Poems

'തി(തെ)രുപ്പിറപ്പ്'- മീര കെ.എസ് എഴുതിയ കവിത

ജീസസ്, ജനിക്കാം നമുക്കിരുപേര്‍ക്കുമീ നേര്‍ത്ത തണുപ്പിന്റെ രാവിരുള്‍പ്പാതയില്‍ നീ താരയാവുക, ഞാനാ വെളിച്ചത്തിന്‍ വീഞ്ഞു മുകരുന്ന രാപ്പാടിയായിടും

Author : മീര കെ.എസ്

ജീസസ്, ജനിക്കാം നമുക്കിരുപേര്‍ക്കുമീ 
നേര്‍ത്ത തണുപ്പിന്റെ രാവിരുള്‍പ്പാതയില്‍ 
നീ താരയാവുക, ഞാനാ വെളിച്ചത്തിന്‍ 
വീഞ്ഞു മുകരുന്ന രാപ്പാടിയായിടും.
രാവിതു തീരാതിരിക്കട്ടെ, നിന്നില്‍ ഞാന്‍,
മേഘങ്ങളായി വിതുമ്പി മായുംവരെ...

ഞാനീത്തെരുവിന്‍ വിഷാദ മൗനങ്ങളില്‍,
ഗാനങ്ങളായിപ്പടര്‍ന്നലിയുമ്പോഴും,
തേടുന്നതുണ്ടായിരുന്നു നിലാവിന്റെ 
നീലസമുദ്രം നനയ്ക്കും നിഴലിനെ.
ശാന്തമല്ലെന്നില്‍ക്കുരുങ്ങും പടര്‍പ്പുകള്‍,
ഓരം കടക്കും പുഴതന്‍ പകപ്പുകള്‍,
ഊറിപ്പിടിക്കാതുലയ്ക്കും മുറിവുകള്‍,
നീറിപ്പിടിക്കുന്ന ചില്ലയില്ലാമരം.

കണ്ണടച്ചാല്‍ നിന്‍ നെടിയ വിരലുകള്‍,
മഞ്ഞു പോലെന്നെപ്പൊതിഞ്ഞ ചിറകുകള്‍,
ആഴത്തിലെന്നില്‍ പടര്‍ന്ന നിന്‍ വേരുകള്‍,
നാമിരുപേരാല്‍ വളര്‍ന്ന വന്‍കാടുകള്‍...

ആ കാടിനുള്ളില്‍ പതിഞ്ഞിരിക്കും കിളി,
കൂടു കളഞ്ഞങ്ങിരുട്ടിന്റെ തുള്ളികള്‍ 
മാത്രം കുടിച്ചു മരിക്കാതെയിപ്പോഴും,
നേര്‍ത്ത വെളിച്ചം വിരിയുന്നതും കാത്ത്.

ജീസസ്, പരസ്പരം നാമുയിര്‍ത്തീടുമീ 
രാത്രിയില്‍ മീര മറന്ന ഭജനുകള്‍ 
വീണ്ടും പിറക്കും, തെരുവുകള്‍ സംഗീത 
മാകും  നിലാവില്‍ ഉറങ്ങാതിരിക്കും!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും