കണ്ണടയ്ക്കുമ്പോള്‍ മാത്രം
കാണുമൊരുവനെ
അടുത്ത് കാണുവാന്‍
മൈലുകള്‍ താണ്ടിയെത്തി
ഇഷ്ടഗന്ധങ്ങളില്‍
സ്വയം ആസ്വദിച്ച്
കനവുകളാല്‍
മുടിക്കനവുമായി
രാത്രിയില്‍
യാത്രക്കാരിയായി
ഏകാന്തത എന്ന നിഴലിന്
ചലനനിയമങ്ങളെന്തിനെന്ന
ആത്മഗതങ്ങളുമായി
വണ്ടി വിട്ടു
നിലാവിനെ വട്ടംപിടിച്ച്
നക്ഷത്രങ്ങള്‍ അകമ്പടി സേവിക്കേ
സൈക്കിള്‍ ചവിട്ടി
സ്വയം കിലുങ്ങി
കാണാന്‍ കൊതിച്ച്
ഓരോ വരമ്പിലും കലാകാരമിട്ട്
മുലക്കണ്ണിന്‍ കറുപ്പില്‍ തലോടി
ഓരോ തൊടിയിലും
മുറികൂടിച്ചെടിക്കൊപ്പം തഴച്ച്
ആരും കേള്‍ക്കാതെ പതുക്കെ
കിതച്ചും വിയര്‍ത്തും
ഇലഞ്ഞിമണം ചൂടി
ഒടുക്കം കുന്നിന്‍ചെരിവിലെത്തി
വേരുകളില്‍ വിരല്‍ കൊരുത്ത്
പാറപ്പുറത്തിരുന്നു
പുകമറയിലവന്‍ ഏറുമാടം കയറിയവന്‍
ജലശയ്യയിലെത്താന്‍ മേല്‍പ്പാലം കടന്നവന്‍
അവള്‍ മതിമറന്നു
അടിയുടുപ്പുകള്‍ മരച്ചില്ലകളില്‍ പറന്നു
നിഗൂഢരോമാവലികള്‍
പുല്‍നാമ്പുകളായി
ഒന്നു ചിരിപ്പിക്കാന്‍
രസക്കെട്ടുകളഴിച്ചു
അവളും പുരാതനയെന്ന്
ചലനങ്ങളില്‍
ആ ആ എന്ന പാട്ട് നിര്‍ത്താന്‍ പറഞ്ഞവനോ
രതിച്ചുനയിറ്റും കാട്ടില്‍
പണ്ടേയുള്ള തിരച്ചിലിലും
പാതി ആകാശം കാണുമുടലില്‍
വേര്‍പ്പുമുല്ലകളണിഞ്ഞ്
തിരയെന്നില്‍ തന്നെയെന്ന്
ചിരിയടക്കാതൊഴുകുന്നു,
തിരികെ മടങ്ങുന്നു
ആ ചിരി തെരുവില്‍
വിളക്കുകാലില്‍ പതുങ്ങുന്നു
മങ്ങുന്നു
ചോലകളില്‍ ശയിച്ച്
നീരാടി മതിവരാത്തവള്‍
സ്വന്തം ഗീതമെഴുതി
മൂര്‍ച്ഛിക്കുന്നു.
ചാരപുഷ്പങ്ങള്‍, ചില്ലകള്‍
വസന്തമെന്നവള്‍ക്കായ്
ഉപന്യസിക്കുന്നു
ഒരു യോനി ഒരാകാരമെന്ന്
ഗുരു
ഒരു യോനി ഒരാകാശമെന്ന്
കണ്ണുകൂമ്പിയ ഒരു കോളാമ്പിപ്പൂവ്
സ്വയം പൂത്തുതളിര്‍ക്കുന്നവള്‍
സ്വപ്നാടകയെന്ന വിളി കാതോര്‍ത്ത്
കരിംപച്ചക്കാടുകളില്‍
നഗരത്തുരുത്തുകളില്‍
കാമുകനെ തിരയുന്നവള്‍
കാര്‍മേഘമായി കനക്കുന്നവള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates