വെളിപ്പെടും.

പറയാനാവാതെ
ഉള്ളം നീറ്റിയ വാക്കുകള്‍,
പ്രാണവേദനകള്‍,
കനല്‍പോലെരിഞ്ഞ കനവുകള്‍,
കടലലപോല്‍
ഹൃദയതീരം തകര്‍ത്ത കാമനകള്‍,
ചുട്ടുപഴുക്കയും
താനേ തണുക്കയും ചെയ്ത
ഉന്മാദങ്ങള്‍,
മറച്ചുവെച്ച മോഹങ്ങള്‍,
ഒളിച്ചുവെച്ച ദാഹങ്ങള്‍,
മറ്റൊന്നായ് പേരിട്ടു വിളിച്ച പ്രണയം,
ഹൃദയരക്തംപതിച്ച
പ്രേമോപഹാരം,
ലിപികളില്ലാത്ത ഭാഷയില്‍
അദൃശ്യങ്ങളായ നേര്‍മ്മകളിലെഴുതിയ ലിഖിതങ്ങള്‍,
ഒരുമിച്ചു പങ്കിട്ട നിലാവ്, കാറ്റ്...

നൂറ്റാണ്ടുകള്‍ക്കപ്പുറത്തിരുന്ന്
എല്ലാമവര്‍ വായിച്ചെടുക്കും,
എന്നെ വിധിക്കും.
അതിനാല്‍
മരിച്ചുകഴിഞ്ഞാല്‍
ദഹിപ്പിക്കണമുടല്‍.
ചിതയിലാളുമഗ്‌നി പോരാ,
ഒരൊറ്റയാലിംഗനത്താല്‍
ഒരുപിടി ഭസ്മമാക്കും
വൈദ്യുതസ്ഫുലിംഗങ്ങളാല്‍
ദഹിപ്പിക്കണമുടല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല'; CMRL കേസില്‍ മാത്യു കുഴല്‍നാടനെ തള്ളി ചെന്നിത്തല