Poems

'ജലസ്മൃതി'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

വീണ്ടും ജലം സ്വപ്‌നലോകത്തിരിക്കുന്നു.ഏതോ വനപാത ഗ്ലാസ്സില്‍ വരയ്ക്കുന്നു.ആടും മയില്‍പോലെ നീലച്ചു നോക്കുന്നു.മാര്‍ഗ്ഗം വരയ്ക്കും വിരല്‍പാടു തേടുന്നു

ശ്രീകൃഷ്ണദാസ് മാത്തൂര്‍

വീണ്ടും ജലം സ്വപ്‌നലോകത്തിരിക്കുന്നു.
ഏതോ വനപാത ഗ്ലാസ്സില്‍ വരയ്ക്കുന്നു.
ആടും മയില്‍പോലെ നീലച്ചു നോക്കുന്നു.
മാര്‍ഗ്ഗം വരയ്ക്കും വിരല്‍പാടു തേടുന്നു.

നിര്‍ത്താതൊരേങ്ങലിന്‍ കടല്‍ക്കാറ്റടര്‍ന്ന്
തൈത്തിരക്കണ്‍പോള തട്ടിത്തുറക്കുന്നു.
എല്ലിച്ചൊരാകാശ, മന്തിച്ച ദിങ്മുഖം,
ഈ താമരച്ചുണ്ടു മുങ്ങുമാറാഴത്തില്‍
ആധിമേലൊഴുക്ക്, വഴുക്കല്‍, വിതുമ്പല്‍.
എന്നെയോര്‍ത്തെടുക്കുന്ന പോലുള്ള ഭാവം.

നീറും നിഗംബോധിലെപ്പാടലസന്ധ്യ
പൊള്ളും പടിക്കെട്ടിലെള്ളിലും പൂവിലും
നിന്നെത്തൊടുവിച്ചിട്ടിരിക്കുന്ന ബോധ്യം.
തര്‍പ്പണത്തുള്ളിയാം ജീവന്‍ തുടിച്ചപോല്‍.

ഉണ്ടാകുമൊഴുക്കില്‍ കൊത്തിയോരദൃശ്യ
വിഗ്രഹം, ഓര്‍മ്മതന്‍ മട്ടു മാറ്റിനോക്കു
ന്നടിത്തട്ടില്‍ കണ്ണുചിമ്മുന്നെക്കല്‍ നീക്കി
കാലുറയ്ക്കാതെ പോയൊരാര്‍ഷപട്ടണം,
കെട്ടുവിട്ടോരാമ്പല്‍ മുഖംപൊക്കി നോക്കു
ന്നെങ്ങു നീ, യറംപറ്റുമാവേശ വാക്കേ.

മേച്ചിലോലപ്പുളിഞ്ചേറിലെച്ചന്ദ്രിക,
ചോര്‍ച്ചബാധിതക്കൈക്കുമ്പിള്‍ പോലെ കൂര, 
ഒറ്റക്കവിള്‍ജലപ്പൊക്കത്തിമിര്‍പ്പോടെ
മൊന്തച്ചളുക്കത്തില്‍ കാലവര്‍ഷദ്യുതി.
ഗ്ലാസ്സില്‍ ജലം നിന്നു താളം പിടിക്കുന്നു,
ഓര്‍മ്മിച്ചെടുക്കുന്നു, വയലും വഴികളും.

ഗ്ലാസ്സില്‍ ജലം സ്വപ്‌നലോകത്തിരിക്കുന്നു,
ജീവന്റെ പന്തം കൊളുത്തിപ്പിടിക്കുന്നു,
രക്തത്തിലെപ്പങ്കു ചോദിച്ചിരിക്കുന്നു;
കരയ്‌ക്കെത്ര ദൂരം? ഞാനൊച്ചവയ്ക്കുന്നു... 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

ശബരിമലയിലെ സ്വർണമാണെന്ന് അറിഞ്ഞു തന്നെ കൊള്ളയ്ക്ക് കൂട്ടു നിന്നു; ​ഗോവർദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കസ്റ്റഡിയിൽ വാങ്ങും

ക്രിസ്മസിന് സാന്റ ഓഫര്‍; 280 ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍; സപ്ലൈകോ ഫെയറുകള്‍ നാളെ മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

SCROLL FOR NEXT