Poems

'ബുദ്ധനടനം'- എസ്. ജയകൃഷ്ണന്‍ എഴുതിയ കവിത

തെരുവിലിറങ്ങിയപ്പോള്‍ഒരു തെറി പാറിവീണു.അതെടുത്തു ചെവിയില്‍ തിരുകിമുണ്ട് മാടിക്കുത്തി നടന്നു

Author : എസ്. ജയകൃഷ്ണന്‍

തെരുവിലിറങ്ങിയപ്പോള്‍
ഒരു തെറി പാറിവീണു.
അതെടുത്തു ചെവിയില്‍ തിരുകി
മുണ്ട് മാടിക്കുത്തി നടന്നു.

ഇണചേരല്‍ പരസ്യമായി
നിസ്സഹായമായ ശുനകവീര്യമോ
ചൂടുവെള്ളം വീണു പൊള്ളിയ
നാല്‍ക്കാലികളുടെ ദൈന്യമോകവിത
സ്പര്‍ശിക്കാത്ത ദുര്‍നടപ്പ്

വലിയ സ്വര്‍ണ്ണക്കടയിലെ
നാലാം മാളികയിലെ
അടച്ചിട്ട മുറിയില്‍ നടക്കുന്ന
ആഭിചാരമറിയാതെ,
നിരത്തിനടിയിലൂടെ
ഓളം തള്ളുന്ന
സമുദ്രത്തെയറിയാതെ,
വിണ്ട കാലടിയറിയാതെ.

ഇരുചക്രമായി മാറിയ
യുവാവ്, മുച്ചക്രത്തിന്റെ
രോദനമായൊരു കുടുംബം,
മേല്‍ക്കൂര തുറന്ന കാറിന്റെ പുളപ്പ്,
ലക്ഷ്യമറിയാതെ മെല്ലെയോടുന്ന
വാഹനങ്ങളില്‍ വേവിച്ചെടുക്കുന്ന
മനുഷ്യര്‍, ഭാഗ്യജാതകം
തേടിയൊരു വൃദ്ധ,
നിയമപാലകരുടെ
ഉദ്ധരിച്ച ലാത്തികള്‍ക്കു മുന്നില്‍
പതറുന്ന നഗരരാവുകള്‍...

നരകവഴികള്‍ പിന്നിട്ട്
നാല്‍ക്കൂട്ടപ്പെരുവഴിയില്‍
ഒരു നിമിഷം!

നേരെയൊരു രാജപാത,
പ്രാര്‍ത്ഥനകളുടെ
കൈചൂണ്ടികളുമായി
സ്വര്‍ഗ്ഗത്തിലേക്ക്.

വലത്തേക്കുള്ള പാതയില്‍
കാവല്‍നായ്ക്കളുടെ മുരള്‍ച്ച,
നിലവിളികളും ആക്രോശങ്ങളും
മുദ്രാവാക്യങ്ങളും സിദ്ധാന്തങ്ങളും
പ്രത്യയശാസ്ത്രങ്ങളും
അസഹിഷ്ണുതാമുദ്രകളും
കൊതിപ്പിക്കുന്ന ചെങ്കോലിന്റെ
നിഴല്‍പ്പാടും ചോരമണക്കുന്ന
പോര്‍നിലങ്ങളും നിറഞ്ഞ,
അത്താണികളില്ലാത്ത
വരണ്ട പാത.

വൃക്ഷങ്ങള്‍ അതിരിട്ട
ഇടത്തേക്കുള്ള ഊടുവഴിയില്‍
തളംകെട്ടി നില്‍ക്കുന്ന
നിഗൂഢത, ആഴമേറിയ
നിശ്ശബ്ദത.

ഉള്‍വനങ്ങളിലേക്കുള്ള
വശ്യമായ ക്ഷണം,
കാടകങ്ങളിലെവിടെയോ
ഒരു കിനാക്കണ്ണിന്റെ തെളിച്ചം.

ഒരിണപ്പക്ഷി മറുവിളിക്കായ്
കാതോര്‍ക്കുന്നു.
മഞ്ഞുതുള്ളിയെ
കാത്തിരിക്കുന്ന
നിശ്ചലമായ തടാകത്തില്‍
ഒരു തോണിക്കാരന്റെ
ഇരുണ്ട നിഴല്‍ച്ചിത്രം.

വസ്ത്രങ്ങളില്‍നിന്ന്
മോചിതനായി
സ്വയമറിയാതെ
യൊരുള്‍വിളിയില്‍
ഒരു ചുവട്.

ഉള്‍ക്കണ്ണില്‍
തെളിയുന്നു ബുദ്ധന്‍.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐപിയില്‍ എത്ര രൂപ നിക്ഷേപിക്കണം?, ഒഴിവാക്കേണ്ട നാല് തെറ്റുകള്‍?; എന്താണ് എസ്ഐപി സ്ട്രാറ്റജി?

എണ്ണ വിലയിടിവ് തുണയായി, ഒഴുകിയെത്തിയത് 88,678 കോടി; ആറു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോണ്‍ അല്ല; വിമാനമാണെന്ന് പൊലീസ്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടമാകും, വിശദമായി അറിയാം